ഭൂമിയുടെ ഉപരിതല താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയരുന്ന പ്രവണത ആഗോള തലത്തില്‍ തന്നെ പ്രകടമായിത്തുടങ്ങിയിരുന്നു. ഈ ആഗോള താപനം ക്രമാനുഗതമായി കൂടിക്കൂടി വന്ന് 2016, 2017, 2019, 2023 വര്‍ഷങ്ങളിലേക്കെത്തുമ്പോള്‍ താപനിലയിലെ ശരാശരി വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിലെത്തി. അതും പോരാഞ്ഞ് 2024 ല്‍ എപ്പോള്‍ വേണമെങ്കിലും രാജ്യാന്തര തലത്തില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന പരമാവധി പരിധി മറി കടന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
2050 ഓടെ ഇന്ത്യയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷ ഊഷ്മാവ് താങ്ങാവുന്നതിനുമപ്പുറം പോകാനിടയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടു തന്നെ സ്വാഭാവികമായും ഭൂമി തണുപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടേണ്ടി വരും. താപനിലയിലെ വര്‍ധന അത്യുഷ്ണത്തിന് വഴി വെക്കും. അതുമാത്രമല്ല ധ്രുവങ്ങളിലെയും ഹിമാലയത്തിലേയും ഹിമാവരണവും വന്‍തോതില്‍ ഉരുകുന്നതിന് കാരണമാകും. ഇത് പേമാരിക്കും സമുദ്ര നിരപ്പ് ഉയരുന്നതിനും വഴിവെക്കുകയും മനുഷ്യന്റേയും ജീവികളുടെയും ആവാസ വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കൂടാതെ വലിയ തോതിലുള്ള മണ്ണിടിച്ചിലുകളും കാട്ടു തീയും മിന്നല്‍ പ്രളയങ്ങളും ചുഴലിക്കാറ്റുമൊക്കെ ഇന്ത്യയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലായി നേരിടേണ്ടിയും വരും. ഇത് വന്‍തോതില്‍ ജീവനും സ്വത്തിനും നാശനഷ്ടം വരുത്തിവയ്ക്കും. ആഗോള താപനം വരുത്തി വെക്കുന്ന മാറ്റങ്ങള്‍ നൂറ്റാണ്ടുകള്‍ കൊണ്ടും സഹസ്രാബ്ദങ്ങള്‍ കൊണ്ടും പരിഹരിക്കാനാവാത്തതാണെന്നാണ് ഏറ്റവും ഒടുവിലത്തെ യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പ്രത്യേകിച്ചും സമുദ്രനിരപ്പ് ഉയരുന്നതും മഞ്ഞുപാളികളുടെ ശോഷണവും സമുദ്ര താപനിലയിലെ മാറ്റങ്ങളുമൊക്കെ തടുക്കാനാവാതെ തുടരും. ശാസ്ത്രീയ പഠനങ്ങള്‍ തരുന്ന മുന്നറിയിപ്പില്‍ നിന്നും അത് വ്യക്തമാണ്. ഹരിത ഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ നാം എത്ര തന്നെ കുറയ്ക്കാന്‍ ശ്രമിച്ചാലും കാലാവസ്ഥാ വ്യതിയാനം സംഭവിച്ചു കൊണ്ടു തന്നെയിരിക്കും. അതിന്റെ പ്രത്യാഘാതം ലഘൂകരിക്കാം എന്നത് മാത്രമാണ് നമുക്ക് ആകെ ചെയ്യാവുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാന്‍ ശ്രമിക്കുന്നതോടൊപ്പം അതിനോട് ഇണങ്ങിപ്പോകാനും കൂടി സമൂഹത്തിന് കഴിയണം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ എല്ലായ്‌പ്പോഴും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതുമായി ചുറ്റിപ്പറ്റിയാണ് പുരോഗമിക്കുക. അന്തരീക്ഷ ഊഷാമാവ് ഉയര്‍ത്തുന്നതില്‍ പ്രധാനവില്ലനായ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് അന്തരീക്ഷത്തില്‍ 417 പാര്‍ട്‌സ് പെര്‍ മില്യണ്‍ ആണെന്ന് 2022ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. അന്തരീക്ഷ താപനില നിലവിലുള്ളതിനേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് കൂടാതിരിക്കാനുള്ള പോംവഴികളും ഇതിനായി കാര്‍ബണ്‍ ബഹിര്‍ഗമനത്തോത് എത്രകണ്ട് കുറക്കേണ്ടി വരുമെന്നുമൊക്കെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യു എന്‍ കോണ്‍ഫറന്‍സായ സി ഒ പി പോലുള്ള വേദികളില്‍ ലോക രാഷ്ട്രങ്ങള്‍ ഗൗരവ തരമായ ചര്‍ച്ചകള്‍ നടത്താറുണ്ട്. ഓരോ രാജ്യവും കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറച്ചു കൊണ്ടു വരുന്നതിനുള്ള സമയക്രമവും നിശ്ചയിക്കാറുണ്ട്.
ആഗോള താപനം ലഘൂകരിക്കാനുള്ള ദീര്‍ഘ കാല പദ്ധതികളെക്കുറിച്ച് നമ്മളൊക്കെ ഏറെ കേട്ടിട്ടുണ്ട് ഇതും അതിന്റെ ഭാഗമാണ്.എന്നാല്‍ അടുത്തെത്തിയ യാഥാര്‍ത്ഥ്യവുമായി എങ്ങിനെ ഇണങ്ങിപ്പോകാനാവും എന്നത് കൂടുതലായി ചര്‍ച്ച ചെയ്യപ്പെടണം. കാലാവസ്ഥാ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടണം. കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്‌നം ആവാസ വ്യവസ്ഥയിലേല്‍പ്പിക്കുന്ന ആഘാതമാണെന്ന് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട രാജ്യാന്തര പാനല്‍ തന്നെ വ്യക്തമാക്കുന്നു.
ആഗോള താപനം കാരണം പരിസ്ഥിതിയിലും സമൂഹത്തിലും പൊതുജനാരോഗ്യത്തിലും സാമ്പത്തിക രംഗത്തും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ ലഘൂകരിക്കാനുള്ള ശ്രമങ്ങളെയാണ് അഡാപ്‌റ്റേഷന്‍സ് ടു ക്ലൈമറ്റ് ചേഞ്ച് എന്ന് പൊതുവേ ഉദ്ദേശിക്കുന്നത്. ഇത് സാധ്യമാക്കാന്‍ ഓരോ രാജ്യത്തിനും അവരുടേതായ സാഹചര്യങ്ങളില്‍ അവരുടേതായ പ്രായോഗിക പരിഹാരം ആവശ്യമാണ്. ഓരോ മേഖലയിലുമുള്ളവരുടെ സാഹചര്യം കണക്കിലെടുത്ത് കാലാവസ്ഥാ മാറ്റം അവരുടെ സമൂഹത്തില്‍ എന്തുമാറ്റം ഉണ്ടാക്കുമെന്ന് കണക്കാക്കി വേണം പരിഹാരത്തിനു മുതിരേണ്ടത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1