ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മരിയൻ തീർഥാടനകേന്ദ്രമായ പാറേൽ മർത്ത്മറിയം വലിയപള്ളി നാളെ (21-11-2026) കൂദാശ ചെയ്ത് ആദ്യബലിയർപ്പണം നടത്തി ബസിലിക്കയായി ഉയർത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം കൂദാശകർമം നിർവഹിക്കും.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകും. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ പാറേൽ പള്ളിയെ ബസിലിക്കയായി ഉയർത്തുന്ന പ്രഖ്യാപനം നടത്തും. ആർച്ച്ബിഷപ്പുമാരായ ഡോ. തോമസ് ജെ. നെറ്റോ, തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ മാർ തോമസ് ഇലവനാൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. സാമുവൽ മാർ ഐറേനിയോസ്, ഡോ. ജയിംസ് ആനാപറമ്പിൽ, യൂഹാനോൻ മാർ തിയോഡോഷ്യസ്, മാർ തോമസ് പാടിയത്ത്, ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ എന്നിവർ സഹകാർമികരാകും.
മോൺ. ആൻറണി എത്തയ്ക്കാട്ടാണ് ആർച്ച്ഡീക്കൻ. അതിരൂപതയിലെ മുന്നൂറിലേറെ വൈദികരും തിരുക്കർമങ്ങളിൽ പങ്കാളികളാകും. അമലോദ്ഭവ മാതാവിന്റെ നാമത്തിൽ 1906ൽ സ്ഥാപിതമായ പാറേൽ പള്ളി ഇനി മുതൽ മർത്ത്മറിയം ഇമ്മാക്കുലേറ്റ് ഷ്രൈൻ ബസിലിക്ക എന്ന പേരിലായിരിക്കും അറിയപ്പെടുക. കേരളത്തിലെ പതിനാലാമത്തെയും ചങ്ങനാശേരി അതിരൂപതയിലെ രണ്ടാമത്തെ ബസിലിക്കയുമാണിത്.
51,000 ചതുരശ്രയടി വിസ്തീർണത്തിൽ 3 നിലകളിലായാണു പുതിയ പള്ളി സമുച്ചയം. രണ്ടാം നിലയിൽ 3,000 പേർക്ക് ഇരിക്കാവുന്ന പ്രധാന ദേവാലയമായ മർത്ത്മറിയം വലിയ പള്ളി, ഒന്നാം നിലയിൽ 900 പേർക്ക് ചടങ്ങുകളിൽ ഇരുന്ന് പങ്കെടുക്കാനാകുന്ന അമലോദ്ഭവമാതാ പള്ളി, ഭൂനിരപ്പിനു താഴെയായി ‘എമ്മേ ദ്മിശിഹാ ക്രിപ്റ്റ്’ ദേവാലയം എന്നിവയാണ് ഉള്ളത്. 200 പേർക്ക് ഇരിക്കാവുന്നതാണ് ക്രിപ്റ്റ് ദേവാലയം. ഇവിടെ 50ൽ അധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
