ഭീതിയുടെ ആഗോള സാമ്രാജ്യം: അന്താരാഷ്ട്ര കുറ്റവാളി ഗോൾഡി ബ്രാർ

SEPTEMBER 30, 2026, 12:32 PM

പഞ്ചാബിലെ ഫരീദ്‌കോട്ട് സ്വദേശിയായ സതീന്ദർജിത് സിംഗ് ആണ് ഇന്ന് ലോകം ഭയക്കുന്ന ഗോൾഡി ബ്രാർ എന്ന ക്രിമിനൽ. കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത അനുയായിയാണ് ബ്രാർ. 2022ൽ പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല കൊല്ലപ്പെട്ട സംഭവത്തിലും, 2024ൽ കോൺഗ്രസ് നേതാവ് ബാബാ സിദ്ദിഖി കൊല്ലപ്പെട്ട സംഭവത്തിലും ഉത്തരവാദിത്തം ഏറ്റെടുത്തത് ബിഷ്‌ണോയ്ബ്രാർ സംഘമായിരുന്നു.

അന്താരാഷ്ട്ര അധോലോകത്തെ വിറപ്പിക്കുന്ന ഭീകരതയുടെ കറുത്ത മുഖമാണ് ഗോൾഡി ബ്രാർ എന്ന സതീന്ദർജീത് സിംഗ്. അതിർത്തികൾ ഭേദിക്കുന്ന ക്രിമിനൽ ശൃംഖലകളും ചോരമരവിപ്പിക്കുന്ന കൊലപാതക പരമ്പരകളും വഴി ലോക സുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയായ ഈ കുപ്രസിദ്ധ ഗുണ്ടാതലവനെ എഫ്.ബി.ഐ. തങ്ങളുടെ 'ടോപ്പ് ടെൻ മോസ്റ്റ് വാണ്ടഡ്' പട്ടിണിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇയാളെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് 10 ലക്ഷം ഡോളർ (ഏകദേശം 9.5 കോടിയിലധികം രൂപ) പ്രതിഫലമാണ് അമേരിക്കൻ അന്വേഷണ ഏജൻസി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസും വകവെക്കാതെ ഭീതി വിതയ്ക്കുന്ന ഈ കാനഡ കേന്ദ്രീകൃത കുറ്റവാളി, ആഗോള ലഹരിമരുന്ന് കടത്തിന്റെയും കോർപ്പറേറ്റ് കൊട്ടേഷനുകളുടെയും സൂത്രധാരനാണ്.

vachakam
vachakam
vachakam

ഇന്ത്യൻ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുമായി ചേർന്നുകൊണ്ട് ഇന്ത്യയിലും വിദേശത്തും സമാനതകളില്ലാത്ത ക്രൂരതകളുടെ അധ്യായങ്ങളാണ് ഇയാൾ എഴുതിച്ചേർക്കുന്നത്.
ഇന്ത്യ-കാനഡ നയതന്ത്ര ബന്ധങ്ങളെപ്പോലും ഉലച്ച പ്രശസ്തമായ ഹർദീപ് സിംഗ് നിജ്ജാർ വധക്കേസിൽ മൂന്ന് വർഷത്തെ നിഗൂഢതകൾക്കൊടുവിൽ വലിയൊരു വഴിത്തിരിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഭരണകൂടമാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മുൻപത്തെ ആരോപണങ്ങളെ പൂർണ്ണമായും തകിടം മറിച്ചുകൊണ്ട്, കൊലപാതകത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള ഗോൾഡി ബ്രാറിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നു. ചെറുപ്പക്കാരെ ലഹരി മാഫിയയിലേക്ക് തള്ളിവിട്ടതിനാണ് താൻ നിജ്ജാറിനെ വധിച്ചതെന്ന് ഇയാൾ ഈ സന്ദേശത്തിൽ വ്യക്തമാക്കുന്നു. വെറും ഒരു ഗുണ്ടാപ്പകയ്ക്കപ്പുറം, അന്താരാഷ്ട്ര രാഷ്ട്രീയ സമവാക്യങ്ങളെപ്പോലും മാറ്റിമറിക്കാൻ പോന്ന രീതിയിൽ വളർന്ന ഈ ആഗോള കുറ്റവാളിയുടെ ഇന്നത്തെ അവസ്ഥയും നിയമപോരാട്ടങ്ങളും കോർപ്പറേറ്റ് അധോലോകത്തിന്റെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളാണ് തുറന്നുകാട്ടുന്നത്.

പഞ്ചാബിലെ ഫരീദ്‌കോട്ട് സ്വദേശിയായ സതീന്ദർജിത് സിംഗ് ആണ് ഇന്ന് ലോകം ഭയക്കുന്ന ഗോൾഡി ബ്രാർ എന്ന ക്രിമിനൽ. കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത അനുയായിയാണ് ബ്രാർ. 2022ൽ പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല കൊല്ലപ്പെട്ട സംഭവത്തിലും, 2024ൽ കോൺഗ്രസ് നേതാവ് ബാബാ സിദ്ദിഖി കൊല്ലപ്പെട്ട സംഭവത്തിലും ഉത്തരവാദിത്തം ഏറ്റെടുത്തത് ബിഷ്‌ണോയ് ബ്രാർ സംഘമായിരുന്നു. 2021ൽ യൂത്ത് കോൺഗ്രസ് നേതാവ് ഗുർലാൽ പെഹൽവാൻ കൊല്ലപ്പെട്ടതിലും ഇവർക്ക് പങ്കുണ്ടായിരുന്നു. അകാലിദൾ നേതാവ് വിക്കി മിഡ്ഡുഖേരയുടെ വധത്തിന് പ്രതികാരമായാണ് മൂസേവാലയെ വധിച്ചതെന്ന് ബ്രാർ സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടിരുന്നു.

vachakam
vachakam
vachakam

ഇന്ത്യൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ക്രിമിനൽ റെക്കോർഡുകൾ പ്രകാരം, നിരോധിത ഭീകര സംഘടനയായ ബാബർ ഖൽസ ഇന്റർനാഷണലുമായി (ബികെ ഐ) ഗോൾഡി ബ്രാറിന് കടുത്ത ബന്ധമുണ്ട്. അതിർത്തിക്കപ്പുറമുള്ള ഏജൻസികളുടെ സഹായത്തോടെ അത്യാധുനിക ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഡ്രോണുകൾ വഴി ഇന്ത്യയിലേക്ക് കടത്തുകയും, ക്വട്ടേഷൻ സംഘങ്ങൾക്ക് അവ എത്തിച്ചുനൽകുകയും ചെയ്യുന്ന പ്രധാന കണ്ണിയാണ് ഇയാൾ. 

കൂടാതെ, ദേശീയ നേതാക്കൾക്കെതിരെ ഭീഷണി സന്ദേശങ്ങൾ അയച്ച് പണം തട്ടുന്നതിലും കൊലപാതകങ്ങൾ നടത്തുന്നതിലും ഇയാൾ ഏർപ്പെട്ടിരുന്നു. അത്യാധുനിക ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിച്ച് ലഹരിമരുന്ന് കടത്തും പണപ്പിരിവും നടത്തുന്ന ഈ അധോലോക സംഘത്തെ നേരിടാൻ അന്താരാഷ്ട്ര നിയമനടപടികൾ അത്യന്താപേക്ഷിതമാണ്. ഇന്ത്യൻ തടങ്കൽ നിയമമായ യു.എ.പി.എ പ്രകാരം ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ചിരിക്കുകയാല്ലോ..!

2021ൽ ചണ്ഡീഗഡിൽ വച്ച് ഗോൾഡി ബ്രാറിന്റെ ബന്ധുവും ബിഷ്‌ണോയിയുടെ സഹപ്രവർത്തകനുമായ ഗുർലാൽ ബ്രാർ കൊല്ലപ്പെട്ടു. ഇതിന് പ്രതികാരമായി ഫരീദ്‌കോട്ടിൽ ഗുർലാൽ പഹൽവാനെ കൊലപ്പെടുത്താൻ ബ്രാർ പദ്ധതിയിട്ടു. ഈ കേസിൽ പ്രധാന പ്രതിയായി പോലീസിന്റെ അന്വേഷണ പരിധിയിൽ വന്നതോടെയാണ് ഇയാൾ കാനഡയിലേക്ക് കടന്നത്. കാനഡയിലിരുന്ന് പഞ്ചാബിലെ തന്റെ അധോലോക ശൃംഖലയെ ഇയാൾ നിയന്ത്രിക്കുകയായിരുന്നു. വാടകക്കൊലയാളികളെ ഉപയോഗിച്ച് ഉത്തരേന്ത്യയിൽ ഭീഷണിയും പണം തട്ടലും നടത്തിയിരുന്നു.

vachakam
vachakam
vachakam

സതേൺ കാലിഫോർണിയ ഉൾപ്പെടെ അമേരിക്കയിലുടനീളവും കാനഡയിലും അക്രമ സംഭവങ്ങൾ നടത്തുന്ന ലോറൻസ് ബിഷ്‌ണോയ് ഓർഗനൈസ്ഡ് ക്രൈം ഗ്രൂപ്പിലെ പങ്കാളിത്തത്തിന്റെ പേരിലാണ് ഇയാൾക്കെതിരെ എഫ്.ബി.ഐ കേസ് എടുത്തിരിക്കുന്നത്.
നിലവിൽ ഗോൾഡി ബ്രാർ അമേരിക്കയിൽ ഒളിവിൽ കഴിയുകയാണെന്നാണ് നിഗമനം. ബിഷ്‌ണോയ് സംഘത്തിന്റെ നോർത്ത് അമേരിക്കൻ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇയാളാണെന്ന് എഫ്.ബി.ഐ വ്യക്തമാക്കുന്നു. കൂടാതെ, എഫ്.ബി.ഐയുടെ ഔദ്യോഗിക നോട്ടീസിൽ ബ്രാറിനെ 'ആയുധധാരിയും അത്യന്തം അപകടകാരിയും തടവിൽ നിന്നും രക്ഷപ്പെടാൻ സാധ്യതയുള്ള വ്യക്തിയും' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പോലീസിനും അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾക്കും ഒരുപോലെ തലവേദനയായി ഗോൾഡി ബ്രാറിൻ. സിദ്ധു മൂസേവാല വധക്കേസിൽ പഞ്ചാബ് പോലീസ് തയ്യാറാക്കിയ പ്രധാന എഫ്.ഐ.ആറിൽ ഇയാൾക്കെതിരെ ഭാരതീയ ശിക്ഷാ നിയമത്തിലെ 120ബി, 302, ആയുധ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ഈ കേസിനെത്തുടർന്ന് ഇയാളെ കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര പോലീസ് ഏജൻസിയായ ഇന്റർപോൾ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

2011ൽ ചണ്ഡീഗഡിൽ പഠിക്കുന്ന കാലത്താണ് ഗോൾഡി ബ്രാറും ലോറൻസ് ബിഷ്‌ണോയിയും ആദ്യമായി കണ്ടുമുട്ടുന്നത്. കോളേജ് കാലഘട്ടത്തിൽ അതിവേഗം അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും വൈകാതെ ക്യാമ്പസ് രാഷ്ട്രീയത്തിലേക്കും തുടർന്ന് ക്രിമിനൽ പ്രവർത്തനങ്ങളിലേക്കും ഒന്നിച്ച് തിരിഞ്ഞു. 2015ൽ ലോറൻസ് ബിഷ്‌ണോയിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും, ഇരുവരും തമ്മിലുള്ള ബന്ധത്തിന് യാതൊരു അയവും വന്നില്ല. ജയിലിനുള്ളിലിരുന്ന് ബിഷ്‌ണോയ് നിർദ്ദേശങ്ങൾ നൽകിയപ്പോൾ പുറത്ത് സംഘത്തെ നയിച്ചിരുന്നത് ബ്രാറായിരുന്നു.

ഗോൾഡി ബ്രാർ പൂർണ്ണമായും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ ഇടയാക്കിയത് ഒരു വ്യക്തിപരമായ ദുരന്തമായിരുന്നു. 2020ൽ ഗോൾഡി ബ്രാറിന്റെ സഹോദരതുല്യനായ ബന്ധു ഗുർലാൽ ബ്രാർ എതിർ ചേരിയിലുള്ള ഗുണ്ടാസംഘത്താൽ കൊല്ലപ്പെട്ടു. ഈ കൊലപാതകത്തിന് പകരം വീട്ടാൻ ഉറച്ച ഗോൾഡി ബ്രാർ ബിഷ്‌ണോയ് ക്രിമിനൽ സംഘത്തിൽ പൂർണ്ണമായി സജീവമായി. ബന്ധുവിന്റെ മരണത്തിന് പ്രതികാരമായി ഫരീദ്‌കോട്ടിൽ വച്ച് എതിർ വിഭാഗത്തിലെ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനെ ഇയാൾ വെടിവെച്ചുകൊന്നു. ഈ സംഭവത്തോടെ ബിഷ്‌ണോയ് സംഘത്തോടുള്ള ബ്രാറിന്റെ കൂറും സ്വാധീനവും പൂർണ്ണമായി ഉറപ്പിക്കപ്പെട്ടു.

ബിഷ്‌ണോയ് ജയിലിൽ കിടക്കുമ്പോൾ തന്നെ, 2020കളുടെ തുടക്കത്തിൽ സ്റ്റുഡന്റ് വിസയിൽ ഗോൾഡി ബ്രാർ കാനഡയിലേക്ക് കടന്നു. വിദേശത്തിരുന്നുകൊണ്ട് തന്നെ ഇന്ത്യയിലെയും കാനഡയിലെയും ബിഷ്‌ണോയ് സംഘത്തിന്റെ എല്ലാവിധ ക്രിമിനൽ പ്രവർത്തനങ്ങളും ഇയാൾ നിയന്ത്രിച്ചുപോന്നു. നീണ്ട കാലത്തെ അഗാധമായ സൗഹൃദത്തിനും കൂട്ടുകെട്ടിനും ശേഷം 2025ഓടെ ബിഷ്‌ണോയിയും ബ്രാറും തമ്മിൽ കടുത്ത ഭിന്നതയിലാവുകയും പരസ്പരം പിരിയുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. 

ഒരു കാലത്ത് ഇന്ത്യൻ കോർപ്പറേറ്റ് അധോലോകത്തെ വിറപ്പിച്ചിരുന്ന ലോറൻസ് ബിഷ്‌ണോയ് ഗോൾഡി ബ്രാർ കൂട്ടുകെട്ടിൽ ഇന്ന് വിള്ളലുകൾ വീണിരിക്കുന്നു. 2024ന്റെ അവസാനത്തിൽ ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയെ അമേരിക്കൻ അധികൃതർ കസ്റ്റഡിയിലെടുത്തതാണ് ഈ തർക്കങ്ങൾക്ക് ആധാരം. ജാമ്യത്തുക സംഘടിപ്പിക്കുന്നതിലോ അൻമോളിന് ആവശ്യമായ നിയമസഹായങ്ങൾ ചെയ്തു കൊടുക്കുന്നതിലോ ഗോൾഡി ബ്രാർ കാണിച്ച നിസ്സംഗത ബിഷ്‌ണോയ് സംഘത്തെ വല്ലാതെ ചൊടിപ്പിച്ചു.

തുടർന്ന്, ദുബായിൽ വെച്ച് ഇവരുടെ അടുത്ത കൂട്ടാളിയായ സുഖ്ദീപ് സിംഗ് (സിപ്പ) കൊല്ലപ്പെട്ടതോടെ ഇരുവർക്കുമിടയിലെ ആഭ്യന്തര തർക്കങ്ങൾ അക്രമാസക്തമായ ശത്രുതയായി രൂപാന്തരപ്പെട്ടു. പരസ്പരം വധഭീഷണി മുഴക്കുന്ന ശബ്ദസന്ദേശങ്ങളും രേഖകളും പുറത്തുവന്നതോടെ ഒരേ നാണയത്തിന്റെ ഇരുവശങ്ങളായിരുന്ന ഈ കുറ്റവാളികൾ ഇന്ന് പരസ്യമായി കൊമ്പുകോർക്കുകയാണ്.

സിദ്ധു മൂസേവാലയുടെയും ബാബാ സിദ്ദിഖിയുടെയും കൊലപാതകങ്ങളിലൂടെ രാജ്യാന്തര സുരക്ഷാ ഏജൻസികളെപ്പോലും വെല്ലുവിളിച്ച ഈ ക്രൂര സഖ്യത്തിന്റെ പതനം ബിസിനസ്സ് ക്രിമിനൽ ലോകത്തെ വലിയൊരു പാഠമാണ്. അധികാരത്തിനും പണത്തിനും വേണ്ടി സ്വന്തം കൂട്ടാളികളെപ്പോലും തള്ളിപ്പറയുന്ന അധോലോകത്തിന്റെ സ്വാഭാവികമായ അന്ത്യത്തിലേക്കാണ് ഈ ചേരിതിരിവ് വിരൽ ചൂണ്ടുന്നത്. ചതിയുടെയും ലഹരിയുടെയും ചോരക്കറ പുരണ്ട ഒരു സാമ്രാജ്യം എത്ര ശക്തമായാലും അത് ഉള്ളിൽ നിന്ന് തന്നെ തകർന്നടിയും എന്ന യാഥാർത്ഥ്യമാണ് ഗോൾഡി ബ്രാറിന്റെയും ബിഷ്‌ണോയിയുടെയും ഈ ഒടുവിലത്തെ ശത്രുത അടിവരയിടുന്നത്.

 എമ എൽസ എൽവി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam