ലെബനാനില്‍ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് അവരുടെ അംഗങ്ങള്‍ അടക്കം നിരവധി പേര്‍ കൊല്ലപ്പെടുകയും 2750ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുകയാണ്. ദക്ഷിണ ലെബനനിലും ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുമായി അവര്‍ ഉപയോഗിച്ചിരുന്ന വയര്‍ലെസ് കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചത് ഇസ്രായേലിന്റെ ചാര ഏജന്‍സിയായ മൊസാദ് എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്ത 5000 തായ്‌വാന്‍ നിര്‍മ്മിത പേജറുകളില്‍ ഇസ്രായേലിന്റെ മൊസാദ് ചാര ഏജന്‍സി ചെറിയ അളവില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചു എന്നാണ് ലെബനന്‍ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നത്.
തായ്‌വാന്‍ ആസ്ഥാനമായുള്ള ഗോള്‍ഡ് അപ്പോളോ നിര്‍മ്മിച്ച 5000 ബീപ്പറുകള്‍ ആണ് ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്തിരുന്നത്. അവ ഏപ്രില്‍-മെയ് മാസങ്ങളില്‍ രാജ്യത്തേക്ക് കൊണ്ടുവന്നതായി വൃത്തങ്ങള്‍ അറിയിച്ചു. പൊട്ടിത്തെറിച്ച പേജറിന്റെ മോഡല്‍ എപി 924 വേരിയന്റാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാല്‍ തായ്‌പേയ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ബ്രാന്‍ഡ് ഉപയോഗിക്കാന്‍ അവകാശമുള്ള യൂറോപ്പിലെ ഒരു കമ്പനിയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച പേജറുകള്‍ നിര്‍മ്മിച്ചതെന്ന് ഗോള്‍ഡ് അപ്പോളോ സ്ഥാപകന്‍ ഹ്സു ചിംഗ്-കുവാങ് വ്യക്തമാക്കിയിരുന്നു. ഇസ്രായേല്‍ ലൊക്കേഷന്‍ ട്രാക്കിംഗില്‍ നിന്ന് രക്ഷപ്പെടാനായാണ് ഹിസ്ബുള്ള സംഘാംഗങ്ങള്‍ ആശയവിനിമയത്തിനുള്ള സാങ്കേതിക മാര്‍ഗമായി പേജറുകള്‍ ഉപയോഗിക്കുന്നത്.
എന്നാല്‍ ഇസ്രയേലിന്റെ ചാരസേവനം കാരണം ഉല്‍പാദന തലത്തില്‍ ഉപകരണങ്ങള്‍ പരിഷ്‌കരിച്ചതായി മുതിര്‍ന്ന ലെബനീസ് വൃത്തങ്ങള്‍ പറഞ്ഞു. 'മൊസാദ് ഉപകരണത്തിനുള്ളില്‍ ഒരു ബോര്‍ഡ് കുത്തിവച്ചിട്ടുണ്ട്, അതില്‍ ഒരു കോഡ് ലഭിക്കുന്ന സ്ഫോടകവസ്തുക്കള്‍ ഉണ്ട്. ഏതെങ്കിലും ഉപകരണമോ സ്‌കാനറോ ഉപയോഗിച്ച് പോലും ഇത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് വൃത്തങ്ങള്‍ പറയുന്നു. സ്ഫോടക വസ്തുക്കള്‍ ആക്ടീവ് ചെയ്ത് കോഡ് ചെയ്ത സന്ദേശം അയച്ചപ്പോള്‍ പേജറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിലയിരുത്തല്‍. പുതിയ പേജറുകളില്‍ മൂന്ന് ഗ്രാം വരെ സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും ഹിസ്ബുള്ളയ്ക്ക് ഇത് കണ്ടെത്താനായില്ല എന്നും മറ്റൊരു സുരക്ഷാ സ്രോതസ്സ് റോയിട്ടേഴ്‌സിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഓരോ ഉപകരണത്തിലും സ്ഥാപിച്ചിരിക്കുന്ന സ്ഫോടകവസ്തുവിന്റെ ഭാരം 20 ഗ്രാമില്‍ താഴെയാണെന്നും പൊട്ടിത്തെറിച്ച പേജറുകള്‍ അഞ്ച് മാസം മുമ്പ് ഇറക്കുമതി ചെയ്തതാണെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്ങനെയാണ് സ്‌ഫോടകവസ്തു ചാര്‍ജ്ജ് ആക്റ്റിവേറ്റ് ചെയ്തത് എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അതേസമയം ഹിസ്ബുള്ള നേരിട്ട ഏറ്റവും വലിയ ഇന്റലിജന്‍സ് പരാജയമാണിത് എന്ന് യുഎസ് സര്‍ക്കാരിന്റെ മിഡില്‍ ഈസ്റ്റിലെ മുന്‍ ഡെപ്യൂട്ടി നാഷണല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ജോനാഥന്‍ പാനിക്കോഫ് പറഞ്ഞു. നിലവില്‍ കൈയിലുള്ള പേജറുകള്‍ നശിപ്പിച്ച് കളയണം എന്ന് അംഗങ്ങളോട് ഹിസ്ബുള്ള നിര്‍ദേശിച്ചിട്ടുണ്ട്. ഹിസ്ബുള്ളയിലെ ആയിരക്കണക്കിന് അംഗങ്ങള്‍ ഉപയോഗിക്കുന്ന പേജറുകള്‍ ചൊവ്വാഴ്ച ലെബനനിലും സിറിയയിലും ഒരേസമയമാണ് പൊട്ടിത്തെറിച്ചത്.
സംഭവത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെടുകയും ഇറാന്റെ അംബാസഡര്‍ അടക്കം 3000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്ളയുടെ സുരക്ഷാ വീഴ്ച വെളിവായ ഈ സംഭവത്തിന് പിന്നില്‍ ഇസ്രായേല്‍ ആണ് എന്നാണ് ലെബനനും ഇറാനും ആരോപിക്കുന്നത്. ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ഇസ്രായേല്‍ അധികൃതരോ സൈന്യമോ പ്രതികരിച്ചിട്ടില്ല.
മുമ്പും സമാനമായ തന്ത്രങ്ങള്‍ ഇസ്രായേല്‍ പ്രയോഗിച്ചിട്ടുണ്ടെന്നാണ് ആരോപണം. മുന്‍ യുഎസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഇന്റലിജന്‍സ് അനലിസ്റ്റായ ഡേവിഡ് കെന്നഡിയുടെ അഭിപ്രായത്തില്‍, 1996-ല്‍ ഹമാസ് നേതാവ് യഹ്യ അയ്യാഷിനെ കൊല്ലാന്‍ ഇസ്രായേല്‍ മൊബൈല്‍ ഫോണില്‍ 15 ഗ്രാം ആര്‍ഡിഎക്സ് സ്ഫോടകവസ്തു വെച്ചിരുന്നു. അയ്യാഷ് പിതാവിനെ വിളിച്ചപ്പോള്‍ ഉപകരണം പൊട്ടിത്തെറിക്കുകയായിരുന്നു. ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റാണ് ഇതില്‍ പങ്കാളിയായത്.
പേജറുകള്‍ സംബന്ധിച്ചും സ്‌ഫോടനങ്ങള്‍ എങ്ങനെയാണ് നടന്നതെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചില വ്യാഖ്യാനങ്ങള്‍ നോക്കാം:
1) എന്താണ് പേജര്‍?
1960കളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ച ചെറിയ വയര്‍ലെസ് കമ്യൂണിക്കേഷന്‍ ഉപകരണമാണ് പേജര്‍. പേജറിലൂടെ ഒരാള്‍ മറ്റൊരാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് അറിയിക്കുന്നതിന് റേഡിയോ തരംഗങ്ങളിലൂടെ ഡിജിറ്റല്‍ സിഗ്‌നലുകള്‍ അയയ്ക്കുന്നു. ചെറിയ ടെക്സ്റ്റ് മെസേജുകളും ഈ ഉപകരണത്തിലൂടെ അയയ്ക്കാന്‍ കഴിയും.
മൊബൈല്‍ ഫോണുകള്‍ വ്യാപകമാകുന്നതിന് മുമ്പ്, പേജര്‍ ഒരു സാധാരണ ആശയവിനിമയ മാര്‍ഗമായിരുന്നു. പ്രത്യേകിച്ച് രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും അടിയന്തര സേവന ജീവനക്കാര്‍ക്കും ഇടയില്‍ സാധാരണയായി ഉപയോഗിച്ചിരുന്നു. സൈനിക, സുരക്ഷാ മേഖലകളിലും ഇത് ഉപയോഗിച്ചിരുന്നു.
2) എന്തുകൊണ്ടാണ് ഹിസ്ബുല്ല അംഗങ്ങള്‍ പേജര്‍ കൈവശം വയ്ക്കുന്നത്?
പേജര്‍ താരതമ്യേന പഴയ സാങ്കേതിക വിദ്യയാണ്. അതിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ മൊബൈല്‍ അല്ലെങ്കില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ സാധാരണയായി കാണുന്ന സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ചാര, നിരീക്ഷണ ശ്രമങ്ങളില്‍ നിന്നും ഒരു പരിധി വരെ സുരക്ഷിതമാണ്. അതുകൊണ്ടാണ് ഇത് ഇപ്പോഴും സൈനിക, സുരക്ഷാ മേഖലകളില്‍ ഉപയോഗിക്കുന്നത്. അത് തന്നെയാണ് ഹിസ്ബുല്ല അംഗങ്ങള്‍ ഈ ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതിന്റേയും പ്രധാന കാരണം.
3) ഉപകരണങ്ങള്‍ എങ്ങനെയാണ് പൊട്ടിത്തെറിച്ചത്?
ഈ ഉപകരണങ്ങള്‍ എങ്ങനെ പൊട്ടിത്തെറിച്ചെന്ന് കൃത്യമായി അറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്. ഇതിന്റെ കാരണങ്ങളെക്കുറിച്ചുള്ള പലതരം വിശദീകരണങ്ങള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പ്രബലമായ വിശദീകരണം ഇതാണ്-ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ പേജറുകളിലും ഒരു ചിപ്പ് ഇറക്കുമതി ചെയ്ത് സ്ഥാപിച്ചിരിക്കും. ഇസ്രായേല്‍ സൈന്യം ലെബനനിലെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ച ഡ്രോണുകളിലൂടെ അയച്ച റേഡിയോ തരംഗങ്ങളിലൂടെയാണ് ഈ ചിപ്പ് ആക്ടിവേറ്റ് ചെയ്തത്. ഈ തരംഗങ്ങള്‍ വഴി ബാറ്ററി ചൂടാക്കി സ്‌ഫോടനം സാധ്യമാക്കിയതാവാം.
ഈ നിരീക്ഷണത്തിന് പിന്‍ബലമേകുന്നതാണ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി ലെബനീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. പൊട്ടിത്തെറിച്ച കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കകം ഹിസ്ബുല്ല ഇറക്കുമതി ചെയ്ത 'ഏറ്റവും പുതിയ മോഡല്‍' ആണെന്ന് അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുമായി അടുത്ത ബന്ധമുള്ള ഉറവിടങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ ഉപകരണങ്ങള്‍ ഹിസ്ബുല്ല അടുത്തിടെ ഇറക്കുമതി ചെയ്തതാണെന്നാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1