ഇന്ത്യൻ രാഷ്ട്രീയത്തിൽ പരിഹാസങ്ങളുടെയും കടന്നാക്രമണങ്ങളുടെയും മുനമ്പിൽ നിന്ന് ജനകീയ സമരങ്ങളുടെ അമരക്കാരനായി രാഹുൽ ഗാന്ധി മാറിയത് സമകാലിക ഇന്ത്യയിലെ വലിയൊരു അത്ഭുതമാണ്. തുടർച്ചയായ പദയാത്രകളുടെ പിൻബലവും, പാർലമെന്റിലെ ശക്തമായ പ്രതിപക്ഷ നേതൃത്വവും അദ്ദേഹത്തെ ഭരണകൂടത്തിനെതിരെയുള്ള അനിവാര്യമായൊരു ബദൽ മുഖമാക്കി മാറ്റിയിരിക്കുന്നു. അനുകൂലപ്രതികൂല ഘടകങ്ങൾക്കിടയിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയെ രാഹുൽ ഗാന്ധി എങ്ങനെ നിർണ്ണയിക്കുന്നു എന്നതിന്റെ ഒരു വസ്തുനിഷ്ഠമായ വിലയിരുത്തൽ.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പരിഹാസ വാക്കായിരുന്ന 'പപ്പു' എന്ന വിളിയിൽ നിന്നും പാർലമെന്റിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവെന്ന ഭരണഘടനാ പദവിയിലേക്കുള്ള രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പരിവർത്തനം സമകാലിക ഇന്ത്യ ഉറ്റുനോക്കുന്ന ഒന്നാണ്. വെറുമൊരു നെഹ്റു കുടുംബ വാഴ്ചയുടെ പിൻഗാമി എന്ന ദുശകുനത്തിൽ നിന്നും രാഹുൽ സ്വന്തം അസ്തിത്വത്തിലേക്കു ള്ള പരിണാമ ഘട്ടത്തിലാണിപ്പോൾ..!
അതേ, മുകളിൽ നിന്ന് അടിച്ചേൽപ്പിക്കപ്പെട്ട നേതാവ് എന്ന പ്രതിച്ഛായയിൽ നിന്നും, തെരുവിൽ പോരാടി ജനഹൃദയങ്ങൾ കീഴടക്കിയ ഒരു സമരനായകനായി അദ്ദേഹം ഇന്ന് മാറിയിരിക്കുന്നു. സമീപകാലത്ത് രാജ്യത്ത് ഉയർന്നുവന്ന എസ്.ഐ.ആർ വിവാദങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ ർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന വൻ സമരങ്ങൾ ഇതിന് അടിവരയിടുന്നു. ജന്തർ മന്തറിലടക്കം നടന്ന ആ പ്രതിഷേധങ്ങളിൽ അറിഞ്ഞോ അറിയാതെയോ രാഹുൽ ഗാന്ധി ജനകീയ സമരങ്ങളുടെ അമരക്കാരനായി വളരുകയായിരുന്നു.
കന്യാകുമാരി മുതൽ കാശ്മീർ വരെ അദ്ദേഹം നടത്തിയ ഭാരത് ജോഡോ യാത്രയും, തുടർന്ന് വന്ന ന്യായ യാത്രയും നൽകിയ പിൻബലത്തിൽ, ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന് രാഹുലിനെ അവഗണിച്ചു മുന്നോട്ട് പോകാനാകില്ല. എന്നാൽ അദ്ദേഹം സത്യത്തിൽ അജയ്യനായ ഒരു ഭരണാധികാര ബദലായി വളരുകയാണോ? ഈ രാഷ്ട്രീയ പ്രയാണത്തിലെ അനുകൂലപ്രതികൂല ഘടകങ്ങൾ പരിശോധിക്കാം.
അനുകൂല ഘടകങ്ങൾ
2019ൽ നടന്ന ലേക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നല്ലോ..! അക്കാലത്ത് സ്വന്തം പാളയത്തിൽപ്പോലും ഒറ്റപ്പെട്ടുപോയ പോരാളിയല്ല ഇന്ന് രാഹുൽ ഗാന്ധി. ഭരണകൂടത്തിന്റെ വിവേചനപരമായ നയങ്ങൾക്കെതിരെ ജനകീയ സമരങ്ങളിലൂടെ പ്രതികരിക്കാൻ രാഹുലിന് കഴിയുന്നുണ്ട്. എസ്.ഐ.ആർ വിഷയത്തിലടക്കം പാർലമെന്റിലും തെരുവിലും ഒരേപോലെ ശബ്ദമുയർത്താൻ കഴിഞ്ഞത് പ്രതിപക്ഷത്തിന്റെ മുഖ്യ സ്വരമായി അദ്ദേഹത്തെ മാറ്റി.
ഭാരത് ജോഡോ യാത്രയുടെ അടിത്തറ അത്ര ചെറുതല്ല. 4,000 കിലോമീറ്ററിലധികം ജനങ്ങൾക്കിടയിലൂടെ നടത്തിയ പദയാത്ര, എയർകണ്ടീഷൻ ചെയ്ത മുറികളിലിരുന്ന് രാഷ്ട്രീയം കളിക്കുന്ന നേതാവ് എന്ന ചീത്തപ്പേര് മാറ്റിമറിച്ചു. താഴെത്തട്ടിലുള്ള സാധാരണക്കാരുമായി നേരിട്ട് സംവദിച്ചത് അദ്ദേഹത്തിന് വലിയൊരു സ്വീകാര്യത നേടിക്കൊടുത്തു.
പ്രതിപക്ഷ കൂട്ടായ്മയുടെ (ഇൻഡ്യാ സഖ്യം) ചുക്കാൻ ഇന്നിപ്പോൾ രാഹുൽ ഗാന്ധിയുടെ കൈകളിലായിക്കഴിഞ്ഞിരിക്കുന്നു. ചിതറിക്കിടന്നിരുന്ന പ്രാദേശിക കക്ഷികളെ ഒന്നിപ്പിച്ച് ഇൻഡ്യ സഖ്യം രൂപീകരിക്കുന്നതിൽ രാഹുൽ വഹിച്ച പങ്ക് ചെറുതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ഏറ്റവും ശക്തനായ ബദൽ മുഖമായി രാഹുൽ ഗാന്ധി ഇന്ന് ഉയർത്തിക്കാട്ടപ്പെടുന്നു.
ജാതി സെൻസസ്, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ, കോർപ്പറേറ്റ് പ്രീണനം തുടങ്ങിയ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ കൃത്യമായി ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ലോക്സഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. എന്നിരുന്നാലും അത്രപെട്ടെന്നൊന്നും വിജയഗോപുരത്തിൽ എത്തിപ്പിടിക്കാനാകും എന്നു കരുതാൻ കഴിയുകയല്ല.
പ്രതികൂല ഘടകങ്ങൾ
പ്രധാനപ്പെട്ട വിഷയം തിരഞ്ഞെടുപ്പ് വിജയങ്ങളിലെ അസ്ഥിരത തന്നെയാണ്. സമരവേദികളിലും റാലികളിലും വലിയ ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്നുണ്ടെങ്കിലും, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അത് പൂർണ്ണമായും വോട്ടുകളാക്കി മാറ്റാൻ പലപ്പോഴും കോൺഗ്രസിന് കഴിയുന്നില്ല. ഈ സംഘടനാപരമായ പരാജയം രാഹുലിന്റെ നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഇന്നും ഉയർത്തിക്കൊണ്ടിരിക്കുന്നത്.
വിദേശ ശക്തികളുമായി ചേർന്ന് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ ബി.ജെ.പി നടത്തുന്ന ശക്തമായ കുപ്രചാരണങ്ങൾ രാഹുലിന്റെ പ്രതിച്ഛായയെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. കോടതി വ്യവഹാരങ്ങളും അദ്ദേഹത്തെ വേട്ടയാടുന്നു. ഇതിനൊക്കെപ്പുറമെയാണ് പ്രാദേശിക നേതാക്കളുടെ മോഹങ്ങൾ.
ഇന്ത്യ സഖ്യത്തിലെ പല പ്രാദേശിക കക്ഷികളുടെയും മുഖ്യമന്ത്രിമാരുടെയും പ്രധാനമന്ത്രി പദവിയിലേക്കുള്ള വ്യക്തിപരമായ താല്പര്യങ്ങൾ, രാഹുൽ ഗാന്ധിയെ ഒരു 'അജയ്യ' നേതാവായി സഖ്യം മുഴുവനായി അംഗീകരിക്കുന്നതിന് ഇപ്പോഴും തടസ്സമാവുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്. ഒരുകാലത്ത് കോൺഗ്രസ്സിനെക്കൊണ്ട് നേട്ടമുണ്ടാക്കിയ രാഷ്ട്രീയ നേതാക്കളിൾ 90 ശതമാനം പേരും ഇഡിയെപേടിച്ചോ അധികാരമോഹത്താലോ പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേക്കേറി എന്നത് ഗുരുതരപ്രശ്നമാണ്.
സംഘടനാപരമായ ചോർച്ചയും കനത്ത വെല്ലുവിളികളും
രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ ജനപ്രീതി വർദ്ധിക്കുമ്പോഴും, കോൺഗ്രസ് പാർട്ടി നേരിടുന്ന ഏറ്റവും ഗുരുതരമായ ആഭ്യന്തര പ്രതിസന്ധി പാർട്ടിയിലെ വൻതോതിലുള്ള കൂറുമാറ്റമാണ്. അടുത്ത കാലത്തായി കോൺഗ്രസിന് വലിയ രാഷ്ട്രീയ നേട്ടങ്ങളും അധികാരവും ഉണ്ടാക്കിക്കൊടുത്ത മുതിർന്ന നേതാക്കളിൽ ഭൂരിഭാഗവും പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേക്കേറി എന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. ഈ രാഷ്ട്രീയ പ്രതിഭാസത്തിന് പിന്നിൽ പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്:
ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്), സി.ബി.ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികളെ ഭയന്നാണ് പല പ്രമുഖ നേതാക്കളും പെട്ടെന്ന് പാർട്ടി വിട്ടത്. അഴിമതിക്കേസുകളിൽ നിന്നും നിയമനടപടികളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു 'സുരക്ഷിത താവളം' എന്ന നിലയിലാണ് പലരും ബി.ജെ.പിയെ തിരഞ്ഞെടുത്തത്. പ്രതിപക്ഷത്ത് നിന്നാൽ വേട്ടയാടപ്പെടുമെന്ന ഭയം നേതാക്കളെ പാർട്ടിയിൽ ഉറപ്പിച്ചു നിർത്തുന്നതിന് വലിയ തടസ്സമാകുന്നു.
മറ്റൊന്ന് അധികാരമോഹവും രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് വേലിചാടുന്നവരുടെ പ്രശ്നം..! ദീർഘകാലം അധികാരത്തിലിരുന്ന കോൺഗ്രസ് നേതാക്കളിൽ പലർക്കും പ്രതിപക്ഷത്തിരുന്ന് ദീർഘകാലം സമരം ചെയ്യാനുള്ള ക്ഷമയില്ല. അധികാരമില്ലാതെ രാഷ്ട്രീയത്തിൽ നിലനിൽപ്പില്ലെന്ന ചിന്തയും, കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബി.ജെ.പി തുടരുന്ന ഭരണാധിപത്യവും അവരുടെ അധികാരമോഹങ്ങളെ ഉണർത്തുകയും പാർട്ടി മാറാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഈ ചോർച്ച രാഹുൽ ഗാന്ധിയുടെ പോരാട്ടങ്ങൾക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. രാഹുൽ തെരുവിൽ ജനങ്ങൾക്കായി സമരം ചെയ്യുമ്പോൾ, അദ്ദേഹത്തിന് പിന്നിൽ അണിനിരക്കേണ്ട വിശ്വസ്തരായ കമാൻഡർമാരാണ് പടക്കളം വിട്ടോടുന്നത്. ഇത് താഴെത്തട്ടിൽ അണികൾക്കിടയിൽ വലിയ ആശയക്കുഴപ്പവും നിരാശയും ഉണ്ടാക്കുന്നുണ്ട്.
എന്നിരുന്നാലും, ഈ പ്രതിസന്ധിയെ മറ്റൊരു കോണിലൂടെ നോക്കിക്കാണുന്നവരുമുണ്ട്.
