അമേരിക്കൻ മലങ്കര അതിഭദ്രാസന വൈദീക യോഗം 2026 ഒക്ടോബർ 22,23,24 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ അദ്ധ്യക്ഷതയിൽ ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടുന്നു.
വൈദീകരിൽ ആത്മീയ കൂട്ടായ്മ പരിപോഷിപ്പിക്കുക, വൈദീകരുടെ പരിരക്ഷയും വൈദികർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും സംബന്ധിച്ച് ചർച്ചക്കും തുടർ പഠനത്തിനും അവസരമൊരുക്കുക, ഇടവകകളുടെ ആത്മീയ ഉണർവ്വിനും ഭദ്രാസനത്തിന്റെ വളർച്ചക്കുമായിട്ടുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയെന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങളെ മുൻനിർത്തി ഭദ്രാസനാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന വൈദീക യോഗത്തിൽ അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ളവൈദീകർ പങ്കെടുക്കും.
ഒക്ടോബർ 22 വ്യാഴാഴ്ച വൈകിട്ട് 6.30ന് സന്ധ്യാ പ്രാർത്ഥനയോടെ യോഗം നടപടികൾ ആരംഭിക്കും. തുടർന്ന് നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തിൽ റവ.ഫാ. ഗീവർഗീസ് ജേക്കബ്ബ് (ക്ലർജി സെക്രട്ടറി) ആമുഖ പ്രസംഗം നടത്തും. റവ. ഫാ. ബേസിൽ അബ്രഹാം (വികാരി, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ) സ്വാഗതമാശംസിക്കും. അഭിവന്ദ്യ ഇടവക മെത്രാപോലീത്തായുടെ അദ്ധ്യക്ഷ പ്രസംഗത്തെ തുടർന്ന് ''വൈദീകരുടെ പരിരക്ഷയും വൈദീകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും'' എന്ന വിഷയത്തെ അടിസ്ഥാനമാക്കി വെരി. റവ. ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർഎപ്പിസ്‌കോപ്പാ മോഡറേറ്ററായുള്ള ചർച്ചാ ക്ലാസ് നടക്കും.
ഒക്ടോബർ 23 വെള്ളിയാഴ്ച രാവിലെ 8.15 പ്രഭാത പ്രാർത്ഥനയെ തുടർന്ന് രാവിലെ 8.45 മുതൽ 9.45 വരെ Liturgical Practice എന്ന വിഷയത്തെ സംബന്ധിച്ച് റവ. ഫാ. സജി മർക്കോസ് ക്ലാസ്സെടുക്കും. 9.45 മുതൽ 10.45 വരെ മുഖ്യ പ്രഭാഷകൻ റവ. ഫാ. സിനു ജോസഫ് (Our Lady of Lake Catholic Church, Rockwall) ''ഇന്ത്യോ-അമേരിക്കൻ പള്ളികളിലെ ശുശ്രൂഷകൾ'' എന്ന വിഷയത്തെ ആസ്പകമാക്കി മുഖ്യപ്രഭാഷണം നടത്തും.
11 മുതൽ ഉച്ചയ്ക്ക് 12മണിവരെ ''സംഘർഷ പരിഹാരവും സമാധാനവും'' എന്ന വിഷയത്തെക്കുറിച്ചും ക്ലാസ്സെടുക്കും. ഉച്ച നമസ്‌ക്കാരത്തിനും ഫോട്ടോ സെക്ഷനും ശേഷം ഉച്ചയ്ക്ക്
2മണിമുതൽ വൈകിട്ട് 4.30വരെ ബിസിനസ് മീറ്റിംഗും നടക്കും. ഈവനിംങ് പ്രെയറിനു ശേഷം റവ. ഫാ. യൽദൊ പോൾ, തോമ്പ്ര (വികാരി, സെന്റ് മേരീസ് ചർച്ച്, ഹൂസ്റ്റൺ) ധ്യാനപ്രസംഗം നടത്തും. തുടർന്ന് വി. കുമ്പസാരത്തിനു ശേഷം, ഡിന്നറോടു കൂടി അന്നത്തെ പ്രോഗ്രാം അവസാനിക്കും.
ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 7.30ന് പ്രഭാത പ്രാർത്ഥനയെ തുടർന്ന് അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി. ബലി അർപ്പണവും അതേ തുടർന്ന് സമാപന ചടങ്ങുകളും നടത്തപ്പെടും. റവ. ഫാ. ഗീവർഗീസ് ജേക്കബ് സമാപന ചടങ്ങുകൾക്ക് നേതൃത്വം നൽകും.
അഭിവന്ദ്യ മെത്രാപോലീത്തായോടൊപ്പം റവ. ഫാ. ഗീവർഗീസ് ജേക്കബ് (ക്ലർജി സെക്രട്ടറി), ക്ലർജി കൗൺസിൽ അംഗങ്ങളായ വെരി. റവ. ഗീവർഗീസ് തോമസ് കോർ എപ്പിസ്‌കോപ്പാ, റവ. ഫാ. എബി മാത്യു, റവ. ഫാ. ആകാശ് പോൾ, റവ.ഫാ. മാർട്ടിൻ ബാബു, റവ. ഫാ. ഷിറിൾ മത്തായി എന്നിവർക്ക് പുറമേ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ വികാരി റവ. ഫാ. ബേസിൽ അബ്രഹാം, അസോസിയേറ്റ് വികാരി റവ. ഫാ. മാർട്ടിൻ ബാബു, യൽദൊ മാത്യു (സെക്രട്ടറി), ജോസഫ് ജോർജ് (ട്രഷറർ), യൽദൊ ചാക്കൊ (കമ്മറ്റി മെമ്പർ) എന്നിവരുടേയും നേതൃത്വത്തിൽ പള്ളി ഭരണസമിതി ഈ ആത്മീയ സംഗമം വൻ വിജയമാക്കി തീർക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദീക ശ്രേഷ്ഠരുടെ ആത്മീയ സംഗമം നടത്തുന്നതിനുള്ള വേദിയൊരുക്കുന്നുവെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
