സൗദിയ്ക്ക് നിക്ഷേപത്തിന് സൗകര്യം നല്‍കാന്‍ ആലോചിക്കുകയാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നേരത്തെ യുഎഇക്ക് നല്‍കിയതിന് സമാനമായ ഇളവുകള്‍ സൗദി അറേബ്യയ്ക്കും നല്‍കും. ഇതുവഴി വലിയ നിക്ഷേപം ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ 10000 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ആദ്യ ചുവടുകള്‍ മാത്രമേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാധ്യമായിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ സൗദിയുടെ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആലോചന. കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്ന ഇളവുകള്‍ സംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ ചില വിവരങ്ങള്‍ പുറത്തുവിട്ടു.
സൗദിയ്ക്ക് ലോകത്തെ പല രാജ്യങ്ങളിലും കോടികളുടെ നിക്ഷേപമുണ്ട്. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) വഴിയാണ് സൗദിയുടെ എല്ലാ നിക്ഷേപങ്ങളും. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നീ മേഖലകളിലെല്ലാം പിഐഎഫിന്റെ നിക്ഷേപം കോടികളാണ്. പിഐഎഫിന് കൂടുതല്‍ ഇളവുകള്‍ നല്‍കി സൗകര്യം ഒരുക്കാനാണത്രെ ഇന്ത്യ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി നികുതി ഇളവുകള്‍ നല്‍കും.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയിലും ഊര്‍ജ രംഗത്തും നിക്ഷേപം ഇറക്കാനാണ് സൗദി അറേബ്യ ആലോചിച്ചിരുന്നത്. ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ഇതിന്റെ പ്രഖ്യാപനം നടത്തിയിരുന്നു. മാത്രമല്ല, കഴിഞ്ഞ മാസം നരേന്ദ്ര മോദി സൗദി അറേബ്യ സന്ദര്‍ശിച്ച വേളയില്‍ തുടര്‍ ചര്‍ച്ചകളും നടന്നു. മോദി-ബിന്‍ സല്‍മാന്‍ ചര്‍ച്ചയാണ് പുതിയ ഇളവുകളിലേക്ക് നയിക്കുന്നത്. ഒട്ടേറെ ജോലി സാധ്യതകളും ഇതോടൊപ്പം തെളിയും. പിഐഎഫിന് അടുത്ത പത്ത് വര്‍ഷത്തേക്ക് നികുതി ഇളവ് അനുവദിക്കുന്നതാണ് പരിഗണനയിലുള്ള കാര്യം. നിക്ഷേപംവഴിയുള്ള ലാഭവിഹിതം, പലിശ, ദീര്‍ഘകാല മൂലധന നേട്ടം എന്നിവയിലാണ് നികുതി ഒഴിവാക്കുക. നേരത്തെ യുഎഇയുടെ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (എഡിഎഐ)ക്കും സമാനമായ ഇളവുകള്‍ ഇന്ത്യ നല്‍കിയിരുന്നു. ആദായ നികുതി നിയമത്തിലെ ഇളവുകള്‍ പ്രകാരമായിരിക്കും നടപടികള്‍.
മാത്രമല്ല ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കണമെന്ന് നരേന്ദ്ര മോദി സൗദി അറേബ്യയോട് അഭ്യര്‍ഥിച്ചിരുന്നു. പല രാജ്യങ്ങളിലും നിക്ഷേപം ഉയര്‍ത്തുകയാണ് സൗദി. പെട്രോളിയത്തിന് പുറമെ മറ്റു വരുമാന മാര്‍ഗങ്ങളും തേടുന്നതിന്റെ ഭാഗമായിട്ടാണ് സൗദിയുടെ നീക്കം. ഈ അവസരം ഉപയോഗപ്പെടുത്താനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇളവുകള്‍ അനുവദിച്ചാല്‍ സൗദിക്ക് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യം കൂടുമെന്നാണ് പ്രതീക്ഷ.
പിഐഎഫ് ആസ്തി
ലോകത്തെ പ്രധാന സോവറിങ് ഫണ്ടുകളിലൊന്നാണ് പിഐഎഫ്. 925 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഫണ്ടാണിത്. നിലവില്‍ ചുരുക്കം ചില നിക്ഷേപങ്ങള്‍ മാത്രമാണ് പിഐഎഫ് ഇന്ത്യയില്‍ നടത്തിയത്. ജിയോയില്‍ 150 കോടി ഡോളര്‍, റിലയന്‍സ് റീട്ടേല്‍ വെന്‍ച്വറസ് ലിമിറ്റഡില്‍ 130 കോടി ഡോളര്‍ എന്നിവ നിക്ഷേപിച്ചിട്ടുണ്ട്. ഗുജറാത്തിലും ആന്ധ്രയിലും എണ്ണ ശുദ്ധീകരണ ശാലകളില്‍ നിക്ഷേപിക്കാന്‍ സൗദി ആലോചിക്കുന്നുണ്ട്. ഇവയ്ക്ക് നികുതി ഇളവ് വേണമെന്നും സൗദി ആവശ്യപ്പെട്ടിരുന്നു.
സൗദിക്ക് ഇളവ് അനുവദിക്കുമെന്നും അണിയറയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട് എന്നുമാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട്. സൗദിക്കും ഇന്ത്യയ്ക്കുമിടയില്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിന് സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ട്. ഊര്‍ജം, നിര്‍മാണ രംഗം, ആരോഗ്യം, ടെലി കമ്യൂണിക്കേഷന്‍, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെല്ലാം നിക്ഷേപിക്കാനാണ് പിഐഎഫ് താല്‍പ്പര്യപ്പെടുന്നത്.
ഇന്ത്യയിലെ പ്രധാന എണ്ണ കമ്പനികളാണ് ഒഎന്‍ജിസിയും ബിപിസിഎല്ലും. രണ്ട് കമ്പനികളും കൂറ്റന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നുണ്ട്. സൗദി അറേബ്യയുടെ അരാംകോ എണ്ണ കമ്പനിക്ക് ഈ എണ്ണ ശുദ്ധീകരണ ശാലകളുടെ 20 ശതമാനം ഓഹരി വാങ്ങാന്‍ ആലോചനയുണ്ടെന്ന് കഴിഞ്ഞാഴ്ച വാര്‍ത്തകളുണ്ടായിരുന്നു. ആന്ധ്ര പ്രദേശിലും ഗുജറാത്തിലുമായിരിക്കും രണ്ട് എണ്ണ ശുദ്ധീകരണ ശാലകള്‍.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1