ദൈവത്തിന്റെ നാട്, മനുഷ്യന്റെ വികൃതികൾ

NOVEMBER 11, 2026, 6:52 AM

കേരളത്തെക്കുറിച്ചോർക്കുമ്പോൾ ഓരോ പ്രവാസിയുടെയും മനസിൽ എന്തെല്ലാം ലോലഭാവങ്ങളാണ് തിരതല്ലുക. പ്രകൃതിഭംഗിയുടെ, സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ, സാംസ്‌കാരിക പ്രബുദ്ധതയുടെ ഒക്കെ നല്ലോർമകൾ പ്രവാസികളായ പഴയ തലമുറയുടെ മനസുകളിൽ ഇപ്പോഴും പച്ചപിടിച്ചു നിൽക്കുന്നുണ്ടാവും. ദൈവത്തിന്റെ സ്വന്തം നാട് എന്നൊരു ശിരോലിഖിതവും നാടിനുണ്ടല്ലോ.

ആറ്റുനോറ്റിരുന്ന് അവധികിട്ടുമ്പോൾ നാട്ടിലൊന്നെത്താൻ, ബന്ധുമിത്രാദികളെ കാണാൻ, കൈലിയുടുത്ത് പാടത്തും പറമ്പിലുംകൂടി നടക്കാൻ, പഴയ കൂട്ടുകാരുമൊത്ത് പട്ടണത്തിലേക്കൊന്നു പോകാൻ, ഗ്രാമക്കൂട്ടായ്മകളിലോ നാട്ടുകലുങ്കിലോ ഇരുന്നു സൊറ പറയാൻ കാത്തിരുന്ന നാളുകൾ പലരും മറന്നിട്ടുണ്ടാവില്ല. ആ പ്രവാസി തലമുറ നരച്ചു തുടങ്ങി, അല്ല അവരിൽ പലർക്കും ദീർഘമായ ആകാശയാത്രയ്ക്കുപോലും ആവതില്ലാതായി. നാടിനെക്കുറിച്ചുള്ള നല്ലോർമകളുമായി അവർ കഴിയുന്നു. ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എന്ന വയലാർ വരികൾ ദേവരാജ സംഗീതത്തിൽ മാധുരിയുടെ മധുരമൂറും സ്വരത്തിൽ കേട്ട് കണ്ണടച്ച് കിടന്ന് അവർ ആത്മസായൂജ്യം അടയും. 

അവർ അന്നു കണ്ട കേരളമാണോ ഇന്നത്തെ കേരളം. അന്നത്തെയും അതിനു മുമ്പത്തെയും കേരളം ചരിത്രവും ഓർമകളും മാത്രം. കേരളത്തിൽ പണ്ടും കൊല്ലും കൊലയും കൊടുംക്രൂരതകളുമൊക്കെ അരങ്ങേറിയിരുന്നു. രാജാധികാരത്തിന്റെയും മാടമ്പിത്തത്തിന്റെയുമൊക്കെ സ്വേച്ഛാധിപത്യ പ്രവണതകൾ പലരെയും ദ്രോഹിച്ചിട്ടുണ്ട്. ഉച്ചനീചത്വങ്ങളുടെ ചെളിക്കുഴികളിൽ മനുഷ്യർ വീണുഴലുന്ന കാലവും ഉണ്ടായിരുന്നു. എന്നിരുന്നാലും മനുഷ്യ മഹത്വത്തിന്റെ കഥകളും ഏറെയുണ്ടായിരുന്നു. 

vachakam
vachakam
vachakam

നവോത്ഥാനം മാറ്റിമറിച്ചുവെന്നു പറയപ്പെടുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? ക്രൂരതയുടെ, മനുഷ്യത്വമില്ലായ്മയുടെ, പണക്കൊഴുപ്പിന്റെ പേരിലുള്ള ധാർഷ്ട്യത്തിന്റെ, കൊടും വഞ്ചനയുടെ കഥകൾ കേരളത്തിലും പെരുകുകയാണ്. ലഹരി വരുത്തിവയ്ക്കുന്ന അപകടങ്ങൾ വേറെ. മനുഷ്യജീവനു വിലയില്ലാതാകുന്ന നിരവധി അവസരങ്ങൾ. മാനുഷികതയെക്കുറിച്ചു വാതോരാതെ പറയുന്നവരുടെ നാട്ടിലാണ് ഇവയൊക്കെ.

വിശപ്പടക്കാൻ മോഷണം നടത്തിയ അട്ടപ്പാടിയിലെ മധുവിനെ ആൾക്കുട്ടം തല്ലിക്കൊന്ന സംഭവം നവോത്ഥാന കേരളത്തിനുണ്ടാക്കിയ അപമാനം എത്ര വലുതായിരുന്നു. സമാനമായ പല സംഭവങ്ങളും ഏറ്റക്കുറച്ചിലോടെ പിന്നീടും ആവർത്തിച്ചിട്ടുണ്ടെങ്കിലും പാലക്കാട്ടുനിന്നു വന്ന പുതിയൊരു വാർത്ത മലയാളിയുടെ മനുഷ്യത്വമില്ലായ്മയുടെ മറ്റൊരു ഏടായി. 

പാലക്കാട് വണ്ടിത്താവളം മൂലത്തറ റഗുലേറ്ററിനു സമീപം കഴിഞ്ഞമാസം 40 വയസു തോന്നിക്കുന്ന യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ടു. ശരീരം മുഴുവൻ പരിക്കുണ്ടായിരുന്നു. അമ്പതോളം മുറിവുകളുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇയാളെ ഒരു സംഘം നാട്ടുകാർ ഓടിച്ചിട്ടു മർദിച്ചതായി പറയുന്നു. 

vachakam
vachakam
vachakam

നെടുമ്പാശേരി വിമാനത്താവള റോഡിൽ അമിത വേഗതയിൽ ചീറിപ്പാഞ്ഞുപോയ ആഡംബര കാർ കഴിഞ്ഞ മാസം ഇടിച്ചിട്ടത് മൂന്നു പേരെ. മൂവരും തൽക്ഷണം കൊല്ലപ്പട്ടു. അപകടമുണ്ടാക്കിയ ആഢംബരകാർ ഓടിച്ചിരുന്നത് പത്തൊമ്പതുകാരൻ സുഹൈൽ. അപകടസമയത്ത് ഈ കാറിന്റെ വേഗം 144 കിലോമീറ്റർ ആയിരുന്നുവെന്ന് ബി എം ഡബ്ല്യൂ കമ്പനിയുടെ സാങ്കേതിക വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽനിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് കമ്പനി പോലീസിനു റിപ്പോർട്ടും നൽകി. 

കൊല്ലപ്പെട്ട ഗോപികയും ഇയാസും ദേവികയും കൊച്ചിയിൽ പാർട് ടൈം ജോലി ചെയ്ത് തുടർവിദ്യാഭ്യാസം നടത്തിവരികയായിരുന്നു. സുഹൃത്തുമായി എയർപോർട്ടിലേക്കുള്ള യാത്രാമധ്യേ കാറോടിച്ചിരുന്ന പ്രതി കൊച്ചി നഗരത്തിലെ മുന്നു മദ്യശാലകളിൽ കയറിയിരുന്നു എന്നു പോലീസ് കണ്ടെത്തി. സുഹൈലിനു ജന്മദിന സമ്മാനമായി അമ്മ വാങ്ങി നൽകിയതാണ് ഈ ആഢംബര കാർ.

കാക്കനാട്ട് മൂന്നു ചെറുപ്പക്കാരുടെ മരണത്തിനിടയാക്കിയത് മദ്യപിച്ച് ആഢംബര കാർ ഓടിച്ച പത്തൊമ്പതുകാരനാണെങ്കിൽ ചേരാനല്ലൂരിൽ അമിതവേഗത്തിൽ ബെൻസ് കാർ ഓടിച്ച് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു ജീവനെടുത്തത് ലൈസൻസ് ലഭിക്കാൻ പ്രായം തികയാത്ത പതിനേഴുകാരൻ. ഇതും കഴിഞ്ഞ മാസം തന്നെ. രണ്ടു സംഭവങ്ങളിലും വ്യക്തമായ നിയമലംഘനങ്ങൾ ഉണ്ട്. പക്ഷേ ഇരുവരും പണവും സ്വാധീനവുമുള്ളവർ. 

vachakam
vachakam
vachakam

പതിനേഴുകാരൻ അർധരാത്രി കാറോടിച്ചു കളിക്കുമ്പോൾ അതിന് ഇരയായത് ചേരാനല്ലൂർ സൗത്ത് ചിറ്റൂർ ക്ഷേത്രത്തിനു സമിപം തട്ടുകട നടത്തുന്ന ജയബാലകൃഷണൻ എന്ന പാവം കുടുംബസ്ഥൻ. പ്രായപൂർത്തിയാകാത്തയാൾ വാഹനമോടിച്ചാൽ രക്ഷിതാവ് കുറ്റക്കാരനാകുന്ന നിയമം നിലനിൽക്കെ അതൊരു ന്യായാധിപനായതുകൊണ്ട് കേസിന്റെ ഗതി മാറി. 

വിമാനത്താവള റോഡിൽ മൂന്നുപേരുടെ മരണത്തിനടിയാക്കിയ സംഭവത്തിലെ പ്രതി അദ്യം പറഞ്ഞത് തന്റെ കാര്യമൊക്കെ പിതാവ് നോക്കിക്കോളുമെന്നാണ്. ഉത്തരവാദിത്വരഹിതമായ പേരന്റിംഗിന്റെ കൂടി മകുടോദാഹരണങ്ങളാണ് ഇവയൊക്കെ. പണത്തിന്റെയും പദവിയുടെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന അധികാരവർഗത്തെയും ഇവിടെ കാണാം.

സുകുമാരക്കുറുപ്പിന്റെയും കൂടത്തായി ജോളിയുടെയുമൊക്കെ കഥകൾ കൗതുകമുണർത്തുന്നതാണെങ്കിലും കേരളീയ സമൂഹത്തിൽ അതുണ്ടാക്കുന്ന സ്വാധീനം വ്യത്യസ്തമാകും. ഇതിനെല്ലാം പുതിയ വകഭേദങ്ങളും വരുന്നു. കുറ്റകൃത്യങ്ങളോടുള്ള മനോഭാവത്തിൽതന്നെ വലിയ മാറ്റം വന്നിരിക്കുന്നു. 

അഴിമതികൾക്കുപോലും ഗ്രേഡിംഗ് നിശ്ചയിക്കുന്ന കാലമാണിത്. വമ്പൻമാർ ഉൾപ്പെട്ട കേസുകളിൽ തുക ഏതാനും കോടികൾ മാത്രമെങ്കിൽ അതൊക്കെ 'പീനട്ട് കേസ് ' എന്നു പറയാൻ ഉത്തരവാദപ്പെട്ടവർക്കുപോലും  മടിയില്ലാതായിരിക്കുന്നു. മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് നിരപരാധികളെ ചതച്ചരയ്ക്കുമ്പോഴും വിഷം നൽകിയും തലയ്ക്കടിച്ചും തീയിട്ടും മനുഷ്യരെ ക്രൂരമായി കൊല ചെയ്യുമ്പോഴും അതിലൊന്നും യാതൊരു ഖേദവും ഇല്ലാത്തൊരു തലമുറ കൂടി കേരളത്തിൽ വളർന്നുവരുകയാണെന്നു മറക്കാതിരിക്കാം.

വികസിത രാജ്യങ്ങളിൽ മാതാപിതാക്കളുടെ അശ്രദ്ധപോലും കുറ്റകരവും ശിക്ഷാർഹവുമാണ്. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും അവിടെ പരമപ്രധാനമാണ്. അത്തരമൊരു വികസിത സമൂഹമെന്ന നിലയിലാണ് കേരളവും അറിയപ്പെടുന്നത്. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഈയിടെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തൊട്ടുടത്ത ദിവസം തന്നെ ഇന്റർനെറ്റും മൊബൈലും പോയിട്ട് ജീവൻ നിലനിർത്താനുള്ള ഭക്ഷണം പോലും കിട്ടാത്ത കുട്ടികളുടെ കഥ കേരളത്തിൽ നിന്നു തന്നെ വന്നു.

ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും സാമാന്യവത്കരിക്കപ്പടുന്നത് ശരിയല്ലെന്നും പറയുന്നവരുണ്ടാകാം. കുറ്റപ്പെടുത്തലുകളും ന്യായീകരണങ്ങളുമൊക്കെ ഉണ്ടാകാം. എന്തൊക്കെയായാലും കാർത്തികപ്പള്ളിയിൽ കഴിഞ്ഞ മാസം രണ്ടു വയസുകാരൻ പട്ടിണിമൂലമോ പോഷകാഹാരക്കുറവുമൂലമോ മരിച്ചുവെങ്കിൽ അതിന് ഓരോ കേരളീയനും ധാർമിക ഉത്തരവാദിത്വമുണ്ട്. സർക്കാരിനും പൊതുപ്രവർത്തകർക്കും ശിശുക്ഷേമസമിതിക്കും ആ ഉത്തരവാദിത്വത്തിൽ നിന്ന് മാറിനിൽക്കാനാവില്ല. 

വീടുകൾ തോറും ചെന്ന് കുട്ടികളുടെയും ഗർഭിണികളുടെയും കാര്യങ്ങൾ നേരിട്ടുതന്നെ  അന്വേഷിക്കാൻ ആശാവർക്കർമാരും അങ്കണവാടി ജീവനക്കാരുമുള്ള നാടാണിത്. ആരും പട്ടിണി കിടക്കേണ്ട സാഹചര്യമില്ലാത്ത കേരളത്തിൽ ഇത്തരത്തിൽ ഒരു കുട്ടി മരിച്ചത് എല്ലാവർക്കും അപമാനമാണെന്നു മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പറയുകയുണ്ടായി.

പുറമേ കാണുന്ന പളപളപ്പിന് അപ്പുറം കേരളത്തിന്റെ ചില ഇരുണ്ട വശങ്ങൾ ഇങ്ങനെയൊക്കെയാണ് പുറത്തുവരുന്നത്. ദാരിദ്ര്യം, കുടുംബപ്രശ്‌നങ്ങൾ, പഠന വൈമുഖ്യം തുടങ്ങിയ പ്രശ്‌നങ്ങൾ മൂലം ഇക്കഴിഞ്ഞ അധ്യയന വർഷം 2,914 കുട്ടികൾ പഠനം നിർത്തി എന്ന കണക്ക് വിദ്യാഭ്യാസവകുപ്പിന്റേതാണ്. അതും കഴിഞ്ഞ മാസം വെണ്ടയ്ക്കാ അക്ഷരത്തിൽ വാർത്തയായി. സമ്പൂർണ സാക്ഷരതാ സംസ്ഥാനമായ കേരളത്തിൽ ദാരിദ്ര്യംമൂലം 43 കുട്ടികൾ പഠനം നിർത്തി എന്ന കണക്ക് അതിതീവ്ര ദാരിദ്ര്യ നിർമാർജ പ്രഖ്യാപനത്തെ അപഹാസ്യമാക്കുന്നില്ലേ? 

പഠനം നിർത്തയവരിൽ ആയിരത്തേലേറെ കുട്ടികൾ അതിഥിതൊഴിലാളികളുടെ മക്കളാണെന്നത് നമുക്ക് ആശ്വസിക്കാൻ ആവുന്ന കാര്യമല്ല. അവരും ഈ കേരളത്തിലാണല്ലോ ജീവിക്കുന്നത്. മൊബൈൽ ഫോൺ ആസക്തിമൂലം 33 കുട്ടികൾ പഠനം നിർത്തിയത്രേ. പോലീസ് കേസ്, ലഹരി ഉപയോഗം എന്നിവയും കൊഴിഞ്ഞുപോക്കിന് കാരണമാകുന്നു. ഹൈസ്‌കൂൾ ക്ലാസുകളിലാണ് കൂടുതൽ കൊഴിഞ്ഞുപോക്ക്. കൂടുതലും ആൺകുട്ടികൾ. ഇവർ പിന്നെ എവിടെ പോകുന്നു? എന്തു ചെയ്യുന്നു? ആരെങ്കിലും അതൊക്കെ അന്വേഷിക്കുന്നുണ്ടോ? 

വയോജനങ്ങൾക്കായി പുതിയ വകുപ്പുണ്ടാക്കി ചരിത്രം സൃഷ്ടിച്ച സർക്കാർ നാളത്തെ തലമുറയെ ഏറെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിലവിൽ ഉള്ള വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കിയാൽ മാത്രം മതിയാവും. അല്ലെങ്കിൽ സ്‌കൂൾ പഠനം നിർത്തി തെരുവിലേക്കിറങ്ങുന്ന ഈ കുട്ടികൾ നാളത്തെ കേരളത്തെ അരക്ഷിത കേരളമാക്കില്ലേ?

മത തീവ്രവാദം, ലഹരി ഉപയോഗം, സാമ്പത്തിക ക്രമക്കേടുകൾ തുടങ്ങി നിരവധിയായ പ്രശ്‌നങ്ങളാണ് കേരളീയ സമൂഹം നേരിടുന്നത്. സുരക്ഷിതമായ ജീവിതം സ്വന്തം വീട്ടിൽപോലും സാധ്യമല്ലാത്ത സാഹചര്യമുണ്ട്. കുട്ടികളും വയോധികരുമൊക്കെ വലിയ പീഡനങ്ങൾ നേരിടുന്നു. മദ്യം നൽകാൻ പണം നൽകാത്തതിന്റെ പേരിൽ 52 വയസുള്ള മകൻ 78 വയസുള്ളസ്വന്തം അമ്മയെ ഇരുമ്പു വടിക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവം നടന്നത് ഫോർട്ട് കൊച്ചിയിൽ.

കായികമേളകളും കലോത്സവങ്ങളും എന്നുവേണ്ട ബിരുദദാന ചടങ്ങുപോലും കലാപവേദികളായി മാറുമ്പോൾ എങ്ങിനെയാണ് കേരളം എന്നു കേൾക്കുമ്പോൾ നമ്മുടെ അന്തരംഗം അഭിമാനപൂരിതമാവുന്നത്. കൊല്ലത്ത് കേരള ആരോഗ്യ സർവകലാശാല ദക്ഷിണ മേഖലാ കലോത്സവത്തിൽ കീരീടം നേടിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്ക് നേരേ ചിലർ ആക്രമണം അഴിച്ചുവിട്ടു. പെൺകുട്ടികൾ ഉൾപ്പെടെ പത്തു പേർക്കു പരിക്കേറ്റു.

പി.എസ്.സി നിയമനങ്ങളിലും മറ്റു നടന്ന വലിയ തിരിമറികളുടെ കഥകൾ പുറത്തുവരുമ്പോൾ യുവതലമുറ വലിയ ആശങ്കയിലാണ്. കേരളത്തിലെ യുവതലമുറ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ഇനിയും ശരിക്കും പതിഞ്ഞിട്ടില്ല. പല യാഥാർത്ഥ്യങ്ങളും വിസ്മരിക്കപ്പെട്ടുപോകുന്നു. പക്ഷേ അതുളവാക്കുന്ന പ്രതിസന്ധികൾ നമ്മുടെ സമൂഹഗാത്രത്തെ ആഴത്തിൽ സ്പർശിക്കുന്നതാണ്. 

വിവാഹ പ്രായം കഴിഞ്ഞിട്ടും യോജിച്ച പങ്കാളികളെ കണ്ടെത്താനാവാത്ത ധാരാളം പേർ നമ്മുടെ നാട്ടിലുണ്ട്. മത, സാമുദായിക സംഘടനകളൊക്കെ ഈ പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടത്തുന്നുമുണ്ട്. എങ്കിലും പ്രശ്‌നം എത്രമാത്രം ഗുരുതരമാണെന്ന് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കോഴിക്കോട് കാരന്തൂർ മഹാദേവക്ഷേത്ര പരിസരത്തേക്ക് ഒഴുകിയെത്തിയ വിവാഹാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രവാഹം വ്യക്തമാക്കുന്നു. കേരളം നേരിടുന്ന വലിയൊരു സാമൂഹിക പ്രശ്‌നത്തിന്റെ വ്യാപ്തിയും ഗൗരവവും ഇവിടെ ബോധ്യമായി. 

മതപരമായ ചടങ്ങുകൾക്കപ്പുറം സാമൂഹികമായ ഇടപെടലുകളും നടത്തുന്ന ക്ഷേത്ര ഭാരവാഹികൾ നാട്ടിലെ അവിവാഹിതരായ യുവജനങ്ങൾക്ക് ജീവിത പങ്കാളികളെ കണ്ടെത്താനുള്ള ഒരു ശ്രമം നടത്തി. നാട്ടിലുള്ള അവിവാഹിതരെയാണ് സംഘാടകർ പ്രധാനമായും ഉദ്ദേശിച്ചത്. ആയിരത്തിഅഞ്ഞൂറോളം അപേക്ഷാ ഫാറങ്ങൾ അച്ചടിച്ചു വച്ചിരുന്നു. പക്ഷേ ജനപ്രവാഹമായിരുന്നു അവിടേക്ക്. ഏഴായിരത്തിലധികം പേർ വിവാഹത്തിനു പങ്കാളികളെ തേടി അപേക്ഷ നൽകാൻ എത്തി. ഞായറാഴ്ചയായിരുന്നതുകൊണ്ട് അധിക അപേക്ഷാഫോം സംഘടിപ്പിക്കാനും സംഘാടകർ പാടുപെട്ടു. അവസാനം പ്രസ് തുറപ്പിച്ച് നാലായിരം അപേക്ഷാ ഫോമുകൾകൂടി അടിപ്പിച്ചെടുത്തു വിതരണം ചെയ്തു. 

സമീപ ജില്ലകളിൽനിന്നുപോലും ആളുകൾ തലേദിവസം തന്നെ എത്തി ഇവിടെ താമസിച്ച് അപേക്ഷ നൽകി. അപേക്ഷകരിൽ 80 ശതമാനവും 30 -40 വയസിനു മുകളിൽ പ്രായമുള്ള പുരുഷന്മാരാണ്. ഏതായാലും കേരളം ഇന്നു നേരിടുന്ന മറ്റൊരു ഗുരുതര മാനുഷിക, കുടുംബ പ്രശ്‌നത്തിന്റെ നേർക്കാഴ്ചയായി മാറി കാരന്തൂർ ക്ഷേത്രത്തിലെ വിവാഹ രജിസ്‌ട്രേഷനുള്ള തിക്കും തിരക്കും. 

എന്തൊക്കെ കാപട്യവും കൗശലവും കാണിച്ചാലും ജനം തിരിച്ചറിയുമെന്നും അതു കൊണ്ടുതന്നെ താൻ ജനഭയം ഉള്ളവനാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഈയിടെ പറയുകയുണ്ടായി. തൃശൂരിൽ ബാലചന്ദ്രൻ വടക്കേടത്ത് പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ തുറന്നു പറച്ചിൽ. വിശ്വാസ്യതയാണു പ്രധാന ഘടകമെന്നും വാക്കുകളിൽ കാപട്യം കലർത്തിയാൽ അധികനാൾ പിടിച്ചു നിൽക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർക്കുന്നു. എല്ലാം ജനം നോക്കിക്കാണുന്നുണ്ടെന്ന പേടിയുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു. 

അഞ്ചു വർഷം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും പരിഷ്‌കൃത സമൂഹമാണ് കേരളമെന്ന് പറയാൻ കഴിയണമെന്നുകൂടി സതീശൻ കൂട്ടിച്ചേർക്കുന്നുണ്ട്. ഈ വാക്കുകളിലെ ആത്മാർത്ഥത തന്നെയാവും ഭരണകാലാവധി കഴിയുമ്പോൾ മുഖ്യമന്ത്രിയെ വിലയിരുത്തുന്ന അളവുകോൽ. അഞ്ചു വർഷം കഴിയുമ്പോൾ കേരളം വികസിത സമൂഹം ആയില്ലെങ്കിൽപോലും അതിലേക്ക് ഏതാനും ചുവടുകൾ വച്ചെന്നു ജനത്തിനു ബോധ്യമായാൽ പോലും ധാരാളമാവും.

കുടുംബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ, കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലെ പ്രതിസന്ധികൾ, യുവജനങ്ങളുടെ ഇടയിലെ അസ്വസ്ഥതകൾ, അവർ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങൾ എന്നിവയൊക്കെ എല്ലാ സമൂഹങ്ങളിലും ഉണ്ടാകും. എന്നാൽ ഓരോ സമൂഹത്തിലും അതിന്റെ ആഘാതം പരമാവധി കുറയ്ക്കാനാകണം ഭരണകൂടവും സാമൂഹ്യ, സാംസ്‌കാരിക, ആത്മീയ പ്രവർത്തകരുമൊക്കെ ശ്രമിക്കേണ്ടത്. അത്തരം ശ്രമങ്ങൾ കേരള സമൂഹത്തിൽ ഒട്ടും കുറവല്ല. ഉപദേശ നിർദേശങ്ങൾ നൽകുന്നതിൽ ആരും പിന്നോട്ടല്ല. ഉദ്‌ബോധനങ്ങളാണല്ലോ പ്രധാനം, ഉത്തമ മാതൃകൾ വിരളം. 

സെർജി ആന്റണി


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam