വെള്ളിത്തിരയിലെ'ഭൂമി മലയാള'ത്തിലുള്ള ഏതെങ്കിലും 'അമ്മ' പറയുമോ 'കറ' നല്ലതാണെന്ന് ? തിരയിളക്കം

AUGUST 29, 2024, 11:02 AM

ചാനലുകളിലും പത്രങ്ങളിലും ബലാൽസംഗവീരന്മാരുടെ പടങ്ങൾ നിറയുന്നുണ്ട്. ഓരോ ദിവസവും പട്ടികയിൽ പേരുകൾ വർധിക്കുകയാണ്. താരത്തിളക്കത്തിന്റെ 'ഹോൾസെയിൽ അവകാശം' കുത്തകയായുള്ള 'അമ്മ' സംഘടനയാകട്ടെ, അംഗങ്ങളെ വേണ്ട സമയത്ത് തിരുത്താതെ പോയോ എന്ന ദുഃഖത്തിലാണ്. ''എന്റെ ചേട്ടനില്ലെങ്കിൽ, ഞാനും കളിക്കാനില്ല'' എന്ന മട്ടിൽ അമ്മയുടെ ഭരണസമിതി അധികാരമൊഴിഞ്ഞ് 'കാവൽ സമിതി' യായി. റേപ്പുകൾ, പീഡനങ്ങൾ, അതിക്രമങ്ങൾ എന്നിവയ്‌ക്കെതിരെ 'അമ്മ'യ്ക്കു നൽകിയ പരാതികൾ 'യഥാസമയം' പോലീസിന് കൈമാറാതിരുന്നതാണ് സംഗതി ഇത്രയും വഷളാക്കിയത്.

അമ്മയിലെ അംഗത്വമെന്നത് ഒന്നരലക്ഷം രൂപ അംഗത്വ ഫീസായി അടയ്‌ക്കേണ്ട ഒന്നൊന്നര ഇടപാടാണ്. പ്രവേശന ഫീസ് ഒപ്പിക്കാൻ തന്നെ ചില 'കലാപരിപാടികൾ' നടത്തി പണമുണ്ടാക്കിയാലോ എന്ന് ചിലർ ചിന്തിക്കാമെന്ന് വരെ സംസാരമുണ്ട്. ഏതായാലും കറ നല്ലതാണെന്ന പരസ്യം ഓകെ. പക്ഷെ 'കറ' പറ്റിയവരെ അമ്മമാർ ചേർത്തുപിടിച്ച ചരിത്രമല്ലോ. മക്കളെ നേർവഴി നടത്തുന്നതിൽ തോറ്റു പോയെന്ന സങ്കടത്തിലാണോ ലാലും കൂട്ടരും രാജിവച്ചത്? അതല്ലെങ്കിൽ, 'പവർ ഗ്രൂപ്പ് കളി' അമ്മയ്ക്ക് പുറത്തിറങ്ങിയാലും തടസ്സമില്ലാതെ തുടരാമെന്ന് ചിലരെങ്കിലും കരുതയോ? പെണ്ണു പിടിക്കുന്നതും പടം പിടിക്കുന്നതുമെല്ലാം ഒരു തരം അശ്‌ളീലച്ചുവയോടെ പണ്ടു മുതലേ കണ്ടവരുണ്ട്.

'അമ്മ' വന്നതോടെ എല്ലാം മാറുമെന്ന് കരുതിയവർ മണ്ടന്മാർ. രാജിവച്ച ഇതേ 'ഭരണസമിതി 'ഓണത്തിനുശേഷം അംഗങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് വീണ്ടും ചുമതലയേറ്റാലോ? ഈ ക്ലൈമാക്‌സ് ഇപ്പോഴേ കുറിച്ചട്ടോളൂ. കാരണം, 'ഇതല്ല ഇതിനപ്പുറവും കണ്ടവനാണീ കെ.കെ. ജോസഫ് ' എന്ന ഇന്നസെന്റ് ഡയലോഗ് നാം എല്ലാവരും കണ്ടും കേട്ടും ചിരിച്ചതല്ലേ? സലീം കുമാർ ചോദിച്ചതുപോലെ ''നമ്മളാരാ മോൻ? ''!

vachakam
vachakam
vachakam

ഓണം റിലീസ് സിനിമകൾ കുറഞ്ഞേക്കാം

ഓണം റിലീസ് തിയതിയായി നിശ്ചയിച്ചിട്ടുള്ളത് സെപ്തംബർ 12 ആണ്. മോഹൻലാലിന്റെ ബറോസും മമ്മൂട്ടിയുടെ ബസൂക്കയുമാണ് ഈ ഓണത്തിന് ഏറ്റുമുട്ടുമെന്ന് കരുതുന്ന ചിത്രങ്ങൾ. ഏറെ വർഷങ്ങൾക്കുശേഷമാണ് സൂപ്പർസ്റ്റാറായ ലാലിന്റെയും മെഗാസ്റ്റാറായ മമ്മൂട്ടിയുടെയും ചിത്രങ്ങൾ ഒരേ തിയതിയിൽ, ഓണം റിലീസായി വരുന്നത്. എന്നാൽ, ഹേമ കമ്മിറ്റി റപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജനം ഓണം സിനിമകളോട് എങ്ങനെ പ്രതികരിക്കുമെന്ന വേവലാതി നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമുണ്ട്.

ത്രീഡി സിനിമയാണ് ലാലിന്റെ ബറോസ്. ലാൽ തന്നെയാണ് സംവിധാനവും. സംവിധായകനെന്ന നിലയിലുള്ള ലാലിന്റെ ആദ്യ സംരംഭം തിയറ്റർ തൊടും മുമ്പേ, ഇത്തരമൊരു 'കലാപം' സിനിമാ മേഖലയിൽ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഗൗതം മേനോന്റെ കാൾഷിറ്റ് കുഴപ്പത്തിൽ കുടുങ്ങിയ ബസൂക്ക, മമ്മൂട്ടിയുടെ ആക്ഷൻ ത്രില്ലറാണ്. പഴയ ഹിറ്റ് തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനായ ഡീനോ ഡെന്നിസാണ് ബസൂക്കയുടെ സംവിധായകൻ. അടിപൊളി ഗെറ്റപ്പിലുള്ള മമ്മൂട്ടിയുടെ പ്രൊമോ പോസ്റ്ററുകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

vachakam
vachakam
vachakam

എല്ലാം ശരിയാകും, ഇല്ലെങ്കിൽ ശരിയാക്കും

എല്ലാം ശരിയാകുമെന്ന ടാഗ്‌ലൈനായിരുന്നു ഇടതുമുന്നണിയുടെ ആദ്യ മന്ത്രിസഭയുടെ തുറുപ്പു ചീട്ട്. രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് വഴിയൊരുക്കിയതാകട്ടെ എല്ലാം ഉറപ്പെന്ന വാഗ്ദാനമായിരുന്നു. പിന്നീട് അധികാരമേറിയ ഇടതു മന്ത്രിസഭകൾ അത്യപൂർവമായ ദുരന്തങ്ങളെ നേരിട്ടു. പ്രളയം 'ഡാം മാനോജ്‌മെന്റി'ൽ വന്ന വീഴ്ചയാണെന്ന് ഹൈക്കോടതി നിയമിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. കോവിഡ് കാലത്തെ 'കണക്കും കുണുക്കുമില്ലാതെ ധനവിനയോഗം, പർച്ചേസിംഗ് എന്നിവയെക്കുറിച്ചെല്ലാം പിൽക്കാലത്ത് പരാതിയുയർന്നിരുന്നു. എല്ലാ ആരോപണങ്ങളെയും അതിജീവിച്ച് ഇടതുപക്ഷം പിടിച്ചു നിന്നുവെങ്കിലും, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒന്നും ശരിയാക്കാത്തതിനും, 'ഉറപ്പുകൾ' പാലിക്കാത്തതിനും ജനം 'പൊളപ്പൻ' തിരിച്ചടി നൽകി. അന്വേഷണക്കമ്മീഷനുകളെല്ലാം ഭരണത്തിന്റെ ശൈലി മാറ്റണമെന്ന് പറഞ്ഞിട്ടും, അതൊക്കെ ഏതോ മലവെള്ളപ്പാച്ചിലിൽ ഒഴുകപ്പോകുകയായിരുന്നു.

ഇപ്പോൾ എല്ലാവരും ജസ്റ്റിസ് ഹേമ കമ്മീഷൻ റപ്പോർട്ടിൽ സർക്കാർ കർശനമായ നടപടിയെടുക്കുമെന്ന ചിന്തയിലാണ്. പക്ഷെ ഒന്നും സംഭവിക്കില്ല. ആഗോളവത്ക്കരണത്തെ തുടർന്ന്, ഭരണരംഗത്തെ വീഴ്ചകളെ 'നേരിടാനാണ്' ഇവന്റുകൾ കണ്ടുപിടിച്ചത്. പച്ച മലയാളത്തിൽ പറഞ്ഞാൽ 'വീണിടം വിദ്യയാക്കുന്ന' തരികിട പരിപാടിയായി ഇവന്റുകളെ അവതരിപ്പിച്ചതുവഴി ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ തമസ്‌കരിക്കാൻ 'ഇവന്റ് നടത്തിപ്പ്' അവസരമൊരുക്കുന്നു.

vachakam
vachakam
vachakam

ഉദാഹരണം പറയാം: പാലക്കാട് ജില്ലയിൽ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ ആത്മഹത്യ ചെയ്തത് മൂന്ന് കർഷകരാണ്. കയറിൽ തൂങ്ങിയും വിഷം കഴിച്ചും മരിച്ച ഈ കർഷകരുടെ വസതികളലേക്ക് ആരും കടന്നു ചെന്നില്ല. ഹതഭാഗ്യരായ ഈ കർഷകരുടെ കണ്ണീർ വീണ കുടുംബങ്ങളെ കാണാത്ത മട്ടിൽ സംസ്ഥാന സർക്കാർ കർഷക ദിനം ആഘോഷിച്ചു. കാരണം ഇവന്റ് നടത്തിപ്പിനുള്ള ചില തൽപ്പര കക്ഷികൾ, സെക്രട്ടറയേറ്റിന് മൂക്കിനു താഴെ പ്രവർത്തിക്കുന്നുണ്ട്. ഓരോ ഇവന്റ് നടത്തിപ്പിനും ക്വട്ടേഷൻ നൽകുന്നതിനു മുമ്പ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള 'ചില്ലറ' അവർ പറഞ്ഞുറപ്പിച്ചിട്ടുണ്ടാകും.

സിനിമാ കോൺക്ലേവും ഇവന്റ് തന്നെ

സിനിമാ മന്ത്രി സജി ചെറിയാൻ സിനിമാ കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനായി ഒരു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റപ്പോർട്ട് മാത്രമല്ല, സിനിമാ നിർമ്മാണത്തിന്റെ സമസ്ത മേഖലകളിലുമുള്ള നയരൂപീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ  മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിക്കുകയുണ്ടായി. എന്നാൽ, ഇത്തരമൊരു ആഘോഷമായ കൂടിവരവിൽ തികച്ചും 'ഗൗരവമായ' തീരുമാനങ്ങൾ നിർദ്ദേശിക്കാൻ സർക്കാർ രൂപീകരിച്ച നയരൂപീകരണ സമിതിക്ക് കഴിയുമോ?

സിനിമയിലെ ലൈംഗികാതിക്രമങ്ങൾ അന്വേഷിക്കാനുള്ള പ്രത്യേക സംഘ രൂപീകരണം പോലും ഒരു 'തടിതപ്പൽ നടപടി'യാണെന്ന് ആരോപണമുയരുന്നുണ്ട്. പോലീസ് ആക്ട് പ്രകാരമല്ലാതെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് തന്നെ തൽക്കാലത്തേയ്ക്കുള്ള 'മുഖം രക്ഷിക്കൽ' നീക്കമായി കരുതണം. സിനിമയിലെ ആദ്യത്തെ ലൈംഗികാതിക്രമക്കേസിന്റെ (2011) പരിണാമമെന്തായിരുന്നു? മൂന്ന് നടന്മാരുടെ പേരുകൾ ആദ്യത്തെ മൊഴിയിൽ പെൺകുട്ടി നൽകിയിരുന്നുവെങ്കിലും അന്വേഷണോദ്യോഗസ്ഥന്റെ ഇടപെടൽ മൂലം പെൺകുട്ടി കോടതിയിൽ മൊഴി മാറ്റിയത് ചരിത്രമാണ്. പേരുകൾ മൊഴിയിൽ നിന്ന് ഒഴിവാക്കിയ പോലീസ് ഇൻസ്‌പെക്ടർക്കെതിരെ സസ്‌പെൻഷൻ നടപടിയുണ്ടായി. പക്ഷെ പിന്നീട് 'പുകയടങ്ങിയപ്പോൾ' തിരിച്ചെടുക്കുകയും ചെയ്തു.

ഹേമ കമ്മിറ്റി റപ്പോർട്ടിൽ എഫ്.ഐ.ആർ. ഇട്ട് കേസെടുക്കാനാവില്ലെന്ന് അന്ന് സിനിമാ മന്ത്രിയായിരുന്ന എ.കെ. ബാലൻ എന്ന വക്കീൽ പറഞ്ഞു കഴിഞ്ഞു. ഒരു നടിയെ വാഹനത്തിൽ വച്ച് പീഡിപ്പിച്ചുവെന്ന കേസിനെ തുടർന്നാണ് ഹേമ കമ്മീഷനെ സർക്കാർ നയോഗിച്ചത്. കമ്മിറ്റി രൂപീകരിച്ചതിന്റെ പശ്ചാത്തല കാരണം സർക്കാർ പതിയെ വിഴുങ്ങുകയാണപ്പോൾ. എല്ലാ മേഖലകളിലും സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ, സിനിമയിലും അതെല്ലാം സംഭവിക്കല്ലേയെന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ, നാലരവർഷക്കാലം ജസ്റ്റിസ് ഹേമ കമ്മീഷൻ റപ്പോർട്ട് പൂഴ്ത്തിവച്ചത് റപ്പോർട്ടിൽ പ്രതിസ്ഥാനത്തുള്ളവരെ പിഴിയാൻ അനൗദ്യോഗികമായി ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടാകുമോ? പിരിവിന്റെ കാര്യത്തിൽ, ജഗജില്ലന്മാരാണ് ചില നേതാക്കളെന്നത് ഒരു രഹസ്യമേയല്ലോ?

'നിങ്ങളെ' കൊല്ലാക്കൊല ചെയ്യാതെ ഞങ്ങൾക്ക് എന്ത് ആഘോഷം ?

പ്രവാസികൾ അവധിക്ക് വരുന്ന നാളുകളാണിത്. കേരളത്തിന് പുറത്തുള്ളവരും തീവണ്ടി, ബസ് വഴിയെല്ലാം ഓണമുണ്ണാനെത്തും. പല കുടുംബങ്ങളും 'സ്‌നേഹപൂർവം' ഒത്തുചേരുന്ന ഈ ഓണക്കാലത്ത്, എല്ലാ രീതിയിലും സർക്കാരും വിമാനക്കമ്പനികളും ടൂറിസ്റ്റ് ബസ്സുടമകളുമെല്ലാം ഇന്ത്യയ്ക്ക് പുറത്ത് നിന്നും അകത്ത്‌നിന്നും യാത്ര ചെയ്യുന്ന മലയാളികളെ 'കൊല്ലാക്കൊല' ചെയ്യുകയാണ്.

ഗർഫ് വിമാന നിരക്ക് അഞ്ചും ആറും ഇരട്ടിയാക്കി വർധിപ്പിച്ചതായി പരാതികളുയർന്നിരുന്നു. ഓഗസ്റ്റ് 10ന് ശേഷം ഗൾഫിൽ നിന്നും കേരളത്തലേക്കുള്ള വിമാന ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. ഇനി പ്രവാസികൾ തിരിച്ചുപോകേണ്ട മാസങ്ങളിൽ മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്കും കുത്തനെ ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്. നാലു പേരുള്ള ഒരു കുടുംബം കേരളത്തിൽ അവരുടെ ഉറ്റവരെ കാണാനെത്താനും മടങ്ങപ്പോകാനും 4 ലക്ഷം രൂപയെങ്കിലും ചെലവഴക്കേണ്ടി വരുന്ന ദുരവസ്ഥയാണ് ഇന്നുള്ളത്.

ഏറ്റവും രസകരമായ കാര്യം മലയാളികൾ മാത്രമേ ഈ അമിത നിരക്കിന്റെ ദുരിതമനുഭവിക്കുന്നുള്ളു എന്നതാണ്. ബംഗ്‌ളൂരു, ഡെൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളലേക്കുള്ള വിമാനയാത്രാ നിരക്കിൽ ഓണക്കാലത്തും മാറ്റമൊന്നുമില്ല. വിമാനയാത്രാ നിരക്ക് നിശ്ചയിക്കുന്നത് സ്വകാര്യ വിമാനക്കമ്പനികളുടെ കൺസോർഷ്യമായ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസയേഷൻ (അയാട്ട) ആണ്. വിമാനയാത്രാ നിരക്കിലെ അപാകതകൾ പരശോധിക്കാൻ കേന്ദ്രസർക്കാർ ഒരു സമിതിയെ നയോഗിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ആ വാർത്തയുടെ മുകളിലൂടെയാണ് ഓണക്കാലത്തെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി 'അയാട്ട' പുലികളി നടത്തി മലയാളികളെ പിഴിയുന്നത് .

അവധിയ്‌ക്കെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് തുണി, ആഭരണക്കടകളെല്ലാം 'ഫെസ്റ്റ്' നടത്തുന്നുണ്ട്. മിക്കവാറും പഴഞ്ചൻ തുണികളും മറ്റും വിറ്റു തീർക്കാൻ ഈ 'ഫെസ്റ്റ്' ദുരുപയോഗം ചെയ്യുന്നു. മറ്റൊരു ചൂഷണ കഥ കൂടി: പ്രവാസികൾ കേരളത്തിലെത്തുമ്പോൾ കൃത്യമായി നടത്തിയിരക്കേണ്ട ഭൂമി ഇടപാടുകൾ, വാടകക്കരാറുകൾ, പണമിടപാടുകൾ എന്നിവയ്‌ക്കെല്ലാം മുദ്രപ്പത്രം വേണം. 500 രൂപയുടെ വരെയുള്ള മുദ്രപ്പത്രങ്ങൾക്ക് പകരം ഇപ്പോൾ സ്റ്റോക്കുള്ളത് 2000 രൂപയ്ക്ക് മുകളിലുള്ള മുദ്രപ്പത്രങ്ങളാണ്. അവിടെയും സർക്കാരിന് ലോട്ടറിയാണ്.

കാരണം നിശ്ചിത തിയതിക്ക് തിരിച്ചു പോകേണ്ട പ്രവാസി കൂടുതൽ തുകയ്ക്കുള്ള മുദ്രപ്പത്രം വാങ്ങി ഇടപാട് നടത്തുമ്പോൾ 500 രൂപയ്ക്ക് പകരം എത്രയോ ഇരട്ടി തുകയാണ് ചെലവഴക്കേണ്ടി വരുന്നത് !പ്രവാസികളുടെ 'വദേശ കറൻസി' രാജ്യത്തിന് മുതൽ കൂട്ടാണെന്നെല്ലാം പറയാറുണ്ട്. പക്ഷെ അവരെ 'ഉഴിഞ്ഞും പിഴിഞ്ഞും' ചോരയൂറ്റിയെടുക്കുകയാണ് പല സംവിധാനങ്ങളുമെന്ന കാര്യം മറക്കല്ലേ !

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam