ഒളിച്ചോടാൻ ഒരു സമര നാടകം

OCTOBER 14, 2026, 1:46 PM

കോടതി എന്ന് കേൾക്കുമ്പോൾ അത് നീതിക്കുവേണ്ടി കേഴുന്നവർക്ക് ഒരു ആശ്വാസ വാക്കാണ്. എന്നാൽ അനീതി ചെയ്ത് പ്രതിസ്ഥാനത്ത് നിൽക്കുന്ന ഒരാൾക്ക് ആ വാക്ക് ഉളവാക്കുന്നത് ഉൾക്കിടിലം തന്നെയാണ്. അത് ജനകീയ കോടതിയാണെങ്കിലും പാർട്ടി കോടതിയാണെങ്കിലും.
കാലങ്ങളോളം പാർട്ടി കോടതിയിൽ വിധി ന്യായം പ്രഖ്യാപിച്ച് നീതി നടപ്പാക്കിയിരുന്നവർ, രാജ്യത്തെ വ്യവസ്ഥാപിത കോടതിയുടെ മുന്നിൽ എത്താതിരിക്കാൻ പെടാപ്പാടുപെടുന്ന കാഴ്ച കൗതുകകരമാണ്.

ലോകത്ത് ഭരണാധികാരികളുടെ അഴിമതിക്കഥകൾ അറിഞ്ഞും അറിയാതെയും ആഘോഷിക്കുന്നവരാണ് ജനം. തങ്ങളെ ഭരിക്കുന്നവർ തങ്ങളെ കൊള്ളയടിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം ജനകീയ കോടതിക്ക് മുന്നിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് അവർ. അഴിമതിക്കറപുരണ്ട പ്രതിച്ഛായ പേറുന്ന ഭരണാധികാരികളെ ജനം ഇച്ഛിക്കുന്ന പോലെ ശിക്ഷിച്ച കോടതികളും വിരളം.

കേരളത്തെ സംബന്ധിച്ച് അഴിമതിയുടെ പേരിൽ അക്ഷരാർത്ഥത്തിൽ അഴിയെണ്ണിയ ഒരാളെയുള്ളൂ. അത് കേരള കോൺഗ്രസ് നേതാവ് സാക്ഷാൽ ആർ.ബാലകൃഷ്ണപിള്ളയാണ്. അദ്ദേഹം ഉൾപ്പെട്ട മുന്നണിയുടെ നേതാവായിരുന്ന ലീഡർ കെ. കരുണാകരന്റെ പേരിൽ ഉണ്ടായിരുന്ന പാമോയിൽ കേസ് കോളിളക്കം സൃഷ്ടിച്ചെങ്കിലും ഒരു നേതാവിനെ പോലും തൊടാൻ നിയമത്തിന് കഴിഞ്ഞില്ല.

vachakam
vachakam
vachakam

1991-92 കാലഘട്ടത്തിൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം.

മലേഷ്യയിലെ 'പവർ ആൻഡ് എനർജി ലിമിറ്റഡ് ' എന്ന കമ്പനിയിൽ നിന്ന് ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരനാക്കി 15,000 ടൺ പാമോയിൽ ഇറക്കുമതി ചെയ്തതിൽ അഴിമതിയുണ്ടെന്നതായിരുന്നു ആരോപണം. അന്താരാഷ്ട്ര വിപണിയിൽ ടണ്ണിന് 392.25 ഡോളർ വിലയുള്ളപ്പോൾ 405 ഡോളർ എന്ന ഉയർന്ന നിരക്കിലാണ് പാമോയിൽ വാങ്ങിയത്. ഇത് വഴി സംസ്ഥാന ഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സംസ്ഥാന വിജിലൻസും അക്കൗണ്ടന്റ് ജനറലും കണ്ടെത്തി.

ഈ കേസിൽ വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ 8 പ്രതികളാണുണ്ടായിരുന്നത്. കരുണാകരൻ ഒന്നാം പ്രതി ! ഇടപാട് നടക്കുമ്പോൾ ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയ്ക്കും ഇതിൽ പങ്കുണ്ടെന്ന് പിന്നീട് ആരോപണമുയർന്നു.

vachakam
vachakam
vachakam

എന്നാൽ കേരള ഹൈക്കോടതിയും തുടർന്ന് സുപ്രീം കോടതിയും അദ്ദേഹത്തെ ഈ കേസിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കി. 2010ൽ കെ. കരുണാകരൻ അന്തരിച്ചതിനെ തുടർന്ന് സുപ്രീം കോടതി അദ്ദേഹത്തിനെതിരെയുള്ള നിയമനടപടികളും അവസാനിപ്പിച്ചു. ഈ കേസിൽ പതിവുപോലെ കുറെ ഉദ്യോഗസ്ഥർ മാത്രം ബലിയാടായി.

പതിവു മാസപ്പടി

വലിയ നേതാക്കൾ മരിക്കുവോളം അവർക്കെതിരായ കേസുകൾ കോടതി മുറികളിൽ അനന്തമായി നീളുന്ന അതി വിചിത്ര കാഴ്ച കണ്ട് ശീലിച്ചവരാണ് നമ്മൾ. സി.എം.ആർ.എൽ എക്‌സലോജിക് (മാസപ്പടി) സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേരള വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത വാർത്ത കേൾക്കുമ്പോൾ ആരായാലും ചിന്തിക്കും ...എന്തായിരിക്കും ഇതിന്റെയും പരിസമാപ്തി !!
ആദ്യത്തെ കേസ് ഒന്ന് തീരട്ടെ എന്നിട്ടാണല്ലോ അടുത്തത് എന്ന് ചിന്തിക്കാം !

vachakam
vachakam
vachakam

ഏതാണ് ആദ്യത്തെ കേസ്?

പിണറായി വിജയൻ എന്ന നേതാവിന്റെ പേരിനോട് ചേർത്ത് എന്നും പറയാറുള്ള ലാവലിൻ കേസ്.
ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങൾ. ഖജനാവിന് നഷ്ടം. പ്രസ്തുത കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്ന കണ്ടെത്തൽ.  അതും ഒരു കൂട്ടു കൃഷിയായിരുന്നു.

ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി.

അദ്ദേഹം പ്രതിയാക്കപ്പെട്ടെങ്കിലും 2021 ഓഗസ്റ്റ് 10 വരെ തുടർച്ചയായി 28 തവണ കേസ് പരിഗണനക്കെടുക്കാതെ മാറ്റിവച്ചതിനെ തുടർന്ന് രാജ്യത്തെ നീതിന്യായ വ്യവസ്ഥക്കെതിരെ അതിനിശിതമായ വിമർശനങ്ങളാണ് ഉയർന്നത്. വിലപിടിപ്പുള്ള അഭിഭാഷകർ നേതാക്കൾക്ക് വേണ്ടി കോടതി മുറികളിൽ പറന്നെത്തുന്നു. അത്തരം വക്കീലന്മാരെ വിലയ്‌ക്കെടുക്കാനും കാശ് വേണ്ടേ!

അപ്പോൾ അടുത്ത അഴിമതി. എല്ലാറ്റിനും പാർട്ടി ഫണ്ടിൽ നിന്ന് പണം എടുക്കാൻ കഴിയില്ലല്ലോ. പ്രത്യേകിച്ച് തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ പാർട്ടിക്ക് തന്നെ സ്വന്തം സംവിധാനം നിലവിലുള്ളപ്പോൾ. നേതാക്കൾക്ക് ശിക്ഷയല്ല, രക്ഷാകവചം ഒരുക്കലാണ് പാർട്ടി കോടതിയുടെ പ്രധാന കർത്തവ്യം. അത്തരം കോടതി സംവിധാനം നിയന്ത്രിക്കുന്ന ആൾ എങ്ങനെ ശിക്ഷിക്കപ്പെടും.

അധികാര ദുരുപയോഗം നടത്തി കപട ഇടപാടുകളിലൂടെ അന്യായമായ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് പിണറായി വിജയനെതിരെയുള്ള വിജിലൻസ് എഫ്.ഐ.ആറിൽ പറയുന്നത്.
 അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. ഇ.ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് വിജിലൻസ് നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
തെറ്റ് ചെയ്യുന്നവർ നേതാക്കൾ ആണെങ്കിൽ അവർ ഒരമ്മ പെറ്റ മക്കളെ പോലെയാണ്.

അവിടെ പ്രത്യയശാസ്ത്രം അല്പനേരം മാറ്റിവയ്ക്കും. രാഷ്ട്രീയ ശത്രുവിനെ വല്ലാതെ സ്‌നേഹിക്കും. അതുകൊണ്ടാണ് മാസപ്പടി കേസിലെ ഹർജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് വി.ഡി. സതീശൻ നയിക്കുന്ന സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തത്.

കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ നിലപാടെടുത്തു.

കേസിലെ പരാതിക്കാരനായ കെ.എം. ഷാജഹാൻ പിണറായി വിജയന്റെ ശൈലിയെ എതിർക്കുന്ന പോരാട്ട വീര്യമുള്ള ഒരാളാണ്. അത്തരം ഒരാൾ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും സതീശന്റെ സർക്കാർ കോടതിയിൽ പറഞ്ഞു. ഇരുവരും ഒരുപോലെ ഭയക്കുന്ന ഒരു 'കർത്താവ് '  ഉണ്ടെന്ന് സാരം.

നാടകം, സമരം

സി.പി.എം വിപുലീകൃത കമ്മിറ്റികൾ പാർട്ടിയിലെ തെറ്റുകൾ, തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ, നേതാക്കളുടെ വലതുപക്ഷ വ്യതിയാനവും അഴിമതിയും എന്നിവ ഇഴ കീറി പരിശോധിക്കുമ്പോഴാണ് സമുന്നതനായ നേതാവ് തന്നെ വലിയ അഴിമതിക്കേസിന്റെ പ്രതിപ്പട്ടികയിൽ വിക്ടറി സ്റ്റാൻഡിൽ എന്നപോലെ കയറി നിൽക്കുന്നത്. എല്ലാറ്റിനും കാരണഭൂതനാണ് എന്ന മട്ടിൽ പാർട്ടി തീർക്കുന്ന പ്രഭാവലയം വേറെ.

ഊരിപ്പിടിച്ച ആരോപണകൾക്ക് നടുവിലൂടെ അദ്ദേഹം നീങ്ങുകയാണ്. പാർട്ടി കോടതിയുടെ ചാട്ടവാറുകൾ  താഴെത്തട്ടിലുള്ള നേതാക്കൾക്ക് മാത്രമുള്ളതാണ്. ഏതായാലും വഴുതി പോകുമെന്ന് കരുതാൻ വയ്യാത്ത വിധം മാസപ്പടി കേസ് വരിഞ്ഞുമുറുകാൻ തുടങ്ങിയതോടെ പാർട്ടിയിലെ വിമർശകർക്കും രാഷ്ട്രീയ ശത്രുക്കൾക്കും ഒരുപോലെ മറുപടി കൊടുക്കേണ്ട ഘട്ടം വന്നപ്പോഴാണ് ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ സമരകാഹളം മുഴങ്ങിയത്. എന്നാൽ പിന്നെ പഴയ വിപ്ലവ വീര്യം ഒന്നു പുറത്തെടുത്തിട്ട് തന്നെ കാര്യം.

ചലോ ദില്ലി... ശാരീരിക അവശതകൾ മറന്ന് നേരെ വച്ചുപിടിച്ചു.  പാർട്ടി കോടതിയിൽ എല്ലാറ്റിനും പഴയ ഇ.എം.എസ് ശൈലിയിൽ ഒരു മാർക്‌സിസ്റ്റ് സിദ്ധാന്തം അവതരിപ്പിച്ചാൽ കാര്യങ്ങൾ തീരും. എന്നാൽ രാജ്യത്തിന്റെ കോടതിയിൽ അത് വിലപ്പോകില്ല. അപ്പോൾ കയ്യിലുള്ള ആയുധം സമരമാണ്. വിവാദങ്ങളിൽ നിന്ന് ഒരു ഒളിച്ചോട്ടവും.

വെല്ലുവിളി മുദ്രാവാക്യങ്ങൾക്ക് പഞ്ഞമില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാക്കൾ ഡൽഹിയിൽ ചെന്നപ്പോൾ വിയർത്തു കുളിച്ചു. ഇന്നോളം കേട്ടതിൽ ഏറ്റവും ദുർബലമായ മുദ്രാവാക്യങ്ങൾ ഉയർത്തി:
'അമിത് ഷാ കണ്ടോളൂ, ജന്തർ മന്തറിൽ ഞങ്ങൾ ഉണ്ട്, ബി.ജെ.പി ഭരണം തുലയട്ടെ' എന്ന മുദ്രാവാക്യം ഏറ്റുവിളിച്ച് പിണറായി വിജയൻ നീങ്ങുന്ന ദുർബലമായ കാഴ്ച ഏത് ഇടതുസഹയാത്രികനും ദൈന്യത തോന്നിക്കുന്നതായിരുന്നു.

ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത പിണറായി വിജയനെ എട്ട് മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. ജോൺ ബ്രിട്ടാസിനെയും എം.എ. ബേബിയെയും വലിച്ചിഴച്ചു. സമരമുഖത്ത് ശരീരം വിയർത്ത് നിൽക്കേണ്ടിവന്ന ഉന്നത നേതാക്കൾ നൽകുന്ന പാഠം അവർ തന്നെ തിരിച്ചറിയേണ്ടതാണ്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ പിണറായിപാറപ്രത്ത് സമ്മേളനത്തിന്റെ ഓർമ്മ പേരിൽ പേറുന്ന ഒരു നേതാവ് ഇന്ന് എത്തി നിൽക്കുന്ന അവസ്ഥ ആ പ്രസ്ഥാനത്തിന്റെ കൂടി ദുർബലതയാണ് വരച്ചുകാട്ടുന്നത്.

പ്രജിത്ത് രാജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam