തിരുവനന്തപുരം: പത്തുവര്‍ഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് 102 സീറ്റുകളുടെ തിളക്കത്തില്‍ അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ ഭരണരംഗത്ത് ആറുമാസം പൂര്‍ത്തിയാക്കുന്നു. മുഖ്യമന്ത്രിയായി ആര് വരണമെന്നതിനെച്ചൊല്ലി തുടക്കത്തിലുണ്ടായ തര്‍ക്കങ്ങള്‍ വിജയശോഭയ്ക്ക് ചെറിയ തോതില്‍ മങ്ങലേല്‍പ്പിച്ചെങ്കിലും, പുതുയുഗ കേരളം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളോടെ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഭരണത്തിന് ശക്തമായ തുടക്കം കുറിച്ചു. പ്രിയദര്‍ശിനി പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കിയതും, ആശ-അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചതും സര്‍ക്കാരിന്റെ ജനപ്രിയ നീക്കങ്ങളായി.
ക്ഷേമപെന്‍ഷനുകള്‍ മുടങ്ങാതെ നല്‍കുകയും കുടിശ്ശികകള്‍ വിതരണം ചെയ്യുകയും ചെയ്തതിലൂടെ സാധാരണക്കാരുടെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ സര്‍ക്കാരിന് സാധിച്ചു. മിഷന്‍ സമുദ്രയുടെ പ്രഖ്യാപനം, സരള്‍ നിയമം, മാരിടൈം ബോര്‍ഡ് നിയമം, ലഹരിക്കെതിരെയുള്ള തൂഫാന്‍ കാമ്പെയ്ന്‍ തുടങ്ങിയവ സര്‍ക്കാരിന്റെ ആദ്യകാല നേട്ടങ്ങളില്‍ എടുത്തുപറയാവുന്നവയാണ്. എന്നാല്‍, മിന്നുന്ന തുടക്കത്തിന് പിന്നാലെ സര്‍ക്കാരിന് മുന്നില്‍ ഭരണപരവും രാഷ്ട്രീയവുമായ വെല്ലുവിളികളും ഉയര്‍ന്നുതുടങ്ങി. മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദവും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങളിലെ കല്ലുകടികളും തുടക്കത്തില്‍ത്തന്നെ സര്‍ക്കാരിന് തിരിച്ചടിയായി.
പി.എം-ശ്രീ പദ്ധതിയിലെ മലക്കംമറിച്ചിലും വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും കോണ്‍ഗ്രസിനുള്ളിലും യു.ഡി.എഫിലും കടുത്ത പടലപ്പിണക്കങ്ങള്‍ക്ക് തിരികൊളുത്തി. ഇതിനിടയില്‍ ഉണ്ടായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും മന്ത്രിമാര്‍ തമ്മിലുണ്ടായ ഭിന്നസ്വരങ്ങളും പ്രതിപക്ഷത്തിന് ആയുധമായി മാറി. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനമില്ലായ്മയും മുന്നണിയിലെ സീറ്റുവിഭജന തര്‍ക്കങ്ങളും ഭരണപക്ഷത്തിന്റെ തിളക്കം കെടുത്തുന്നതായിരുന്നു.
മുന്നണി കണ്‍വീനര്‍ അടൂര്‍ പ്രകാശ് അടക്കമുള്ളവരുടെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയുടെ കെട്ടുറപ്പില്ലായ്മയെയാണ് വെളിച്ചത്തുകൊണ്ടുവന്നത്. എങ്കിലും, തളര്‍ന്നുവീണ ഇടതുപക്ഷം പ്രതിപക്ഷത്ത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തവിധം ദുര്‍ബലമായിരിക്കുന്നത് യു.ഡി.എഫ് സര്‍ക്കാരിന് ഒരുതരത്തില്‍ രക്ഷയായിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ കിഫ്ബി ധൂര്‍ത്തും പി.എസ്.സി നിയമനത്തട്ടിപ്പുകളും സംബന്ധിച്ച അന്വേഷണങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണവും പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുമ്പോള്‍, ഭരണനേട്ടങ്ങള്‍ക്കൊപ്പം മുന്‍കാല വീഴ്ചകളെ പ്രതിരോധ കവചമാക്കിയാണ് വി.ഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
