അതിസങ്കീർണ്ണമായ പ്രശ്‌നങ്ങളാൽ വലഞ്ഞ് യു.ഡി.എഫും കൺവീനറും

MAY 2, 2024, 11:58 AM

യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ പിടിപ്പതുപണികളാണ് ഉമ്മൻചാണ്ടിക്കുണ്ടായിരുന്നത്. ബാലകൃഷ്ണപിള്ളയുടെ വിവാദ രാജിക്ക് പിന്നാലെ 1986 മാർച്ച് 12ന് മന്ത്രി എം.പി ഗംഗാധരനും രാജിവെക്കേണ്ടിവന്നു. അത് രാഷ്ട്രീയകാരണങ്ങളുടെ പേരിൽ ആയിരുന്നില്ല. ഗംഗാധരന്റെ മകളെ പ്രായപൂർത്തിയാകും മുൻപ് വിവാഹം കഴിപ്പിച്ചു എന്ന കാരണത്താലാണ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.

കുന്നംകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നവാബ് രാജേന്ദ്രൻ നൽകിയ കേസിലാണ് മന്ത്രി ഗംഗാധരൻ കുടുങ്ങിയത്. പൈപ്പ് കുഭകോണം വഴി ഒട്ടേറെ പണം തട്ടിച്ചെന്നുള്ള വലിയ ആരോപണമൊക്കെ ഉണ്ടായിട്ടും തെളിവുകളില്ലാത്തതിനാൽ വിലസിനടന്നിരുന്ന് സമൻസ് അയക്കാൻ കോടതി ഉത്തരവിട്ടു.

അതിനെ ചോദ്യം ചെയ്തും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഗംഗാധരന്റെ ഹർജി ഹൈക്കോടതി നിരാകരിച്ചു. യൂത്ത് കോൺഗ്രസും കെ.എസ്.യു.വും രാജി ആവശ്യപ്പെട്ടു ഒടുവിൽ മുഖ്യമന്ത്രി കെ.കരുണാകരന് മന്ത്രി ഗംഗാധരനോട് രാജിവയ്ക്കാൻ പറയേണ്ടിവന്നു.

vachakam
vachakam
vachakam

അങ്ങിനെയിരിക്കെ, മറ്റൊരു പ്രമുഖനായ മന്ത്രിക്കു കൂടി രജിവെയ്‌ക്കേണ്ടി വന്നു. അഴിമതി നിരോധന കമ്മീഷന്റെ പരാമർശത്തിന്റെ പേരിൽ 1986 മെയ് 30ന് മന്ത്രി എൻ. ശ്രീനിവാസനും അങ്ങിനെ രാജി വയ്‌ക്കേണ്ടി വന്നു. ആ കാലയളവിൽ ഭരണകക്ഷിയിലെ ഘടകകക്ഷികൾ തമ്മിലുള്ള ബന്ധം അത്ര സുഖകരമായിട്ടല്ല മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി ജനറൽ സെക്രട്ടറി ജി.കെ.മൂപ്പനാർ കേരളത്തിൽ എത്തിയെങ്കിലും ഒരു തീരുമാനത്തിലെത്താൻ അദ്ദേഹത്തിനും കഴിഞ്ഞില്ല. അതേസമയം കേരളത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് യുക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി കെ. കരുണാകരനെ കോൺഗ്രസ് ഐ പാർലമെന്ററി ബോർഡ് യോഗം ചുമതലപ്പെടുത്തി.

പ്രശ്‌നത്തിന്റെ എല്ലാവശങ്ങളും പഠിച്ച ശേഷം താൻ ഉടനെ ഒരു തീരുമാനം കൈക്കൊള്ളാമെന്ന് കെ.കരുണാകരൻ കേരള ഹൗസിൽ വച്ച് സമ്മതിച്ചു. ഇതിനിടയ്ക്ക് കൂടാൻ നിശ്ചയിച്ചിരുന്ന മന്ത്രിസഭ യോഗം മാറ്റിവെച്ചു. ചില  അനുമാനങ്ങളിൽ എത്തിയ ഘടകകക്ഷികൾ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നു. ഇതിനിടെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് വന്നത് എം.ടി. പത്മ ആയിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥി എന്ന് സി.വി. പത്മരാജൻ പ്രഖ്യാപിക്കുകയും ചെയ്തു. പത്മയുടെ സ്ഥാനാർത്ഥത്തിന് ആർക്കും ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. പത്രിക ഒക്കെ ശരിയാക്കി വച്ചു.

എന്നാൽ, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഹൈക്കമാന്റിന്റെ പ്രഖ്യാപനം വന്നു. ടി.കെ സി. വടുതലയാണ് സ്ഥാനാർത്ഥി. കോൺഗ്രസിലെ ദളിത് വിഭാഗങ്ങൾക്കുള്ള അംഗീകാരം. ആയിരുന്നു തൈപ്പി കണ്ടൻ ചാത്തൻ വടുതല (ടി.കെ.സി. വടുതല) എന്ന എഴുത്തുകാരന്റെ സ്ഥാനാർത്ഥിത്വം.

vachakam
vachakam
vachakam

അക്ഷരാർത്ഥത്തിൽ മന്ത്രിസഭയുടെ പ്രതിച്ഛായ അനുദിനം മങ്ങലേറ്റുകൊണ്ടിരുന്നു. മന്ത്രിസഭയുടെ മുഖച്ഛായയും പ്രതിച്ഛായയും ഒക്കെ മാറ്റുന്നതിന് വേണ്ടി എന്തുചെയ്യണമെന്നുള്ള ആലോചന പല ഭാഗത്തുനിന്നും വന്നു. ഒന്നുകിൽ നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുക. അല്ലെങ്കിൽ മന്ത്രിസഭ പുനസംഘടിപ്പിക്കുക. അതായിരുന്നു കരുണാകരന്റെ ഉദ്ദേശം മുസ്ലിം ലീഗും കേരള കോൺഗ്രസും ഇതിനോട് യോജിച്ചില്ല. അന്ന് ഒറ്റ കേരള കോൺഗ്രസ് മാത്രമാണുള്ളൻഡിന്റെ  മുന്നിൽ എത്തി. 1986 ഫെബ്രുവരി 17ന് ചേർന്ന് പാർലമെന്ററി ബോർഡ് ഇതേക്കുറിച്ച് വ്യക്തമായ ഒരു തീരുമാനമെടുക്കാൻ കെ. കരുണാകരനെ ചുമതലപ്പെടുത്തി. വകുപ്പ് മാറ്റത്തിനും ഇടക്കാല തിരഞ്ഞെടുപ്പിനും കേരള കോൺഗ്രസ് ഇല്ലെന്ന് ചെയർമാൻ പി.ജെ. ജോസഫ് കൊച്ചിയിൽ ചേർന്ന യോഗത്തിൽ തറപ്പിച്ചു പറഞ്ഞു.

ഒടുവിൽ മാർച്ച് 14ന് നിയമസഭാ ചേർന്നു. പ്രതിപക്ഷം ഒരു യുദ്ധത്തിനെന്നവണ്ണം തയ്യാറായാണ് നിയമസഭയിൽ എത്തിയത്. ഭരണകക്ഷികൾക്കിടയിൽ വെല്ലുവിളികളും മുറുമുറുപ്പുകളും ഏറെ. ഗവർണറുകളുടെ നയപ്രഖ്യാപന വേളയിൽ പ്ലക്കാർഡുകളുമായി ഹാജരായ പ്രതിപക്ഷം പ്രതിഷേധ വോക്ഔട്ട് നടത്തി.
മാർച്ച് 21ന് വെള്ളിയാഴ്ച കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചു. മുസ്ലിംലീഗും കേരള കോൺഗ്രസുമായും ലീഗും മുഖ്യമന്ത്രിയും പലവട്ടം ചർച്ച നടന്നു. ഇതിനിടെ ലീഗിന്റെ കടുംപിടുത്തം വകുപ്പുകൾ വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് തയ്യാറാകണമെന്ന് ഏപ്രിൽ 16ന് മുസ്ലീംലീഗ് നേതൃത്വം. അഭിപ്രായപ്പെട്ടതോടെ കാറ്റ് മാറി വീശാൻ തുടങ്ങി.
അപ്പോൾ കേരള കോൺഗ്രസ് മറ്റൊരു അടവെടുത്തു വകുപ്പുകൾ മാറാം പക്ഷേ ആർ. ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയിൽ തിരിച്ചെടുക്കണം. പിന്നെ ചർച്ച അതിലായി ക്ലിഫ്ഹൗസിൽ സന്ധി സംഭാഷണങ്ങൾ അങ്ങനെ പലവട്ടം മന്ത്രിസഭ യോഗം റദ്ദാക്കി. യു.ഡി.എഫ് കൺവീനർ എന്ന നിലയ്ക്ക് ഉമ്മൻചാണ്ടിക്ക് ചർച്ചകൾ നിയന്ത്രിക്കാനും ഘടക കക്ഷികളെ ഏകോപിപ്പിക്കാനും നന്നേ പാടുപെടേണ്ടതായി വന്നു.

ബാലകൃഷ്ണപിള്ളയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കേരളാ കോൺഗ്രസ് ഒറ്റക്കെട്ടായി നിന്ന് ആവശ്യപ്പെട്ടു. രണ്ടാം വരവ് നിയമം നോക്കിയേ തീരുമാനിക്കാനാവൂ എന്നാണ് ലീഡർ കരുണാകരൻ എടുത്ത നിലപാട്. അതിന്റെ നിയമസാധ്യത ഒരു ജഡ്ജിയെക്കൊണ്ട് പരിശോധിക്കണം കടകക്ഷികൾക്ക് കർശനമായ താക്കീതും അദ്ദേഹം നൽകി. സഖ്യകക്ഷികൾ നില മറന്ന് സംസാരിക്കരുതെന്നും കരുത്തുള്ള കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ചുമലിലാണ് ഇരിക്കുന്നതെന്ന് ബോധം വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേരള കോൺഗ്രസ് കടുംപിടുത്തം അവസാനിപ്പിച്ചില്ലെങ്കിൽ തന്റെ സർക്കാർ രാജിക്ക് മുതിരാനും മടിക്കില്ലെന്ന് വ്യക്തമാക്കി കരുണാകരൻ.

vachakam
vachakam
vachakam

മുഖ്യമന്ത്രി എന്തൊക്കെയോ കണക്കുകൾ കൂട്ടിക്കൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്ന് ഉമ്മൻചാണ്ടിക്ക് തോന്നി. അത് അക്ഷരംപ്രതി ശരിയായിരുന്നു. രണ്ടേ രണ്ട് ദിവസം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി കരുണാകരന്റെ യഥാർത്ഥ മനസ്സിലിരിപ്പ് പുറത്തുവന്നു. കെ.എം. മാണി ധനവകുപ്പ് വിടണം പകരം ജലസേചനം കിട്ടും. കോൺഗ്രസ് മന്ത്രിമാരിൽ വലിയ മാറ്റമില്ല, എന്നാൽ ആഭ്യന്തരവകുപ്പ് വയലാർ രവിക്കു തന്നെ വേണം. പകരം കൃഷിവകുപ്പ് നൽകും. ലീഗിന്റെ വകുപ്പുകൾ അവരുടെ കയ്യിൽ ഭദ്രം. കരുണാകരന്റെ ഉള്ളിലിരുപ്പ് മനസ്സിലാക്കിയ ഉമ്മൻചാണ്ടി പറഞ്ഞതു പോലെയാണ് കാര്യങ്ങൾ നടന്നത്. കോൺഗ്രസിന്റെ മന്ത്രിസഭ ഉണ്ടാകുമ്പോൾ രണ്ടു പാർട്ടികളായിരുന്നതുകൊണ്ട് ആഭ്യന്തരം  ആന്റണി ഗ്രൂപ്പിന് നൽകാൻ നിർബന്ധിതനായതാണ്.

ഇരു കോൺഗ്രസ്സുകളും ലയിച്ചു ഒന്നായിരിക്കുമ്പോൾ ആ സാഹചര്യം മാറി. അന്നുതൊട്ടേ കരുണാകരന്റെ ആഗ്രഹമാണ് ആഭ്യന്തരം കൈക്കലാക്കുക എന്നത്. ഉമ്മൻചാണ്ടിയും കൂട്ടരും ഇത് മനസ്സിലാക്കിയെങ്കിലും തൽക്കാലം ശാന്തരായി ഇരിക്കാൻ അവർ  തയ്യാറായി.

മന്ത്രിമാരെ തീരുമാനിക്കേണ്ടതും വകുപ്പ് നൽകേണ്ടതും മുഖ്യമന്ത്രി തന്നെയാണെന്ന് പറഞ്ഞാണ് ശാന്തമായ പിന്മാറ്റം. എന്നാൽ ആഭ്യന്തരവകുപ്പ് വിട്ടുകൊണ്ട് മറ്റൊരു വകുപ്പിലും തുടരാൻ വയലാർ രവി ആഗ്രഹിച്ചിരുന്നില്ല. താൻ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് വയലാർ രവി ആദ്യം ഉമ്മൻചാണ്ടിയെയാണ് അറിയിച്ചത്. അതിന്റെ മുന്നൊരുക്കം എന്നോണം കൂടുതൽ സമയം ഓഫീസിൽ ചെലവഴിച്ച് വയലാർ രവി തന്റെ ഫയലുകൾ എല്ലാം പെട്ടെന്ന് തന്നെ തീർപ്പാക്കി.

മെയ് 16ന് വെള്ളിയാഴ്ച വയലാർ രവി രാജിവച്ചു. തന്നെ ആഭ്യന്തരവകുപ്പിൽ നിന്ന് മാറ്റിയത് മുഖ്യമന്ത്രിക്ക് തന്നിലുള്ള അവിശ്വാസമായി കാണുന്നതുകൊണ്ടാണ് എന്ന് രാജിക്കത്തിൽ അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. വയലാർ രവിയുടെ രാജികൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നതായിരുന്നു ലീഡർ കരുണാകരന്റെ പ്രതികരണം.
പിന്നെ അല്പം പോലും ആലോചിക്കാതെ ഉമ്മൻചാണ്ടിയും യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് ഉമ്മൻചാണ്ടി രാജിക്ക് കാരണമായി കാണിച്ചത്.

വയലാർ രവിയുടെയും ഉമ്മൻചാണ്ടിയുടെയും രാജി പിൻവലിക്കാൻ ഹൈക്കമാന്റിൽ നിന്ന് അതിശക്തമായ സമ്മർദ്ദം ഉണ്ടായി. അഹമ്മദ് പട്ടേലാണ് ആ ദൗത്യം ഏറ്റെടുത്തത്. അദ്ദേഹം ഉമ്മൻചാണ്ടിയെയും രവിയേയും മാറിമാറി ഫോണിലൂടെയും അല്ലാതെയും ഒക്കെ സംസാരിച്ചു. രാജി രാജി തന്നെയാണ് അത് പിൻവലിക്കുന്ന പ്രശ്‌നമില്ല.

ഉമ്മൻചാണ്ടി ശക്തമായി തന്നെ പറഞ്ഞു. മാത്രമല്ല വയലാർ രവിക്ക്  പൂർണ്ണ പിന്തുണ അർപ്പിക്കുകയും ചെയ്തു. ധാർമികമായി വയലാർ രവിയോടൊപ്പം നിൽക്കേണ്ടത് ആവശ്യമാണെന്ന് ഉമ്മൻചാണ്ടിക്ക് അറിയാമായിരുന്നു. ലീഡർ കരുണാകരൻ രാജീവ് ഗാന്ധിയുമായി ചർച്ച നടത്തി. രവിയും ഉമ്മൻചാണ്ടിയും ഡൽഹിയിൽ ചെന്ന് ഹൈക്കമാന്റിന്റെ മുന്നിൽ കാര്യങ്ങൾ വിവരിച്ചു. ആത്മാഭിമാനം കൈവെടിഞ്ഞിട്ട് പിന്നെന്തു നേടാനാണ് എന്ന മനോഭാവമായിരുന്നു രവിക്കും ഉമ്മൻചാണ്ടിക്കും. ഒടുവിൽ മേയ് 24ന് ഇരുവരുടെയും രാജി ഹൈക്കമാൻഡ് സ്വീകരിച്ചു.

ബാലകൃഷ്ണപിള്ളയെ തിരിച്ചെടുക്കണം എന്ന ഉപാധിയോടെയാണ് കെ.എം. മാണി ധനവകുപ്പ് വിട്ടത്. ജസ്റ്റിസ് ജാനകി അമ്മയിൽ നിന്ന് ഒരു ശുപാർശ വാങ്ങി ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയിൽ തിരിച്ചെടുത്തു. അങ്ങനെ മന്ത്രിസഭയിലെ രണ്ട് ഒഴിവുകളിലേക്ക് തച്ചടി പ്രഭാകരനും രമേശ് ചെന്നിത്തലയും എത്തി. തച്ചടിക്ക് ധനകാര്യ വകുപ്പ് ലഭിച്ചു.

രമേശിനെ ലഭിച്ചത് ഗ്രാമവികസനവകുപ്പ്. 1986 ഒക്ടോബറിൽ മറ്റൊരു വലിയ പ്രശ്‌നം ഉരുണ്ടുകൂടി. ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന പോലീസ് അതിക്രമം. സർക്കാരിന്റെ പ്രതിച്ഛായ വല്ലാതെ ഉലച്ചു. തുടർഭരണം നഷ്ടപ്പെടുന്നതിനിടെയാക്കിയ കാരണങ്ങളിൽ ഒന്നായി അത് മാറുകയും ചെയ്തു. തങ്കമണി കട്ടപ്പന റൂട്ടിൽ ഓടുന്ന എലൈറ്റ് എന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഉണ്ടായ സംഘർഷമാണ് പിന്നീട് ആളിക്കത്തിയത്. 21നാണ് ഈ സംഭവം കുട്ടികളെ തല്ലിച്ചതച്ചു എന്ന് ആരോപിച്ച് പിറ്റേന്ന് നാട്ടുകാർ ബസ് പിടിച്ചെടുത്തു. വീണ്ടെടുക്കാൻ ചെന്ന പോലീസുകാരെ നാട്ടുകാർ അടുപ്പിച്ചില്ല. കൂടുതൽ ആളും സഹായവുമായി എത്തിയ പോലീസ് സംഘത്തിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. പോലീസ് വെടിവെച്ചു. ഒരാൾ മരിച്ചു.


രാത്രി കാലങ്ങളിൽ പോലീസ് സംഘം തങ്കമണിയിലെത്തി. വീടു വീടാന്തരം  തെരച്ചിൽ നടത്തി. പുരുഷന്മാരെ പിടികൂടി തല്ലി. സ്ത്രീകളെ മാനഭംഗപ്പെടുത്തിയതായി പരാതി ഉയർന്നു. സംഭവം സംസ്ഥാനത്തെ ആകെ ഇളക്കിമറിച്ചു. തങ്കമണി സംഭവം അക്ഷരാർത്ഥത്തിൽ പ്രതിപക്ഷം അതി സമർത്ഥമായി പ്രയോജനപ്പെടുത്തി. ഉമ്മൻചാണ്ടി പലവട്ടം അവിടെ ചെന്ന് ആളുകളുമായി സംസാരിച്ചു. പോലീസ് അതിക്രമം കാട്ടിയില്ല എന്ന് പറയാൻ   കഴിയുകയില്ല. പക്ഷേ നടന്നത് പതിന്മടങ്ങ് പെരിപ്പിച്ചാണ് അവതരിപ്പിച്ചത്. ഇക്കാര്യത്തിൽ ചിലർക്കുള്ള പങ്ക് ഉമ്മൻചാണ്ടിക്ക് നേരിട്ട് അറിയാമായിരുന്നു.

ജോസ് കുറ്റിയാണ് അന്ന് ഇടുക്കി മണ്ഡലത്തിൽ എം.എൽ.എ. അടുത്ത തെരഞ്ഞെടുപ്പിൽ കുറ്റിയാനിക്ക് സീറ്റ് കിട്ടാതിരിക്കാൻ സംഭവം കാരണമായി. റോസമ്മ ചാക്കോ ആയിരുന്നു സ്ഥാനാർത്ഥി. റോസമ്മ ചാക്കോ ജയിക്കുകയും ചെയ്തു. സംഭവം നടന്ന മണ്ഡലത്തിൽ പ്രതിഫലനം കാര്യമായി ഉണ്ടാക്കിയില്ലെങ്കിലും സംസ്ഥാനത്തൊട്ടാകെ അത് കാര്യമായി ബാധിച്ചു.

(തുടരും)

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam