1984 മുതൽ 2024 വരെയുള്ള കാലയളവിൽ 11 തിരഞ്ഞെടുപ്പുകൾ നടന്നു. ഈ തിരഞ്ഞെടുപ്പുകളിൽ എല്ലാം കോൺഗ്രസിന് രാജ്യത്ത് ശരാശരി 11 കോടി ആളുകൾ വോട്ടു ചെയ്തു. ഇതേ കാലയളവിൽ ബി.െ.ജപിക്ക് ശരാശരി 10.52 കോടി പേർ മാത്രമാണ് വോട്ട് ചെയ്തിട്ടുള്ളത്. എന്നിട്ടും ബി.ജെ.പി പലവഴികളിലൂടെ അധികാരം പിടിച്ചെടുക്കുന്നു. തമ്മിലടിക്കുന്ന കോൺഗ്രസ്സ് നേതാക്കൾക്ക് അതു നോക്കിനിൽക്കാനെ വിധിയുള്ളു..!
കർണ്ണാടകയിലെ ബെളഗാവിയിൽ(പഴയ ബെൽഗാം) അരങ്ങേറുന്ന 'നവ സത്യാഗ്രഹ് ബൈഠക്' കൊണ്ട് കാര്യമായ പ്രയോജനം കോൺഗ്രസ്സിന് ലഭിക്കുമെന്ന വിശ്വാസം കോൺഗ്രസ്സുകാർക്കുപോലുമില്ല. ഗാന്ധിജി കോൺഗ്രസ്സ് പ്രസിഡന്റായ ബെൽഗാം സമ്മേളനത്തിന്റെ ഓർമ്മ പുതുക്കാനാണിപ്പോൾ ഇങ്ങനെയൊരു വമ്പൻ പരിപാടി കോൺഗ്രസ് പാർട്ടി സംഘടിപ്പിക്കുന്നത്. ഇന്നേക്ക് നൂറുവർഷം മുമ്പ് ഗാന്ധിജി കോൺഗ്രസ്സ് പ്രസിഡന്റായിരുന്നപ്പോൾ 1924 ഡിസംബർ 26,27 തിയതികളിൽ അരങ്ങേറിയ സമ്മേളനത്തിന്റെ തനിയാവർത്തനമാണിപ്പോൾ നടക്കുന്നത്.
അന്ന് കോൺഗ്രസിനെ നയിച്ചത് ഗാന്ധിയായിരുന്നെങ്കിൽ ഇന്നു നയിക്കുന്നവരിലാരും ഗാന്ധിയന്മാരല്ല എന്നതു തന്നെയാണ് പ്രധാന പ്രശ്‌നം. അനുകരിക്കാൻ എളുപ്പമാണ്. യാഥാർത്യത്തിലേക്കു വരമ്പോഴാണല്ലോ 'പുളി'അറിയുന്നത്. ഇന്നത്തെ കോൺഗ്രസ്സിന്റെ സംഘടനാസംവിധാനത്തിന്റെ അപചയത്തെക്കുറിച്ച് പ്രസിഡന്റ് ഖർഗെ തന്നെ ഈ മാസാദ്യത്തിൽ വിലപിക്കുന്നത് എല്ലാവരും കേട്ടതാണല്ലോ. അതുകൊണ്ടുതന്നെയാണ് കോൺഗ്രസ്സ് നന്നാകാൻ പോകുന്നില്ലെന്ന മുൻവിധി നിരീക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
1885ൽ ബ്രിട്ടീഷ് ഭരണകാലത്ത് അലൻ ഒക്ടേവിയൻ ഹ്യൂം, ദാദാഭായി നവറോജി, ഡിൻഷൗ എദുൽജി വച്ച എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം വരുന്ന വിവിധ നാടുകളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ ചേർന്നാണ് കോൺഗ്രസ്സ് എന്ന പ്രസ്ഥാനം രൂപീകരിച്ചത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റ മധ്യത്തിലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും കേന്ദ്ര ബിന്ദുവായിരുന്ന കോൺഗ്രസ് 1.5 കോടി സജീവ അംഗങ്ങളും 7 കോടി സമര സേനാനികളുമായി അന്നത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി ഭരണത്തിനെതിരെ സമരം നയിച്ചാണ് തുടക്കം. 1947ലെ സ്വാതന്ത്ര്യലബ്ദിക്കു ശേഷം കോൺഗ്രസ് ഇന്ത്യയിലെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായി മാറി. തുടർന്ന് ഇന്ത്യയിൽ നടന്ന 15 ലോകസഭാ തിരഞ്ഞെടുപ്പിൽ ആറു തവണയും വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ കോൺഗ്രസ് നാലു തവണ മുന്നണി സംവിധാനത്തോടെയും ഭരണത്തിലെത്തിയിട്ടുണ്ട്. ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെ ഏഴു കോൺഗ്രസ് പ്രധാനമന്ത്രിമാർ രാജ്യം ഭരിച്ചിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെ മരണശേഷം ഏതാണ്ട് 40 വർഷമായി പാർട്ടി ഘടന അനുദിനം ശോഷിക്കുന്നതാണ് കണ്ടുവരുന്നത്. ഇപ്പോഴത്തെ കോൺഗ്രസ് അധ്യക്ഷൻ ഖർഗെയുടെ കുറ്റപ്പെടുത്തലിനെക്കാളും കുമ്പസാരത്തെക്കാളും ശക്തമായ ഭാഷയിലാണ് 1985ൽ കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ രാജീവ് ഗാന്ധി സംഘടനയുടെ മുരടിപ്പ് വരച്ചുകാട്ടിയത്. പലരും പാർട്ടിയെ ഉപയോഗപ്പെടുത്തി പണം ഉണ്ടാക്കാനും, ഗ്രൂപ്പ് കളിച്ച് അധികാരം പങ്കിടാനും മുന്നിട്ടിറങ്ങുന്നു, കോൺഗ്രസ്സ് എന്ന സംഘടന ഇന്ന് വെറും തോട് മാത്രമായി മാറിയിരിക്കുന്നു. രാജീവ് ഗാന്ധി അന്ന് കർക്കശ സ്വരത്തിൽ തന്നെയാണതു പറഞ്ഞത്.
ജനങ്ങളുടെ മധ്യേ ഇറങ്ങി അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാതെ പാർട്ടിക്ക് ഇനി നിലനിൽപ്പില്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം രാജീവ് പറഞ്ഞുവെങ്കിലും പ്രത്യേകിച്ച് ഒരു പ്രയോജനവും ഉണ്ടായില്ല. സംഘടനയുടെ വളർച്ച മുരടിച്ചു. പാർട്ടിയുടെ നിലപാടുകൾ പലതും ദോഷമായി. മറുവശത്ത് ഏറെ ഐക്യത്തോടെ പോകുന്ന ആർ.എസ്.എസ്. അവരുടെ ശക്തമായ സംഘടനാ സംവിധാനം. അതുപയോഗിച്ച് ബി.ജെ.പിയെ നന്നായി വളർത്തി. 1984 മുതൽ 2024 വരെയുള്ള കാലയളവിൽ 11 തിരഞ്ഞെടുപ്പുകൾ നടന്നു. ഈ തിരഞ്ഞെടുപ്പുകളിൽ എല്ലാം കോൺഗ്രസിന് രാജ്യത്ത് ശരാശരി 11 കോടി ആളുകൾ വോട്ടു ചെയ്തു. ഇതേ കാലയളവിൽ ബി.ജെ.പിക്ക് ശരാശരി 10.52 കോടി പേർ മാത്രമാണ് വോട്ട് ചെയ്തിട്ടുള്ളത്. എന്നിട്ടും അവർ ഐക്യത്തോടെ നിന്ന് അധികാരം പിടിച്ചെടുക്കുന്നു.
കോൺഗ്രസിനു ലോക്‌സഭാ തിരഞ്ഞെടുപ്പിലും പല നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷജയം അസാധ്യമായിരുന്നെന്നാണ് ഖർഗെ പറഞ്ഞത്. അത്രമേൽ ദുർബലമാണ് പാർട്ടിയും അതിന്റെ സംഘടനയും. അപ്പോൾപിന്നെ, വോട്ടിങ് യന്ത്രത്തെയും ബി.ജെ.പിയുടെ തന്ത്രങ്ങളെയും കുറ്റംപറയുന്നതിൽ വലിയ കാര്യമുണ്ടോ എന്നുചോദ്യം വളർന്നു വലുതാവുകയുമാണ്. ചരിത്രപരമായ പല കാരണങ്ങളാൽ, കോൺഗ്രസ്സ് വല്ലാതെ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും വേരറ്റുപോയിട്ടില്ല. കിടക്കുന്ന കിടപ്പിൽ അങ്ങിങ്ങായുള്ള പരിമിതജയങ്ങളുടെ രൂപത്തിൽ പുതിയ നാമ്പുകൾ പൊട്ടിമുളകയ്ക്കാറുണ്ടെന്നു മാത്രം..! അവിടെയാണ് കോൺഗ്രസ്സ് ഏറെ പണിയെടുക്കേണ്ടിവരുന്നത്.
ത്യാഗ മനോഭാവത്തോടെ, അധികാര ഭ്രമമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ തീർച്ചയായും അതിന് ഫലമുണ്ടാകും. ഇപ്പോഴത്തെ സഖ്യത്തിലുള്ളവരും അതേ മനസോടെ വേണം നിലയുറപ്പിക്കാൻ. കേവലം 16 മാസം മാത്രം പ്രായമായ ഒരു രാഷ്ട്രീയ സഖ്യത്തിന്റെ ഭാവിയെ, കഴിഞ്ഞ ഏതാനും ചില തെരഞ്ഞെടുപ്പുകളിലെ പ്രകടനം കൊണ്ടുമാത്രം വിലയിരുത്തുന്നത് യുക്തിസഹമായിരിക്കില്ല എങ്കിലും, 28 പാർട്ടികൾ ചേർന്ന 'ഇന്ത്യ' ബ്ലോക്ക് നിർണായക സന്ദർഭത്തിലൂടെയാണ് കടന്നുപോകുന്നത് എന്നു പറയാം.
ബി.ജെ.പി എന്ന ഏക ശത്രു മുന്നിലുണ്ടായിരുന്നതുകൊണ്ട്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് എന്ന തലത്തിൽനിന്ന് സഖ്യമായി ഐക്യപ്പെടാനായി. എന്നാൽ, സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന പൊളിറ്റിക്കൽ അജണ്ടകൾ മുന്നണി എന്നതിലുപരി, പ്രതിപക്ഷത്തെ പ്രാദേശിക പാർട്ടികൾക്ക് ഊന്നൽ നൽകുന്നതായിരുന്നു. അതുകൊണ്ടുതന്നെ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 'ഇന്ത്യ' പല പാർട്ടികളുടെ ബ്ലോക്കായി മാറി. മഹാരാഷ്ട്രയിൽ ഈ ബ്ലോക്കിന് യോജിച്ചുനിന്ന് ജയത്തിലെത്താനുമായില്ല. ചില നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രതിപക്ഷ ജയം യഥാർഥത്തിൽ അതാതു പ്രാദേശിക പാർട്ടികളുടെ ചെലവിലേക്ക് എഴുതിയെടുക്കേണ്ടിവരും; പ്രത്യേകിച്ച് ജമ്മുകാശ്മീരിലെയും ഝാർഖണ്ഡിലെയും വിജയങ്ങളിൽ 'ഇന്ത്യ' മുന്നണി ഉണ്ടായിരുന്നില്ല.
'ഇന്ത്യ' മുന്നണി എന്ന രാഷ്ട്രീയ സഖ്യത്തിന്റെ ഒരു സാധ്യത കൂടിയായി, വൈവിധ്യമാർന്ന ഇലക്ടറൽ അജണ്ടകളെ പരിഗണിക്കാം. കാരണം, ഫെഡറലിസത്തെ പ്രധാന അടിസ്ഥാനമായി പരിഗണിക്കുന്ന പ്ലാറ്റ്‌ഫോമാണിത്. അതുകൊണ്ടുതന്നെ കോൺഗ്രസിനെപ്പോലൊരു ദേശീയ പാർട്ടിക്ക് ഒരുതരത്തിലും ആധിപത്യം പുലർത്താൻ കഴിയാത്തതും അതോടൊപ്പം, പ്രാദേശിക പാർട്ടികളുടെ ക്രിയാത്മക പങ്കാളിത്തം സാധ്യമാക്കുന്നതുമായ ഒന്നായേ 'ഇന്ത്യ' മുന്നണിക്ക് മുന്നോട്ടുപോകാനാകൂ. അത്, പല സംസ്ഥാനങ്ങളിലും പല തരത്തിലാകും പ്രതിഫലിക്കുക.
മമത ബാനർജിയെ 'ഇന്ത്യ' മുന്നണിയുടെ നേതാവാക്കണമെന്ന് ടി.എം.സി എം.പി കീർത്തി ആസാദ് പറഞ്ഞപ്പോൾ 'നല്ല തമാശ' എന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ മണിക്കും ടാഗോറിന്റെ പ്രതികരണം.
'ഇന്ത്യ' മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങൾ അത്യന്തം പ്രസക്തമായിരുന്നു. പ്രത്യേകിച്ച് ജാതി സെൻസസ്, ഒ.ബി.സി സംവരണം, സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണം, അടിസ്ഥാന വിഭാഗങ്ങളുടെ സാമൂഹിക നീതി, വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക വിലത്തകർച്ച തുടങ്ങിയ വിഷയങ്ങൾ പ്രധാന കാമ്പയിനാക്കാൻ 'ഇന്ത്യ' മുന്നണിക്ക് കഴിഞ്ഞു. എന്നാൽ, പാർലമെന്റിൽ പ്രതിപക്ഷ സാന്നിധ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട അനിവാര്യമായ ഘട്ടത്തിൽ പ്രതിപക്ഷനിര, ഒറ്റയ്‌ക്കൊറ്റയ്ക്ക് ശബ്ദമുണ്ടാക്കുന്ന ഏതാനും പാർട്ടികളായി മാറിയതാണ് കാണാനായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനോടനുബന്ധിച്ചുമാത്രമാണ് പ്രതിപക്ഷ പാർട്ടികൾക്ക് ഒന്നിച്ചിരിക്കാനായത്. ഈ യോഗത്തിൽനിന്നുപോലും, മൂന്നാമത്തെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായ തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു.
അവർ 'ഇന്ത്യ' മുന്നണി യോഗം തുടർച്ചയായി ബഹിഷ്‌കരിക്കുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കാത്തതും മണിപ്പൂർ കലാപവും പാർലമെന്റിൽ ചർച്ചയാക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസിന് അദാനി മാത്രമാണ് വിഷയം എന്ന് പരാതി. 'ഇന്ത്യ' ബ്ലോക്കിലെ ഒരു പാർട്ടി മാത്രമാണ് തൃണമൂൽ, അല്ലാതെ ഇലക്ഷൻ പങ്കാളിയല്ല എന്നും ഓർമപ്പെടുത്തൽ. അതുകൊണ്ട്, തങ്ങളുടെ മർമപ്രധാനമായ വിഷയങ്ങൾ ചർച്ച ചെയ്യാത്ത സഖ്യത്തോടൊപ്പം നിൽക്കേണ്ടതില്ല എന്നൊരു നിലപാടിലാണവർ എത്തിച്ചേർന്നത്.
എന്തുതന്നെ ആയാലും മമതാ ബാനർജിയുടെ ശക്തി കുറച്ചുകാണാനാവില്ല. ''മോദി തോൽവി അറിഞ്ഞിട്ടുള്ളത് പശ്ചിമ ബംഗാളിലാണ് മാത്രമാണെന്നോർക്കണം.! കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ പോലും ബി.ജെ.പിയെ നിലംപരിശാക്കിയത് തൃണമൂൽ കോൺഗ്രസാണ്''
കോൺഗ്രസ്സ് സംഘടനാ പരിഷ്‌ക്കരണത്തിന്റെ വർഷമായിരിക്കും '2025' എന്ന് സംഘടനാ ജനറൽ സെക്രട്ടറി വേണഗോപാൽ പറയുന്നു. അത് നടത്തിയെടുക്കാൻ കോൺഗ്രസ്സ് പാർട്ടിക്ക് ഒരുപക്ഷെ, മോക്ഷം ലഭിച്ചേക്കും!
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1