മുഖ്യമന്ത്രി പിണറായി പറഞ്ഞ 'പാപി' എങ്ങനെ പാർട്ടിയുടെ 'കുണു വാവയായി' ?

MAY 2, 2024, 11:08 AM

ഈ ആഴ്ചക്കുറിപ്പിന്റെ തലവാചകത്തിലെ രണ്ട് വാക്കുകളെപ്പറ്റി ഒരു വിശദീകരണം വേണ്ടിവരും. ആദ്യത്തെ പദം 'പാപി'.  മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞ പരാമർശത്തിലാണ് ഈ വാക്കുള്ളത്. പാപിയോട് കൂട്ടുകൂടിയാൽ ശിവനും പാപിയാകുമെന്ന നാട്ടുചൊല്ലാണ് പിണറായി ഉദ്ധരിച്ചത്. ഇതിൽ ശിവൻ എന്നത് ഇ.പി. ജയരാജനണോ, ദല്ലാൾ നന്ദകുമാറണോ എന്ന കാര്യം മുഖ്യമന്ത്രി വിശദീകരിച്ചില്ല.

ശിവശങ്കർ എന്ന സർക്കാർ ഉദ്യോഗസ്ഥനുമായി പല കാര്യങ്ങളിലും ചങ്ങാത്തം കൂടിയ മുഖ്യമന്ത്രി പാപിയായി മാറിയോ എന്ന ഫ്‌ളാഷ് ബാക്ക് ചോദ്യവും അന്തരീക്ഷത്തിൽ അപ്പോൾ അലയടിച്ചിരുന്നു. രണ്ടാമത്തെ വാക്ക് കുണുവാവ. പ്രേമലു എന്ന സിനിമയിൽ അമൽ ഡേവിസ് എന്ന കഥാപാത്രം തന്റെ കാമുകിയെ  രഹസ്യമായി വിളിക്കുന്ന പുന്നാരപ്പേരാണത്. ഇ.പിക്കും മുഖ്യമന്ത്രിക്കും തമ്മിൽ എന്തെങ്കിലും രഹസ്യ ഇടപാടുണ്ടോയെന്ന ചോദ്യവും  അതുകൊണ്ടണോ പാർട്ടി സെക്രട്ടറിയേറ്റ്. ഇ.പിയെ പാപ വിമുക്തനാക്കിയതെന്ന സന്ദേഹവും മാധ്യമങ്ങൾ അടക്കം പറയുന്നതിൽപെടും.

'ശോഭ' കെടുത്തിയ വിവാദം

vachakam
vachakam
vachakam

പോളിങ്ങ് ദിനത്തിലാണ് ഇ.പി. ജയരാജൻ തിരുവനന്തപുരത്തെ ആക്കുളത്തുള്ള തന്റെ മകന്റെ ഫ്‌ളാറ്റിൽ വച്ച് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ട കാര്യം വെളിപ്പെടുത്തിയത്. ബി.ജെ.പിയുടെ ശോഭ സുരേന്ദ്രനും കോൺഗ്രസിന്റെ കെ. സുധാകരനും ഏറ്റു പിടിച്ചു. വിവാദത്തിൽ ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജൻ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചിരുന്നുവെന്നും പിണറായിയുടെ വിരട്ടൽ മൂലം ഇ.പി. പിൻവാങ്ങിയെന്നും ശോഭ സുരേന്ദ്രൻ പിന്നീട് പറയുകയുണ്ടായി. വിവാദമുണ്ടായ ഉടൻ തന്നെ പിണറായി ശിവനും പാപിയും തമ്മിലുള്ള 'നാട്ടു ചൊല്ല്' പറഞ്ഞ് മാധ്യമങ്ങളുടെ മുമ്പിൽ ഇ.പിയെ തള്ളിപ്പറയുകയും ചെയ്തു. ഇപ്പോൾ ശോഭ സുരേന്ദ്രനും കെ.സുധാകരനുമെതിരെ 2 കോടി രൂപയുടെ മാന നഷ്ടക്കേസ് ഇ.പി. ഫയൽ ചെയ്തു കഴിഞ്ഞു.

ഗോവിന്ദൻ മാഷേ, ഇങ്ങനെ പറയമോ?

പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാർത്താ സമ്മേളനത്തിൽ ഇ.പി. തെറ്റ് ചെയ്തില്ലെന്ന പൂർണ്ണ ബോധ്യം പാർട്ടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ മറ്റൊരു സ്ഥലത്ത് ജാവഡേക്കറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ച നിഷ്‌കളങ്കമാണെന്നും അദ്ദേഹം പറയുന്നു.

vachakam
vachakam
vachakam

എന്തുകൊണ്ട് പാർട്ടി സെക്രട്ടറിയേറ്റ് ഇ.പിക്ക് ക്ലീൻ ചിറ്റ് നൽകി? ഇ.പിയെ ഇടതു മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കിയാൽ അതേ തസ്തികയിലേക്ക് ചാടി വീഴാൻ തോമസ് ഐസക്കിനെ പോലുള്ളവർ ക്യൂവിലുണ്ടെന്ന് പിണറായി തിരിച്ചറിഞ്ഞു. അതോടെ, പാർട്ടിയിലെ കണ്ണൂർ ലോബി കൂടുതൽ ജാഗ്രതയിലുമായി.
രക്തസാക്ഷി മന്ദിരങ്ങൾക്കു പകരം പാർട്ടി നേതാവായ ഇ.പിയാണ് കണ്ണൂർ മൊറാഴയിൽ റിസോർട്ട് നിർമ്മിക്കുന്ന പുതിയ ശൈലിക്ക് തുടക്കം കുറിച്ചത്. ചെറിയൊരു 'ബിസിനസ്' ആയിരുന്നാലും അത് നിർമ്മിക്കാനുള്ള പണത്തിന്റെ വരവും ചെലവഴിക്കലും ഇ.ഡി. പരിശോധിച്ചതോടെ അതേ റിസോർട്ടിന്റെ ഉടമസ്ഥതയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വന്നുപെട്ടതും വാർത്തകളിൽ ഒഴുകിപ്പരക്കുകയുണ്ടായി. രാഷ്ട്രീയം എന്നത് പഴയ 'പരിപ്പുവടയും ചായ'യുമല്ലെന്ന് പാർട്ടി പത്രത്തിന്റെ നടത്തിപ്പിനായി ലോട്ടറി രാജാവ് സാന്റിയഗോ മാർട്ടിനിൽ നിന്ന് സംഭാവന പിരിച്ചുകൊണ്ട് പണ്ടേ  ഇ.പി. വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇ.പി. ശിക്ഷിക്കപ്പെടുന്നതും പാർട്ടിയിൽ തരംതാഴ്ത്തപ്പെടുന്നതും മുഖ്യമന്ത്രിയിലേക്ക് സംശയത്തിന്റെ നിഴൽ വീഴാൻ ഇടയാക്കുമെന്ന ഭയവും കണ്ണൂർ ലോബിക്കുണ്ടായി. ലാവ്‌ലിൻ കേസും മറ്റ് കേസുകളും കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പിൻവലിപ്പിക്കാനോ മരവിപ്പിക്കാനോ ഇ.പി. ജാവഡേക്കർ കൂടിക്കാഴ്ചയിൽ നിർദ്ദേശമുയർന്നിരുന്നോ എന്ന പ്രതിപക്ഷ ആരോപണവും പാർട്ടിയെ വിഷമിപ്പിച്ചിരുന്നു.

മഹാരാഷ്ട്രയിലെ പ്രഫുൽ പട്ടേൽ, അശോക് ചവാൻ എന്നിവരുടെ പേരിലുള്ള അഴിമതിക്കേസുകൾ ബി.ജെ.പി. എങ്ങനെ വെള്ള പൂശിയെന്ന് ദേശീയ മാധ്യമങ്ങൾ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ ഇ.പി. അത്തരമൊരു പരീക്ഷണത്തിനു മുതിർന്നിരിക്കാമെന്നു ചിന്തിക്കുന്നവരുണ്ട്. ലാവ്‌ലിൻ കേസ് അന്തിമ വാദത്തിനായി സുപ്രീം കോടതിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അത് വിചാരണയ്ക്കായി എത്തുമോയെന്നതിൽ, അതേ പത്ര വാർത്തയിൽ തന്നെ സംശയമുയർന്നിട്ടുണ്ട്.

vachakam
vachakam
vachakam

'സൂര്യ കിരീടം' വീണുപോയ വോട്ടർമാർ

തെരഞ്ഞെടുപ്പ് വരെ വോട്ടർമാർ രാഷ്ട്രീയക്കാരുടെ പ്രിയങ്കരരായിരുന്നു. പവർ കട്ട് ഒഴിവാക്കാൻ 87 കോടി രൂപയിലേറെ സർക്കാർ ബോർഡിന് നൽകുക പോലുമുണ്ടായി. എന്നാൽ വോട്ട് പെട്ടിയിൽ വീണതോടെ, ഏപ്രിൽ 28 മുതൽ കെ.എസ്.ഇ.ബി. അപ്രഖ്യാപിത പവർ കട്ട് നടപ്പാക്കിത്തുടങ്ങി. നട്ടപ്പാതിരയ്ക്കും നട്ടുച്ച നേരത്തുമെല്ലാം വൈദ്യുതി മുടങ്ങിയതോടെ നാട്ടുകാർക്കും നട്ടപ്‌രാന്തായി. ബോർഡിന്റെ ഓഫീസുകളിലേക്ക് നാട്ടുകാർ ഇരച്ചെത്താൻ തുടങ്ങി. ഇടതുമുന്നണിയുടെ ഭരണകാലത്ത് ലോഡ് ഷെഡ്ഡിങ്ങോ പവർകട്ടോ ഉണ്ടാവില്ലെന്നു പറഞ്ഞുവെങ്കിലും ഈ ഉഷ്ണതരംഗ കാലത്ത് അത്തരമൊരു അവകാശ വാദത്തിനു പ്രസക്തിയുണ്ടോയെന്നു ഭരിക്കുന്നവർ ചിന്തിക്കേണ്ടതല്ലേ? പകലും രാത്രിയിലും നിശ്ചിത സമയങ്ങളിൽ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുന്നതല്ലേ, നിലവിലുള്ള കാലാവസ്ഥാ നാളുകളിൽ ബുദ്ധി? മന്ത്രി കെ. കൃഷ്ണൻകുട്ടിയും ബോർഡ് ജീവനക്കാരും പോളിങ്ങ് ദിനത്തിനു മുമ്പേ കഷ്ടപ്പെട്ട് ജനത്തിന് മുടങ്ങാതെ വൈദ്യുതി നൽകിയെന്നത് നമുക്ക് എളുപ്പം മറക്കാനാവില്ലല്ലോ.

കടലും തീരവും കൂട്ടക്കരച്ചിലിൽ

കടലോരത്ത് കള്ളക്കടൽ പ്രതിഭാസവും, നിസ്സംഗതയാർന്ന ഭരണകൂടവും ചേർന്ന് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുവേണ്ടി ഭരണകൂടം കള്ളക്കളി നടത്തുന്നതായി മത്സ്യത്തൊഴിലാളികൾ സംശയിക്കുന്നുണ്ട്. തിരുവനന്തപുരം മുതലപ്പൊഴിയിലെ അപകട പരമ്പര തന്നെയാണ് ഇതിന് തെളിവ്. കഴിഞ്ഞ ദിവസവും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരണമടയുകയുണ്ടായി. 125 അപകടങ്ങൾ 18 വർഷക്കാലയളവിൽ മുതലപ്പൊഴിയിലുണ്ടായി. 73 മത്സ്യത്തൊഴിലാളികൾക്ക് ശവക്കല്ലറ തീർത്ത ഈ പുലിമുട്ടിന്റെ അശാസ്ത്രീയമായ നിർമ്മാണത്തിലെ അപാകതകൾ തുടക്കം മുതലേ മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടിയതുമാണ്.

700ലേറെ പേർക്ക് പുലിമുട്ടിലുണ്ടായ അപകടങ്ങളിൽ പരുക്കേറ്റിട്ടും സർക്കാർ ചെറുവിരലനക്കാത്തത് തീരദേശ ജനതയെ അമ്പരപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരത്തോളം മത്സ്യത്തൊഴിലാളികൾ മുതലപ്പൊഴി മേഖലയിൽ ജോലി ചെയ്യുന്നതായി കണക്കുണ്ട്. കഴിഞ്ഞ 13 വർഷത്തിനിടയിൽ 7 വിദദ്ധ പഠനങ്ങൾ ഈ പുലിമുട്ടിനെപ്പറ്റി അധികൃതർ നടത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടുകളിന്മേൽ എന്തു നടപടിയെടുത്തുവെന്ന ചോദ്യത്തിന് സർക്കാർ മറുപടി പറയുന്നില്ല.

മുതലപ്പൊഴി ഹാർബറിന്റെ തെക്കു ഭാഗത്ത് തീരം വർധിപ്പിക്കണമെന്ന വിദദ്ധരുടെ നിർദ്ദേശം സർക്കാർ നടപ്പാക്കിയിരുന്നുവെങ്കിൽ അവിടെയുള്ള വീടുകൾക്കും സംരക്ഷണം ലഭിച്ചേനെ. പകരം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കല്ല് കൊണ്ടുപോകുന്നതിന് പുലിമുട്ട് പൊളിക്കാൻ സർക്കാർ അനുമതി നൽകിയത് കൂടുതൽ അപകടാവസ്ഥ തീർക്കുകയാണുണ്ടായത്. കടുത്ത മത്സ്യക്ഷാമം തീരദേശത്തുണ്ട്. ജനം പട്ടിണിയുടെ വറ ചട്ടിയിലാണ്. സർക്കാർ അദാനിക്കുവേണ്ടി മത്സ്യത്തൊഴിലാളികളെ കൊലയ്ക്ക് കൊടുക്കുകയണോയെന്ന് തീരദേശ ജനത ചോദിച്ചു തുടങ്ങിയിരിക്കുന്നു.

കോമഡി മാത്രമല്ല, രാഷ്ട്രീയവുമുണ്ട്....

നിവിൻ പോളിയുടെ മലയാളി ഫ്രം ഇന്ത്യ റിലീസ് ചെയ്തു കഴിഞ്ഞു. ആദ്യ പകുതിയിലെ കോമഡി ട്രെൻഡ്, രണ്ടാം പകുതിയിൽ ആക്ഷേപ ഹാസ്യത്തിന്റെ കടുത്ത ചമയമണിയുന്ന ട്രീറ്റ്‌മെന്റാണ് സംവിധായകൻ ഡിജോ ജോസ് ആന്റണിയുടേത്.
മലയാളി യുവതയുടെ ചുറ്റും നുരഞ്ഞു പൊന്തുന്ന ജീവിത പ്രശ്‌നങ്ങളുടെ കുന്തമുനകൾ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയിൽപെട്ട ആരെയൊക്കെയോ മുറിവേൽപ്പിക്കുന്നുണ്ട്. ഏതായാലും നിവിൻ പോളിയുടെ നായകവേഷം കിടിലോൽക്കിടിലമെന്നാണ് തിയറ്റർ റിയാക്ഷൻ.

ആന്റണി ചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam