ഇനിയും പ്രകാശിപ്പിക്കാത്ത അടൂർ അതൃപ്തികൾ

NOVEMBER 11, 2026, 10:01 AM

വി.ഡി. സതീശൻ എന്ന മുഖ്യമന്ത്രിക്ക് ചുറ്റും ഒരു പവർ ഗ്രൂപ്പ് ഉണ്ടോ? ഒരു പതിറ്റാണ്ട് തുടർച്ചയായി ഭരിച്ച ഇടതുപക്ഷത്തെ, പ്രതിപക്ഷ നിരയിലിരുന്ന് നിരന്തരം എതിർത്ത്, എണ്ണം പറഞ്ഞ് തോൽപ്പിച്ച്  അധികാരത്തിലേറിയ സതീശനുമേൽ 'പവർ ഗ്രൂപ്പ് ' അപവാദം ഉന്നയിക്കാൻ സ്വന്തം പാളയത്തിൽ ഉള്ളവർക്ക് മാത്രമേ കഴിയൂ. അതും അധികാരത്തിലേറി ആറുമാസം പിന്നിടുമ്പോൾത്തന്നെ ആവശ്യത്തിലേറെ വിവാദങ്ങൾ സ്വന്തം പേരിലാക്കിയ ഒരു മുഖ്യമന്ത്രിയോട്.

പിണറായി വിജയനും എം.വി. ഗോവിന്ദനുമാണ് തന്റെ സർക്കാരിന്റെ ഐശ്വര്യമെന്ന് വി.ഡി. സതീശൻ പറയുന്നുണ്ടെങ്കിൽ അതിൽ എന്തോ നല്ല കാര്യമുണ്ട്. നയപരമായ തീരുമാനങ്ങൾ അറിയിക്കുന്നില്ല എന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് അതിനൊപ്പം പറയുമ്പോൾ അത് കേവലം ഒരു പരാതി പറച്ചിൽ അല്ല. ഒരു പടനീക്കം നമുക്ക് ഇപ്പോഴേ കാണാം. ഇടയ്ക്കിടെ മാധ്യമങ്ങൾ വളയുമ്പോൾ, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്ന് ഒരു കള്ളച്ചിരിയോടെ പറയുന്ന അടൂർ പ്രകാശ് ഏതായാലും അധികാരം കിട്ടുമ്പോൾ കോൺഗ്രസ് കാണിക്കുന്ന പതിവ് നാടകങ്ങളുടെ നായകൻ തന്നെ. ഗ്രൂപ്പുകളി. ഉന്നം സതീശൻ തന്നെ!

പണ്ട് കെ. കരുണാകരന്റെ കാലത്ത് വിശാല ഐ ഗ്രൂപ്പ് വക്താവായിരുന്ന രമേശ് ചെന്നിത്തല ഇന്ന് സതീശൻ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയാണെന്നത് ചരിത്രത്തിന്റെ വികൃതി മാത്രം. വൈദ്യുതി പ്രതിസന്ധി എന്തെന്നറിയാത്ത വൈദ്യുതി മന്ത്രി കൂടിയായ സണ്ണി ജോസഫ്. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് അടൂർ പ്രകാശ് പറയുമ്പോൾ പുതിയ കെ.പി.സി.സി അധ്യക്ഷനെ കണ്ടെത്താൻ കഴിയാത്ത ഒരു പാർട്ടിയുടെ ഭാഗമാണ് താനെന്ന് അടൂർ പ്രകാശ് മറക്കുന്നുണ്ടോ!

vachakam
vachakam
vachakam

കൂട്ടുത്തരവാദിത്വം ഇല്ല എന്ന അടൂരിന്റെ പരാതിപ്പെട്ടി ഹൈക്കമാൻഡ് ഇനിയും തുറന്നിട്ടില്ല. പവർ ഗ്രൂപ്പ് സംബന്ധിച്ച് ചോദിക്കുമ്പോൾ അത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നു ന്യായീകരിക്കുന്ന കെ.സി. വേണുഗോപാലിനെ എങ്ങനെ പ്രവർത്തകർ  ന്യായീകരിക്കും.

വിവാദത്തിന്റെ അകമ്പടി

തുടക്കത്തിലെ വിവാദം അകമ്പടിയാക്കിയ ഒരു സർക്കാർ. മുഖ്യമന്ത്രിയുടെ സ്വകാര്യ ആവശ്യത്തിന് ഹെലികോപ്റ്റർ ഉപയോഗത്തെ ചൊല്ലി വിവാദം. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഹെലികോപ്റ്റർ യാത്രയെ വിമർശിച്ച് യു.ഡി.എഫ് യു ടേൺ അടിച്ചെങ്കിലും അതും തുടക്കത്തിലെ കല്ലുകടി എന്ന പ്രതീതി സൃഷ്ടിച്ചു. എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് വി.ഡി. സതീശൻ 

vachakam
vachakam
vachakam

മറുഗോൾ അടിച്ച് പിടിച്ചുനിന്നു. പിന്നാലെ, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയിൽ സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി എന്നായി.

വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിൽ അന്തിമ തീരുമാനം യു.ഡി.എഫ് എടുക്കുമെന്ന് നിയമസഭയിൽ പറഞ്ഞ് വഴുതി മാറി സതീശൻ. പ്രതിപക്ഷത്തിരിക്കെ പിണറായിയുടെയും മന്ത്രിമാരുടെയും യാത്രകളിൽ സുതാര്യത ആവശ്യപ്പെട്ട വി.ഡി. സതീശനാണ് ഇപ്പോൾ പറഞ്ഞതെല്ലാം മറക്കുന്നത് എന്നായി ആക്ഷേപം. വിമാന യാത്ര വിവാദമാകുമ്പോഴും അത് ഇനിയും തുടരുമെന്ന വെല്ലുവിളി നടത്തി എന്ത് വിവാദമുണ്ടായാലും ശൈലി ഇതായിരിക്കുമെന്ന് പറഞ്ഞ് ഉറപ്പിക്കാൻ വിനിയോഗിക്കുകയാണ് വി.ഡി. സതീശനിലെ രാഷ്ട്രീയക്കാരൻ ചെയ്തത്.

എല്ലാവർക്കും ഗ്രൂപ്പുണ്ട് എന്നിരിക്കെ, സതീശന് ചുറ്റും പവർ ഗ്രൂപ്പ് ഉണ്ട് എന്ന പ്രചാരണം കടുത്ത ഗ്രൂപ്പ് യുദ്ധത്തിന്റെ ലക്ഷണമല്ലേ?സതീശൻ അത്തരം ആക്ഷേപങ്ങൾ പുച്ഛിച്ചു തള്ളുമ്പോഴും. അങ്ങനെയെങ്കിൽ വൈദ്യുതി പ്രതിസന്ധി പോലും വൈദ്യുതി ബോർഡ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് കരുതുമോ. കെ.പി.സി.സി പ്രസിഡന്റ് തന്നെ വൈദ്യുതി മന്ത്രിയാകുന്നു. സ്വന്തം വകുപ്പിലെ കാര്യങ്ങൾ മാധ്യമങ്ങൾ വഴി അറിയുന്നു എന്ന് സണ്ണി ജോസഫ് പരിതപിക്കുന്നു. കെ.പി.സി.സി അധ്യക്ഷൻ സംബന്ധിച്ച് തീരുമാനിക്കാൻ നിമിഷനേരം മതി എന്ന കെ.സി. വേണുഗോപാലിന്റെ ഡയലോഗ് ഇനി ആര് വിശ്വസിക്കും. ഇപ്പോൾ നേതൃത്വത്തിന്റെ ശ്രദ്ധ മുഴുവൻ ഡൽഹി സമരത്തിലാണത്രേ. പാർട്ടിയിലെ ശത്രുക്കളിൽ നിന്ന് പ്രതിരോധം തീർക്കാൻ ജനസമ്പർക്കം നടത്തിയ ഉമ്മൻചാണ്ടിയെ നമ്മൾ മറന്നു കൂടാ.

vachakam
vachakam
vachakam

ഇന്ന് കോൺഗ്രസിന്റെ പ്രശ്‌നം തികച്ചും സാമ്പത്തികമാണ്. അഖിലേന്ത്യാതലത്തിൽ പാർട്ടിക്ക് പഴയതുപോലെ വൻകിടകളിൽ നിന്ന് ഫണ്ട് കിട്ടുന്നില്ല. കോൺഗ്രസിൽ നിന്ന് കോർപ്പറേറ്റുകൾക്ക് തൽക്കാലം ഒന്നും വേണ്ട. അപ്പോൾ ഭരണം കയ്യിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പവർ വേറൊന്നാണ്. അത് തിരിച്ചറിയുന്ന ആളാണ് സതീശൻ. അപ്പോൾ കാര്യങ്ങൾ അല്പം കടുപ്പത്തിലായിരിക്കും.

പാളയത്തിലെ പട

അതിനിടെ, കേരളത്തിലെ കോൺഗ്രസിലും യു.ഡി.എഫിലും പുകയുന്ന ആഭ്യന്തര തർക്കങ്ങൾ പരസ്യമായ പോരിലേക്ക് നീങ്ങുന്നത് തടയാൻ ഹൈക്കമാൻഡിന്റെ കർശനമായ ഇടപെടലുകൾ ഉണ്ടെന്ന് ഒരു വശത്ത് പ്രചരിപ്പിക്കുമ്പോഴും അതൊന്നും സംസ്ഥാന ഘടകത്തെ ബാധിച്ച മട്ടില്ല. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളിലും ഭരണപരമായ വിഷയങ്ങളിലും പരസ്യ വിഴുപ്പഴക്കലുകൾ പാടില്ലെന്ന് കേന്ദ്ര നേതൃത്വം കർശന നിർദ്ദേശം നൽകിയെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ മുന്നണി യോഗങ്ങൾ ചേരുന്നതിനെച്ചൊല്ലിയും ഭരണത്തിലെ കൂട്ടുത്തരവാദിത്വത്തെക്കുറിച്ചും നേതാക്കൾ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ രാഷ്ട്രീയ ചർച്ചയായതാണ് സാഹചര്യം കൂടുതൽ വഷളാക്കിയത്. ഇപ്പോഴത്തെ പോക്ക് സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് എ.ഐ.സി.സി.

പുതിയ കെ.പി.സി.സി അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ പാർട്ടിക്കുള്ളിൽ സമ്പൂർണ്ണമായ വെടിനിർത്തൽ പാലിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ മനസ്സ്. അത് തുറന്നു പറയാൻ കെ.സി. വേണുഗോപാലിനും അല്പം മടിയുണ്ട്. കാരണം, സതീശനെതിരായ ഒരു ചേരിയുടെ അങ്ങേ തലക്കൽ കെ.സി. ഉണ്ടാവും എന്ന് കരുതുന്നവരാണ് ഭൂരിപക്ഷം രാഷ്ട്രീയ നിരീക്ഷകരും. കെ.പി.സി.സി അധ്യക്ഷൻ ഇനിയും ഉണ്ടാവാത്തതിന്റെ കാരണം വേണുഗോപാൽ പറയുന്നത് ഡൽഹി സമരം ഹൈക്കമാന്റിന്റെ ആദ്യ പരിഗണനയും തിരക്കുകൾ അതിന്റേതും ആണെന്നാണ്.

കാര്യങ്ങൾ അല്പം വഷളായി തന്നെയാണ് മുന്നോട്ടു പോകുന്നത് എന്നറിയാത്ത ഒരു നേതാവും കോൺഗ്രസിൽ ഉണ്ടാവില്ല. എന്നാൽ സംഘടനാ തിരഞ്ഞെടുപ്പും പുനഃസംഘടനയും നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ നേതാക്കളുടെ പരസ്യ പ്രസ്താവനകൾ പ്രതിപക്ഷത്തിന് ആയുധമാകുമെന്ന് ചിന്തിക്കേണ്ടത് ആരാണ്. അതിനെ നിയന്ത്രിക്കേണ്ടത് ആരാണ്? തൽക്കാലം അവർക്ക് അതിനു സമയമില്ലെങ്കിൽ എന്ത് ചെയ്യും!

ഒറ്റയാൾ പട്ടാളം

60 പിന്നിട്ട വി.ഡി. സതീശൻ എന്ന നേതാവിന് പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ഇനി വലിയ സ്വപ്‌നങ്ങൾ ഒന്നുമില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ കളിക്കാൻ ഇറങ്ങിയ ഒരാൾക്ക് എത്താവുന്നതിന്റെ പരമാവധി. ഇനി ആരെയും കൂടുതൽ നമ്പി നിൽക്കേണ്ട കാര്യമില്ല. അതിനാൽ,അവസരങ്ങളുടെ ബസ്സിന് കൈ കാണിക്കാൻ സമയം കളയേണ്ടതില്ല. മുഖ്യമന്ത്രി എന്ന വാക്കിന്റെ അർത്ഥം അദ്ദേഹം മന്ത്രിസഭാംഗങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. താൻ അറിയാതെ ആരും തൽക്കാലം ഒന്നും അറിയില്ല;അത് തിടുക്കത്തിൽ തീരുമാനിക്കേണ്ട ഒരു കാര്യമാണെങ്കിലും കൂട്ടായി തീരുമാനിക്കേണ്ട നയപരമായ കാര്യമാണെങ്കിലും !

ടിഷ്യൂ പേപ്പറിൽ എഴുതി കൊടുത്താൽ പോലും അതിനു കീഴെ ഒപ്പിട്ടു കൊടുക്കുന്ന ഒരു മുഖ്യമന്ത്രി എന്ന ചീത്ത പേര് സാക്ഷാൽ പിണറായി വിജയന് ചാർത്തി കൊടുത്തുകൊണ്ടാണ് ഇടതുകാലത്തെ ബ്യൂറോക്രാറ്റ് ശിവശങ്കർ ഇറങ്ങിപ്പോയത്.താൻ അത്തരക്കാരനല്ല എന്നുകൂടി സ്ഥാപിക്കുക സതീശന്റെ ലക്ഷ്യമാണ്.അദ്ദേഹം ഉദ്യോഗസ്ഥരെ കണ്ണടച്ച് വിശ്വസിക്കുന്നില്ല. ഉപദേശകരെ അന്ധമായി പിന്തുടരുന്നില്ല. സഹപ്രവർത്തകരെ അമിതമായി ആശ്രയിക്കുന്നില്ല. അപ്പോൾ ശത്രുക്കൾ പറയും, സതീശൻ പണ്ട് പറഞ്ഞത് മാറ്റി പറയുന്നു എന്ന്. ആരോടും കൂറില്ലാത്ത ഒരു നേതൃത്വത്തിന്റെ ചുവട്ടിൽ മുഖ്യമന്ത്രിയായിരിക്കുന്ന ഒരാൾക്ക് തൽക്കാലം സ്വീകരിക്കാവുന്ന ഏറ്റവും നല്ല ശൈലിയാണ് അദ്ദേഹം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത് എന്ന് വേണം പറയാൻ.

പ്രത്യേകിച്ച് മുഖ്യമന്ത്രിക്കസേര ആർക്ക് എന്ന തീരുമാനിക്കാൻ ഒന്നരയാഴ്ച സമയം കളഞ്ഞ ഒരു പാർട്ടിക്ക്. സതീശനാണ് ശരി എന്ന് കരുതുന്ന ഒരു വിഭാഗം അവിടെയുണ്ട്. നിലപാടുകളുടെ രാജകുമാരൻ എന്നൊന്നും വിളിക്കാറായിട്ടില്ല. എങ്കിലും സതീശനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം സജീവമായതുകൊണ്ടാണല്ലോ ഇന്ന് ആ പദവിയിൽ മറ്റൊരാൾ എത്താതിരുന്നത്. അതേസമയം, സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാനും പാർട്ടിക്കുള്ളിൽ നിന്നുതന്നെ ബോധപൂർവ്വമായ ഗൂഢലോചന നടക്കുന്നതായി വി.ഡി. സതീശൻ പക്ഷക്കാർ ഹൈക്കമാൻഡിനെ അറിയിച്ചതായാണ് സൂചന. ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തേണ്ട സമയത്ത് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയോട് അടുപ്പമുള്ള നേതാക്കൾ.

കരച്ചിലും പല്ലുകടിയും

മറുവശത്ത്, മുന്നണിയിലെ പ്രധാന തീരുമാനങ്ങൾ കൺവീനർ പോലും അറിയുന്നില്ലെന്നും കൂടിയലോചനകൾ നടക്കുന്നില്ലെന്നുമുള്ള പരാതിയുമായി ഡൽഹിക്ക് വിമാനം കയറിയ അടൂർ പ്രകാശിന്റെ കരച്ചിലിന് രാഹുൽ ഗാന്ധി എന്തെങ്കിലും വില കൽപ്പിച്ചോ? എങ്കിൽ വീണ്ടും വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഉള്ളിലെ കരച്ചിൽ മറച്ചുവെച്ച് ചിരിയുടെ മേലങ്കി അണിഞ്ഞ് അടൂരാൻ പതംപറച്ചിൽ തുടരുകയില്ലായിരുന്നു.

പ്രജിത്ത് രാജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam