മനുഷ്യനു വിലയിടിയിന്നു, മനുഷ്യത്വം മരവിക്കുന്നു തുടങ്ങിയ പ്രയോഗങ്ങൾ നാം സാധാരണ കേൾക്കാറുള്ളതാണ്. ചില കൊടും ക്രിമിനലുകളെ നാം മനുഷ്യമൃഗമെന്നൊക്കെ വിളിക്കാറുണ്ട്. ട്രെയിനിൽനിന്നു യുവതിയെ തള്ളിയിട്ടു മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമിയെപ്പോലുള്ളവരെയാണ് അത്തരം വിശേഷണങ്ങൾ ചേർത്തു വിളിക്കാറുള്ളത്.
മൃഗീയ വാസനയുള്ള മനുഷ്യരെക്കുറിച്ചും പറയാറുണ്ട്.
വിവേചനബുദ്ധിയില്ലാതെ പെരുമാറുന്നതിനാണ് സാധാരണ അങ്ങിനെ പറയുക. എന്നാൽ ചില മൃഗങ്ങൾപോലും മനുഷ്യരെക്കാൾ വലിയ സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. നായ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളാണ് ഇത്തരത്തിൽ യജമാന സ്‌നേഹമോ മനുഷ്യസ്‌നേഹമോ ഒക്കെ കാണിക്കാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഇത്തരം ചില മൃഗങ്ങളുടെ റീലുകൾ വരാറുണ്ട്. നിർമിത ബുദ്ധി ഉപയോഗിച്ചു നിർമിക്കുന്ന റീലുകളാണ് ഏറെയും. യാഥാർഥ്യമെന്നു തോന്നത്തക്കവിധമാണ് അതിൽപലതും നിർമിക്കപ്പെടുന്നത്.
മൃഗങ്ങളോടു വലിയ സ്‌നേഹവും വാത്സല്യവുംപ്രകടിപ്പിക്കുന്നവർ ഏറെയുണ്ട്. പൊതുനിരത്തുകളിൽ നായ്ക്കൾക്കു ഭക്ഷണം വിളമ്പുന്നവർ നമ്മുടെ നാട്ടിലുമുണ്ട്. അതിദാരിദ്ര്യം കേരളത്തിൽ നിർമാർജനം ചെയ്യപ്പെട്ടുവെന്നാണ് സർക്കാർ അവകാശപ്പെടുന്നതെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിന് കാത്തിരിക്കുന്നവർ ഇന്നും ഉണ്ട്. അതുകൊണ്ടാണല്ലോ ആശുപത്രികളിലാണെങ്കിലും പൊതിച്ചോറൊക്കെ വിതരണം ചെയ്യേണ്ടിവരുന്നത്. പൊതുസ്ഥലങ്ങളിൽ ഭക്ഷണപായ്ക്കറ്റുകൾ ആവശ്യക്കാർക്ക് സൗജന്യമായി എടുക്കത്തക്കവിധം വയ്ക്കുന്ന സ്ഥലങ്ങളുമുണ്ട്. ഇതൊക്കെ പറഞ്ഞത് മലയാളി പൊതുവേ ഉദാരമതികളും സ്‌നേഹവായ്പുള്ളവരുമാണെന്നു സമർഥിക്കാനല്ല.
2026 ജനുവരി 14 ലെ ദീപിക ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന വാർത്തയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു. 'മനുഷ്യനുവേണ്ടി വാദിക്കാനാളില്ല'. വെണ്ടയ്ക്കാ അക്ഷരത്തിലുള്ള ആ വാക്കുകൾക്കു മുകളിലായി ലീഡായി 'തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി' എന്നും ചേർത്തിരുന്നു.
ഏറെക്കാലമായി വന്യമൃഗശല്യം കേരളത്തിലെ മലയോര ജില്ലകളിലെ ജനജീവിതം ദുസഹമാക്കുന്നു. അതിപ്പോൾ ഉൾനാടുകളിലെ ജനവാസകേന്ദ്രങ്ങളിലേക്കും കടന്നു ചെന്നുകഴിഞ്ഞു. ആനയും പുലിയും കടുവയും കാട്ടുപന്നിയുമൊക്കെ വൻതോതിൽ കൃഷിനാശം മാത്രമല്ല ജീവനാശവും ഉണ്ടാക്കുന്നു. തെരുവുനായക്കളുടെ പ്രശ്‌നമാകട്ടെ ദേശീയ പ്രശ്‌നമായി മാറി. അതുകൊണ്ടാണല്ലോ രാജ്യത്തെ പരമോന്നത കോടതിക്കുപോലും അക്കാര്യത്തിൽ ഇടപെടേണ്ടിവരുന്നത്. മനുഷ്യനു വിലയിടിയുന്ന കാലത്ത് മൃഗങ്ങളുടെ കാര്യമാണ് മുഖ്യ ചർച്ചാവിഷയമാകുന്നത്.
രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലുമൊക്കെ തെരുവുനായ ശല്യം രൂക്ഷമാണ്. ജഡ്ജിമാർപോലും അതിന് ഇരയായിട്ടുണ്ട്. തെരുവുനായ കടിച്ചതിനെത്തുടർന്ന് പേവിഷബാധയേറ്റു മരിച്ചു പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരുടെ ദയനീയ കഥകളും വിരളമല്ല. കേരളത്തിൽ അതു വളരെ രൂക്ഷമാണ്. എത്രയോ പേരാണ് നായയുടെ കടിയേറ്റു മരിച്ചിട്ടുള്ളത്. എന്നിട്ടും ദിവസേനയെന്നോണം തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങളിൽ വരുന്നു. തെരുവുകളിലെ മാലിന്യമാണ് മൂലകാരണം.
നായ വളർത്തുമൃഗമാണെങ്കിലും തെരുവിൽ വളരുന്ന നായ്ക്കൾക്ക് ഉടമസ്ഥരില്ല. അത് പൊതുസ്വത്താണ്. പക്ഷേ ഈ പൊതുസ്വത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരുമില്ല. വഴിയേ പോകുന്നവരെയൊക്കെ കടിച്ച് അവ യഥേഷ്ടം വാഴുന്നു. നായ്ക്കളുടെ വന്ധ്യംകരണം, തെരുവ് നായക്കളെ പിടിച്ച് അഭയകേന്ദ്രങ്ങളിൽ അടയ്ക്കൽ തുടങ്ങി പല മാർഗങ്ങളും ഈ ശല്യം ഒഴിവാക്കാൻ പറയുന്നുണ്ടെങ്കിലും അതൊന്നും കൃത്യമായോ കാര്യക്ഷമമായോ നടക്കുന്നില്ല. എന്നു മാത്രമല്ല, തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനു താത്പര്യം കാണിക്കുന്ന നായസ്‌നേഹികൾ അവയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി വളർത്താനൊട്ടു സന്നദ്ധരുമല്ല.
തെരുവനായ പ്രശ്‌നം രൂക്ഷമാവുകയും പലരുടെയും ജീവൻ നഷ്ടപ്പെടുകയുമൊക്കെ ചെയ്തപ്പോൾ വിഷയം കോടതി മുമ്പാകെ വന്നു. അത് പരമോന്നത കോടതിയായ സുപ്രീംകോടതിവരെ എത്തി. അവിടെ നായ്ക്കൾക്കും നായസ്‌നേഹികൾക്കും വേണ്ടി വാദിക്കാൻ കപിൽ സിബലിനെ പോലുള്ള പ്രമുഖ അഭിഭാഷകരും എത്തി. സുപ്രീംകോടതിയൽ കേസു നടത്താനൊക്കെ എത്രമാത്രം ചെലവുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ട്രെയിനിൽ ഭിക്ഷാടനം നടത്തി ഉപജീവനം നടത്തിയിരുന്ന ഗോവിന്ദച്ചാമിക്കുവേണ്ടിപ്പോലും സുപ്രീംകോടതിയിൽ വാദിക്കാൻ ആളുണ്ടായി. അപ്പോൾ പിന്നെ നായകൾക്കുവേണ്ടി അവയെ സ്‌നേഹിക്കുന്നവർ വരാതിരിക്കില്ലല്ലോ. ഇക്കാര്യത്തിൽ കഴിഞ്ഞ 14ന് സുപ്രീംകോടതി നടത്തിയ ചില പരാമർശങ്ങൾ നമ്മുടെയൊക്കെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.
