ഈയിടെ മുംബൈയിൽ ഒരു വിവാഹ മാമാങ്കം നടന്നിരുന്നുവല്ലോ, ഇന്ത്യയിലെയും വിദേശത്തെയും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ഒന്നടങ്കം പങ്കെടുത്ത വിവാഹം. ആനന്ദ് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹ ചടങ്ങിൽ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായവർ കോൺഗ്രസ് നേതാക്കളായിരുന്നു. പ്രത്യേകിച്ച് രാഹുൽ ഗാന്ധി.
അംബാനിയും അദാനിയും ഉൾപ്പടെയുള്ള ചില വ്യവസായികൾക്കു വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത് എന്ന് നിരന്തരം വാദിക്കുന്നയാളാണ് രാഹുൽഗാന്ധി. അതുകൊള്ളേണ്ടിടത്തുതന്നെ കൊണ്ടിരിക്കുന്നു. വിവാഹത്തിന് പോകുന്നത് തന്റെ വാദഗതികളുടെ മുനയൊടിക്കും എന്ന പക്ഷത്താണ് രാഹുൽഗാന്ധി. മാത്രമല്ല ഇത്രയും വലിയ ആഡംബരത്തിനെതിരായി ഇങ്ങനെയൊരു നിലപാട് എടുക്കാനെ കഴിയൂ എന്നും രാഹുൽ കരുതുന്നു.
രാഹുലിന്റെ നിലപാടിന് വലിയ കൈയ്യടിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിച്ചതും. സ്മൃതി ഇറാനി വിവാദത്തിലെടുത്ത നിലപാടും തികച്ചും വ്യത്യസ്തമായിരുന്നു. ആമുഖമായി ഇതുപറഞ്ഞത് തുടർന്നെഴുതുന്ന കാര്യങ്ങൾക്ക് ഒരു വ്യക്തത വരുന്നതിനുകൂടിയാണ്.
പത്തുവർഷം മുമ്പ് റിലയൻസ് ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, സ്സാർ, ജിൻഡാൽസ് തുടങ്ങി നാൽപത് കൽക്കരി ഇറക്കുമതിക്കാർ ഉൾപ്പെട്ട കൽക്കരി ഇറക്കുമതിയിൽ വൻ തട്ടിപ്പിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കണ്ടെത്തി.
ബി.ജെ.പിയുമായി അടുപ്പമുള്ളവരാണെന്ന് കരുതപ്പെടുന്ന ശതകോടീശ്വരന്മാരും ഇന്ത്യയിൽ സ്വാധീനമുള്ള മറ്റ് ബിസിനസ് ഉടമകളും ചേർന്ന് ഇന്ത്യൻ പവർ പ്ലാന്റുകൾക്കായി ഇന്തോനേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ ചിലവ് വർദ്ധിപ്പിച്ച് വലിയൊരു കൊള്ള നടത്തിയിരുന്നു. ഉയർന്ന വൈദ്യുതി ബില്ലിലാണ് ഇന്ത്യൻ ഉപഭോക്താവിൽ നിന്നും കോർപ്പറേറ്റുകൾ വാരിക്കൂട്ടിയത് എന്ന ആരോപണവും ഉയർന്നിരുന്നു.
2015നും 2016നും ഇടയിൽ കൽക്കരി ഇറക്കുമതിയുടെ അമിത മൂല്യനിർണയത്തെക്കുറിച്ച് ധനം, ഊർജം, കൽക്കരി എന്നീ മന്ത്രാലയങ്ങളോടായി പാർലമെന്റിൽ ആറ് ചോദ്യങ്ങളോളം ഉയർന്നു. വിഷയം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അന്വേഷിക്കുന്നുവെന്നായിരുന്നു മന്ത്രാലയങ്ങൾ എല്ലാ ചോദ്യത്തിനും ഉത്തരമായി നൽകിയത്.
