കഴിഞ്ഞ കുറെ വർഷങ്ങളിൽ ലോകമെങ്ങും അഭയാർത്ഥികളായും തൊഴിൽതേടിയും മറ്റു കാരണങ്ങളാലും സ്വന്തം നാടുവിട്ടു അന്യദേശങ്ങളിലേക്കു കുടിയേറുന്നവരുടെ കഥയാണ് കേട്ടുകൊണ്ടിരുന്നത്. ഗുരുതരമായ രാഷ്ട്രീയ ആഭ്യന്തര പ്രശ്‌നങ്ങൾ ഉയർന്ന പല രാജ്യങ്ങളിൽ നിന്നും ദശലക്ഷക്കണക്കിന് ആളുകളാണ് അഭയംതേടി അന്യനാടുകളിലേക്കു ഓടിയത്. സിറിയ, ലിബിയ, വടക്കൻ ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഇങ്ങനെ യൂറോപ്പിലേക്കു കടക്കാനായി ശ്രമിച്ച പലരും കടലിൽ മുങ്ങിപ്പോയി. അലൻ കുർദിയുടെ കഥ എല്ലാവരുടെയും കരളലിയിച്ച സംഭവമാണ്.
കുർദ് വംശജരായ കുടുംബം സിറിയയിൽ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ യൂറോപ്പിലേക്കും അവിടെ നിന്ന് കാനഡയിലേക്കും കടക്കാനാണ് ഒരു ചെറുകപ്പലിൽ മധ്യധരണ്യാഴിയിലൂടെ സഞ്ചരിച്ചത്. എന്നാൽ കാറ്റിലുംകോളിലും കപ്പൽ മുങ്ങിപ്പോയി. കുടുംബം കടലിൽ പതിച്ചു. മൂന്നുവയസ്സുള്ള അലൻ എന്ന കുട്ടിയുടെ ജഡം കടൽത്തീരത്ത് അടിഞ്ഞു. ആ ചിത്രം കണ്ടലോകം മുഴുവൻ കണ്ണീരണിഞ്ഞു.
വിദേശികൾ അനധികൃതമായി
കടന്നുവരുന്നത് തടയാനുള്ള കർക്കശമായ നടപടികൾ ലോകത്തെ മിക്ക രാജ്യങ്ങളിലും
സ്വീകരിക്കുകയുണ്ടായി. മെക്‌സിക്കോ അതിർത്തിയിൽ മതിലുകെട്ടുന്ന പദ്ധതി
അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ആവിഷ്‌കരിച്ചു. രാജ്യത്തു കടന്ന വിദേശികളെ
കണ്ടുപിടിച്ചു പുറത്താക്കാനുള്ള കടുത്ത നടപടികൾ ആരംഭിച്ചു. അവയൊക്കെ ഇന്നും
തുടരുന്നു.
അതിന്റെ ഫലമാണോ എന്നറിയില്ല,ലോകത്തെ പ്രധാന
രാജ്യങ്ങളിലേക്കുള്ള വിദേശികളുടെ വരവിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ കുറവു
സംഭവിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.
ഉദാഹരണത്തിന് അമേരിക്കയിലേക്കുള്ള കടന്നുവരവ് കഴിഞ്ഞ ഒരു വർഷത്തിൽ ഏതാണ്ട് പത്തു ശതമാനത്തോളം കുറഞ്ഞിട്ടുണ്ട് എന്ന് കണക്കുകൾ പറയുന്നു. അതേപോലെ പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾ അടക്കമുള്ള പ്രദേശങ്ങളിലേക്കും വിദേശികളുടെ വരവിൽ കുറവു സംഭവിച്ചിട്ടുണ്ട്. മിക്ക രാജ്യങ്ങളും വിസ ചട്ടങ്ങൾ കർക്കശമാക്കിയതും മറ്റു കർക്കശ നടപടികൾ സ്വീകരിച്ചതും ഇതിനൊരു കാരണമാണ്.
എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ പൗരന്മാരുടെ പുറത്തേക്കുള്ള ഒഴുക്കിൽ ഒരു കുറവും സംഭവിച്ചിട്ടില്ല എന്നു മാത്രമല്ല, കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ അത് കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്തത് എന്ന് ആഗോള പ്രശസ്ത ചിന്തകനും എഴുത്തുകാരനും ഗവേഷകനുമായ രുചിർ ശർമ്മ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ ജനിച്ചു അമേരിക്കയിൽ ജോലി ചെയ്യുന്ന ശർമ്മ ഇന്ന്‌റോക്ക്‌ഫെല്ലർ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ അധ്യക്ഷനാണ്. ഫിനാൻഷ്യൽ ടൈംസ്‌പോലുള്ള അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി എഴുതുന്നു.
മുതലാളിത്തത്തിന് എവിടെയാണ് പിഴച്ചത്? എന്നപേരിൽ അദ്ദേഹം ഈയിടെ എഴുതിയ പുസ്തകം ബെസ്റ്റ് സെല്ലറാണ്. ഓരോ വർഷത്തിന്റെയും ആരംഭത്തിൽ മുൻവർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇനി വരും വർഷം എന്തു പ്രതീക്ഷിക്കാം എന്നൊരു വിശകലന പരിപാടി അദ്ദേഹം നടത്താറുണ്ട്. വരുംവർഷത്തെ സംബന്ധിച്ച പത്തു പ്രധാന പ്രവചനങ്ങൾ. മുൻവർഷം നടത്തിയ പ്രവചനങ്ങളിൽ ഏതൊക്കെ സത്യമായി, ഏതൊക്കെ പരാജയപ്പെട്ടു എന്നൊരു പരിശോധനയും ഈ പരിപാടിയുടെ ഭാഗമാണ്.
ഇന്ത്യയിൽ എൻഡിടിവി മുൻ ചെയർമാൻ ഡോ. പ്രണോയ്‌റോയ് ഈയിടെ ആരംഭിച്ച ഡീകോഡർ എന്ന വീഡിയോ ചാനലിൽ അദ്ദേഹവുമായി നടത്തുന്ന ചർച്ചയുടെ രൂപത്തിലാണ് പരിപാടി അവതരിപ്പിക്കുന്നത്. 2026 സംബന്ധിച്ച ഒന്നര മണിക്കൂർ വരുന്ന ചർച്ച കഴിഞ്ഞ ദിവസം യൂട്യൂബിൽ വന്നിട്ടുണ്ട്. അതിൽ അദ്ദേഹം നടത്തുന്ന പത്തു പ്രവചനങ്ങൾ ഓരോന്നും ശ്രദ്ധേയമാണ്. അതിലേറെ ശ്രദ്ധേയമാണ് കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ പ്രവചനങ്ങളിൽ പത്തിൽ എട്ടും സത്യമായി പരിണമിച്ചു എന്ന കാര്യം.
അമേരിക്കൻ സമ്പദ്ഘടനയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് അദ്ദേഹം പ്രധാനമായും പഠനവിധേയമാക്കുന്നത്. ട്രംപിന്റെ കടുത്ത ചുങ്കനയം ലോകത്തെ മറ്റുരാജ്യങ്ങളുടെ വ്യാപാര നയങ്ങളിൽ വമ്പിച്ച മാറ്റങ്ങൾ ഇതിനകം തന്നെ കൊണ്ടുവന്നു കഴിഞ്ഞു. അമേരിക്കയെ ഒഴിവാക്കിനിർത്തി മറ്റു രാജ്യങ്ങൾ വ്യാപാര കരാറുകളിൽ ഏർപ്പെടുന്ന പ്രവണതയാണ് ശക്തിപ്പെടുന്നത്. ശർമ്മ പറയുന്നത് അമേരിക്കയെ ശക്തിപ്പെടുത്തുക എന്നതാണ് ട്രംപ് നയമെങ്കിലും അതിന്റെ ആത്യന്തിക ഗുണഭോക്താക്കൾ മറ്റു രാജ്യങ്ങളായിരിക്കും എന്നാണ്. അമേരിക്കയെ ആശ്രയിക്കാതെ ഭാവിലോകത്തിൽ മുന്നോട്ടപോകാനുള്ള തന്ത്രങ്ങളാണ് വിവിധ രാജ്യങ്ങൾ ആവിഷ്‌കരിക്കുന്നത്. നാറ്റോയും യൂറോപ്യൻ യൂനിയനും അമേരിക്കയിൽ നിന്നും അകന്നുപോകുന്നത് അതിന്റെ കൃത്യമായ ലക്ഷണമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധിയുടെപേരിലുള്ള വമ്പിച്ച കോലാഹലവും കനത്ത നിക്ഷേപവും ഒരു തട്ടിപ്പിന്റെ സ്വഭാവം ആർജിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന കാര്യം. അമേരിക്കയിലും ലോക ഓഹരിവിപണിയിലും എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കമ്പനി ഓഹരികൾ കുതിച്ചുയരുകയാണ്. അത് അധികകാലം നിലനിൽക്കാനിടയില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു വമ്പൻ തകർച്ച അവിടെ സംഭവിച്ചേക്കും.
ഇന്ത്യയെ സംബന്ധിച്ച് രുചിർ ശർമ്മ നടത്തുന്ന വിലയിരുത്തലുകൾ പ്രധാനമാണ്. അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ഒരു വിഷയം ഇന്ത്യയിൽ നിന്നും വിദേശനിക്ഷേപം നിരന്തരമായി പുറത്തേക്കു ഒലിച്ചുപോകുന്ന പ്രവണതയാണ്. കഴിഞ്ഞ വർഷം ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും ലക്ഷക്കണക്കിന് കോടിഡോളർ വരുന്ന നിക്ഷേപമാണ് പുറത്തേക്കുപോയത്. ഇന്ത്യയുടെ സാമ്പത്തിക വികസനം സംബന്ധിച്ച സർക്കാരിന്റെ അവകാശവാദങ്ങൾ സ്വകാര്യമേഖലയും ഫിനാൻസ് മൂലധന വിപണിയും കാര്യമായി എടുക്കുന്നില്ല എന്നാണ് അതിന്റെ അർഥം. ഇന്ത്യ ഏഴു ശതമാനത്തിൽ അധികം വളർച്ചാനിരക്ക് കാണിക്കും എന്നൊക്കെ പറയുമ്പോഴും അതിൽ വലിയനേട്ടങ്ങൾ ഒന്നും വിദേശികൾ കാണാതെപോകുന്നത് എന്തുകൊണ്ട്? കണക്കുകളിൽ പലതും വസ്തുതകളുമായി ബന്ധമില്ലാത്തതാണ് എന്നതാണോ യാഥാർഥ്യം?
മറ്റൊരു വിഷയം കൂടി രുചിർ ശർമ്മ ചൂണ്ടിക്കാണിക്കുന്നു. ലോകത്തെ മറ്റു രാജ്യങ്ങളിൽ നിന്നും ജനങ്ങളുടെ പ്രത്യേകിച്ച് കർമശേഷിയുള്ള യുവജനങ്ങളുടെ പുറത്തേക്കുള്ള ഒഴുക്ക് കുറയുകയാണ്. അതാതു രാജ്യങ്ങളിൽ തന്നെ മെച്ചപ്പെട്ട അവസരങ്ങൾ കണ്ടെത്താൻ അവർക്കു കഴിയുന്നു. ഇന്ത്യയാണ് അതിനൊരു അപവാദം. ശർമ്മ ചൂണ്ടിക്കാണിക്കുന്നത് 1990കളിൽ ഇന്ത്യയിൽ പ്രതിവർഷം 30 ലക്ഷത്തിലേറെ യുവജനങ്ങൾ പുറം നാടുകളിലേക്കുപോയെങ്കിൽ ഇന്നത്തെ 'വികസിത ഭാരത'ത്തിൽ നിന്നും സ്ഥലം വിടുന്നത് അതിന്റെ ഇരട്ടിയിലേറെ ആളുകളാണെന്നാണ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 68 ലക്ഷത്തോളം ആളുകളാണ് ഇന്ത്യ വിട്ടത്; അതിൽ ഒരു പങ്ക് ഇന്ത്യൻ പൗരത്വവും ഉപേക്ഷിച്ചു.
ഒരുകാലത്തു വികസിത രാജ്യങ്ങളിലേക്കു സാങ്കേതിക പരിജ്ഞാനമുള്ള ഏറ്റവും കൂടുതൽ ആളുകൾ ഏഷ്യയിൽ നിന്നുംപോയിക്കൊണ്ടിരുന്നത് ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമായിരുന്നു. ഇന്ന് ചൈനയിൽ നിന്നുള്ള ഒഴുക്ക് നിലച്ചുവെന്നു മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിൽ നിന്നും ചൈനീസ് വിദഗ്ദ്ധർ സ്വന്തം നാട്ടിലേക്കു തിരിച്ചു വരികയുമാണ്. അവരുടെസേവനം ചൈനയിൽ ഉപയോഗപ്പെടുത്താനുള്ള വിപുലമായ സംവിധാനങ്ങൾ അവിടെ ഉണ്ടായിക്കഴിഞ്ഞു.
എന്നാൽ ഇന്ത്യയിൽ സ്ഥിതി ഭിന്നമാണ്. പാശ്ചാത്യരാജ്യങ്ങളിൽ ധാരാളം ഇന്ത്യക്കാർ അത്യുന്നത പദവികളിലുണ്ട്. എന്നാൽ അതു വിട്ടു ഇന്ത്യയിൽ വന്നു സ്ഥാപനങ്ങൾ തുടങ്ങാൻ ആരും തയ്യാറാവുന്നില്ല. മറിച്ചു ഉന്നത വൈദഗ്ധ്യമുള്ള കൂടുതൽ വ്യക്തികൾ നാടു വിടുകയുമാണ്. ഇക്കാര്യത്തിൽ ഇന്ത്യക്കു ചില കൂട്ടുകാരുമുണ്ട് ഉക്രൈൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ. അവിടെ നിന്നും വൻതോതിൽ ഒഴിച്ചപോക്ക് നടക്കുന്നുണ്ട്.
യുദ്ധത്തിൽ തകർന്ന രാജ്യമാണ് ഉക്രൈൻ. മറ്റു രണ്ടും മതപരവും തീവ്രവാദപരവുമായ രാഷ്ട്രീയം കാരണം കുഴപ്പത്തിൽ ചാടിയ രാജ്യങ്ങളാണ്. എന്തുകൊണ്ട് ഇന്ത്യയും അവരുടെ കൂട്ടത്തിൽ പെട്ടു എന്നചോദ്യത്തിനു ഉത്തരംതേടി അധികം മെനക്കെടേണ്ട കാര്യമില്ല. അമ്പലങ്ങളിൽ പൂജാരിയുടെ പണി ചെയ്യുന്ന ഒരു പ്രധാനമന്ത്രിയുള്ള രാജ്യത്തു തങ്ങൾക്കുശോഭനമായ ഭാവി പ്രതീക്ഷിച്ചിട്ടു കാര്യമില്ല എന്നു യുവജനങ്ങൾ ചിന്തിച്ചാൽ അവരെ എന്തിനു കുറ്റം പറയണം?
എൻ.പി. ചെക്കുട്ടി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
