ആലപ്പുഴ: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) കേരള കൺവൻഷൻ ഒക്ടോബർ 23,24,25 ന് ആലപ്പുഴയിലെ റമദാ കൺവൻഷൻ സെന്ററിൽ നടക്കും.
അമേരിക്കയിൽ നിന്നുൾപ്പെടെ നിരവധി പ്രതിനിധികൾ പങ്കെടുക്കുന്ന കൺവൻഷനിൽ ആത്മീയ , കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിക്കും. പ്രധാന പരിപാടികൾ ഒക്ടോബർ 24നു നടക്കും.
24 നു രാവിലെ ബിസിനസ് മീറ്റോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. അമേരിക്കയിലെയും കേരളത്തിലെയും വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന സെഷനിൽ ബിസിനസ് സാധ്യതകളും ഇരുരാജ്യങ്ങളിലെയും സംരംഭകർ തമ്മിലുള്ള സഹകരണവും സംബന്ധിച്ച് ആശയവിനിമയം നടക്കും.
ഉച്ചയ്ക്കുശേഷം ധർമസംഗമം, ആർഷദർശനം, ധർമസഭ എന്നീ മൂന്ന് സെഷനുകളിലായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ധർമസംഗമ സെഷനിൽ സംസ്ഥാനത്തെ വിവിധ ആശ്രമങ്ങളിലെയും മഠങ്ങളിലെയും ആചാര്യന്മാരും ഹിന്ദു സാമൂഹിക സംഘടനകളുടെ നേതാക്കളും ഒത്തുചേർന്ന് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.
ധർമം, സംസ്‌കാരം, സാമൂഹിക ജീവിതം എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്നതിനുള്ള വേദിയായിരിക്കും ഇത്. സ്വാമി ചിദാനന്ദപുരി, മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവർ ഈ പരിപാടികളിൽ പങ്കെടുക്കും.
ആർഷദർശനം സെഷനിൽ സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുകയും പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുകയും ചെയ്യും. വൈകുന്നേരം ധർമ്മ സഭയോടെയാണ് കൺവൻഷൻ സമാപിക്കുക.
മന്ത്രിമാരായ രമേശ് ചെന്നിത്തല, ഷിബു ബേബി ജോൺ, കെ.എ. തുളസി, ഒ.ജെ ജെനീഷ്, എംഎൽഎമാരായ വി. മുരളീധരൻ, ബി.ബി. ഗോപകുമാർ, റജി ചെറിയാൻ, എ.ഡി തോമസ് തിരുവനന്തപുരം മേയർ വി.വി. രാജേഷ് , കെ. ജയകുമാർ ഐ.എ.എസ് , ആഷാ മോനോൻ, ഡോ.എം.ജി ശശിഭൂഷൺ, ഡോ. ജെ പ്രമീളാ ദേവി, രാജ് മോഹൻ പിള്ള തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹവും കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക മേഖലകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആശയവിനിമയത്തിനും സഹകരണത്തിനും വേദിയൊരുക്കുന്നതാണ് കൺവൻഷൻ.
കെഎച്ച്എൻഎ ഒഫീഷ്യൽ ന്യൂസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
