ആഗോള യുദ്ധങ്ങൾ കാരണം തടസ്സപ്പെട്ട ഷിപ്പിംഗ് മേഖല, കുതിച്ചുയരുന്ന പലിശ നിരക്കുകൾ... അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഇന്ന് മുൻപെങ്ങുമില്ലാത്തവിധം വലിയൊരു സാമ്പത്തിക മന്ദഗതിയിലൂടെയും അനിശ്ചിതത്വത്തിലൂടെയും കടന്നുപോകുകയാണ്. വൻകിട കോർപ്പറേറ്റുകൾ മുതൽ സാധാരണക്കാരായ പ്രവാസികൾവരെ ഈ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ അനുഭവിച്ചറിയുന്നു.
ഈ വിഷമഘട്ടത്തിൽ, അമേരിക്കയിലെ പ്രവാസി മലയാളി സമൂഹം ഒന്നിച്ചുനിൽക്കേണ്ടതിന്റെയും നമ്മുടെ പ്രിയപ്പെട്ട ചെറുകിട ബിസിനസുകളെ ചേർത്തുപിടിക്കേണ്ടതിന്റെയും ആവശ്യകത മുൻപെന്നത്തേക്കാളും വർധിച്ചിരിക്കുകയാണ്.
ചരക്കുനീക്കത്തിനുള്ള ഷിപ്പിംഗ്, ഹാൻഡ്‌ലിംഗ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലെത്തിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വൻതോതിൽ വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുടെ വിലവർധനവ് പ്രദേശിക വിതരണ ശൃംഖലയെയും സാരമായി ബാധിച്ചു.
ഇതിനുപുറമെ, ബാങ്ക് പലിശ നിരക്കുകൾ ഉയർന്ന നിലയിൽ തുടരുന്നത് റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ മേഖലകളെ നിശ്ചലാവസ്ഥയിലാക്കിയിട്ടുണ്ട്. പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ കുറഞ്ഞതും വീടുകളുടെ വിൽപ്പന മന്ദഗതിയിലായതും അനുബന്ധ മേഖലകളിലെ തൊഴിലവസരങ്ങളെ ബാധിച്ചു.
മുൻപ് ലഭ്യമായിരുന്ന ഓവർടൈം ജോലികളും അധിക ഷിഫ്റ്റുകളും വെട്ടിച്ചുരുക്കപ്പെട്ടതോടെ പല കുടുംബങ്ങളുടെയും പ്രതിമാസ വരുമാനത്തിൽ വലിയ കുറവുണ്ടായി. ഇത് ജനങ്ങളിൽ സാമ്പത്തിക അരക്ഷിതാവസ്ഥയും മാനസിക പിരിമുറുക്കവും സൃഷ്ടിച്ചിട്ടുണ്ട്. തൽഫലമായി, ആളുകൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പണം ചെലവഴിച്ച്, വളരെ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്.
പ്രതിസന്ധിയിലാകുന്ന ഇന്ത്യൻ ഗ്രോസറികളും റെസ്റ്റോറന്റുകളും
സാധാരണക്കാരുടെ സ്‌പെൻഡിംഗ് പവർ കുറഞ്ഞത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് നമ്മുടെ കമ്മ്യൂണിറ്റിയെ മാത്രം വിശ്വസിച്ച് പ്രവർത്തിക്കുന്ന ചെറിയ ഇന്ത്യൻ ഗ്രോസറി കടകളെയും, കുടുംബങ്ങൾ നടത്തുന്ന നാടൻ റെസ്റ്റോറന്റുകളെയുമാണ്.
ചരക്കുകൂലി വർധിച്ചതോടെ മാതൃരാജ്യത്തുനിന്ന് എത്തിക്കുന്ന നാടൻ പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും അടക്കം ലാൻഡിംഗ് കോസ്റ്റ് വൻതോതിൽ കൂടി.
