ടൊറന്റോ: അമേരിക്കയുമായി പരസ്പര പ്രയോജനകരമായ ഒരു വ്യാപാര കരാറിന് കാനഡ ഇപ്പോഴും സന്നദ്ധമാണ്. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിന് തയ്യാറായില്ലെങ്കില്‍ അമേരിക്കയെ മാത്രം ആശ്രയിക്കുന്ന നിലപാട് പൂര്‍ണ്ണമായി ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളുമായി വ്യാപാര ബന്ധം വ്യാപിപ്പിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ചൈനയില്‍ വെച്ചു നടന്ന ഡീല്‍ബുക്ക് ഉച്ചകോടിയെ വെര്‍ച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂറോപ്പിലേക്കും ഏഷ്യയിലേക്കും നടത്തിയ ഒമ്പത് ദിവസത്തെ വ്യാപാര പര്യടനത്തിന് ശേഷമാണ് കാര്‍ണിയുടെ ഈ നിര്‍ണായക പ്രതികരണം. അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തില്‍ ഇപ്പോഴും നിരവധി തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും, ഔദ്യോഗികമായി ഒരു കരാറില്‍ ഒപ്പുവെക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡയുടെ ഓട്ടോമൊബൈല്‍, സ്റ്റീല്‍, അലുമിനിയം, സോഫ്റ്റ്വുഡ് തടി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത സെക്ഷന്‍ 232 തീരുവകളും, കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള അന്‍പത് ശതമാനം നികുതിയും പിന്‍വലിക്കണമെന്നാണ് കാനഡയുടെ പ്രധാന ആവശ്യം. ഈ തീരുവകള്‍ കാനഡയിലെ നിരവധി വ്യവസായങ്ങളെയും തൊഴില്‍ മേഖലകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച നേരിട്ടുള്ളതാണെങ്കിലും വ്യാപാര രംഗത്ത് വലിയ വഴിതിരിവുകള്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അമേരിക്കയുമായുള്ള കരാര്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കെത്തന്നെ, ചൈനയുമായുള്ള ചര്‍ച്ചകള്‍ വളരെ വിജയകരമായി മുന്നോട്ടുപോകുന്നുണ്ടെന്ന് കാര്‍ണി അറിയിച്ചു. കുറഞ്ഞ തീരുവയില്‍ നിശ്ചിത എണ്ണം ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ കാനഡയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്നതിന് പകരമായി, കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനീസ് വിപണിയില്‍ മികച്ച പ്രവേശനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഫിലിപ്പീന്‍സുമായും പതിനൊന്ന് രാജ്യങ്ങളടങ്ങുന്ന ആസിയാന്‍ കൂട്ടായ്മയുമായും ഒരൊറ്റ ദിവസം കൊണ്ട് രണ്ട് സുപ്രധാന സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് കാനഡ രൂപം നല്‍കിയിട്ടുണ്ട്. ആറ് ട്രില്യണ്‍ ഡോളറിലധികം വിപണി മൂല്യമുള്ള ഈ കരാറുകള്‍ കാനഡയുടെ വ്യാപാര വൈവിധ്യവല്‍ക്കരണത്തിന് വലിയ കരുത്ത് പകരും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇന്ത്യയുമായും സമാനമായൊരു വ്യാപാര കരാറില്‍ ഒപ്പിടാന്‍ സാധിക്കുമെന്നാണ് കാനഡയുടെ പ്രതീക്ഷ. നിലവില്‍ ലോകത്തിലെ രണ്ട് ബില്യണ്‍ ജനങ്ങള്‍ ഉള്‍പ്പെടുന്ന വിപണികളിലേക്ക് കാനഡയ്ക്ക് സ്വതന്ത്ര വ്യാപാര പ്രവേശനമുണ്ടെന്നും, പുതിയ കരാറുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇത് മൂന്ന് ബില്യണ്‍ ജനങ്ങളിലേക്ക് ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടണമെങ്കില്‍ കാനഡയുടെ പ്രധാന സാമ്പത്തിക മേഖലകളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നയപരമായ നടപടികള്‍ യുഎസ് ഭരണകൂടം തിരുത്തണമെന്ന് കാര്‍ണി ആവശ്യപ്പെട്ടു. വെറും വാഗ്ദ്ധാനങ്ങള്‍ക്കപ്പുറം പ്രായോഗികമായ നയപരമായ മാറ്റങ്ങളാണ് ഉണ്ടാകേണ്ടത്. ഭാവിയില്‍ ഏതെങ്കിലും ഒരു വന്‍ശക്തിയുടെ മാത്രം സാമ്പത്തിക സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന പഴയ രീതികളിലേക്ക് കാനഡ തിരികെ പോകില്ലെന്നും, രാജ്യത്തിന്റെ ദീര്‍ഘകാല പരമാധികാരവും സുസ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ കൈയിലാണ് എല്ലാ തുറുപ്പുചീട്ടുകളുമുള്ളതെന്ന ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞ കാര്‍ണി, ലോകത്തിലെ മിക്ക രാജ്യങ്ങളും കാനഡയുമായി വ്യാപാരം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ അമേരിക്കയ്ക്ക് പുറത്തുള്ള വ്യാപാരം ഇരട്ടിയാക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, അമേരിക്കയുമായി ശക്തമായ ഭിന്നത നിലനില്‍ക്കെ ചൈനയുമായി അടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തിനകത്ത് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വലിയ സ്വാധീനമുള്ള അമേരിക്കയുമായി അനാവശ്യമായ തര്‍ക്കങ്ങള്‍ക്ക് മുതിരുന്നത് കനേഡിയന്‍ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
