അച്ഛേ ദിൻ അഥവ നല്ല നാളുകൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാർ 10 വർഷം പൂർത്തിയാക്കുകയാണ്. ഇനിയുള്ളത് അവസാന ലാപ്പിലെ നെട്ടോട്ടം മാത്രം. മോദിയുടെ ഭരണത്തിന് ജനം മാർക്കിടുന്ന ദിനം ഉടൻ പ്രഖ്യാപിക്കും. എന്തെങ്കിലുമൊരു മിറാക്കിൽ സംഭവിച്ചില്ലങ്കിൽ വീണ്ടും അധികാരത്തിൽ വരുമെന്നതിന് ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. സർക്കാരിനെ വിലയിരുത്താൻ വേണ്ടതിലേറെ സമയം ജനത്തിന് ലഭിക്കുകയും ചെയ്തു.
ഉന്നതരായ ഒട്ടുമിക്ക ഒദ്യോഗസ്ഥന്മാരോടും ജൂണിൽ വീണ്ടും കാണാം എന്ന് പറഞ്ഞാണ് പടക്കളത്തിലേക്ക് ഇറങ്ങാനൊരുങ്ങിയതുതന്നെ.
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ ഈ അതികായനെ വീഴ്ത്താൻ പ്രതിപക്ഷത്തുള്ളവർ മുന്നൊരുക്കങ്ങൾ പലതു നടത്തിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ കഴിയുന്നില്ല. ഇതിനിടെ ഉയരുന്ന കർഷകരുടെരോഷവും ഹരിയാനയിലെ ബി.ജെ.പി-ജെ.ജെ.പി സഖ്യം തകർന്നതൊന്നും കാണാതിരിക്കുന്നില്ല. എങ്കിലും എല്ലാവരും ഒറ്റയ്‌ക്കൊറ്റക്ക് തുഴഞ്ഞ് അധികാരത്തിന്റെ തുറമുഖത്തെത്താമെന്നു വ്യാമോഹിക്കുന്നു. അങ്ങിനെ ഒറ്റയക്ക് തുഴയുന്നതിനിടയിൽ പ്രതിപക്ഷത്തുതന്നെയുള്ളവർ തമ്മിൽ പരസ്പരം അങ്കം വെട്ടാനാണ് കൂടുതൽ സമയം എടുക്കുന്നത്. പ്രതിപക്ഷ നിരയിൽ ജയപ്രകാശ് നാരായണനെപ്പോലെ അധികാരമോഹമില്ലാത്ത ഒരു നേതാവു പോലുമില്ല.
2014 മുതൽ തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങൾ. സംസ്ഥാനങ്ങളിലൊരോന്നിലായി കാവി പടർന്നു. ഡൽഹിയും പഞ്ചാബും പക്ഷെ, ആ ജൈത്രയാത്രയിൽ തിരിച്ചടിയായി. ബിഹാറിൽ ഇന്ത്യാസഖ്യം ഉണ്ടാക്കാൻ മുന്നിട്ടിറങ്ങിയ നിതീഷ് കുമാറിനെ വീണ്ടും ഒപ്പം നിർത്തി കൈവിട്ട അധികാരത്തിനും നേരിട്ട അപമാനത്തിനും ബി.ജെ.പി മറുപടി നൽകി. ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ ആഴത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ ഭരണാധികാരിയായി മോദി വളർന്നു പന്തലിക്കുകയാണ്. അമിത് ഷായെന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ മുന്നിൽ എതിരാളികൾക്ക് അടിപതറി. അധികാരം പിടിച്ചെടുക്കുകയെന്നതാണ് അന്തിമശരിയെങ്കിൽ മോദിക്കും അമിത് ഷായ്ക്കുമപ്പുറം ഇന്ത്യൻ ജനാധിപത്യത്തിന് ഇടങ്ങളില്ലാതാവുകയാണ്. അത് ആത്യന്തികമായി വിനാശത്തിലേക്കേ പോകൂ.
വിമതസ്വരങ്ങൾക്ക് വിജയം കൊണ്ട് മറുപടി നൽകി മോദിയും അമിത് ഷായും ബി.ജെ.പിയിലെ അവസാനവാക്കായി. ഹിന്ദിഹൃദയഭൂമിയിലെ സമഗ്രാധിപത്യത്തിന് ശേഷം വടക്കുകിഴക്കൻ മേഖലയെ കൈപ്പിടിയിലൊതുക്കിയ ബി.ജെ.പി വിന്ധ്യപർവതം കടന്ന് തെക്ക് സ്വാധീനമുറപ്പിക്കാൻ പടനയിച്ചു. പക്ഷെ, ഇവിടെ അടിപതറി.
ജനസ്വാധീനത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തുള്ള നേതാക്കൾ പറയുന്നുണ്ടെങ്കിലും നരേന്ദ്ര മോദി തന്നെയാണ് ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും ശക്തനായ നേതാവ്. മാത്രമല്ല, കോൺഗ്രസ്സ് മുക്ത ഭാരതത്തിനായി കിണഞ്ഞു ശ്രമിച്ചുകൊണ്ടുമിരിക്കുന്നു.
'മോദി ഗാരണ്ടി' എന്ന തൻപ്രമാണിത്വം ഉറപ്പിക്കുന്ന മുദ്രാവാക്യമുയർത്തി നാടുനീളെ അശ്വമേധം നടത്തുകയാണ്. അതികഠിനമായ പ്രയത്‌നമാണ് പാർലമെന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് കാരണമാകുന്നതെങ്കിൽ ഒരു സംശയവുമില്ല നരേന്ദ്ര മോദിക്ക് നൂറിൽ നൂറ്റിപ്പത്ത് മാർക്ക് കൊടുക്കേണ്ടി വരും. അമിത ആത്മവിശ്വാസം അതിലും വലിയ വാഗ്ദാനങ്ങൾ. ഇവയ്‌ക്കൊക്കേയും മോദിയുടെ ഗ്യാരണ്ടിയും. പിന്നെന്തുവേണം സാധാരണക്കാർക്കും അരപ്പട്ടിണിക്കാർക്കും ആഹ്ലാദിക്കാൻ. ഏട്ടിലെ പശു പല്ലുതിന്നുമോ എന്നുള്ള ചോദ്യങ്ങൾക്കൊന്നും അവിടെ പ്രസക്തിയില്ല. 24 മണിക്കൂർ മാത്രമുള്ള ഒരു ദിസത്തിൽ 20 മണിക്കൂറും മോദിജീ എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ആരാധകരും അടുപ്പക്കാരും അനുയായികളും പറഞ്ഞുപരത്തുന്നത്.
കേവലം മൂന്നരമണിക്കൂർ മാത്രം കഷ്ടിച്ചുറങ്ങുന്നവനാണ് താനെന്ന് മോദിതന്നെ പറയുമ്പോൾ പിന്നാർക്കെന്തു പറയാനാകും..! 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിലെത്തുന്നതും കാത്തിരുന്ന പൗരന്മാർക്ക് ഇതുവരെയും നിരാശയാണ് ഫലം എന്ന പല്ലവി പാടിക്കൊണ്ടിരിക്കുകയാണിപ്പോഴും കോൺഗ്രസ്സും മറ്റു പ്രതിപക്ഷ പാർട്ടികളും. ഇന്ധനവില സർവകാല റെക്കോർഡിലെത്തിയ കാഴ്ച്ചയാണ് മോദി ഭരണത്തിന്റെ വർഷങ്ങളിൽ നാം കണ്ടത്. യുപിഎ ഭരണകാലത്ത് ഇന്ധനവില കുതിച്ചുയർന്നപ്പോൾ സൈക്കിളിലും കാളവണ്ടിയിലുമേറി പ്രതിഷേധിച്ച ബി.ജെ.പി നേതാക്കൾക്ക് ഉത്തരം മുട്ടുന്നുണ്ട്.
സത്യവും അർഥസത്യവും പൊള്ളത്തരങ്ങളും ചേർന്ന് കുഴഞ്ഞുമറിഞ്ഞുകിടക്കുകയാണ് മോദിയുടെ ഭരണനേട്ടങ്ങൾ എന്നത് വേറേ കാര്യം.
എന്നാൽ ഇതെല്ലാം മോദിയുടെ ചുറുചുറുക്കിനുമുന്നിൽ ചൂളിപ്പോകുന്നു. നോക്കൂ 2024 ജനുവരി മുതലുള്ള മോദിയുടെ ദിനങ്ങളിലൂടെ വെറുതെയൊന്ന് കണ്ണോടിക്കുക. ബി.ജെ.പി എന്ന പാർട്ടിയുടേയും കേന്ദ്രസർക്കാരിന്റേയും സമ്മേളനങ്ങൾക്കു വേണ്ടി മാത്രമായി ഓരോരോ സംസ്ഥാനങ്ങളിലൂടെ എത്രയെത്ര യാത്രകളാണ് ടിയാൻ നടത്തിയിട്ടുള്ളത്. കേരളത്തിൽ തന്നെ നോക്കൂ ബി.ജെ.പിക്കാരനായ പ്രമുഖ സിനിമാതാരത്തിന്റെ മകളെ വേളികഴിപ്പിക്കാനുൾപ്പെടെ എത്രവട്ടം വന്നിരിക്കുന്നു. ഇനിയിപ്പോ പാലക്കാട്ടും പത്തനംതിട്ടയിലും വരാനിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ മണിപ്പൂരിലൊഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളിലും അദ്ദേഹം പോയിരിക്കും. ഇതിനിടയിലും വരാനിരിക്കുന്ന മോദി സർക്കാരിന്റെ 100 ദിവസത്തെ കർമ്മ പദ്ധതികൾ പ്ലാൻ ചെയ്യാൻ അണിയറയിലെ ആസ്ഥാന വിദ്വാന്മാർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞിരിക്കുന്നു. എന്തിനേറെ അതീവ ഗൗരവത്തോടെ നമ്മുടെ അച്ചടിദൃശ്യനവമാധ്യമങ്ങളുൾപ്പെടെ എല്ലാവരും മത്സരബൂദ്ധ്യ അത് പ്രചരിപ്പിക്കുന്നുമുണ്ട്.
ഇതിനിടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം പാർലമെന്റിൽ എങ്ങിനേയും ഉണ്ടാക്കിയേ മതിയാവു എന്ന് എല്ലാ പ്രവർത്തകരോടും ആവശ്യപ്പെട്ടിരിക്കുകയാണ്. അത് എന്തിനുവേണ്ടിയാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. അത്യാവേശത്തോടെയുള്ള പ്രസംഗത്തിനിടെ കർണ്ണാടക എംപി ഹെഗ്‌ഡേ അറിയാതെയത് പറയുകയും ചെയ്തു.
ഹിന്ദുക്കൾക്കെതിരായ കുറേ കാര്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലുണ്ടെന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ മാത്രമേ അതൊക്കെ എടുത്തുകളയാൻ കഴിയു എന്നും പറഞ്ഞതോർക്കുക.
അങ്ങിനെയൊന്നും ഒരിക്കലും സംഭവിക്കില്ലെന്നും അത് എംപിയുടെ മാത്രം അഭിപ്രായമാണെന്നുമാണ് ബി.ജെ.പിക്കാരുടെ പക്ഷം. എന്നാൽ അദ്ദേഹം തെറ്റായി പറഞ്ഞതാണെങ്കിൽ തിരുത്താനോ, അദ്ദേഹം തിരുത്താത്ത പക്ഷം അദ്ദേഹത്തെ താക്കീതു ചെയ്യുകയെങ്കിലും ചെയ്യേണ്ടെ. അതിന്നുവരെ ഉണ്ടായിട്ടില്ല. 2014ൽ മോദി കേന്ദ്രത്തിൽ ഭരണം തുടങ്ങിയ നാൾ മുതൽ കേരളത്തിൽ നിന്നും ഒരു എംപിയെയെങ്കിലും സൃഷ്ടിക്കണം എന്ന ആഗ്രഹം കൊണ്ടു നടക്കുന്നുണ്ട്. അത് ഇന്നേവരെ സാധിച്ചിട്ടില്ല. കേരളത്തിൽ നിലവിലുള്ള ബി.ജെ.പി നേതാക്കളെക്കൊണ്ടതിന് കഴിയില്ലെന്ന് മോദിക്ക് നന്നായി അറിയാം. പല കോൺഗ്രസ് നേതാളേയും ചാക്കിടാൻ പഠിച്ചപണി പതിനെട്ടും നോക്കി.
നടന്നില്ല. ഇപ്പോഴും തൊട്ടുകൂടാൻ പറ്റാത്ത പാർട്ടിയായിട്ടാണ് ബഹുഭൂരിപക്ഷം വോട്ടർമാരും ബി.ജെ.പിയെ കാണുന്നത്. അത് നന്നായി അറിയാവുന്നതുകൊണ്ടാണ് കെ.വി. തോമസുപോലും ഇടതുകൂടാരത്തിലേക്ക് പോയത്. പിന്നെ കിട്ടിയ തുറുപ്പു ചീട്ടുകളാണ് അനിൽ ആന്റണിയും പത്മജയും..! അതുകണ്ട് കോൺഗ്രസ്സ് ആശ്വസിച്ചിരിക്കരുത്. വോട്ടുതട്ടിയെടുക്കാനുള്ള മോദിയുടെ കഴിവിനെ കുറച്ചുകാണരുത്. അസാം, ബംഗാൾ, ഒറീസ എന്നിവിടങ്ങളിലെല്ലാം പയറ്റി വിജയിപ്പിച്ചെടുത്ത തന്ത്രമാണത്.
ആന്ധ്രയിൽ നിന്നായിരുന്നു ബി.ജെ.പിക്ക് ഏറ്റവും കുറച്ച് വോട്ടുകിട്ടിയത്. അവിടെ അഞ്ചു സീറ്റുറപ്പിക്കാനാണ് ശ്രമം. അതിനായി അഴിമതിയിൽ മുങ്ങിനിൽക്കുന്ന തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവിനെ കൂട്ടുപിടിക്കാനും മോദി മടിച്ചില്ല. പാർലമെന്റിൽ മോദി ചെങ്കോലെന്തിയത് തമിഴകത്തെ ഇളക്കാനായിരുന്നു. ഒടുവിൽ പനിർശെൽവത്തെയാണ് കിട്ടിയത്. അവിടെ അഞ്ചിൽ ഒരാൾ ദളിതനാണ്. ആ ദളിത് വോട്ടിലാണ് മോദിയുടെ കണ്ണ്. അവരിപ്പോൾ ഏറെയും ഡിഎംകെയുടെ കൂടെയാണ്. ഒരുകാലത്ത് തെക്കേഇന്ത്യയിൽ ഇന്ദിരാഗാന്ധിക്കുണ്ടായിരുന്ന അംഗീകാരം ഏറെ വലുതായിരുന്നു. അത് പിടിച്ചെടുക്കാനാണ് മോദിയുടെ ശ്രമം. ഒരിക്കൽ മാർവാഡി പാർട്ടിയായും ഉത്തരേന്ത്യൻ പാർട്ടിയായും കരുതിയിരുന്ന ബി.ജെ.പിയെ ഇന്ത്യമുഴുവൻ പടർത്താനുള്ള തീവ്രശ്രമത്തിലാണ് മോദിയും കൂട്ടരും. അത് മനസിലാക്കി മുന്നോട്ടുപോകാൻ കോൺഗ്രസ്സ് ശ്രമിക്കേണ്ടിയിരിക്കുന്നു.
മറ്റൊരു സംശയം കോൺഗ്രസ്സ് തെക്കേ ഇന്ത്യയിലേക്ക് ചുരുങ്ങുമോ എന്നതാണ്. 2019ലെ തെരഞ്ഞെടുപ്പിനു മുമ്പേ തന്നെ വടക്കേയിന്ത്യയിൽ സ്ഥിതി മോശമാണെന്ന തിരിച്ചറിവിൽ നിന്നാണ് രാഹുൽഗാന്ധി വയനാട്ടിലേക്ക് വന്നത്. കാലാവധി കഴിയാൻ പോകുന്ന ലോക്‌സഭയിൽ കോൺഗ്രസ്സിന് 53 സീറ്റാണ് ആകെയുള്ളത്. അതിൽ 28 സീറ്റ് തെക്കേ ഇന്ത്യയിൽ നിന്നുമാണ്. അതുകൊണ്ടാണ് ഉള്ളതിൽ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാകാൻ കോൺഗ്രസ്സിന് കഴിഞ്ഞത്.
വീണ്ടും രാഹുൽ വയനാട്ടിലേക്കു വരുമ്പോൾ വടക്കേയിന്ത്യയിൽ ക്ലച്ച് ഇനിയും പിടിച്ചിട്ടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. അതു തെക്കേ ഇന്ത്യയിൽ കുറെയേറെ വിജയത്തിന് കാരണമാകുമെങ്കിലും അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ്സിന് ക്ഷീണമുണ്ടാക്കും
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1