കാനഡയില്‍ പുതിയ കോണ്ടോ വില്‍പ്പനയില്‍ 52% വര്‍ധനവ്; മുന്നില്‍ വന്‍കിട നിക്ഷേപകര്‍

JULY 20, 2026, 8:11 PM

ടൊറന്റോ: കാനഡയിലെ ടൊറന്റോ മേഖലയിലെ തളര്‍ന്നുപോയ പുതിയ കോണ്ടോമിനിയം വിപണിക്ക് വന്‍കിട നിക്ഷേപകരുടെ ഇടപെടല്‍ പുതിയ ആശ്വാസമാകുന്നു. സര്‍ക്കാരിന്റെ താല്‍ക്കാലിക എച്ച്.എസ്.ടി നികുതി ഇളവും ഡെവലപ്പര്‍മാര്‍ നല്‍കിയ വന്‍ വിലക്കിഴിവും പ്രയോജനപ്പെടുത്തി വന്‍കിട നിക്ഷേപകര്‍ കൂട്ടത്തോടെ ഫ്‌ലാറ്റുകള്‍ വാങ്ങി കൂട്ടിയതോടെ രണ്ടാം പാദത്തില്‍ കോണ്ടോ വില്‍പ്പനയില്‍ 52 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.

പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗവേഷണ സ്ഥാപനമായ അര്‍ബനേഷന്‍ Inc. പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ ടൊറന്റോ-ഹാമില്‍ട്ടണ്‍ മേഖലയില്‍ 702 പുതിയ കോണ്ടോകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 463 മാത്രമായിരുന്നു. വില്‍പ്പനയില്‍ ഉണര്‍വുണ്ടായെങ്കിലും, കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ കച്ചവടം 86 ശതമാനം താഴെയാണെന്നത് വിപണി നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

ഒന്റാറിയോ സര്‍ക്കാരും ഫെഡറല്‍ സര്‍ക്കാരും ചേര്‍ന്ന് പ്രഖ്യാപിച്ച എച്ച്.എസ്.ടി റീബേറ്റ് പദ്ധതിയാണ് വിപണിയില്‍ ചലനമുണ്ടാക്കാന്‍ പ്രധാന കാരണം. വിറ്റഴിക്കപ്പെടാതെ കിടക്കുന്ന ആയിരക്കണക്കിന് പുതിയ വീടുകള്‍ വിറ്റഴിക്കാന്‍ സഹായിക്കുന്നതിനായി പ്രഖ്യാപിച്ച ഈ പദ്ധതി വഴി 15 ലക്ഷം ഡോളര്‍ വരെ വിലയുള്ള പുതിയ വീടുകള്‍ക്ക് പരമാവധി 1.3 ലക്ഷം ഡോളര്‍ വരെ നികുതി ഇളവ് ലഭിക്കും. കഴിഞ്ഞ പാദത്തില്‍ നടന്ന മൊത്തം വില്‍പ്പനയില്‍ 204 ഫ്‌ലാറ്റുകളും വെറും ഏഴ് വന്‍കിട നിക്ഷേപക ഗ്രൂപ്പുകളാണ് സ്വന്തമാക്കിയത്. തളര്‍ച്ചയിലായ റിയല്‍ എസ്റ്റേറ്റ് വിപണിയെ അവസരമാക്കി മാറ്റി വന്‍ വിലക്കിഴിവില്‍ ഫ്‌ലാറ്റുകള്‍ കൂട്ടത്തോടെ വാങ്ങുകയാണ് ഇവര്‍ ചെയ്തത്.

നികുതി ഇളവ് പ്രയോജനപ്പെടുത്തുന്നതിനായി ഈ യൂണിറ്റുകള്‍ നിശ്ചിത കാലയളവിലേക്ക് വാടകയ്ക്ക് നല്‍കണമെന്ന നിബന്ധനയുണ്ട്. അതിനാല്‍ വിപണി പഴയപടി സജീവമാകുന്നത് വരെ ഇവ വാടകയ്ക്ക് നല്‍കാനാണ് വന്‍കിട നിക്ഷേപകരുടെ തീരുമാനം. സാധാരണ ചതുരശ്ര അടിക്ക് 1,186 ഡോളര്‍ (ഏകദേശം 500 ചതുരശ്ര അടിക്ക് 5.93 ലക്ഷം ഡോളര്‍) ചോദിച്ചിരുന്ന പുതിയ ഫ്‌ലാറ്റുകള്‍, ഇത്തരം ബള്‍ക്ക് പര്‍ച്ചേസുകളിലൂടെ ചതുരശ്ര അടിക്ക് 773 ഡോളര്‍ എന്ന ചുരുങ്ങിയ നിരക്കിലാണ് നിക്ഷേപകര്‍ കൈക്കലാക്കിയത്. ചെറുതും വലുതുമായ സാധാരണ വാങ്ങലുകാര്‍ക്ക് പോലും ചതുരശ്ര അടിക്ക് ശരാശരി 1,008 ഡോളര്‍ നിരക്കില്‍ ഡെവലപ്പര്‍മാര്‍ കിഴിവ് നല്‍കി.

നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും വിറ്റഴിക്കപ്പെടാതെ കിടക്കുന്ന പുതിയ കോണ്ടോകളുടെ എണ്ണം 5,001 ആയി ഉയര്‍ന്നതായി അര്‍ബനേഷന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 68 ശതമാനം വര്‍ധനവാണിത്. നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടങ്ങളിലാണ് ഭൂരിഭാഗം വില്‍പ്പനയും നടന്നതെന്നിരിക്കെ, നിര്‍മ്മാണം ആരംഭിക്കാനിരിക്കുന്ന പ്ലാനുകളില്‍ നിന്ന് വെറും 50 ഫ്‌ലാറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. പ്രൊജക്റ്റുകളുടെ 70 ശതമാനം ഫ്‌ലാറ്റുകളെങ്കിലും വിറ്റഴിഞ്ഞാല്‍ മാത്രമേ ബാങ്കുകള്‍ നിര്‍മ്മാണ വായ്പ അനുവദിക്കൂ എന്നതിനാല്‍, വരും വര്‍ഷങ്ങളില്‍ മേഖലയില്‍ പുതിയ വീടുകളുടെ കടുത്തക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam