തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ ചാല സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നിലെ ചുരുളഴിയുമ്പോള്‍ പുറത്തുവരുന്നത് ബിസിനസ് വളര്‍ച്ചയിലുള്ള കടുത്ത അസൂയയും പകയും ചേര്‍ന്നൊരുക്കിയ വന്‍ ക്വട്ടേഷന്‍ ഗൂഢാലോചന. വൈഷ്ണവി ജൂവലറി ഉടമ നന്ദകുമാറിന്റെ പക്കല്‍നിന്ന് രണ്ട് കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവം ആദ്യഘട്ടത്തില്‍ കവര്ച്ചാനാടകമാണോ എന്ന് പോലീസ് സംശയിച്ചിരുന്നെങ്കിലും, പഴുതടച്ച അന്വേഷണത്തിലൂടെ 48 മണിക്കൂറിനുള്ളില്‍ പ്രതികളെ വലയിലാക്കാന്‍ പോലീസിന് സാധിച്ചു.
ഇരുപത് വര്‍ഷത്തിലേറെയായി ചാലയില്‍ പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്ന വ്യാപാരം നടത്തുന്ന നന്ദകുമാര്‍, മറ്റു വ്യാപാരികളേക്കാള്‍ ഉയര്‍ന്ന വില നല്കി സ്വര്‍ണം വാങ്ങിയിരുന്നത് അദ്ദേഹത്തിന്റെ ബിസിനസ് വളര്‍ച്ചയ്ക്കൊപ്പം ശത്രുക്കളെയും സൃഷ്ടിച്ചു. ഇതിലുള്ള എതിര്‍പ്പ് മറ്റ് വ്യാപാരികള്‍ പ്രകടിപ്പിച്ചിട്ടും നന്ദകുമാര്‍ പിന്മാറാതെ വന്നതോടെയാണ് കവര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. നന്ദകുമാറിന്റെ ബിസിനസ് പങ്കാളിയും മഹാരാഷ്ട്ര സ്വദേശിയുമായ സ്വര്‍ണ ഏജന്റ് അമൂല്‍, ദിലീപ് എന്നിവരാണ് ഗൂഢാലോചനയ്ക്ക് ചുക്കാന്‍ പിടിച്ചത്. സംഭവദിവസം രാവിലെ പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം നന്ദകുമാറിന് വിറ്റ അമൂലിന്, ആ സ്വര്‍ണമടക്കം വലിയൊരു ശേഖരം നന്ദകുമാറിന്റെ കൈവശമുണ്ടെന്ന് കൃത്യമായി അറിയാമായിരുന്നു. തുടര്‍ന്ന് തന്റെ പരിചയക്കാരനായ ശ്രാവണ്‍ വഴി ഷാഡോ അനില്‍, അനൂപ്, വിനോദ് എന്നിവരുടെ സഹായത്തോടെ ക്വട്ടേഷന്‍ നടപ്പാക്കുകയായിരുന്നു. കവര്‍ച്ചയ്ക്ക് രണ്ട് ദിവസം മുന്‍പ് മാളവിക ജൂവലറി ഉടമ ജയറാം തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും നന്ദകുമാര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ജയറാമും പോലീസ് കസ്റ്റഡിയിലാണ്.
കൃത്യം നടന്നയുടന്‍ തന്നെ സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്.ബി. കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ ഫോര്‍ട്ട് എ.സി.പി. കെ. പ്രദീപ്, എസ്.എച്ച്.ഒ. ആര്.എസ്. ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കി. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പ്രതികള്‍ സഞ്ചരിച്ച ഹോണ്ടയുടെ ആഡംബര ബൈക്ക് തിരിച്ചറിഞ്ഞതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. നഗരത്തിലെ മുന്നൂറോളം സമാന ബൈക്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സ്ഥിരം കുറ്റവാളിയായ അനിലിലേക്ക് പോലീസ് എത്തിച്ചേര്‍ന്നു.
ബൈക്ക് പാപ്പനംകോട് ഉപേക്ഷിച്ച് കാറില്‍ നാഗര്‍കോവില്‍ വഴി മധുരയിലേക്കും, തുടര്‍ന്ന് ബെംഗളൂരു വഴി വയനാട്ടിലേക്കും കടന്ന പ്രതികളെ ടോള്‍ പ്ലാസകളിലെ ദൃശ്യങ്ങളും ഫാസ്ടാഗ് വിവരങ്ങളും പിന്തുടര്ന്നാണ് പോലീസ് കുടുക്കിയത്. വയനാട് പോലീസിന്റെ സഹായത്തോടെ വാഹനപരിശോധന നടത്തി അനില്‍, അനൂപ്, വിനോദ് എന്നിവരെ പിടികൂടിയപ്പോള്‍, തലസ്ഥാനത്തുനിന്ന് അമൂലും ദിലീപും പിടിയിലായി. എന്നാല്‍ പരിശോധനയ്ക്കിടെ രക്ഷപ്പെട്ട ശ്രാവണിനായി തിരച്ചില്‍ തുടരുകയാണ്. കവര്‍ച്ച ചെയ്യപ്പെട്ട രണ്ട് കിലോ സ്വര്‍ണത്തില്‍ 448 ഗ്രാം മാത്രമാണ് ഇതുവരെ കണ്ടെടുക്കാനായത്. പിടിയിലായ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ ബാക്കി സ്വര്‍ണത്തെക്കുറിച്ചും ഗൂഢാലോചനയില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
