യോഗേന്ദ്ര യാദവിന്റെ പ്രവചനം: ബി.ജെ.പി 272ൽ കൂടുതൽ സീറ്റ് ജയിക്കില്ല. കോൺഗ്രസ് 100ലേറെ സീറ്റ് നേടും. പ്രശാന്ത് കിഷോറിന്റെ പ്രവചനം: 2019ൽ നേടിയ 303 അല്ലെങ്കിൽ അതിനേക്കാൾ മികച്ച ഫലം ബി.ജെ.പി നേടും.
തെരഞ്ഞെടുപ്പ് വിദഗ്ധരുടെ പോരാട്ടം കൂടിയാണ് ഒരോ തെരഞ്ഞെടുപ്പും. ഇത്തവണ നോക്കൂ, രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ വിദഗ്ധരുടെ നിരീക്ഷണങ്ങൾ. നിലവിൽ ബി.ജെ.പിക്ക് എതിരെ വ്യാപകമായ ജനരോഷമോ വെല്ലുവിളിയോ ഇല്ലെന്ന് പ്രശാന്ത് കിഷോർ ഉറപ്പിക്കുന്നു. മോദി തന്നെ മൂന്നാമതും ഈസിയായി എൻ.ഡി.എയുടെ പ്രധാനമന്ത്രിയായി വരും എന്നും. അതിന് വിപരീതമായി നന്നായി കിതക്കും എന്ന് യോഗേന്ദ്ര യാദവും പ്രവചിക്കുന്നു. അതിനർഥം എൻ.ഡി.യ്ക്ക് ഭൂരിപക്ഷം കിട്ടില്ല എന്നല്ല.
തെരഞ്ഞെടുപ്പുകാലത്ത് താരമാകുന്നത് രാഷ്ട്രീയ പാർട്ടി നേതാക്കൾ മാത്രമല്ല. ഇത്തരം വിദഗ്ധർ കൂടിയാണ്. ശാസ്ത്രീയമായി പ്രവചനം നടത്തുന്നവരും തെരഞ്ഞെടുപ്പ് തന്ത്രജ്ഞരും എന്ന വേർതിരിവ് കൂടിയുണ്ട്. തന്ത്രജ്ഞർ പലപ്പോഴും പ്രവചിക്കില്ല. തന്ത്രമോതുകയേയുള്ളൂ. ഫലം വന്ന ശേഷമാണ് തന്ത്രജ്ഞരുടെ മൂല്യം തന്നെ മറ്റുള്ളവർ അറിയുന്നത്. ഒരിക്കൽ ബിഗ് ഹിറ്റ് ആയാൽ പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പിലേക്കുമുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് ആകും അത്. പ്രശാന്ത് കിഷോർ തന്ത്രജ്ഞനാണ്.
പ്രണോയ്
റോയിയിൽനിന്ന് ആദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലേക്ക് വന്ന എൻ.ഡി.ടിവിയിൽ
അതിന്റെ എഡിറ്റർ ഇൻ ചീഫ് സഞ്ജയ് പുഗാലിയ നടത്തിയ അഭിമുഖത്തിലാണ് പ്രശാന്ത്
കിഷോർ മോദി ഭരണത്തിന്റെ തുടർച്ച പ്രവചിച്ചത്. അത് എല്ലാ മാധ്യമങ്ങളും
ഏറ്റെടുത്തു. പ്രശാന്ത് കിഷോറിന് ഒരു ന്യൂസ് വാല്യൂ ഉണ്ടല്ലോ.
പക്ഷെ, 'ദ
വയർ' ൽ കരൺ ഥാപർ പ്രശാന്ത് കിഷോറിനോട് ചില ചോദ്യങ്ങൾ ചോദിച്ചു. പ്രശാന്ത്
കിഷോറിന്റെ പ്രവചനങ്ങൾ പക്ഷപാതമുള്ളത് എന്ന് തിരിച്ചറിയാവുന്ന
തരത്തിലുള്ളതായിരുന്നു ഥാപറിന്റെ ചോദ്യങ്ങൾ. അദ്ദേഹത്തിന്റെ പ്രവചനങ്ങളിലെ
പക്ഷപാതിത്വം തെളിയിക്കാനായി മുൻ പ്രവചനങ്ങൾ വിപരീതമായതിനെ കുറിച്ച് ഥാപർ
ചോദിച്ചു. പ്രശാന്ത് കിഷോർ എല്ലാം നിഷേധിച്ചു. തെറ്റായ പ്രവചനങ്ങളുടെ
വീഡിയോ ക്ലിപ്പിങുകൾ ആവശ്യപ്പെട്ടു. പത്രവാർത്തകളുടെ നിരതന്നെ നൽകി
കിഷോറിന്റെ പ്രതിരോധത്തെ കരൺഥാപർ പൊളിച്ചു.
പ്രവചനങ്ങളുടെ
ശരിതെറ്റുകൾ ഫലപ്രഖ്യാപനത്തിന് ശേഷമേ വരൂ. പക്ഷെ, പ്രശാന്ത് കിഷോർ
ബി.ജെ.പിക്ക് അനുകൂലമായാണ് എപ്പോഴും പ്രവചനങ്ങളും തന്ത്രങ്ങളും ഒരുക്കിയത്
എന്ന് സ്ഥാപിക്കുകയായിരുന്നു കരൺ ഥാപറുടെ ലക്ഷ്യം. ഇതിന്റെ തൊട്ടടുത്ത
ദിവസം യേഗേന്ദ്ര യാദവ് മറ്റൊരു പ്രവചനം നടത്തി. ബി.ജെ.പിക്ക് 240-260
സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നും എൻ.ഡി.എ സഖ്യത്തിന് 35-45 സീറ്റ് വരെ
കിട്ടിയേക്കാമെന്നും അദ്ദേഹം പ്രവചിക്കുന്നു. അതായത് എൻ.ഡി.എ ബ്ലോക്കിന്
275-305 സീറ്റുകൾ വരെ മാത്രമേ കിട്ടൂ എന്നാണ് യേഗേന്ദ്ര യാദവിന്റെ
കണക്കുകൂട്ടൽ.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും
ലക്ഷ്യമിടുന്നത് പാർട്ടിക്ക് തനിച്ച് 370, എൻ.ഡിയ്ക്ക് 400 എന്നതാണ്. ആ
ലക്ഷ്യത്തിലേക്ക് അടുക്കാൻ ബഹൂദൂരം പോകേണ്ടിവരും എന്ന യോഗേന്ദ്ര യാദവ്
കണക്കാക്കുന്നു.
രണ്ട് പ്രവചനങ്ങളുടെ ശരിതെറ്റുകൾക്ക് ഇനി കാത്തിരിക്കാം. എങ്കിലും ഈ രണ്ടുപേർക്കും വളരെയേറെ പ്രത്യേകതകൾ ഉണ്ട്. പ്രവചനം നടത്തുന്നവർ, തന്ത്രജ്ഞർ എന്ന നിലിയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് നേരിട്ട് കടന്നവരും പിന്നീട് വീണ്ടും മുൻ പ്രവർത്തന മേഖല സ്വീകരിച്ചവരുമാണ്. മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും സാധാരണ ജനങ്ങളുമായും ബന്ധമുള്ളവർ. രാഷ്ട്രീയ സംഭവ വികാസങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ പര്യാപ്തമായ നിരീക്ഷണ പാടവമുള്ളവർ. രണ്ട് പ്രവചനങ്ങളും വന്നപ്പോൾ സോഷ്യൽ മീഡിയ ഒന്നുകൂടി ഉഷാറായി. പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും തമ്മിൽ വാഗ്വാദങ്ങളായി.
വിവിധ ഏജൻസികളുടെ പ്രവചനങ്ങൾ ദേശീയ മാധ്യമങ്ങളിൽ ഇതിനകം പലകുറി വന്നു. എങ്കിലും ചില ശ്രദ്ധേയ പ്രവചനങ്ങൾ ഫലപ്രഖ്യാപന ശേഷവും ചർച്ച ചെയ്യുന്നതായിരിക്കും. മിക്കവാറും എല്ലാ ഏജൻസികളും നരേന്ദ്രമോദിയുടെ മൂന്നാമൂഴം സംശയലേശമന്യേ പ്രവചിക്കുന്നു. അത് ഇങ്ങനെ
എബിപിസി വോട്ടർ: എൻ.ഡി.എ 373 - ഇന്ത്യ സഖ്യം 155
ഇന്ത്യാടിവി-സി.എൻ.എക്‌സ്: എൻ.ഡി.എ 393 - ഇന്ത്യാസഖ്യം 99
ടൈംസ് നൗ ഇ.ടി.ജി: എൻ.ഡി.എ 386 - ഇന്ത്യാ സഖ്യം 188
ഇന്ത്യാ ടുഡെ: എൻ.ഡി.എ 335 ൃ ഇന്ത്യാ സഖ്യം 166
സീ ന്യൂസ്മാട്രിസ്: എൻ.ഡി.എ 377 - ഇന്ത്യസഖ്യം 94
എല്ലാ പ്രവചനങ്ങളും എൻ.ഡി.എയ്ക്ക് നൽകുന്നത് 400ൽ താഴെ സീറ്റുകൾ ആണ്. മോദിയുടെ ലക്ഷ്യത്തിന് 20-30 സീറ്റുകളുടെ കുറവ്.
പ്രധാനമന്ത്രിയും ബി.ജെ.പിയും ആഗ്രഹിക്കുന്ന തലത്തിൽ ഫലം ഉണ്ടാകുമെന്ന് ഇത്തരം ഏജൻസികൾ പോലും പറയാൻ മടിക്കുന്നു. നരേന്ദ്രമോദിക്കും കോൺഗ്രസിനും നിതീഷ് കുമാറിനുമെല്ലാം തന്ത്രങ്ങൾ ഉപദേശിച്ച 'ജയിച്ച' പ്രശാന്ത് കിഷോറും ഇത്തവണ മോദി ആഗ്രിക്കുന്ന ഫലം പ്രവചിക്കാൻ തയ്യാറല്ല. യോഗേന്ദ്ര യാദവ് കുറേക്കൂടി ജനാഭിമുഖ്യം ഇന്ത്യാമുന്നണിക്ക് ഉണ്ടാകും എന്ന നിരീക്ഷണം മുന്നോട്ടുവെക്കുന്നു.
അഭിപ്രായ സർവെകൾ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തന രീതികളെയും വോട്ടർമാരുടെ മനോഭാവത്തെയും സ്വാധീനിക്കുന്ന ഒന്നാണ്. തോറ്റുപോകും എന്ന് ഭയക്കുന്ന സ്ഥാനാർഥികളും പാർട്ടികളും പ്രചാരണരംഗത്ത് ജയിക്കുമെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കും. ഭയമുറപ്പിക്കുന്നവർ അൽപം ആലസ്യത്തിലേക്ക് നീങ്ങുകയും ചെയ്യും. ആമയും മുയലും പന്തയം വച്ച കഥപോലെയാകും തെരഞ്ഞെടുപ്പ് ഫലം.
ഡൽഹി ആസ്ഥാനമായ സി.എസ്.ഡി.എസ് ആയിരുന്നു ഇന്ത്യയിലെ എക്‌സിറ്റ് പോളുകളുടെ തുടക്കക്കാർ. 1960കളിൽ തന്നെ ഇത് പ്രവർത്തനം തുടങ്ങി. 1980കളിലാണ് പ്രണോയ് റോയ് ഡേവിഡ് ബട്‌ളറുടെ പങ്കാളിത്തതോടെ അഭിപ്രായ സർവെകൾ നടത്തി പുതിയ രൂപം നൽകിയത്. ഇപ്പോൾ സ്ഥാപനങ്ങളും തന്ത്രജ്ഞരുമായി എണ്ണിയാലൊടുങ്ങാത്ത കേന്ദ്രങ്ങൾ പ്രവചനങ്ങൾ നടത്തുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ജയം രാഷ്ട്രീയ പാർട്ടികളുടേത് മാത്രമല്ല, പ്രവചനക്കാരുടേത് കൂടിയാണ്.
ചൗക്കിദാർ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1