എല്ലായപ്പോഴും ഒരു മന്ത്രി പാർലമെന്റിന്റെ ഏതെങ്കിലും സഭയിൽ താൻ എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞാൽ, ആ പ്രസ്താവന ഒരു ഉറപ്പായി ആണ് കണക്കാക്കപ്പെടുന്നത്. ഗവൺമെന്റ് നൽകുന്ന അത്തരം എല്ലാ ഉറപ്പുകളും മൂന്ന് മാസത്തിനുള്ളിൽ നടപ്പിലാക്കുകയും സഭകളിൽ നൽകുന്ന വാഗ്ദാനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഒരു ഉത്തരവാദിത്ത നിരീക്ഷണ സമിതിയായ ഒരു അഷ്വറൻസ് കമ്മിറ്റി അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയുമാണ് പതിവ്.
അതിനാൽ, മന്ത്രാലയങ്ങളുടെ പ്രസ്തവനയുടെ അടിസ്ഥാനത്തിൽ, 2015 ഏപ്രിൽ മുതൽ അമ്പാനി, അദാനി ഗ്രൂപ്പുകളേയും മറ്റുള്ളവരെയും കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നു എന്നത് ഒരു ഉറപ്പായി രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. പിന്നീടുള്ള ആറ് വർഷക്കാലം പാർലമെന്റിന്റെ ഇരുസഭകളിലെയും അഷ്വറൻസ് കമ്മിറ്റികൾ ഗവൺമെന്റിനോട്, അന്വേഷണങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പല ഡെഡ് ലൈനുകൾ അവസാനിച്ചിട്ടും വിവരങ്ങൾ പുറത്ത് വരുന്നില്ല.
മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അമ്പാനി, അദാനിമാരുടെ അഴിമതികൾ അന്വേഷിക്കാനുള്ള പ്രതിബദ്ധതയിൽ നിന്ന് രക്ഷപ്പെടാൻ ഓരോരോ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കും. ക്രമേണ മാധ്യമങ്ങളുടെയും ജനങ്ങളുടേയും ശ്രദ്ധ മറ്റു വിഷയങ്ങളലേക്ക് തിരിയുന്നത് സ്വഭാവികം. ജനരോഷം അപ്പോൾ കാലിക വിഷയങ്ങളിലാകും. അതോടെ മാധ്യമങ്ങളും ആ വഴിക്ക് നീങ്ങും. എന്തായാലും പാർലമെന്റിന്റെ ഇരു സഭകളിലും നൽകിയ വാഗ്ദാനങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പാർലമെന്റിന് അധികാരമുണ്ടെങ്കിലും ശുഷ്‌കമായ പ്രതിപക്ഷത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നുമുണ്ടായിരുന്നില്ല.
ഒരു പാർലമെന്റ് അംഗം ഏതെങ്കിലും മന്ത്രിയോട് ഒരു ചോദ്യം ചോദിക്കുകയും അവർക്ക് ഉത്തരമില്ലെന്നും എന്നാൽ പിന്നീട് നൽകാമെന്നും പറയുകയാണെങ്കിൽ ഈ പ്രസ്താവന ഒരു ഉറപ്പായി കണക്കാക്കപ്പെടുന്നു. ഒരു നിയമം കൊണ്ടുവരും, അന്വേഷണം നടത്താം അല്ലെങ്കിൽ ഒരു കമ്മിറ്റി രൂപീകരിക്കും എന്നതുപോലുള്ള ഏതെങ്കിലും നിർദ്ദിഷ്ട നടപടിക്ക് മന്ത്രി സർക്കാരിനെ പ്രതിജ്ഞാബദ്ധമാക്കുകയാണെങ്കിൽ, അത് സർക്കാർ പാർലമെന്റിലൂടെ പൊതുജനങ്ങൾക്ക് നൽകുന്ന ഉറപ്പുകളായി കണക്കാക്കപ്പെടുന്നു.
ഉറപ്പുകൾ പ്രാബല്യത്തിൽ വരാതെയാകുമ്പോൾ ഓരോ സഭയ്ക്കും ഒന്ന് എന്ന നിലയിൽ തിരഞ്ഞെടുത്ത പാർലമെന്റംഗങ്ങൾ അടങ്ങുന്ന അഷ്വറൻസ് കമ്മിറ്റി തെളിവുകൾ സഹിതം ഉറപ്പുകളുടെ പുരോഗതിയുടെ സ്റ്റാറ്റസ് അപ്‌ഡേറ്റു ചെയ്യാൻ മന്ത്രാലയങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടത്. പാർലമെന്റിന് നൽകുന്ന അവകാശവാദങ്ങൾക്കും വാഗ്ദാനങ്ങൾക്കും സർക്കാറിനെ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുക എന്നതാണ് ഈ കമ്മിറ്റികളുടെ ലക്ഷ്യം. പറഞ്ഞിട്ടെന്തു ഫലം..?
ഉറപ്പുനൽകുന്ന കമ്മിറ്റികളെ മരവിപ്പിച്ച് കളയുന്ന പഴുതുകളുണ്ട്. പാർലമെന്റിൽ നൽകിയ ഉറപ്പുകൾ തെറ്റിച്ച മന്ത്രിമാർക്കെതിരെ പിഴ ചുമത്താൻ വ്യവസ്ഥയില്ല. പാർലമെന്റിൽ പോലും ഉറപ്പ് നൽകുന്ന സമിതികളുടെ റിപ്പോർട്ടുകൾ ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് ഏറ്റവും മോശം പ്രവണത. അതിനാൽ, പതിറ്റാണ്ടുകളായി, മന്ത്രിമാർ വാഗ്ദാനങ്ങളും അവകാശവാദങ്ങളും നൽകുകയും, പിന്നീട് അവരുടെ പ്രസ്താവനകളിൽ നിന്ന് പിന്നോട്ട് പോകുകയും ചെയ്യുന്നു.
അദാനി ഗ്രൂപ്പിന്റെ അഴിമതി ആരോപണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ നിജസ്ഥിതി പാർലമെന്റിൽ റിപ്പോർട്ട് ചെയ്യുമെന്ന വാഗ്ദാനത്തിൽ നിന്ന് ബി.ജെ.പി സർക്കാർ പിന്നോട്ട് പോവുകയുണ്ടായത്. 2016 ഒക്ടോബറിൽ ആ ഉറപ്പുകളെല്ലാം ഉപേക്ഷിക്കാൻ ധനമന്ത്രാലയം ലോക്‌സഭാ സമിതിയോട് ആവശ്യപ്പെടുകയുണ്ടായത്. വിദേശ രാജ്യങ്ങൾ ഉൾപ്പെടുന്ന അന്വേഷണത്തിൽ അന്വേഷണ ഏജൻസികളുടെ പരിമിതികൾ ചൂണ്ടി കാട്ടിക്കൊണ്ട് അന്വേഷണം ഒരു സമയമെടുക്കുന്ന പ്രക്രിയയാണെന്നു പറഞ്ഞു കൊണ്ടായിരുന്നു അന്വേഷണം ഉപേക്ഷിക്കാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടത്.
പാർലമെന്ററി അഷ്വറൻസ് കമ്മിറ്റിയുടെ 58 റിപ്പോർട്ടിൽ നിന്നുള്ള ഭാഗം അന്വേഷണത്തിന് സമയമെടുക്കുമെന്ന് സമ്മതിച്ച കമ്മിറ്റി പക്ഷെ ഉറപ്പ് ഉപേക്ഷിക്കാൻ വിസമ്മതിച്ചു. ക്രമക്കേടുകളുടെ സ്വഭാവം പരിഗണിച്ച് സമഗ്രമായ അന്വേഷണത്തിനും ഉചിതമായ നടപടിയെടുക്കുന്നതിനുള്ള ഉത്തരവാദിത്തം ഉറപ്പിക്കുകയാണ് വേണ്ടതെന്ന് കമ്മിറ്റി പറഞ്ഞു. രണ്ട് ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾ അന്വേഷണത്തിൽ സഹകരിക്കാൻ വിസമ്മതിച്ചതിനാലാണ് ഡി.ആർ.ഐ വിദേശ രാജ്യങ്ങളെ സമീപിക്കാൻ നിർബന്ധിതരായതെന്ന വസ്തുത കേന്ദ്ര ധനമന്ത്രാലയം വെളിപ്പെടുത്തിയില്ല.
ഇടപാടുകാരുടെ വിവരങ്ങളുടെ രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി വിവരങ്ങൾക്കായുള്ള ഡി.ആർ.ഐയുടെ അപേക്ഷകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിരസിച്ചതായി റിപ്പോർട്ടുണ്ട്. പൊതുമേഖലാ ബാങ്കുകൾ സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളാണെങ്കിലും, ധനകാര്യ മന്ത്രാലയത്തിന് സാമ്പത്തിക സേവന വകുപ്പ് മുഖേന അതിന്റെ പ്രവർത്തനത്തിൽ ന്യായമായ അളവിലുള്ള അധികാരവും നിയന്ത്രണവുമുണ്ട്.
അന്വേഷണം ആരംഭിച്ച ഡി.ആർ.ഐ ഉദ്യോഗസ്ഥരെ എങ്ങനെയാണ് പാതിവഴിയിൽ മാറ്റിയതെന്നതിന്റെ വിശദാംശങ്ങളും മന്ത്രാലയം വെളിപ്പെടുത്തിയില്ല. ഇത് ചില മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. 2017 ഡിസംബറിൽ, ഡി.ആർ.ഐ അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ മേധാവി അരുന്ധതി ഭട്ടാചാര്യയെ രാജ്യത്തെ കൽക്കരി ലേലത്തിനുള്ള നിയമങ്ങൾ രൂപീകരിക്കാൻ ഉന്നതാധികാര വിദഗ്ധ സമിതിയിലേക്ക് നിയമിച്ചു. സമിതിയുടെ ശുപാർശകൾ ഒടുവിൽ നിലവിലുള്ള വാണിജ്യ കൽക്കരി ലേല വ്യവസ്ഥയ്ക്ക് തുടക്കമിട്ടു. ഈ ഭരണത്തിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് അവിശ്വസനീയമാംവിധം കുറഞ്ഞ വിലയ്ക്ക് കൽക്കരി ബ്ലോക്കുകൾ സമ്മാനമായി നൽകാൻ കേന്ദ്രസർക്കാർ എങ്ങനെയാണ് പോയതെന്ന് ദി റിപ്പോർട്ടേഴ്‌സ് കളക്റ്റീവ് പുറത്തുകൊണ്ടുവന്നിരുന്നല്ലോ.
ബി.ജെ.പി സർക്കാരിനെ സംബന്ധിച്ച് അവരുടെ ഉത്തരങ്ങൾ രാഷ്ട്രീയമായി ദോഷം ചെയ്യുന്നവയാണെങ്കിൽ കാലതാമസം ചിലപ്പോൾ അവസാനിക്കാത്തതും നിഷേധങ്ങൾ ഒരു മാർഗമായും മാറും. ഡി.ആർ.ഐ അന്വേഷണം ഒരു പതിറ്റാണ്ടായി മുടങ്ങി കിടക്കുകയും സർക്കാരിന്റെ പാർലമെന്ററി ഉറപ്പുകൾ അസ്തമിക്കുകയും ചെയ്യുമ്പോഴും, അദാനി ഗ്രൂപ്പ് പിന്നീട് നടത്തിയ കൽക്കരി ഇറക്കുമതിയിലെ ക്രമക്കേടുകൾ സൂചിപ്പിക്കുന്ന തെളിവുകൾ അവതരിപ്പിക്കാൻ ഫിനാൻഷ്യൽ ടൈംസിലെയും ഒ.സി.സി.ആർ.പിയിലെയും അന്വേഷണാത്മക പത്രപ്രവർത്തകർക്ക് കഴിഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. പാർലമെന്റിനെ കബളിപ്പിക്കുന്ന നടപടി സർക്കാർ അപ്പോഴും തുടർന്നുകൊണ്ടേയിരുന്നു.
അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള മറ്റ് അന്വേഷണങ്ങൾ
കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും സ്റ്റോക്ക് കൃത്രിമത്വവും അദാനി ഗ്രൂപ്പിനെ വലിച്ചിഴച്ചുവെന്ന് ഹിൻഡൻബർഗ് റിസർച്ച് ആരോപിക്കുന്നതിന് രണ്ട് വർഷം മുമ്പ്, തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്റംഗം മഹുവ മൊയ്ത്ര 2021 ജൂലൈ 19 ന് ധനമന്ത്രാലയത്തോട് ഒരു ചോദ്യം ചോദിച്ചു. യഥാർത്ഥത്തിൽ, അദാനി ഗ്രൂപ്പിന്റെ വിദേശ നക്ഷേപകരുടെ ഉടമസ്ഥർ ആരാണ്? ഏതെങ്കിലും വിദേശ പോർട്ട്‌ഫോൡയാ നിക്ഷേപകനെയോ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളെയോ 'സംശയാസ്പദമായ ഇടപാടുകൾ'ക്കായി അന്വേഷിക്കുന്നുണ്ടോ എന്നും മഹുവ മൊയ്ത്ര അറിയാൻ ആഗ്രഹിച്ചു.
പാർലമെന്റിൽ തൃണമൂൽ എം.പി മഹുവ മൊയ്ത്ര ഉയർത്തിയ ചോദ്യങ്ങൾ മാർക്കറ്റ് റെഗുലേറ്ററായ സെബി, 'സെബിയുടെ നിയന്ത്രണങ്ങൾ പാലിക്കുന്നതു'മായി ബന്ധപ്പെട്ട് 'ചില അദാനി ഗ്രൂപ്പ് കമ്പനികളെ' കുറിച്ച് അന്വേഷിക്കുകയാണെന്ന് അന്നത്തെ ധനകാര്യ സഹമന്ത്രി മറുപടിയിൽ പറഞ്ഞു. മൊയ്ത്ര ആവശ്യപ്പെട്ടിട്ടും അന്വേഷണത്തിന്റെ വിശദാംശങ്ങളൊന്നും വ്യക്തമാക്കുകയോ, അദാനി ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ ലംഘിക്കുന്നതായി സംശയിക്കുന്ന സെബിയുടെ നിയന്ത്രണങ്ങൾ എന്താണെന്ന് പറയുകയോ ചെയ്തിരുന്നില്ല, മാത്രമല്ല മഹുവ മൊയ്ത്ര എന്ന എംപിയെതന്നെ പാർലമെന്റിൽ നിന്നും പുകച്ച് പുറത്തുചാടിച്ചു. രാഹുൽ ഗാന്ധിയേയും പാർലമെന്റിൽ നിന്നും അകറ്റി നിർത്താൻ ബി.ജെ.പി പഠിച്ച പണി പതിനെട്ടും പയറ്റിനോക്കിയതുമാണല്ലോ..! എന്തായാലും അതിശക്തമായി അവരിരുവരും വീണ്ടും പാർലമെന്റിൽ എത്തിയിരിക്കുകയാണല്ലോ..!
കോർപ്പറേറ്റുകളുടെ ഇത്തരം വിളയാട്ടങ്ങൾക്ക് ചങ്ങല ഇടണമെങ്കിൽ അവരോടുള്ള ചങ്ങാത്തം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതിനുള്ള തുടക്കമായി കാണാമോ രാഹുലിന്റെ അമ്പാനിമാരുടെ കല്യാണ ഹിഷ്‌ക്കരണം. എങ്കിൽ ഇന്ത്യയിലെ 142 കോടി ജനങ്ങളുടെ യഖാർത്ഥ പ്രതിനിധിയാകും രാഹുൽ ഗാന്ധി.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1