1977ൽ സ്ഥാപിതമായ ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾക്ക് 2026 ഒക്ടോബർ 18 ഞായറാഴ്ച വി.കുർബ്ബാനാനന്തരം ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ സാന്നിദ്ധ്യത്തിൽ ആരംഭം കുറിച്ചു.
വന്ദ്യ വൈദീകരുടേയും സ്ഥാപക മെമ്പർ പൊയ്ക്കാട്ടിൽ വർഗീസിന്റെയും വിശ്വാസ സമൂഹത്തിന്റെയും സാന്നിദ്ധ്യത്തിൽ ജൂബിലി ദീപം തെളിയിച്ചതോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പ്രോഗ്രാമുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.
ഈ ഇടവകയുടെ പ്രാരംഭം മുതലുള്ള 50 വർഷത്തെ വളർച്ചയുടെ വിവിധ ഘട്ടങ്ങളേയും പ്രധാന സംഭവങ്ങളേയും ഓർമ്മിപ്പിക്കുന്ന വീഡിയോ പ്രദർശനത്തോടൊപ്പം ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ അനുഗ്രഹീത സന്ദേശവും സംപ്രേഷണ ചെയ്യുകയുണ്ടായി. തുടർന്ന് ജൂബിലി കൺവീനേഴ്‌സിനേയും മാനേജിങ്ങ് കമ്മറ്റിയേയും ഉൾപ്പെടുത്തി ഗായക സംഘത്തിന്റെ ഭക്തിസാന്ദ്രമായ ഗാനാലാപനത്തോടെ നടത്തിയ പ്രൊസഷൻ ഏറെ ആകർഷകമായി.
വികാരി റവ. ഫാ. ബേസിൽ അബ്രഹാം ആമുഖ പ്രസംഗം നടത്തി. ജൂബിലി കമ്മറ്റി കൺവീനർ അച്ചു ഫിലിപ്പോസ് സ്വാഗതം ആശംസിച്ചു.
ഗോൾഡൻ ജൂബിലിയുടെ തീം ആയി തെരഞ്ഞെടുത്തിട്ടുള്ള ''ലേവ്യ പുസ്തകം 25-10'' റവ. ഫാ. ബേസിൽ അബ്രഹം അവതരിപ്പിച്ചു. റവ. ഫാ. മാർട്ടിൻ ബാബു (അസോസിയേറ്റ് വികാരി) ജൂബിലി കളർ സ്‌കീം സംബന്ധിച്ച് വിശദീകരിച്ചു. പങ്കെടുത്ത മത്സരാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജൂബിലി ലോഗോയുടേയും ജൂബിലി വെബ്‌സൈറ്റിന്റേയും പ്രകാശന കർമ്മം അഭിവന്ദ്യ മെത്രാപോലീത്താ നിർവഹിച്ചു. ലോഗോ ഡിസൈൻ ചെയ്ത റിച്ചാർഡ് കുരുവിളയെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
വെബ്‌സൈറ്റ് സംബന്ധിച്ച വിശദീരണങ്ങൾ ഡിജിറ്റൽ ടീം കൺവീനർ ജോൺസി വർഗീസ് നൽകി.
ജൂബിലി കമ്മറ്റി ജോയിന്റ് കൺവീനർ അലക്‌സ് ജോർജ്, മെഗാ സ്‌പോൺസർ, ഗ്രാന്റ് സ്‌പോൺസേഴ്‌സ് എന്നിവരെ സദസ്സിന് പരിചയപ്പെടുത്തുകയും വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
മെഗാ സ്‌പോൺസർ ചാമത്തിൽ ഗ്രൂപ്പിനുവേണ്ടി കമാണ്ടർ വർഗീസ് ചാമത്തിൽ (സി.ഇ.ഒ), ഭാര്യ ഓമന ചാമത്തിൽ, ഗ്രാന്റ് സ്‌പോൺസർ നെക്‌സ്റ്റ് ലവൽ ടാക്‌സിനുവേണ്ടി ഡയറക്ടർമാരായ സിബി മാത്യു സിപിഎ, ജിജൊ ചാണ്ടി സിപിഎ, ഗ്രാന്റ് സ്‌പോൺസർ റെഡ് ചില്ലി ഇന്ത്യൻ റസ്‌റ്റോറന്റ് & താജ്മഹൽ ഏഷ്യൻ ഗ്രോസറീസിനു വേണ്ടി ഓണേഴ്‌സ് ജിയൊ ജോം, വിൻസെന്റ് ജോണിക്കുട്ടി എന്നിവർ അഭിവന്ദ്യ മെത്രാപോലീത്താക്ക് കൈമാറിയ ചെക്ക് ഫിനാൻസ് കമ്മറ്റി കൺവീനർ ബിജു തോമസ് ഏറ്റുവാങ്ങി. വിവിധ ജൂബിലി പെരുന്നാൾ പാക്കേജ് ഓഫർ ചെയ്തിട്ടുള്ളവരുടെ പേരു വിവരവും അലക്‌സ് ജോർജ് അറിയിക്കുകയുണ്ടായി.
ഒരുകോടി രൂപയോളം വിലയിരുത്തിക്കൊണ്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന കിഡ്‌നി ട്രാൻസ്പ്ലാന്റ് ഉൾപ്പടെയുള്ള വിവിധ ചാരിറ്റി പദ്ധതികളെക്കുറിച്ച് ചാരിറ്റി കൺവീനർ യൽദൊ മാത്യു വിശദീകരണം നൽകി. കിഡ്‌നി ട്രാൻസ്പ്ലാന്റ് ചാരിറ്റി ഫണ്ടിലേക്ക് ഈ ഇടവകയിൽ നിന്നും ഓഫറുകൾ ചെയ്തിട്ടുള്ളവരുടെ പേരുവിവരവും അറിയിക്കുകയുണ്ടായി.
സ്പിരിച്വൽ ആൻഡ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമിനെക്കുറിച്ചുള്ള വിശദീകരണം കൺവീനർ ഐറിൻ അബ്രഹാം നൽകി. ഹോസ്റ്റ് ആൻഡ് റിസപ്ഷൻ കമ്മറ്റി കൺവീനർ കമാണ്ടർ ബാബു വടക്കേടത്ത് അഭിവന്ദ്യ മെത്രാപോലീത്തക്ക് സമർപ്പിച്ച ജൂബിലി ഫ്‌ളാഗ്, ട്രസ്റ്റി ജോസഫ് ജോർജ് ഏറ്റുവാങ്ങി. സെക്രട്ടറി യൽദൊ മാത്യു നന്ദി രേഖപ്പെടുത്തി.
ജൂബിലി കമ്മറ്റി കൺവീനേഴ്‌സിന്റേയും മാനേജിങ്ങ് കമ്മറ്റിയുടേയും വിശ്വാസ സമൂഹത്തിന്റേയും സാന്നിദ്ധ്യത്തിൽ ഭദ്രാസന മെത്രാപോലീത്താ ജൂബിലി ഫ്‌ളാഗ് ഉയർത്തിയതോടെ കിക്ക് ഓഫ് പ്രോഗ്രാമിന് സമാപനമായി.
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