അവസരവാദികളായ പഴയ തലമുറ നേതാക്കൾ പാർട്ടി വിട്ടുപോകുന്നത് വഴി, രാഹുൽ ഗാന്ധിക്ക് പൂർണ്ണമായും വിശ്വസിക്കാവുന്ന, പ്രത്യയശാസ്ത്ര അടിത്തറയുള്ള ഒരു പുതിയ യുവനിരയെ പാർട്ടിയിൽ വളർത്തിയെടുക്കാൻ അവസരം ലഭിക്കുന്നു എന്നതാണത്. കരിയറിസ്റ്റ് രാഷ്ട്രീയക്കാർ പോകുമ്പോൾ, പോരാട്ടവീര്യമുള്ള ഒരു പുതിയ കോൺഗ്രസിനെ കെട്ടിപ്പടുക്കാൻ ഇത് രാഹുലിനെ സഹായിച്ചേക്കാം.
രാഹുൽ ഗാന്ധി ദേശീയ രാഷ്ട്രീയത്തിൽ കരുത്തനായി വളരുമ്പോഴും, പ്രിയങ്കാ ഗാന്ധിയെ സജീവ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് (പ്രത്യേകിച്ച് വയനാട് ഉപതിരഞ്ഞെടുപ്പിലൂടെ ലോക്സഭയിലേക്ക്) വലിച്ചിറക്കിയതിന് പിന്നിൽ കോൺഗ്രസിന്റെ രാഷ്ട്രീയ ഗതികേടാണെന്ന് ഒരു വിഭാഗം ശക്തമായി വാദിക്കുമ്പോൾ, അത് കൃത്യമായ ദീർഘകാല തന്ത്രമാണെന്ന് മറ്റൊരു വിഭാഗം വിലയിരുത്തുന്നു.
മുകളിൽ സൂചിപ്പിച്ചതുപോലെ, മുതിർന്ന നേതാക്കൾ ഒന്നൊന്നായി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേക്കേറുമ്പോൾ, പൂർണ്ണമായും വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു രണ്ടാംനിര നേതാവ് നെഹ്റു കുടുംബത്തിന് പുറത്ത് ഇല്ലാതെ പോയി എന്നത് വലിയൊരു ഗതികേടാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിർത്താൻ സ്വന്തം സഹോദരിയല്ലാതെ മറ്റൊരു വിശ്വസ്ത മുഖം രാഹുലിന് മുന്നിലുണ്ടായിരുന്നില്ല. എന്നാൽ പ്രിയങ്കയുടെ വരവോടെ 'കുടുംബവാഴ്ച' എന്ന ബി.ജെ.പിയുടെ പ്രധാന വിമർശന ആയുധത്തിന് കോൺഗ്രസ് വീണ്ടും സ്വയം കീഴടങ്ങിക്കൊടുത്തു.
നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരു ശക്തനായ നേതാവിനെ ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസിന് സാധിക്കുന്നില്ല എന്ന പരിമിതി തന്നെയാണ് പ്രിയങ്കയെ കളത്തിലിറക്കാൻ കാരണമായത്. രാഹുൽ ലോക്സഭയിൽ പ്രതിപക്ഷ നേതാവായി ഭരണപക്ഷത്തെ നേരിടുമ്പോൾ, ജനങ്ങളെ വൈകാരികമായി സ്വാധീനിക്കാൻ കഴിവുള്ള പ്രിയങ്ക കൂടി പാർലമെന്റിലെത്തുന്നത് കോൺഗ്രസിന് ഇരട്ടി കരുത്ത് നൽകുന്നു. ഇന്ദിരാ ഗാന്ധിയോടുള്ള രൂപസാദൃശ്യവും സംസാരിക്കാനുള്ള ശൈലിയും പാർലമെന്റിൽ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസ് ഉപയോഗിക്കുന്ന തന്ത്രമാണ്.
രാഹുൽ ഗാന്ധിയെ നിസാരമായി തള്ളിക്കളയാവുന്ന കാലം കഴിഞ്ഞുപോയി. അദ്ദേഹം ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാളായി സ്വയം അടയാളപ്പെടുത്തുന്നതിൽ വലിയൊരു പരിധി വരെ വിജയിച്ചിട്ടുണ്ട്. സമരങ്ങളുടെ തീച്ചൂളയിൽ വെന്തുരുകി വന്ന ഈ പുതിയ രാഹുൽ ഗാന്ധി അജയ്യനാണോ എന്ന് പറയാൻ സമയമായിട്ടില്ലെങ്കിലും, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണ്ണയിക്കുന്നതിൽ ഇനി അദ്ദേഹത്തിന് നിർണ്ണായക പങ്കുണ്ടാകും എന്ന് ഉറപ്പാണ്.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
