വർഗീയാധിഷ്ഠിതമായ മതരാഷ്ട്രത്തിനുവേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘിനും വർഗരഹിതമായ സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥിതിക്കുവേണ്ടി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്കും ഇന്ത്യയിൽ നൂറ്റാണ്ടു പിന്നിട്ട പ്രവർത്തനത്തിന്റെ കാലദൈർഘ്യമായി. സമകാലികമായിത്തന്നെ ഗാന്ധിയുടെ ദേശീയരാഷ്ട്രിയപ്രവേശവുമുണ്ടായി. ഗാന്ധി വിഭാവന ചെയ്ത രാഷ്ട്രീയസ്വാതന്ത്രവും ആർ.എസ്.എസ് ലക്ഷ്യംവച്ച അധികാരപ്രാപ്തിയും ഇതിനകം സാധ്യമായെങ്കിലും മാർക്‌സിസത്തിൽ അധിഷ്ഠിതമായ വിപ്‌ളവത്തിന്റെ ദുന്ദുഭി വിദൂര ചക്രവാളങ്ങളിൽ ഇടയ്ക്കിടെ ഉയരുന്ന മുഴക്കങ്ങളിൽ പരിമിതപ്പെട്ടിരിക്കുന്നു.
പാർലമെന്ററി ജനാധിപത്യം സ്വീകരിച്ച റിപ്പബ്‌ളിക്കായി ഇന്ത്യ പരിണമിച്ചതിനുശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ഔദ്യോഗിക പ്രതിപക്ഷമാകാൻ കഴിഞ്ഞില്ലെങ്കിലും പ്രധാനപ്രതിപക്ഷം എ.കെ. ഗോപാലൻ നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. അന്നത്തെ മുപ്പത്തിമൂന്നിൽനിന്ന് 2004ലെ അറുപത്തിനാലിലേക്ക് ഇടതുപക്ഷം പൂർത്തിയാക്കിയത് കൃത്യമായ ഒരു വൃത്തം തന്നെയായിരുന്നു.
അതിനിടയൽ 1996ൽ പ്രധാനമന്ത്രിയാകുന്നതിനുള്ള ക്ഷണം സ്വീകരിക്കാൻ ജ്യോതി ബസുവിനെ അനുവദിക്കാതിരിക്കുന്നതിനുള്ള മൗഢ്യവും സി.പി.ഐ.എം പ്രകടിപ്പിച്ചു. ഐ.കെ. ഗുജ്‌റാലിന്റെ മന്ത്രിസഭയിലെ സി.പി.ഐ സാന്നിധ്യവും യു.പി.എ ഭരണകാലത്ത് സ്പീക്കർ എന്ന നിലയിൽ സോമനാഥ ചാറ്റർജിക്കുണ്ടായ ആരോഹണവും മാത്രമാണ് കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്കപ്പുറത്തേക്ക് കമ്യൂണിസ്റ്റ് പാർട്ടികളെ പരിചയപ്പെടുത്തുന്നതിനുണ്ടായ പരിമിതമായ ശ്രമങ്ങൾ. ചാറ്റർജി സ്പീക്കറായിരിക്കേ സ്പീക്കറുടെ പാർട്ടിയാണോ എന്ന ചോദ്യം പാർലമെന്റ് മന്ദിരത്തിൽ ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്.
ചെങ്കൊടി അപകടത്തിന്റെ മുന്നറിയിപ്പല്ല, പ്രതീക്ഷാനിർദരമായ വിപ്‌ളവത്തിന്റെ അടയാളമാണെന്ന തിരിച്ചറിവ് ജനകോടികൾക്ക് ഉണ്ടാക്കിക്കൊടുക്കുന്നതിനുള്ള സുവർണാവസരമാണ് ആവർത്തിക്കപ്പെട്ട ഹിമാലയൻ അബദ്ധങ്ങളിലൂടെ പാർട്ടി നഷ്ടപ്പെടുത്തിയത്.
അനുകൂലമായ സാമൂഹികസാമ്പത്തിക സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും ഇന്ത്യ എന്തുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിക്ക് ബാലികേറാമലയായി എന്ന ചോദ്യം പ്രസക്തമാണ്. വിപ്‌ളവത്തിന്റെ വിത്തിറക്കലിനും വിളവെടുപ്പിനും അവസ്ഥ അനുകൂലമായിരുന്നിട്ടും ലോകത്താകെ അഞ്ച് കമ്യൂണിസ്റ്റ് രാജ്യങ്ങൾ മാത്രമാണ് നിലവിലുള്ളത്. ചൈന, വിയറ്റ്‌നാം, ക്യൂബ, ലാവോസ്, ഉത്തര കൊറിയ എന്നിവയാണ് ആ അഞ്ചു രാജ്യങ്ങൾ. ഇരുപതാം നൂറ്റാണ്ടിൽ വികസിച്ച് പുഷ്‌കലമായി ഭൂഗോളത്തിന്റെ മൂന്നിലൊന്ന് ഭാഗത്ത് അധികാരത്തിലെത്തിയ പ്രത്യയശാസ്ത്രമായിരുന്നു കമ്യൂണിസം. യു.എൻ രക്ഷാസമിതിയിലെ വീറ്റോ അധികാരമുള്ള അഞ്ച് സ്ഥിരാംഗങ്ങളിൽ രണ്ട് കമ്യൂണിസ്റ്റ് രാജ്യങ്ങളായി രുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ആ വസന്തം അസ്തമിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മാർക്‌സാണ് ശരി എന്ന മുദ്രാവാക്യം വാൾ സ്ട്രീറ്റിൽനിന്നുതന്നെ ഉയർന്നു കേട്ടെങ്കിലും ആഗോളീകരണത്തിന്റെ ആജ്ഞയിൽ ലോകം നീങ്ങിയത് ഇടത്തേയ്ക്കായിരുന്നില്ല. മുതലാളിത്തത്തിന്റെ ശക്തിദുർഗമായ അമേരിക്കയിൽനിന്നാണ് കമ്യൂണിസത്തിനെതിരെ വലിയ വെല്ലുവിളിയുണ്ടായത്. കാരണം മതപരമായിരുന്നില്ല. മൂലധനശക്തികൾക്ക് തൊഴിലാളിവർഗത്തിന്റെ സമഗ്രാധിപത്യം ലക്ഷ്യമാക്കുന്ന പാർട്ടിയുമായി യോജിച്ചുപോകാൻ കഴിയുമായിരുന്നില്ല.
ദൈവത്തെയല്ല മൂലധനത്തെയാണ് മാർക്‌സ് ശത്രുവായി കണ്ടത്. മതം മനുഷ്യന്റെ കറുപ്പ് എന്ന മാർക്‌സിന്റെ പ്രസിദ്ധമായ പ്രസ്താവന മതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രകീർത്തനത്തിന്റെ ഭാഗമാണ്. വേദനസംഹാരികൾ കണ്ടുപിടിച്ചിട്ടില്ലാത്ത കാലത്ത് വേദനയ്ക്കുള്ള പ്രതിവിധി കറുപ്പായിരുന്നു. അതിന്റെ വില താങ്ങാനാവാത്ത പാവങ്ങൾ സമാശ്വാസത്തിനുവേണ്ടി മതത്തെ സമീപിച്ചു. വേദനിക്കുന്ന ലോകത്തിന്റെ ആശ്വാസലേപനമാണ് മതം എന്ന വിവാദവാക്യത്തിലെ പ്രധാനഭാഗം മറച്ചുവച്ചുകൊണ്ടാണ് സൈദ്ധാന്തികവ്യാഖ്യാനത്തിൽ അവശ്യം വേണ്ടതായ സത്യസന്ധത ഒഴിവാക്കി മാർക്‌സിനെ ദൈവനിഷേധിയും മതവിരോധിയും ആക്കിയത്.
കഷ്ടപ്പെടുന്നവന്റെ ദീർഘനിശ്വാസവും ഹൃദയഹീനമായ ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവുമാണ് മതം എന്നു പറഞ്ഞവസാനിപ്പിക്കുമ്പോഴാണ് മതം മനുഷ്യന്റെ കറുപ്പാണെന്ന പ്രയോഗം മാർക്‌സ് നടത്തിയത്. വിപ്‌ളവത്തിന്റെ പാതയിൽ അവശ്യം വേണ്ടതായ ഗുണമായി നാസ്തികതയെ മാർക്‌സ് കണ്ടിട്ടില്ല. ഇന്ത്യൻ സാഹചര്യങ്ങളിൽ ജാതി യാഥാർത്ഥ്യമാണ്. ചാതുർവർണ്യത്തിന്റെ നാട്ടിൽ ജാതികളെത്രയെന്ന് അനായാസം എണ്ണിയെടുക്കാനാവില്ല. ജാതിവ്യവസ്ഥയുമായി അദേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ ജാതിയെ നിരാകരിക്കാതെ വർഗാടിസ്ഥാനത്തിൽ ചൂഷിതർക്കുവേണ്ടി സമരപാതകൾ തുറന്ന തൊഴിലാളിവർഗപാർട്ടി അധികാരത്തിനുവേണ്ടിയുള്ള മത്സരത്തിൽ നിരാകരിക്കപ്പെട്ടു.
