ലോസ് ഏഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് സിനിമ ടെലിവിഷൻ താരം ലാറി പോയിൻഡെക്സ്റ്റർ (66) അന്തരിച്ചു. ലോസ് ഏഞ്ചൽസിലെ സ്റ്റുഡിയോ സിറ്റിയിൽ വെച്ച് ഭക്ഷണം വാങ്ങുന്നതിനായി റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ചാണ് അപകടമുണ്ടായത്. വാരിയെല്ലുകൾക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് മുൻപ് ബുധനാഴ്ച (നവംബർ 18) അന്ത്യം സംഭവിക്കുകയായിരുന്നു.
ഡാളസിൽ ജനിച്ച പോയിൻഡെക്സ്റ്റർ നാല് പതിറ്റാണ്ടോളം സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു. 2003ൽ പുറത്തിറങ്ങിയ പ്രശസ്ത ആക്ഷൻ ചിത്രം 'സ്വാറ്റ്' (S.W.A.T.)ലെ ക്യാപ്ടൻ തോമസ് ഫുള്ളർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ 'ഡേയ്‌സ് ഓഫ് അവർ ലൈവ്‌സ്', 'ജാഗ്', 'ഫ്രണ്ട്‌സ്', 'എൻ.സി.ഐ.എസ്', 'അമേരിക്കൻ നിൻജ 2' തുടങ്ങിയ നിരവധി ജനപ്രിയ പരമ്പരകളിലും സിനിമകളിലും അദ്ദേഹം വേഷമിട്ടു.
അഭിനയത്തിന് പുറമെ സംഗീത, നാടക രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1990കളിൽ 'ദി ഹൈ ലോൺസം' എന്ന മ്യൂസിക് ബാൻഡിന്റെ പ്രധാന ഗായകനായിരുന്ന അദ്ദേഹം, ബ്രോഡ്‌വേ നാടകമായ 'ദി ഷെർ ഷോ'യുടെ നിർമ്മാതാക്കളിൽ ഒരാളുമായിരുന്നു. കാസ്റ്റിംഗ് ഡയറക്ടർ കരോൾ ക്രിറ്റ്‌സറാണ് ഭാര്യ. ഇരട്ട ആൺമക്കളുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
