ഡല്‍ഹി ചലോ മാര്‍ച്ച് മറ്റൊരു 2021 ആവര്‍ത്തിക്കുമോ?

FEBRUARY 14, 2024, 6:27 AM

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ ഏത് ഭരണകൂടത്തിനും മുട്ടുമടക്കേണ്ടി വരുമെന്നതിന്റെ മികച്ച സാക്ഷ്യമായിരുന്നു2021 ലെ കര്‍ഷക സമരത്തിന്റെ വിജയകരം. ഒരു വര്‍ഷത്തിലധികം നീണ്ട ഐതിഹാസിക കര്‍ഷക പോരാട്ടം, വിവാദമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയും കര്‍ഷക നേതാക്കള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുകയും ചെയ്തതോടെയാണ് പരിസമാപ്തിയായത്. ഇപ്പോള്‍ വീണ്ടും തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നി കര്‍ഷകര്‍ തലസ്ഥാനം വളഞ്ഞിരിക്കുകയാണ്. എന്തിനായിരിക്കാം ഈ പ്രതിഷേധം.

2021-ല്‍ റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രക്ഷോഭം പിന്‍വലിക്കാന്‍ സമ്മതിച്ചപ്പോള്‍ കര്‍ഷകര്‍ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് കുറഞ്ഞ താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം വേണം എന്നതായിരുന്നു. നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും പ്രാദേശിക ഭരണകൂടം നേരത്തെ ഏറ്റെടുത്ത തങ്ങളുടെ ഭൂമിക്ക് പകരമായി സ്ഥലം നല്‍കുക, നഷ്ടപരിഹാരം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി നൂറോളം ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകളും പ്രായമായവരും കര്‍ഷകര്‍ക്കൊപ്പം മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

കുറഞ്ഞ താങ്ങുവിലയ്ക്ക് പുറമെ സ്വാമിനാഥന്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുക, ലഖിംപുര്‍ ഖേരി പ്രക്ഷോഭത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക, പോലീസ് കേസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

'ഡല്‍ഹി ചലോ' മാര്‍ച്ചില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. ഭക്ഷ്യ, ഉപഭോക്തൃകാര്യമന്ത്രി പിയൂഷ് ഗോയല്‍, കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട എന്നിവര്‍ കര്‍ഷകരുമായി രണ്ടാംഘട്ട ചര്‍ച്ച നടത്തിയിരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയ ഇതര) നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വന്‍ സിങ് പന്ദേര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ചര്‍ച്ചയില്‍ വിഷയങ്ങളില്‍ ധാരണയായെങ്കിലും രണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ഷകര്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോവുകയായിരുന്നു. ചര്‍ച്ചയില്‍ 2020-21 പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ക്ക് എതിരായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായെങ്കിലും മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നതില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണ്.

2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനസ്ഥാപിക്കുക, ലോക വ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുക, മുന്‍ സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഉന്നയിക്കുന്നത്. 2020 ലെ വൈദ്യുതി നിയമം റദ്ദാക്കണം, ലഖിംപൂര്‍ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം, കര്‍ഷക സമരത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം എന്നിവയും ഡല്‍ഹി ചലോ മാര്‍ച്ചിലെ പ്രധാന ആവശ്യങ്ങളാണ്.

മിനിമം താങ്ങുവിലയ്ക്കായി നിയമനിര്‍മാണം, കടം എഴുതിത്തള്ളല്‍, സ്വാമിനാഥന്‍ കമ്മിഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കല്‍ എന്നിവയ്ക്കുള്ള നിയമപരമായ വശങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും കര്‍ഷക പ്രതിനിധികള്‍ ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിക്കൊണ്ട് 2021 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയതോടെയാണ് 13 മാസമായി തുടര്‍ന്ന കര്‍ഷക പ്രക്ഷോഭം അവസാനിച്ചത്. ഒന്‍പത് മാസത്തിനുശേഷം 2022 ജൂലായ് 12നായിരുന്നു കേന്ദ്രസര്‍ക്കാര്‍ 29 അംഗ വിദഗ്ദ സമിതി രൂപീകരിച്ചത്. ഇവരില്‍ നാലുപേര്‍ കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിമാരും നാലുപേര്‍ സംസ്ഥാനത്തിന്റെ പ്രതിനിധികളുമായിരുന്നു. എന്നാല്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് സമിതിയില്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രക്ഷോഭത്തിന് പിന്നാലെ ആറിനം റാബി വിളകള്‍ക്ക് മിനിമം താങ്ങുവില ഉയര്‍ത്തുമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 18ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു.

കര്‍ഷക സമരം പ്രമാണിച്ച് വന്‍ സുരക്ഷാ സന്നാഹത്തിലാണ് ഡല്‍ഹി. മാര്‍ച്ച് 12 വരെ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമരവും മറ്റൊരു 2021 ആവര്‍ത്തിക്കുമോ എന്ന് കണ്ടറിയാം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam