ചെന്നൈ: മധുരയിലെ പ്രമുഖ ജ്വല്ലറി ഷോറൂമില്‍ നടന്ന വന്‍ സ്വര്‍ണ-വജ്ര കവര്‍ച്ചാക്കേസിലെ മുഖ്യപ്രതി നിഷാന്തിനായി തമിഴ്നാട് പൊലീസ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ 12-ന് പുലര്‍ച്ചെ കവര്‍ച്ച നടത്തിയ ശേഷം നിഷാന്ത് ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ മൂന്നാറിലും പരിസരപ്രദേശങ്ങളിലും വിനോദയാത്ര നടത്തിയതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതാണ് അന്വേഷണം കേരളത്തിലേക്ക് നീളാന്‍ കാരണം. കേസില്‍ നിഷാന്തിന്റെ സുഹൃത്തും സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സറുമായ മീനാക്ഷി നാച്ചിയാര്‍, നിഷാന്തിന്റെ പിതാവും ഓട്ടോ ഡ്രൈവറുമായ സുരേഷ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ആഡംബര ജീവിതത്തോടുള്ള ഭ്രമമാണ് നിഷാന്തിനെ കവര്‍ച്ചയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍, കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം മീനാക്ഷിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ഒക്ടോബറില്‍, തനിക്ക് ലഭിച്ച യൂട്യൂബ് വരുമാനം ഉപയോഗിച്ച് പുതിയ വീട് നിര്‍മ്മിക്കുകയാണെന്ന് മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. വീടുപണി പൂര്‍ത്തിയാക്കാന്‍ പണം തികയാതെ വന്നതാണോ കവര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ചോദ്യം ചെയ്യലില്‍ നിഷാന്തിനെ തള്ളിപ്പറയുന്ന നിലപാടാണ് മീനാക്ഷി സ്വീകരിച്ചത്. കൗതുകകരമായ വസ്തുത, അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മീനാക്ഷിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ വര്‍ധിച്ചു എന്നതാണ്.
മധുര ബൈപാസിലുള്ള തനിഷ്‌ക് ഷോറൂമില്‍ നിന്നാണ് കിലോക്കണക്കിന് സ്വര്‍ണവും വജ്രാഭരണങ്ങളും കവര്‍ന്നത്. മോഷണം പോയ സ്വര്‍ണത്തിന്റെ കൃത്യമായ അളവ് പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും തൊണ്ടിമുതലുകള്‍ പിന്നീട് കണ്ടെടുത്തിരുന്നു. വന്‍ കവര്‍ച്ചാ സംഘമാണ് പിന്നിലെന്നാണ് പൊലീസ് ആദ്യം കരുതിയത്. ദീപാവലി വിപണി ലക്ഷ്യമിട്ട് നിര്‍മ്മാണം പൂര്‍ത്തിയാകും മുന്‍പേ ഷോറൂം തുറന്നിരുന്നതിനാല്‍ കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ പലകത്തട്ട് നീക്കം ചെയ്തിരുന്നില്ല. ഇതിലൂടെ കടന്ന നിഷാന്ത്, പ്രവര്‍ത്തനം തുടങ്ങാത്ത ലിഫ്റ്റിന്റെ ഭാഗത്തെ ഭിത്തി തകര്‍ത്ത് ഇഴഞ്ഞിറങ്ങിയാണ് ഷോറൂമിനുള്ളില്‍ പ്രവേശിച്ചത്.
കുടുക്കിയത് തൊപ്പിയും എഐ സാങ്കേതികവിദ്യയും
മോഷണത്തിന് മുന്‍പ് നിഷാന്ത് രണ്ടുതവണ ജ്വല്ലറിയിലെത്തി സാഹചര്യങ്ങള്‍ നിരീക്ഷിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. കവര്‍ച്ചാ സമയത്ത് പ്രതി ധരിച്ചിരുന്ന തൊപ്പിയാണ് ഇതിലേക്ക് വിരല്‍ ചൂണ്ടിയത്. അവ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ വ്യക്തത വരുത്തിയാണ് പൊലീസ് പ്രതിയുടെ ചിത്രം തയ്യാറാക്കിയത്. കവര്‍ച്ചയ്ക്ക് ശേഷം നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ രക്ഷപ്പെട്ട നിഷാന്തിന്റെ സഞ്ചാരപഥം സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം മീനാക്ഷിയിലേക്ക് എത്തിയതും കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