പെരിയോറുടെ നേതൃത്വത്തിൽ സാമൂഹികജീവിതത്തിൽ നാസ്തികമായ അടിത്തറയിട്ട തമിഴ്‌നാട്ടിലും രാഷ്ട്രീയമായ സ്വാധീനമുറപ്പിക്കാൻ കമ്യൂണിസത്തിനു കഴിഞ്ഞില്ല. പെരിയോർ ഉഴുതുമറിച്ചതിന്റെ പ്രയോജനം ദ്രാവിഡ മുന്നേറ്റ കഴകത്തിനാണ് ലഭിച്ചത്. അത് സിനിമയുടെ സ്വാധീനം എന്നു പറഞ്ഞൊഴിയാൻ കഴിയാത്ത വിധം സിനിമയുടെയും നാടകത്തിന്റെയും സാഹിത്യത്തിന്റെയും സ്വാധീനം കേരളത്തിലെ പാർട്ടിയുടെ വളർച്ചയിലുണ്ടായിരുന്നു.
അത് പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയാതെപോയത് കേരളത്തിന്റെ മണ്ണിൽ രൂഡമൂലമായ മതസ്വാധീനംകൊണ്ട് മാത്രമായിരുന്നില്ല. മതങ്ങളോടും മതവിശ്വാസങ്ങളോടും മാർക്‌സിനും ഏംഗൽസിനുമില്ലാതിരുന്ന വിരോധം തദ്ദേശീയ കമ്യൂണിസ്റ്റ് നേതാക്കൾ അവലംബിച്ചതും അതിനു കാരണമായി. സഹോദരൻ അയ്യപ്പനും സി കേശവനും മുതൽ ഇ.കെ. നായനാർ വരെ പ്രകടിപ്പിച്ച ദൈവനിന്ദയോളമെത്തുന്ന പ്രസ്താവനകൾ വിശ്വാസികളെ മുറിപ്പെടുത്തിയില്ല. എന്നാൽ വിശ്വാസികളെ എപ്രകാരം പാർട്ടിയിൽനിന്ന് അകറ്റാൻ കഴിയുമെന്ന പ്രത്യയശാസ്ത്രപരമായ പരുഷചിന്തയിലാണ് കേരളത്തിലെ പാർട്ടി അണികളും നേതാക്കളും വ്യാപരിച്ചത്.
ആശയപരമായി ഗഹനമായ വിഷയത്തെ ലഘൂകരിക്കുന്നതായി ഈ ഘട്ടത്തിൽ തോന്നിയേക്കാം. നൂറു വർഷമായി ഇവിടെ പ്രവർത്തിക്കുകയും ചുവപ്പണിയിക്കാൻ നിരവധി ബലികൂടീരങ്ങൾ സ്വന്തമായുള്ളതുമായ പാർട്ടിക്ക് പ്രതിലോമശക്തികളെന്ന് അന്യഥാ വിശേഷിപ്പിക്കേണ്ടിവരുന്ന പാർട്ടികളുടെ സാങ്കലികമായ പിൻബലത്തോടെ മാത്രമേ പുന്നപ്ര വയലാറിന്റെ നാട്ടിൽപ്പോലും അധികാരത്തിൽ വരാനും അത് നില നിർത്താനും കഴിയൂ എന്ന അവസ്ഥ പ്രത്യയശാസ്ത്രത്തിന്റെ ബലഹീനതയല്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ സംഗ്രഹീത പരാവർത്തനമാണ് നമ്മുടെ ഭരണഘടന.
വിശിഷ്ടമായ ആ ഭരണഘടനയ്ക്ക് തിരുത്തൽ വേണമെന്ന് സനാതനധർമത്തെ ചാതുർവർണ്യത്തിലൊതുക്കുന്നവർ ആവശ്യപ്പെടുമ്പോൾ തൊഴിലാളിവർഗത്തിന്റെയും അതിന്റെ സംരക്ഷകരുടെയും ഉത്തരവാദിത്തം വർദ്ധിക്കുന്നു. ഓരോ സംസ്ഥാനത്തും ഒരു എ.കെ.ജി ഉണ്ടായിരുന്നെങ്കിൽ പാർട്ടിയുടെ അവസ്ഥ വ്യത്യസ്തമാകുമായിരുന്നു. സെയ്ന്റ് പോളിന്റെ സൈദ്ധാന്തികവ്യാഖ്യാനവും സംഘടനാപടുത്വവും ഇല്ലായിരുന്നുവെങ്കിൽ ക്രിസ്തുമതം സുവിശേഷകാരന്മാരുടെ ഡയറിക്കുറിപ്പുകളായി അവശേഷിക്കുമായിരുന്നു.
സർവരാജ്യത്തൊഴിലാളികൾക്ക് സംഘടിക്കുന്നതിനുള്ള പെരുമ്പറ മുഴക്കിയ പാർട്ടി തൊഴിൽമേഖലകൾ പുനർനിർണയിക്കപ്പെടുന്ന ആധുനികകാലത്ത് എപ്രകാരമാണ് പുനർനിർവചിക്കപ്പെടുക? എട്ടു മണിക്കൂർ എന്ന മുദ്രാവാക്യത്തെ അപ്രസക്തമാക്കിക്കൊണ്ട് തൊഴിൽസമയം എത്രമാത്രം ദീർഘിപ്പിക്കാമെന്നാണ് ഇന്നത്തെ മുതലാളിമാരുടെ ആലോചന. മേയ്ദിനം വേണമെങ്കിൽ ഒഴിവാക്കാവുന്ന ഓർമ മാത്രമായി. പണ്ടത്തെ അടിമകളുടെ സ്ഥാനത്ത് എ.ഐ ഭൃത്യന്മാർ സദാ കർമനിരതരായി നിൽക്കുമ്പോൾ ഇങ്കിലാബ് സിന്ദാബാദ് എന്ന സാർവകാലികമായ മുദ്രാവാക്യത്തിന് പുതിയ അർത്ഥങ്ങൾ കണ്ടെത്തേണ്ടിവരുമോ?
മതതത്ത്വങ്ങൾക്കെന്നപോലെ രാഷ്ട്രീയസിദ്ധാന്തങ്ങൾക്കും സനാതനമായ ഭാവമുണ്ട്.
അവ മാനവികതയിൽ അധിഷ്ഠിതമായിരിക്കുന്നു എന്നതുതന്നെ കാരണം. മാനവികതയിൽ ആലേഖനം ചെയ്യപ്പെട്ട രാഷ്ട്രീയ സിദ്ധാന്തമാണ് മാർക്‌സിസം. അത് അടിസ്ഥാനമായി പ്രവർത്തിക്കുന്ന രാഷ്ട്രീയപ്രസ്ഥാനത്തിന് മനുഷ്യർ ഉള്ളേടത്തെല്ലാം പ്രസക്തിയുണ്ട്. തിരഞ്ഞെടുപ്പിലെ നേട്ടങ്ങൾക്കും അധികാരത്തിലെ പങ്കാളിത്തത്തിനും അപ്പുറം രാഷ്ട്രചിന്തയിൽ പ്രകടമാകുന്ന ഇടതുപക്ഷസ്വാധീനം നിസ്സാരമല്ല. അതിനു പകരം വയ്ക്കാൻ മറ്റൊരു ചിന്തയില്ല. എങ്ങനെ അധികാരം പിടിക്കാമെന്നതല്ല, എങ്ങനെ ഈ സ്വാധീനം നിലനിർത്താമെന്നതായിരിക്കണം നൂറു പിന്നിടുമ്പോഴുള്ള പാർട്ടിയുടെ ചിന്ത. ഗ്രാൻഡ് ഓൾഡ് പാർട്ടിയാകുമ്പോഴും വേരുകൾ ഉണങ്ങാതെ നിൽക്കുന്നത് പ്രത്യയശാസ്ത്രത്തിന്റെ നിത്യനൂതനത്വം സേചനമാകുന്നതുകൊണ്ടാണ്.
ഇന്ത്യയിലും വിയറ്റ്‌നാമിലും കമ്യൂണിസത്തിന്റെ സംഘടനാപരമായ തുടക്കം ഏതാണ്ട് ഒരുമിച്ചായിരുന്നു. പക്ഷേ വളർച്ച ഒരുപോലെയായിരുന്നില്ല. ഇതേക്കുറിച്ചുള്ള കെ ദാമോദരന്റെ ചോദ്യത്തിന് മറുപടിയായി ഹോചി മിൻ പറഞ്ഞു: 'അവിടെ നിങ്ങൾക്ക് മഹാത്മാ ഗാന്ധിയുണ്ടായിരുന്നു. ഇവിടെ ഞാനാണ് മഹാത്മാ ഗാന്ധി'.
സെബാസ്റ്റ്യൻ പോൾ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1