വീണ്ടും അമേരിക്കന്‍ രാഷ്ട്രീയ ഇടങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറ്റൊരു പ്രസംഗം ചര്‍ച്ചയാവുകയാണ്. പെന്‍സില്‍വാനിയയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാനുള്ള തന്റെ പരിശ്രമങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ട്രംപ് പെന്‍സില്‍വാനിയയിലെ മൗണ്ട് പോക്കോണോയില്‍ എത്തിയതെങ്കിലും സാമ്പത്തിക നയങ്ങളില്‍ ഊന്നിയുള്ള പ്രസംഗം കാത്തുനിന്ന വോട്ടര്‍മാര്‍ക്ക് മുന്നില്‍, ട്രംപ് നടത്തിയ ചില പരാമര്‍ശങ്ങള്‍ അല്പം വിവാദമായോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
സാമ്പത്തിക പ്രതിസന്ധിയും ട്രംപിന്റെ വാദങ്ങളും
മൗണ്ട് പോക്കോണോയിലെ ഒരു കാസിനോ റിസോര്‍ട്ടില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തോട് സംസാരിക്കവെ, രാജ്യത്തെ പണപ്പെരുപ്പം ഒരു വലിയ പ്രശ്‌നമല്ലെന്ന് ട്രംപ് വ്യക്തമാക്കി. ''താങ്ങാനാവുന്ന വില'' എന്ന പദം ഡെമോക്രാറ്റുകള്‍ തന്നെ അപമാനിക്കാന്‍ സൃഷ്ടിച്ച ഒരു തട്ടിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ട്രംപിന്റെ ഈ അവകാശവാദങ്ങള്‍ക്കും ജനങ്ങളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു എന്നാണ് നിരീക്ഷകരുടെ പക്ഷം.
കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് ഏര്‍പ്പെടുത്തിയ പുതിയ നികുതികള്‍ സാധനങ്ങളുടെ വില കുത്തനെ ഉയരാന്‍ കാരണമായിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പലചരക്ക് സാധനങ്ങള്‍, വൈദ്യുതി, വാടക എന്നിവയുടെ വര്‍ധിച്ചുവരുന്ന ചെലവുകള്‍ സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. എന്നാല്‍, തന്റെ ഭരണകാലത്തെ സമ്പദ്വ്യവസ്ഥയ്ക്ക് 'എ പ്ലസ് പ്ലസ്'' ഗ്രേഡ് നല്‍കിയ ട്രംപ്, വിദേശത്ത് നിന്ന് പാവകളും പെന്‍സിലുകളും വാങ്ങുന്നത് കുറച്ചാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാമെന്ന ലഘുവായ നിര്‍ദ്ദേശമാണ് മുന്നോട്ടുവെച്ചത്.
'നിങ്ങളുടെ മകള്‍ക്ക് 37 പാവകളുടെ ആവശ്യമില്ല, രണ്ടോ മൂന്നോ എണ്ണം മതിയാകും,'' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പരാമര്‍ശം കുടിയേറ്റക്കാര്‍ക്കെതിരോ ?
സാമ്പത്തിക വിഷയങ്ങളില്‍ നിന്ന് വ്യതിചലിച്ച ട്രംപ്, കുടിയേറ്റക്കാര്‍ക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. അഫ്ഗാനിസ്ഥാന്‍, ഹെയ്തി, സൊമാലിയ തുടങ്ങിയ രാജ്യങ്ങളെ നരകതുല്യം എന്നും വൃത്തികെട്ടവ എന്നുമാണ് വിശേഷിപ്പിച്ചത്. ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ളവരെ എന്തിനാണ് അമേരിക്ക സ്വീകരിക്കുന്നത് എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചോദ്യം. ''എന്തുകൊണ്ട് നമുക്ക് നോര്‍വെയില്‍ നിന്നും സ്വീഡനില്‍ നിന്നും കൂടുതല്‍ ആളുകളെ കൊണ്ടുവന്നുകൂടാ?'' എന്ന ട്രംപിന്റെ ചോദ്യമാണ് വംശീയമായ വേര്‍തിരിവുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിവെച്ചിരിക്കുന്നത്.
ജനങ്ങള്‍ക്ക് നിരാശയും ആശങ്കയും
പെന്‍സില്‍വാനിയയിലെ മണ്‍റോ കൗണ്ടി, ട്രംപിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമായ ഒരു സ്വാധീനം ചെലുത്തുന്ന സ്ഥലമാണ്. 2020-ല്‍ ബൈഡനെ പിന്തുണച്ച ഈ പ്രദേശം കഴിഞ്ഞ വര്‍ഷം ട്രംപിനൊപ്പം നിന്നിരുന്നു. എന്നാല്‍, ഇവിടുത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ഇപ്പോള്‍ നിരാശ പടരുകയാണെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
ട്രംപിന് വോട്ട് ചെയ്ത ലൂ ഹെഡ്ഡി എന്ന 72-കാരന്‍ പറയുന്നത്, തന്റെ പലചരക്ക് ബില്‍ 175 ഡോളറില്‍ നിന്ന് 200 ഡോളറായി ഉയര്‍ന്നു എന്നാണ്. വില കുറയ്ക്കാന്‍ ട്രംപിന് സാധിക്കുമോ എന്ന കാര്യത്തില്‍ ഇവര്‍ക്ക് വലിയ പ്രതീക്ഷയില്ലെന്നും പറയുന്നു. തങ്ങളെല്ലാവരും പാപ്പരായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പബ്ലിക്കനെന്നോ ഡെമോക്രാറ്റെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഇത് അനുഭവിക്കുന്നു,'' എന്നാണ് നിക്ക് റിലി എന്നൊരാള്‍ പ്രതികരിച്ചത്.
അതേസമയം, ട്രംപിന്റെ സാമ്പത്തിക നയങ്ങളാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഡെമോക്രാറ്റിക്കായ സൂസന്ന വെന ആരോപിച്ചു. മാത്രമല്ല മിയാമിയില്‍ ട്രംപ് പിന്തുണച്ച സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതും, ട്രംപിന്റെ സാമ്പത്തിക നയങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറയുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ ആവേശഭരിതരാക്കാനാണ് ട്രംപ് ഇത്തരം റാലികള്‍ സംഘടിപ്പിക്കുന്നത്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിന്റെ തന്ത്രപ്രകാരം, പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. എന്നാല്‍, ദിനംപ്രതി ഉയരുന്ന ജീവിതച്ചെലവുകളും പണപ്പെരുപ്പവും സാധാരണക്കാരുടെ നടുവൊടിക്കുമ്പോള്‍, കുടിയേറ്റക്കാര്‍ക്കെതിരായ അധിക്ഷേപങ്ങളും 'പാവകള്‍ കുറച്ചു വാങ്ങൂ'' എന്ന ഉപദേശങ്ങളും കൊണ്ട് വോട്ടര്‍മാരുടെ വയറു നിറയ്ക്കാന്‍ ട്രംപിന് സാധിക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു എന്നാണ് ഉയരുന്ന ചോദ്യം.
സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളും രാഷ്ട്രീയ വാചാടോപങ്ങളും തമ്മിലുള്ള ഈ വലിയ വിടവ് നികത്തുക എന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രംപിന് വലിയൊരു വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരക്ഷകരുടെ വിലയിരുത്തല്‍.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