ലാഭവിഹിതത്തിലെ കുറവ് വിലക്കയറ്റം മുഴുവനായും ഉപഭോക്താക്കളിലേക്ക് അടിച്ചേൽപ്പിക്കാൻ സാധിക്കാത്തതിനാൽ, സ്വന്തം ലാഭവിഹിതം വെട്ടിക്കുറച്ചാണ് പല ചെറുകിട വ്യാപാരികളും സ്ഥാപനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
പ്രവർത്തനച്ചെലവ് വാടക, വൈദ്യുതി, തൊഴിലാളികളുടെ വേതനം എന്നിവയിലുണ്ടായ വർധനവ് ഇവരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്നു. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ വളർച്ചയിൽ ഈ ചെറുകിട സ്ഥാപനങ്ങൾ വഹിച്ച പങ്കു ചെറുതല്ല. നമ്മുടെ പ്രദേശിക കൂട്ടായ്മകൾ, അസോസിയേഷനുകൾ, സാംസ്‌കാരിക പരിപാടികൾ, ഓണംവിഷു ആഘോഷങ്ങൾ എന്നിവ നടക്കുമ്പോൾ ആദ്യമായി സ്‌പോൺസർഷിപ്പുമായി മുന്നോട്ടുവരുന്നത് ഈ സ്ഥാപനങ്ങളാണ്.
കമ്മ്യൂണിറ്റി മീറ്റിംഗുകൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സൗജന്യമായി ഭക്ഷണവും സാമ്പത്തിക സഹായവും നൽകി നമ്മെ പിന്തുണച്ചവരാണ് ഈ സംരംഭകർ. വലിയ സൂപ്പർമാർക്കറ്റുകൾക്കും കോർപ്പറേറ്റ് ശൃംഖലകൾക്കും ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ വലിയ മൂലധന ശേഷിയുണ്ടാകും. എന്നാൽ, നമ്മെ വിശ്വസിച്ച് ബിസിനസ് ചെയ്യുന്ന നമ്മുടെ പ്രവാസി സഹോദരങ്ങൾക്ക് നമ്മൾ നൽകുന്ന പിന്തുണ മാത്രമാണ് ഏക പിടിവള്ളി.
വലിയ ചെയിൻ സ്റ്റോറുകളെ ആശ്രയിക്കുന്നതിന് പകരം നമ്മുടെ തൊട്ടടുത്തുള്ള ഇന്ത്യൻ ഗ്രോസറി കടകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും സാധനങ്ങളും ഭക്ഷണവും വാങ്ങാൻ ശ്രദ്ധിക്കുക.
ആഴ്ചയിലൊരിക്കലെങ്കിലും പ്രദേശികമായി മലയാളി മാനേജ് ചെയ്യുന്ന റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുകയോ ഡെലിവറി എടുക്കുകയോ ചെയ്യുക. നമ്മുടെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ഈ സ്ഥാപനങ്ങളെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ പങ്കുവെക്കുക, സോഷ്യൽ മീഡിയയിലൂടെ അവരെ പിന്തുണയ്ക്കുക.
ഈ സാമ്പത്തിക മാന്ദ്യവും കഠിനമായ കാലവും കടന്നുപോകും. എന്നാൽ, വിഷമഘട്ടത്തിൽ പരസ്പര താങ്ങായി നിന്ന ചരിത്രമാണ് പ്രവാസി മലയാളികൾക്കുള്ളത്. പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങളുടെ ബിസിനസുകൾ തകർന്നുപോകാതെ സംരക്ഷിക്കേണ്ടത് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ഒരോരുത്തരുടെയും കടമയും ഉത്തരവാദിത്തവുമാണ്. നമുക്ക് ഒന്നിച്ചുനിൽക്കാം, നമ്മുടെ സ്വന്തം സ്ഥാപനങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച് ഈ പ്രതിസന്ധിയെ അതിജീവിക്കാം.
സണ്ണി മാളിയേക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