എത്രയോ പ്രമാദമായ കേസുകളാണ് സുപ്രീംകോടതി മുമ്പാകെ ഉള്ളത്. ആ കോടതിയുടെ വിലപ്പെട്ട സമയം നായ്ക്കളുടെ പ്രശ്‌നം പരിഹരിക്കാനും നീക്കിവയ്‌ക്കേണ്ടിവരുന്നു. ഉന്നതമായ നീതിബോധത്തിനു മുന്നിൽ ഇതൊക്ക സാധാരണവുമാണ്. മനുഷ്യനെയും മൃഗങ്ങളെയും പ്രകൃതിയെയുമൊക്കെ സംരക്ഷിക്കാൻ സുപ്രിംകോടതി ഉൾപ്പെടെയുള്ള നീതിന്യായ സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിക്കുന്നതു നാം പല വട്ടംകണ്ടിട്ടുണ്ട്. അത്തരം ചില നിർണായക നിരീക്ഷണങ്ങളാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അജ്ഞുരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നടത്തിയത്.
തെരുവുനായ്ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന മരണത്തിന്റെയും പരിക്കുകളുടെയും ഉത്തരവാദിത്വത്തിൽനിന്ന് സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും മാറിനിൽക്കാവില്ലെന്നു ഡിവിഷൻ ബെഞ്ച് അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി. ഇരകൾക്ക് കനത്ത നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന മുന്നറിയിപ്പും കോടതി നൽകി. തെരുവുനായകൾക്കു ഭക്ഷണം നൽകുന്ന നായസ്‌നേഹികൾക്കും ഇതിന്റെ ബാധ്യതയുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. തെരുവ്‌നായ ആക്രമണവുമായി ബന്ധപ്പെട്ടു കോടതി സ്വമേധയാ എടുത്ത കേസിന്റെ വിചാരണവേളയിലായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഈ പരാമർശങ്ങൾ. തെരുവനായ്കൾക്കുവേണ്ടി നിരവധിപേർ വാദിക്കാനുണ്ടായിരുന്നുവെങ്കിലും അവയുടെ ആക്രമണം നേരിട്ട മനുഷ്യർക്കുവേണ്ടി വാദിക്കാൻ ആരെയും കണ്ടില്ലെന്നു കോടതി പറഞ്ഞത് ഈ വേളയിലാണ്.
തെരുവുനായ്ക്കളെ ദത്തെടുക്കുന്നതിനു നയം രൂപീകരിക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തോടു പ്രതികരിക്കവേ, തെരുവുകളിലെ അനാഥരായ കുട്ടികളെ ദത്തെടുക്കുന്നതിനെക്കുറിച്ച് ആരും വാദിക്കുന്നില്ലെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി. മനുഷ്യത്വം മരവിച്ച ചില മനുഷ്യരുടെ നേർക്ക് കോടതി ചൂണ്ടിയ ഈ വിരലുകൾ നാം ഓരോരുത്തരുടെയും നേർക്കുകൂടി ഉയരുന്നുണ്ട്. വ്യാജമായ കാരുണ്യപ്രവർത്തനങ്ങളുടെയും മുതലക്കണ്ണീരിന്റെയും ലോകത്ത് മനുഷ്യക്കുഞ്ഞുങ്ങളെക്കുറിച്ച് ഇത്രയൊക്കെ പറയാൻ പരമോന്നത കോടതി വരേണ്ടിവന്നു.
താൻ ജഡ്ജിയായി നിയമിതനായ 2011 മുതൽ ഒരു കേസുമായി കേൾക്കുന്ന ഏറ്റവും നീളം കൂടിയ വാദമാണ് തെരുവുനായ വിഷയത്തിൽ നടന്നതെന്നും എങ്കിലും ഇതിനിടയിൽ ഒരിക്കൽപോലും ആരും മനുഷ്യർക്കുവേണ്ടി വാദിച്ചില്ലെന്നും ഡിവിഷൻ ബെഞ്ചിലെ അംഗമായ ജസ്റ്റീസ് സന്ദീപ് മേത്ത പറയുകയുണ്ടായി. സമൂഹത്തിനു നേരേ പൊതുവായി ഉയരുന്ന ഇത്തരം ചില ചോദ്യങ്ങൾ പലപ്പോഴും ആരും അത്ര ശ്രദ്ധിക്കാറില്ല. അതേസമയം വളരെ പ്രസക്തമാണീ ചോദ്യങ്ങളും നിരീക്ഷണങ്ങളും.
തെരുവുനായ പ്രശ്‌നത്തിൽ സുപ്രീംകോടതി നടത്തിയ ചില പരാമർശങ്ങൾ ചിലർക്കൊക്കെ തമാശയായി തോന്നിയേക്കാമെങ്കിലും അത് വളരെ ഗൗരവത്തോടെ കാണേണ്ട കാര്യംതന്നെയാണ്. ആളുകളെ കടിക്കാതിരിക്കാൻ നായ്ക്കൾക്കു കൗൺസലിംഗ് നൽകുക മാത്രമാണ് ഇനി പോംവഴിയെന്നു സുപ്രീംകോടതി ഏതാനും നാൾ മുമ്പു പറഞ്ഞതു വെറും തമാശയല്ല. അതിൽ ഒളിഞ്ഞിരിക്കുന്ന ആക്ഷേപഹാസ്യം ഭരണതലത്തിൽ ആഞ്ഞടിക്കുന്നുണ്ട്. തെരുവ്‌നായ ആക്രമണത്തിന്റെ അതിരൂക്ഷമായ സാഹചര്യം നന്നായി മനസിലാക്കിയിട്ടുതന്നെയാണ് സുപ്രീംകോടതി ഇത്തരമൊരു പരിഹാസ പരാമർശം നടത്തിയത്. തെരുവുനായ ആക്രമണം ജനങ്ങളുടെ ജീവൻ എടുക്കുകയാണെന്നും നിയമം നടപ്പാക്കുന്നതിൽ അധികൃതർ പരാജയമാണെന്നും ജസ്റ്റീസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ അന്നത്തെ വിമർശനം പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്തുതന്നെയാണ്.
ഇത്തരമൊരു പരാമർശം നടത്തുന്നതിന് ഉപോദ്ബലകമായ കണക്കുകളും സംഭവങ്ങളും കോടതിയുടെ മുമ്പാകെ ഉണ്ടായിരുന്നു. തെരുവ്‌നായ ആക്രമണത്തിന്റെ ദുരന്തങ്ങൾ രാജ്യമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കേരളത്തിൽ അതിനു നിരവധി ഉദാഹരണങ്ങളുണ്ട്. പേവിഷബാധയേറ്റു മരിച്ചു പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരുടെ ദയനീയാവസ്ഥ ആരുടെയും കരളലിയിക്കുന്നതാണ്. പത്തനംതിട്ടയിലെ അഭിരാമിയെ നമുക്കു മറക്കാനാവുമോ. തലസ്ഥാന നഗരമായ ഡൽഹിയും തെരുവനായ ശല്യത്തിന്റെ പിടിയിലാണ്. രാജസ്ഥാനിൽ അടുത്തിടെ നടന്ന വാഹനാപകടങ്ങളിൽ രണ്ടു ജഡ്ജിമാർക്കു പരിക്കേറ്റ കാര്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തെരുവ്‌നായകളാണ് ഈ അപകടത്തിനു വഴിയൊരുക്കിയത്.
ഇതൊക്കെയാണെങ്കിലും തെരുവ്‌നായക്കൾക്കുവേണ്ടി വാദിക്കാനും ആളുകൾ ഏറെയുണ്ട്. ജീവികളോടുള്ള കരുണ പലപ്പോഴും മനുഷ്യരോടുള്ളതിനെ കവച്ചു വയ്ക്കുന്നതും കാണാം. നായസ്‌നേഹികൾക്കുവേണ്ടി സുപ്രീംകോടതിയിൽ ഹജാരായത് പ്രശസ്ത അഭിഭാഷകനായ കപിൽ സിബൽ ആണെന്നു പറയുമ്പോൾ അവരുടെ സ്വാധീനം ഏറക്കുറെ ഊഹിക്കാമല്ലോ. അത്രയ്ക്കും നായസ്‌നേഹമുള്ളവരുള്ള നാട്ടിൽ മനുഷ്യരുടെ കാര്യം എത്ര മനോഹരമായിരിക്കും. ഏതായാലും നായ്ക്കളെക്കാൾ അല്പമെങ്കിലും കൂടുതൽ പരിഗണന മനുഷ്യർക്ക് ഇവരിൽനിന്നു കിട്ടാതിരിക്കില്ല.
മനുഷ്യജീവൻ മഹത്തരമാണ്. അതേസമയം എല്ലാ ജീവജാലങ്ങളോടും കരുണ കാട്ടുന്നത് മനുഷ്യത്വത്തിന്റെ മഹനീയതയുമാണ്. തെരുവുനായ്ക്കളോട് ശത്രുത പാടില്ലെന്നാണ് നായസ്‌നേഹികളുടെ വാദം.
അപ്പോൾ കോഴികളുടെയും ആടുകളുടെയും കാര്യമോ എന്നൊരു ലളിതമായ ചോദ്യം സുപ്രീംകോടതി തന്നെ അവരോടു ചോദിച്ചു. കടി മാത്രമല്ല നായ്ക്കൾ ഉണ്ടാക്കുന്ന പ്രശ്‌നം. പല വാഹനാപകടങ്ങൾക്കും തെരുവുനായക്കൾ കാരണമാകുന്നുണ്ട്.
തെരുവു നായ്ക്കളെ ഷെൽറ്ററിൽ അടയ്ക്കണമെന്ന് നവംബറിൽ സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇട്ടിരുന്നു. ഇതിനെതിരേ നായസ്‌നേഹികൾ രംഗത്തെത്തി. കേരളത്തിൽ ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രങ്ങളുടെയും ഷെൽറ്ററുകളുടെയും കുറവുണ്ടെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. നായ്ക്കളോട് ശത്രുതാ മനോഭാവം പാടില്ലെന്നും 'പിടികൂടുക, വന്ധ്യംകരിക്കുക, വാക്‌സിൽ കുത്തിവയ്ക്കുക, വിട്ടയയ്ക്കുക' എന്ന രീതിയാണു വേണ്ടതെന്നു നായ സ്‌നേഹികൾക്കുവേണ്ടി ഹാജരായ കബിൽ സിബൽ വാദിച്ചിരുന്നു. മൃഗക്ഷേമ ബോർഡിന്റെ മാർഗരേഖ അശാസ്ത്രീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പേ ബാധിച്ച നായ്ക്കളെ മറ്റു നായ്ക്കൾക്കൊപ്പം പാർപ്പിച്ചാൽ പ്രശ്‌നം കൂടുതൽ വഷളാകുമെന്നും ഷെൽട്ടറിലിടുമ്പോൾ ഭക്ഷണത്തിനുവേണ്ടി കടിപിടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ തെരുവുനായക്കളെ സംരക്ഷിക്കാൻ ചെലവാകുന്ന ഭീമമായ തുകയുടെ വ്യക്തമായ കണക്ക് മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ കോടതി മുമ്പാകെ അവതരിപ്പിച്ചു. രാജ്യത്തെ ഒന്നര കോടിയിലേറെ വരുന്ന നായ്ക്കൾക്കായി പ്രതിദിനം 62 കോടി രൂപയാണ് ചെലവാക്കേണ്ടിവരുന്നത്. രാജ്യത്ത് വൈദ്യുതി കണക്ഷനോ ചുറ്റമതിലോ ഇല്ലാത്ത രണ്ടു ലക്ഷത്തോളം സ്‌കൂളുകളുണ്ടെന്നും അഡ്വ. വേണുഗോപാൽ ഇതൊടൊപ്പം ചൂണ്ടിക്കാട്ടി.
നമ്മുടെ പല കണക്കുകളും വികസനവും ഇപ്രകാരം കൂട്ടിമുട്ടാതെ പോകുന്നു. തെരുവനായ ശല്യത്തിന്റെ കാണാപ്പുറങ്ങൾ പലതുമുണ്ടെന്നു പണ്ടേ ആരോപണമുണ്ട്. കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ബിജു പ്രഭാകർ തന്നെ അക്കാര്യം ഒരിക്കൽ ചൂണ്ടിക്കാട്ടിയിരുന്നു. ലോകത്ത് മറ്റു വികസിത രാജ്യങ്ങളൊക്കെ നായ പ്രശ്‌നം എങ്ങിനെയാണ് പരിഹരിക്കുന്നതെന്നു നാം ഇനിയും പഠിച്ചിട്ടല്ലേ. വികസിത രാജ്യത്തിന്റെ പട്ടം ചൂടാൻ കാത്തിരിക്കുന്ന നാം ആദ്യം തെരുവുകൾ വൃത്തിയുള്ളതും അതിലൂടെയുള്ള യാത്ര സുരക്ഷിതവും ആക്കണം. എന്നിട്ടു മതി മേനി പറച്ചിൽ.
തെരുവുനായ വിളയാട്ടവും മാലിന്യ പ്രശ്‌നങ്ങളും കേരളത്തെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. തെരുവുനായയെ പേടിച്ച് കൂട്ടികളെ സ്‌കൂളിൽവിടാൻപോലും രക്ഷിതാക്കൾ ഭയപ്പെടുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തി. ചങ്ങനാശേരി വാഴൂർ റോഡിൽ വെരൂർ സെന്റ് മേരീസ് എൽപി സ്‌കൂൾ കാമ്പസിൽ കഴിഞ്ഞ നവംബർ നാലിന് മൂന്നു കുട്ടികൾക്കും ഒരു തൊഴിലുറപ്പു തൊഴിലാളിക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. കുട്ടികൾ സ്‌കൂളിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴാണ് രാവിലെ ഒമ്പതരയോടെ ഗേറ്റിലൂടെ ഓടിക്കയറിയ നായ ഇവരെയെല്ലാം കടിച്ചത്. നാലുവയസുകാരൻ ആദമിന്റെ ദേഹത്തു ചാടിക്കയറി നായ കുട്ടിയെ മറിച്ചിട്ടു. ചെവിയ്ക്കു കടിച്ചു.
ദേഹമാസകലം പരുക്കുണ്ട്. കുട്ടികളെ കടിച്ചശേഷം പുറത്തേക്കു പാഞ്ഞ നായ വഴിയിൽ വച്ച് തൊഴിലുറപ്പു തൊഴിലാളി തങ്കമ്മയുടെ കാലിലും കടിച്ചു. പരിസര മലിനീകരണവും തെരുവുനായ ശല്യവും നേരിടുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്കു വലിയ പങ്കു വഹിക്കാനുണ്ട്. പഞ്ചായത്തിലും നഗരസഭകളിലും കോർപറേഷനുകളിലും അംഗങ്ങളാകാനും അധ്യക്ഷരാകാനും പതിനട്ടടവും പയറ്റിയവർ ഇത്തരം കാര്യങ്ങളിൽ എന്തു പറയുന്നുവെന്നും എന്തു ചെയ്യുന്നുവെന്നും ജനം വിലയിരുത്തണം. വെറുതേ വാചകമടിച്ചു കടന്നുപോകാൻ ആരെയും അനുവദിക്കരുത്. മാലിന്യമുക്ത കേരളം പരസ്യങ്ങളിൽ മാത്രമാവരുത്. അതു പാതകളിൽ യാഥാർഥ്യമാകണം. മാലിന്യത്തിന്റെ ഒരു ഉപ വിഭവമാണ് രോഗങ്ങളും തെരുവുനായ ശല്യവും. ഇതു രണ്ടും നമുക്കു വേണ്ടുവോളമുണ്ട്.
ഒരു ജർമ്മൻ വ്‌ളോഗറുടെ വീഡിയോ ചങ്ങനാശേരിയെ എത്രമാത്രം അപമാനിതമാക്കിയെന്ന് ഈയിടെ നാം കണ്ടു. താലൂക്ക് വികസനസമിതി യോഗത്തിലും ഈ വിഷയം ചർച്ചയായി. അതിനു മുമ്പുതന്നെ ലോകമെമ്പാടുമുള്ള മലയാളികൾ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞിരുന്നു. ദിനപത്രങ്ങളുടെ പ്രാദേശിക പേജുകളിലും വാട്‌സാപിലുമൊക്കെ നിരന്തരം പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളാണ് ജർമ്മൻ വ്‌ളോഗർ അലക്‌സാണ്ടർ വെൽഡറുടെ വീഡിയോയിൽ വന്നത്.
മൂന്നാറിലേക്കുള്ള യാത്രാമധ്യേ ചങ്ങനാശേരി നഗരഹൃദയത്തിലുള്ള കെ.എസ്.ആർ.ടി.സ് ബസ് സ്റ്റാൻഡ് പരിസരത്തെ മാലിന്യമാണ് ജർമൻകാരൻ വീഡയോയിൽ പകർത്തിയത്. അതു ലോകം മുഴുവൻ കണ്ടു. അപ്പോഴാണ് അധികൃതരും ഉണർന്നത്. ഏതായാലും ബസ് സ്റ്റാൻഡ് പരിസരത്തെ മാലിന്യം നീക്കി. മൂന്നാറിൽ ചെന്നപ്പോഴുള്ള അവസ്ഥ എന്താണെന്ന് അലക്‌സാണ്ടർ ചിത്രീകരിച്ചിട്ടുണ്ടോ എന്നറിയില്ല.
അവിടെയും സ്ഥിതി എത്രയോ മോശമാണെന്നു മറ്റൊരു വീഡിയോയിലൂടെ മുംബൈയിൽനിന്ന് അവിടെ എത്തിയ ഒരു വനിതാ കോളജ് അധ്യാപിക വിവരിച്ചതു വൈറലായിരുന്നു. ടാക്‌സിക്കാരുടെ മര്യാദയില്ലായ്മയും അതിനു കുട പിടിച്ച പോലീസിന്റെ പെരുമാറ്റവുമാണ് പുറത്തുവന്നത്. സുരക്ഷ ഇല്ലാത്ത ഈ നാട്ടിലേക്ക് ഇനി താനില്ലെന്നും ആ അധ്യാപിക പറഞ്ഞിട്ടുണ്ട്. ഏതായാലും വീഡിയോയും അതെക്കുറിച്ചുള്ള വാർത്തകളും വൈറലായതോടെ മന്ത്രി ഉൾപ്പെടെ എല്ലാവരും പ്രതിരോധവുമായി രംഗത്തെത്തി.
തെരുവുനായ പ്രശ്‌നം പോലൊരു വിഷയം ഇത്രമാത്രം സങ്കീർണമാകേണ്ടതുണ്ടോ എന്ന ചോദ്യം ഉയർന്നേക്കാം. വികസിത രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിലെ എത്രയോ രാജ്യങ്ങളിൽ നായ്ക്കളെയും ഇതര വളർത്തു മൃഗങ്ങളെയും മനുഷ്യർ പരിപാലിക്കുന്നുണ്ട്. അപരന്റെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും ഭംഗം വരാതെ ജീവിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. അപ്പോൾ നായ്ക്കൾ തെരുവിൽ മനുഷ്യജീവനു ഭീഷണി ഉയർത്തുമ്പോൾ ആ തെരുവ് ഉൾപ്പെടുന്ന പ്രദേശത്തെ തദ്ദേശസ്ഥാപനത്തിനുതെന്നയാവണം പ്രശ്‌നം പരിഹരിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം. സംസ്ഥാന സർക്കാരിനും കൈകഴുകി മാറി നിൽക്കാനാവില്ല.
സെർജി ആന്റണി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
