ശ്രീനഗർ: ഡ്യൂട്ടിക്കിടെ കാണാതായ ജമ്മു കശ്മീർ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തി. രഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കിഷ്ത്വാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാളുടെ തലയിലും മറ്റൊരാളുടെ മുതുകിലും വെടിയേറ്റു.
ധേർണ പോസ്റ്റിലേക്ക് പോകുന്നതിനിടെ, ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ബുധനാഴ്ച ഡച്ചാൻ-മർവ മേഖലയിലി നിന്നാണ് ഇവരെ കാണാതാകുന്നത്.
സൈന്യത്തോടൊപ്പം പട്രോളിംഗ് നടത്തിയിരുന്ന ഇവർ ധേർണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടയിലാണ് കാണാതായത്. സംഭവദിവസം പകൽ സമയത്ത് പ്രദേശത്ത് വെടിവെയ്പ് ശബ്‍ദം കേട്ടിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തുടക്കത്തിൽ ഇവരുടെ മൊബൈൽ ഫോണുകൾ റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാകുകയായിരുന്നു. ഇരുവരെയും കണ്ടെത്താൻ പൊലീസും സുരക്ഷാ സേനയും സംയുക്തമായി തെരച്ചിൽ തുടരുന്നതിനിടെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം ഭീകരർ ആയുധങ്ങൾ തട്ടിയെടുത്തെന്നാണ് പൊലീസ് കരുതുന്നത്. ഭീകരരെ കണ്ടെത്താൻ സൈന്യവും പൊലീസും തിരച്ചിൽ ആരംഭിച്ചു. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഇന്നലെ സിആർപിഎഫ് ചെക്‌പോസ്റ്റിനു നേരെ നടന്ന ഭീകരാക്രമണത്തിൽ 3 സൈനികർക്കു പരുക്കേറ്റിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. 2 ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നും സംഭവത്തിനു ശേഷം അവർ കാട്ടിനുള്ളിൽ മറഞ്ഞുവെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഒക്ടോബർ 16-ന് കിഷ്ത്വാറിലെ വാനിപോര ട്രിഗാമിലെ വീടിന് സമീപം മറ്റൊരു എസ്‌പിഒയായ 55 കാരൻ ബഷീർ അഹമ്മദിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെദിൽ പോലീസ് പോസ്റ്റിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം സർവീസ് റൈഫിളുമായി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാണാതായത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ ഭൂമി തർക്കത്തെ തുടർന്ന് ബന്ധുക്കൾ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
