ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ തുറന്ന കോടതിയില്‍ വ്യക്തിപരമായ അധിക്ഷേപം നടത്തിയ അഭിഭാഷകനെ കോടതിമുറിയില്‍ നിന്ന് പുറത്താക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെ, നിശ്ചിത നടപടിക്രമങ്ങളൊന്നും പാലിക്കാതെ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യവുമായി ബെഞ്ചിന് മുന്നിലെത്തിയ അഭിഭാഷകനാണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. നവംബര്‍ രണ്ടിന് ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ സമര്‍പ്പിച്ച തന്റെ കേസ് ഫയലില്‍ പതിനഞ്ച് ദിവസമായിട്ടും മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇയാളുടെ പ്രകോപനം.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന് മുന്നിലായിരുന്നു സംഭവം. രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകനോട് ഇത്തരത്തില്‍ കാര്യങ്ങള്‍ ഉന്നയിക്കാനാവില്ലെന്ന് ജസ്റ്റിസ് വി. മോഹന വ്യക്തമാക്കി. തുടര്‍ന്ന് അല്പം കാത്തിരിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചെങ്കിലും അഭിഭാഷകന്‍ അതിന് തയ്യാറായില്ല. കാത്തിരിക്കാനാവില്ലെന്നും, സത്യസന്ധതയില്ലാത്തതിനാല്‍ ചീഫ് ജസ്റ്റിസിന് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്നും ഇയാള്‍ വിളിച്ചുപറയുകയായിരുന്നു. ബെഞ്ചിലെ മറ്റ് ജഡ്ജിമാരോട് ബഹുമാനമുണ്ടെന്നും എന്നാല്‍ ചീഫ് ജസ്റ്റിസ് പദവി ഒഴിയണമെന്നും അഭിഭാഷകന്‍ ആക്രോശിച്ചു.
അഭിഭാഷകന്റെ പെരുമാറ്റം അതിരുവിട്ടതോടെ കോടതി നടപടികളുടെ തത്സമയ ഓഡിയോ-വീഡിയോ സംപ്രേഷണം അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും ഇയാളെ കോടതിമുറിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഇതേ അഭിഭാഷകന്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നതായും, ഇതിന്മേല്‍ കോടതിയലക്ഷ്യ നടപടികള്‍ നിലനില്‍ക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കി.
കോടതിയുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ പെരുമാറിയ അഭിഭാഷകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടതിമുറിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകരും ബെഞ്ചിനോട് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
