ചെങ്കടല്‍ തീരത്ത് വന്‍ പോരാട്ടം: ഹൂതി മുന്നേറ്റത്തില്‍ വിറച്ച് യമന്‍; സൗദിക്ക് നേരെയും മിസൈല്‍ ആക്രമണം

SEPTEMBER 13, 2026, 2:36 PM

ഏദന്‍: ചെങ്കടല്‍ തീരപ്രദേശങ്ങളില്‍ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതരും യമന്‍ സര്‍ക്കാരിന്റെ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. മുന്‍നിര പോരാട്ട കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കിയ ഹൂതികള്‍, യമന്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന അയല്‍രാജ്യമായ സൗദി അറേബ്യയ്ക്ക് നേരെയും റോക്കറ്റ്-ഡ്രോണ്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് തെക്കന്‍ സൗദിയിലെ പ്രമുഖ നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങി.

തന്ത്രപ്രധാനമായ ബാബ് എല്‍-മന്ദബ് കടലിടുക്കിലെ ദ്വീപും ചരിത്രപ്രസിദ്ധമായ മോഖ തുറമുഖ നഗരവും കൈവിട്ടുപോയത് യമന്‍ സൈന്യത്തിന് വന്‍ തിരിച്ചടിയായിട്ടുണ്ട്. തിരിച്ചടി വേദനാജനകമാണെന്ന് പരസ്യമായി സമ്മതിച്ച ഭരണകക്ഷി പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍, ചെങ്കടല്‍ തീരം തിരികെപ്പിടിക്കാന്‍ വന്‍ സൈനിക നിരയെ വീണ്ടും യുദ്ധക്കളത്തിലേക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തില്‍ സൂയസ് കനാല കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട പാത ഹൂതികളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാകുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. പോരാട്ടം രൂക്ഷമായതോടെ വന്‍ മാനുഷിക ദുരന്തമാണ് പ്രദേശത്ത് രൂപപ്പെടുന്നത്. സെപ്റ്റംബര്‍ തുടക്കം മുതല്‍ ഇതുവരെ എണ്‍പതിനായിരത്തിലധികം ആളുകള്‍ സ്വന്തം വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോയതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. അര്‍ദ്ധരാത്രിയില്‍ വീടുകള്‍ക്ക് മുകളില്‍ ബോംബുകളും മോര്‍ട്ടാര്‍ ഷെല്ലുകളും പതിക്കുമ്പോള്‍ ഉടുത്ത വസ്ത്രത്തോടെ ജീവനും കൊണ്ട് ഓടേണ്ടി വന്ന അനുഭവമാണ് അഭയാര്‍ത്ഥികള്‍ പങ്കുവെക്കുന്നത്. തെരുവുകളില്‍ കത്തിയമരുന്ന വാഹനങ്ങളും ചിന്നിച്ചിതറിയ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളും നിറഞ്ഞ ഭീതിദമായ അന്തരീക്ഷമാണ് യുദ്ധഭൂമിയിലുള്ളത്.

നാഷണല്‍ റെസിസ്റ്റന്‍സ് സേന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാല് ആഴ്ചകള്‍ക്കിടയില്‍ 500-ലധികം സര്‍ക്കാര്‍ അനുകൂല പോരാളികളും ആയിരത്തോളം ഹൂതി വിമതരും കൊല്ലപ്പെട്ടിട്ടുണ്ട്. 1,500-ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒന്നര ലക്ഷത്തോളം മനുഷ്യരുടെ ജീവനെടുക്കുകയും രാജ്യത്തെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയും ചെയ്ത പഴയ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരതയിലേക്ക് രാജ്യം വീണ്ടും കൂപ്പുകുത്തുമോ എന്ന ഭീതിയിലാണ് നാല് കോടിയോളം വരുന്ന യമന്‍ ജനത.

ഹൂതികളുടെ ഇപ്പോഴത്തെ മുന്നേറ്റം അന്താരാഷ്ട്ര തലത്തിലും വന്‍ നയതന്ത്ര ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബാബ് എല്‍-മന്ദബ് കടലിടുക്കിന് തൊട്ടടുത്തുള്ള ജിബൂട്ടിയിലെ യു.എസ് സൈനിക താവളത്തില്‍ നിന്ന് വെറും 32 കിലോമീറ്റര്‍ മാത്രം അകലെയാണ് നിലവില്‍ ഹൂതി സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. അമേരിക്കയ്ക്ക് പുറമെ ചൈന, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ ലോകശക്തികളുടെ സൈനിക താവളങ്ങളും ഈ ചെറിയ ആഫ്രിക്കന്‍ രാജ്യത്തുണ്ട്. കടല്‍മാര്‍ഗ്ഗം അപകടകരമായ രീതിയില്‍ ജിബൂട്ടിയിലേക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കിന് യമനി അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ അവിടുത്തെ കോസ്റ്റ് ഗാര്‍ഡും സന്നദ്ധ സംഘടനകളും അഹോരാത്രം പരിശ്രമിക്കുകയാണ്.

അതേസമയം സൗദി അറേബ്യയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങളെയും വാണിജ്യ കപ്പലുകളെയും ലക്ഷ്യമിട്ടുള്ള ഉപരോധം ശക്തിപ്പെടുത്തുമെന്നാണ് ഹൂതികളുടെ ഭീഷണി. ആക്രമണം കനക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുതിച്ചുയര്‍ന്നു. ക്യാമ്പുകളില്‍ ആഹാരവും മരുന്നും വസ്ത്രവുമില്ലാതെ കഴിയുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തര അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ട് യു.എന്‍ രംഗത്തെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam