1993ൽ ഒറ്റപ്പാലത്തു അങ്ങേറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതോടെ യു.ഡി.എഫ് ക്യാമ്പിൽ കടുത്ത മ്ലാനത പരന്നു. റിസൾട്ട് വന്നപ്പോൾ അതിന്റെ കാരണം വ്യക്തമായി. 1. 32 ലക്ഷം വോട്ടിന് യു.ഡി.എഫ് തോറ്റമ്പി. ബാബറി മസ്ജിദ് തകർത്തതിനോടുള്ള മുസ്ലീങ്ങളുടെ അതിരൂക്ഷ പ്രതികരണം ആയിരുന്നു ആ തെരഞ്ഞെടുപ്പ് ഫലം എന്നാണ് മുസ്ലീം ലീഗ് വിലയിരുത്തിയത്.
അയോധ്യയിലെ ബാബറി മസ്ജിദ് പ്രശ്‌നം കേരളത്തിലെ യു.ഡി.എഫ് സംവിധാനത്തിൽ തന്നെ വലിയ വിള്ളലാണുണ്ടാക്കിയത്. മുസ്ലിംലീഗിലെ സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞുനിന്നിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് ഇടതുമുന്നണിയോട് അനുഭാവം കാണിക്കാൻ തുടങ്ങി. തീർന്നില്ല അബ്ദുൽ നാസർ മ്ദനി ഒരു രാഷ്ട്രീയപാർട്ടി രൂപീകരിച്ചു പി.ഡി.പി. ഇവരുടെ പിന്തുണയും ഇടതു മുന്നണിക്ക് തന്നെയായിരുന്നു. ബാബറി മസ്ജിദ് തകർന്നു തരിപ്പണമായതോടെ ഉരുണ്ടുകൂടിയ പ്രശ്‌നങ്ങളുടെ അലയൊലി ഒറ്റപ്പാലം മണ്ഡലത്തിൽ അതിശക്തമാണെന്ന് ആയിടയ്‌ക്കൊരു ഇന്റലിജൻസിന്റെ റിപ്പോർട്ട് ഉണ്ടായി.
അത് സംസ്ഥാന നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ താൽപര്യപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് മൂന്ന് മാസം കൂടി നീട്ടി. സത്യത്തിൽ ഇത് ക്രമസമാധാന നില തകർന്നിരിക്കുന്നുവെന്ന് സമ്മതിക്കുന്നതിന് തുല്യമായിരുന്നു. പ്രതിപക്ഷം അടങ്ങിയിരുന്നില്ല. ഭരണപക്ഷം തോറ്റോടുകയാണെന്ന് അവർ ആക്ഷേപം ചോരിഞ്ഞു. 1993 മെയ് 19ന് നടത്താനിരുന്ന ഉപ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 19 ലേക്ക് മാറ്റി.
തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞതോടുകൂടി യു.ഡി.എഫ് ക്യാമ്പിൽ മ്ലാനത പരന്നു. റിസൾട്ട് വന്നപ്പോൾ അതിന്റെ കാരണം വ്യക്തമായി. 1. 32 ലക്ഷം വോട്ടിന് യു.ഡി.എഫ് തോറ്റമ്പി. ബാബറി മസ്ജിദ് തകർത്തതിനോടുള്ള മുസ്ലീങ്ങളുടെ അതിരൂക്ഷ പ്രതികരണം ആയിരുന്നു ആ തെരഞ്ഞെടുപ്പ് ഫലം. ഇത് ഉഗ്രമായ താക്കീത് എന്ന് കൊരമ്പയിൽ അഹമ്മദ് ഹാജി പരസ്യമായി പറയുകയും ചെയ്തു. ഒടുവിൽ എല്ലാത്തിനും കാരണം ബാബറി മസ്ജിദ് ആണെന്ന് പറഞ്ഞു കരുണാകരൻ തലയൂരാൻ ശ്രമിക്കുകയായിരുന്നു.
കേരളത്തിലെ കോൺഗ്രസിലെ പടല പിണക്കം നാൾക്ക് നാൾ ഏറികൊണ്ടിരുന്നു. പ്രസ്സ് ഫോട്ടോഗ്രാഫർമാരുടെ മുന്നിൽ ചിരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ പരസ്പരം പഴി ചാരലും പാരവെപ്പുമായി നീങ്ങുകയാണ്. കോട്ടയം, തൃശ്ശൂർ ഡിസിസി തിരഞ്ഞെടുപ്പുകളിലെ തർക്കവും ഷാനവാസ് അടക്കമുള്ളവർക്കെതിരായ അച്ചടക്ക നടപടിയുമാണ് കോൺഗ്രസിലെയും യു.ഡി.എഫിലെയും പ്രധാന ചർച്ചാവിഷയം.
ഇതിനിടെ ഡൽഹിയിൽ വച്ച് മറ്റൊരു സംഭവം ഉണ്ടായി. ആ വർഷത്തെ എ.ഐ.സി.സി സമ്മേളനം അമേഠിയിലെ കഠോരയിലെ രാജീവ് നഗറിൽ ആണ് നടത്താൻ നിശ്ചയിച്ചത്. അതിനൊരു ബഡ്ജറ്റ് ഉണ്ടാക്കി. അഞ്ചു കോടി രൂപ. ഉത്തർപ്രദേശിലെ പി.സി.സി ഉടൻതന്നെ നെടു നെടുങ്കൻ പന്തലും പ്രതിനിധികൾക്ക് താമസിക്കാൻ രണ്ടായിത്തോളം താൽക്കാലിക ഷെഡുകളും തയ്യാറാക്കി.
എന്നാൽ ഗതികേട്ന്ന് അല്ലാതെന്തു പറയാൻ..! സമ്മേളനം തുടങ്ങാൻ കേവലം രണ്ടുനാൾ മാത്രം അവശേഷിക്ക് ഒരു വലിയ കൊടുങ്കാറ്റ് ഉരുണ്ടുകൂടി. സമ്മേളന നഗരി ആകെ അലങ്കോലപ്പെട്ടു. കേരളത്തിൽ നിന്ന് എത്തിയ നേതാക്കളെല്ലാം ഡൽഹിയിൽ ഒത്തുകൂടിയിട്ടുണ്ട്. എ.ഐ.സി.സി സമ്മേളനം മാറ്റിവച്ചത് കൊണ്ട് ആ ദിവസങ്ങളിൽ ഇവർക്ക് അവിടെ കാര്യമായ പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ഉമ്മൻചാണ്ടിയുടെ മുറിയിൽ
യാദൃശ്ചികമായി ചിലരെല്ലാം ഒത്തുകൂടി. അതിനിടെ പല ചർച്ചകൾക്കും ഇടയിൽ ഉടൻ
കേരളത്തിൽ നിന്ന് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ആരൊക്കെ
നിൽക്കണമെന്ന് അനൗദ്യോഗിക ചർച്ചയായി.
ഒരെണ്ണം എൽ.ഡി.എഫിനുള്ളതാണ്.
ബാക്കി രണ്ട് കോൺഗ്രസിന് അവകാശപ്പെട്ടതാണ്. ഔദ്യോഗികമായി മുന്നണിയിൽ ഈ
വിഷയം ചർച്ച ചെയ്തിട്ടില്ല. എങ്കിലും ഡൽഹിയിലെ ആ ദർബാറിൽ രാജ്യസഭാ സീറ്റ്
സംബന്ധിച്ച് കൊണ്ടുപിടിച്ച ചർച്ച തന്നെ നടക്കുകയാണ്. ഒന്ന് എ ഗ്രൂപ്പിനും
മറ്റൊന്ന് ഐ ഗ്രൂപ്പിനും എന്ന് ഉറപ്പിച്ച മട്ടിൽ സംസാരം നീങ്ങുകയാണ്.
ഇതിനിടെ ഈ ചർച്ചകളിൽ എല്ലാം സജീവമായി നിന്ന ഒരു വ്യക്തി വളരെ തന്ത്രപരമായി
104-ാം മുറിയിലേക്ക് വലിഞ്ഞു.
അവിടെ കെ. കരുണാകരൻ ആണ് താമസിച്ചിരുന്നത്. ചാരനായി എത്തിയ ആ വ്യക്തി കരുണാകരന്റെ ചെവിയിൽ മൊഴിഞ്ഞു. അറിഞ്ഞില്ലേ ഉമ്മൻചാണ്ടിയുടെ മുറിയിൽ എ ഗ്രൂപ്പ് യോഗം ചേർന്നു രാജ്യസഭാ സീറ്റ് ആയിരുന്നു വിഷയം. സീറ്റുകളിൽ ഒരെണ്ണം എക്കാർ അങ്ങ് ഉറപ്പിച്ചു. മറ്റൊന്ന് വേണമെങ്കിൽ ഐ ഗ്രൂപ്പിനെടുക്കാം. അങ്ങിനെ തീരുമാനമായി. ഇത് കേട്ടതോടെ കരുണാകരൻ ക്ഷുഭിതനായി. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവും, കേന്ദ്ര പാർലമെന്ററി ബോർഡ് അംഗവുമായ താൻ ഇവിടെ ഇരിക്കുമ്പോൾ, തന്നോട് ഒരു വാക്കുപോലും പറയാതെ രാജ്യസഭാ സീറ്റ് തീരുമാനിക്കാൻ മാത്രം വളർന്നവർ ആരെന്ന് എനിക്കറിയണം. സത്യത്തിൽ ഐ-എ ഗ്രൂപ്പ് ഇത്രമാത്രം അകൽച്ചയിലേക്ക് മുങ്ങിത്താഴുന്നത് ഈ ഒരു സംഭവത്തിന് ശേഷമായിരുന്നു.
ചാര പ്രവർത്തനം നടത്തിയ ആളെ തിരിച്ച് അറിഞ്ഞതോടുകൂടി ഉമ്മൻചാണ്ടിക്ക് വലിയ പ്രയാസമായി. വെറുതെ സംസാരിച്ച ആ വകകാര്യങ്ങൾ കാര്യങ്ങൾ അപ്പോൾ തന്നെ കരുണാകരനെ അറിയിക്കേണ്ട വല്ല കാര്യവുമുണ്ടോ..! കരുണാകരനെ ഇനി എങ്ങിനെയാണ് കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കുക. സത്യം അദ്ദേഹം അറിയണമല്ലോ. അതുകൊണ്ട് ഇനിയുള്ള ഐക്യ ചർച്ചകൾക്ക് അല്പം വിട്ടുവീഴ്ച ഒക്കെ ആകാമെന്ന് ഉമ്മൻചാണ്ടിയും കൂട്ടരും നിശ്ചയിച്ചു.
കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ശങ്കരനാരായണനെ മധ്യസ്ഥൻ ആക്കി. ഉമ്മൻചാണ്ടിയെയും പി.സി. ചാക്കോയെയും ചർച്ചയ്ക്ക് ക്ഷണിച്ചു. ഡൽഹിയിൽ കരുണാകരനും ആന്റണിയും അതിന് അനുകൂലഭാവം പ്രകടിപ്പിച്ചതോടെ കാര്യങ്ങൾ കുറച്ചുകൂടിഎളുപ്പമായി.
എന്നാൽ വയലാർ രവിക്ക് ഇതിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. കാരണം അദ്ദേഹത്തിന്റെ ഭാര്യ മേഴ്‌സി ചികിത്സയുടെ ഭാഗമായി ന്യൂയോർക്കിലാണ്. വയലാർ രവിയും ഉണ്ട് കൂടെ. രവിയെ ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. രമേശ് ചെന്നിത്തലയും കാർത്തികേയനും ആന്റണിയേയും കരുണാകരനെയും നേരിൽ കാണാൻ തയ്യാറായി ഒടുവിൽ അവർ അഹമ്മദ് പട്ടേലിനെയും കണ്ടു മൂപ്പനാർ കരുണാകനോടും ഉമ്മൻചാണ്ടിയോടും സംസാരിച്ചു.
അങ്ങിനെ പല വഴിക്ക് ചർച്ചകൾ നടന്നു. തിരുത്തൽ വാദികളെ കാര്യമായി ഗൗനിക്കുന്നില്ല എന്ന് ഒരു തോന്നൽ രമേശ് ചെന്നിത്തലക്കും കാർത്തികയനും ഉണ്ടായി. ഉടൻ കാർത്തികേയൻ ഒരു പത്രസമ്മേളനം വിളിച്ചു. തിരുത്തൽ വാദികളായ തങ്ങളെ ഉൾക്കൊള്ളാത്ത ഐക്യം എന്നത് വെറുമൊരു സങ്കല്പം മാത്രമാണെന്ന് തുറന്നടിച്ചു. അതൊന്നും കാര്യമായി എടുത്തില്ല ഹൈക്കമാന്റ്. അങ്ങനെ നാളുകൾ നീണ്ട പ്രശ്‌നത്തിന് ഡൽഹിയിൽ ഒരു പരിഹാരമായി.
സംഘടന തിരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ തർക്കങ്ങളും ഇതോടെ പര്യവസാനിച്ചതായി അഹമ്മദ് പട്ടേൽ ഡൽഹിയിൽ പത്രക്കാരെ വിളിച്ചുകൂട്ടി അറിയിച്ചു. ഈ കരാർ അനുസരിച്ച് ആന്റണി ഗ്രൂപ്പിന് 26 കെ.പി.സി.സി അംഗങ്ങളെ കൂടി ലഭിക്കും. ഇതിൽ 16 പേരെ ഇപ്പോഴുള്ള ഒഴിവിൽ എടുക്കും. നിലവിലുള്ള പത്ത് കെ.പി.സി.സി അംഗങ്ങളെ രാജിവെപ്പിച്ചിട്ടായിരിക്കും ബാക്കി പത്തു പേരെ ഉൾക്കൊള്ളുക. കെ.പി.സി.സി നിർവാഹ സമിതിയിൽ ആന്റണി ഗ്രൂപ്പിന് 10 പേരുടെ പ്രാതിനിത്യം ഉണ്ടാകും. മൂന്ന് ഔദ്യോഗിക ഭാരവാഹികളെയും നൽകും. കോട്ടയത്ത് ഡി.സി.സി പ്രസിഡന്റായി ആന്റണി ഗ്രൂപ്പിൽ നിന്ന് തന്നെ ഒരാൾക്ക് വരാം.
എന്നാൽ തൃശ്ശൂർ കരുണാകര വിഭാഗത്തിന് ആയിരിക്കും. എല്ലാത്തരം അച്ചടക്കനടപടികളും പിൻവലിക്കും. എന്നാൽ ഷാനവാസിന്റെ കാര്യത്തിൽ വയലാർ രവി ന്യൂയോർക്കിൽ നിന്ന് മടങ്ങി വന്നതിനു ശേഷം ഒരു തീരുമാനത്തിലെത്താം എന്ന് നിശ്ചയിച്ചു. ഇതറിഞ്ഞതോടെ തിരുത്തൽ വാദി ഗ്രൂപ്പ് അതിശക്തമായി പൊട്ടിത്തെറിച്ചു. എന്ത് മണ്ണാങ്കട്ട ഐക്യമാണിത്... ഇതൊന്നും നടക്കാൻ പോകുന്നില്ല അട്ടഹസിച്ചു. ഷാനവാസും ഏറെ ക്ഷുഭിതനാണ്.
ചില പ്രമാണിമാരുടെ സ്ഥാനമാനങ്ങൾ നിലനിർത്താൻ വേണ്ടിയുള്ള ഒരു തട്ടിക്കൂട്ട് പരിപാടിയാണിത്. ഇതിനെ നഖശികാന്തം എതിർക്കും. ഉന്നയിച്ച ഒരു പ്രശ്‌നത്തിനും ന്യായമായ പരിഹാരം ഉണ്ടായിട്ടില്ല എന്ന് അഭിപ്രായക്കാരൻ ആയിരുന്നു വി.എം. സുധീരൻ. അദ്ദേഹവും ഈ കരാറിനെ തള്ളിപ്പറഞ്ഞു. തിരുത്തൽ വാദികളും സുധീരനും പറഞ്ഞതിൽ ചില വാസ്തവങ്ങൾ ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. പക്ഷേ, അതേക്കുറിച്ച് തിരുത്തൽ വാദികളൊഴികെ മറ്റാരും പറയാനില്ല എന്നതാണ് വസ്തുത
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1