വെടിമരുന്ന് പുരയിലേക്കാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തീപ്പൊരിയെറിഞ്ഞത്. 2025ൽ ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി? തീപ്പൊരി അവിടെയുണ്ട്. കത്തിപ്പടർന്നില്ല. അണഞ്ഞിട്ടുമില്ല. ഉമിത്തീയെരിയും പോലെ അതിനുള്ളിൽ നിൽപ്പുണ്ട്. ഇന്നല്ലെങ്കിൽ നാളെ വലിയ കനലായും ഒരു പൊട്ടിത്തെറിയായും മാറാനുമുള്ള ശേഷിയോടെ.
ഇടക്കാല ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാൾ തൊടുത്ത ചോദ്യം ബി.ജെ.പിയെ അത്രമേൽ ഉലച്ചിട്ടുണ്ട്. ഈ ചോദ്യം ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമോ? ഒരു ഉറപ്പുമില്ല. ഒരു സാധ്യതയുമില്ല. പക്ഷെ ഒരുകാര്യം സംഭവിച്ചുകൂടാതെയില്ല. ബി.ജെ.പി നേതൃനിരയിലും അണികൾക്കിടയിലും അത് ഒരു ബാധ്യതയായി നിൽക്കുന്നു. അതുകൊണ്ടാണ് ഒട്ടും വൈകാതെ തന്നെ ബി.ജെ.പി കേന്ദ്രങ്ങൾ കെജ്രിവാളിന്റെ ആ ചോദ്യത്തിന് മറുപടിയുമായി വന്നത്.
പാർട്ടി നേതൃത്വത്തിലും ഭരണതലത്തിലും 75 വയസ്സ് എന്ന മാനദണ്ഡം ബി.ജെ.പി കൊണ്ടുവന്നത് 2014ൽ ആയിരുന്നു. അതുവരെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കരുതിയിരുന്ന എൽ.കെ. അദ്വാനിയെ മാറ്റി നിർത്തി നരേന്ദ്രമോദിക്ക് പാതയൊരുക്കാൻ. അരുൺജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ് തുടങ്ങിയവരെ പടനായകന്മാരാക്കി ആ മാനദണ്ഡം സ്ഥാപിച്ച് അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ ഉൾപ്പെടുന്ന മുൻനിര നേതാക്കളെ മുഴുവൻ നിർബന്ധിത വിശ്രമിത്തിന് അയച്ചു അന്ന് ബി.ജെ.പി.
അതിലൂടെ ബി.ജെ.പിക്ക് ഒരു മാർഗദർശക് മണ്ഡൽ രൂപംകൊണ്ടു. പ്രായമേറിയവരെ കുടിയിരുത്താനുള്ള സ്ഥലം. നരേന്ദ്രമോദി 73 പിന്നിട്ടിരിക്കുന്നു. അടുത്ത വർഷം 75ൽ തൊടും. മാർഗദർശക് മണ്ഡലിലാണോ മോദിയുടെ പിന്നീടുള്ള ഇരിപ്പിടം. പിൻഗാമിയെകുറിച്ച് ചിന്തിക്കേണ്ട സമയമായോ? യുവരാജാവിനെ പട്ടാഭിഷേകം ചെയ്യുന്ന രീതി ജനാധിപത്യത്തിൽ പ്രയോഗികം അല്ലെങ്കിലും ചില സൂചനകൾ നൽകാവുന്നതേയുള്ളൂ. മോദി-അമിത് ഷാ ദ്വന്ദം രണ്ട് ദശകത്തിലേറെയായി ഗുജറാത്തിലും ഡൽഹിയും ബി.ജെ.പി കേന്ദ്രങ്ങളിലും അപ്രമാദിത്വം സ്ഥാപിച്ചിട്ടുണ്ട്. ഗുജറാത്തിന് പുറത്ത് യുപിയിൽ തന്നെ വേരുറപ്പിക്കുകയെന്നതായിരുന്നു വാരണാസിയിൽനിന്ന് മത്സരിക്കാനുള്ള മോദിയുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് യുപിയുടെ നാഥനായപ്പോൾ മറ്റൊരു ചിത്രം കൂടി തെളിഞ്ഞു.
ബി.ജെ.പി നേതൃത്വം ഇഷ്ടപ്പെട്ട് വാഴിച്ചതല്ല ആദിത്യനാഥിനെ. ഹിന്ദു യുവവാഹിനി എന്ന പ്രത്യേക സംഘബലത്തിലൂടെ യോഗി ആദിത്യനാഥ് പിടിച്ചെടുത്തതായിരുന്നു. മോദിയെ അദ്ദേഹം വെല്ലുവിളിക്കില്ല. പക്ഷെ, 75-ാം വയസ്സിന്റെ മാനദണ്ഡം ആരുടെയെല്ലാം മനസ്സിൽ തീകോരിയിടും. കെജ്രിവാൾ ലക്ഷ്യം വെച്ചത് ബി.ജെ.പിയിലെ യോഗിമാരുടെ മനസ്സിനെയാണ്. മോദി-അമിത് ഷാ വന്നപ്പോൾ ഒതുക്കപ്പെടുകയും അസംതൃപ്തിയോടെ മാറിനിൽക്കുകയും ചെയ്യുന്ന പാർട്ടിയിലെ ഒരു വിഭാഗത്തെ തലപൊക്കാൻ കൂടി പ്രേരിപ്പിച്ചിട്ടുണ്ട് കെജ്രിവാളിന്റെ ചോദ്യം.
സ്വയം വിരമിക്കാൻ മോദി തയ്യാറാകുമോ? അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും എഴുതിയ മാനദണ്ഡം മോദിക്കായി ബി.ജെ.പി മാറ്റിയെഴുതുമോ? കെജ്രിവാൾ തൊടുത്ത ചോദ്യം നേർ രേഖയിലുളളതായിരുന്നു. 56 ഇഞ്ചിന്റെ കരുത്തിലേക്ക് ആഴ്ന്നിറങ്ങിയ ചോദ്യം. മോദി അങ്ങനെ വിരമിക്കില്ലെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു. അതിന് കാരണമുണ്ട്. മോദി കരുത്തനാണല്ലോ. അതെ. സ്വയം സ്ഥാപിക്കാൻ ശ്രമിക്കുന്ന വിശേഷണം. നമോ ബ്രിഗേഡുകളും ഗോദി മീഡിയയും അത് ആവർത്തിച്ചു. 2014ന് ശേഷം പാർട്ടി സംവിധാനം ഈ പ്രചാരണത്തിന് തന്നെ ഊന്നൽകൊടുത്തു.
പാകിസ്ഥാനെ ഞെട്ടിച്ചതും ചൈനയെ വരച്ചവരയിൽനിർത്തിയതും അർബൻ നക്‌സലുകളെ തുറങ്കലിൽ ഇട്ടതും വേട്ടയാടാൻ ഈഡിയെ തുടലൂരിവിട്ടതും വാഴ്ത്തുഗീതങ്ങളായി പിറന്നു. അങ്ങനെയാണ് ഈ തെരഞ്ഞെടുപ്പിൽ മോദി ഗ്യാരന്റി പ്രചാരണ വാചകമായി മാറുകയും ചെയ്തത്. ജയിക്കുന്ന ടീമിന്റെ ക്യാപ്ടന് നിർബന്ധിത വിരമിക്കിൽ കൊടുക്കാൻ പറ്റില്ലല്ലോ. മറ്റൊരു സാധ്യത നോക്കാം. ബി.ജെ.പിക്ക് മാത്രം 370 സീറ്റും എൻ.ഡി.എയ്ക്ക് 400 മേലെയും സീറ്റുകൾ ആണല്ലോ ബി.ജെ.പിയുടെ ലക്ഷ്യം. കരുത്തന്റെ ബലം അതിന് ഗ്യാരന്റി എന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഇനിയെങ്ങാനും ഈ സീറ്റുകൾ കുറഞ്ഞുപോയലോ?
അസംതൃപ്തർക്കും സിംഹാസനം ഒഴിയാൻ കാത്തുനിൽക്കുന്ന രണ്ടാംനിരയ്ക്കും അവരുടെ ആഗ്രഹചിന്തകൾ എങ്ങനെയും വിപുലപ്പെടുത്താം. സീറ്റുകൾ കുറഞ്ഞേക്കുമോ എന്ന പരിഭ്രമം ഇതുവരെ നടന്ന പോളിങ് സ്വഭാവത്തിൽനിന്ന് മറ്റാരേക്കാളും നരേന്ദ്രമോദിക്കാണ് ഉള്ളതെന്ന് പറയേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ കെജ്രിവാളിന്റെ ചോദ്യം ആ വെടിമരുന്ന് ശാലയിൽ ഭയപ്പാട് ഉണ്ടാക്കുക തന്നെ ചെയ്യും.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാല് ഘട്ടം പിന്നിടുമ്പോൾ 70 ശതമാനം സീറ്റുകളിലെയും വോട്ടെടുപ്പ് പൂർത്തിയായി.
അതായത് 543 സീറ്റുകളിൽ 379ൽ ജനം വിധിയെഴുതി. 19 സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് നടന്നു. ഇനി അവശേഷിക്കുന്നത് വലിയ സംസ്ഥാനങ്ങളിലെ വിവിധ ഘട്ടങ്ങളിൽ പെടുത്തിയ മണ്ഡലങ്ങൾ മാത്രമാണ്. മോദിയുടെയും ബി.ജെ.പി നേതൃത്വത്തിന്റെയും മോദിഗ്യാരന്റി വാഗ്ദാനത്തിൽ ആവേശഭരിതരായി വോട്ടർമാർ ബൂത്തുകളിലേക്ക് കുതിച്ചെത്തുന്നത് കാണാത്തതുകൊണ്ടണോ കെജ്രിവാളിന്റെ ചോദ്യം. ജൂൺ നാലുവരെ കാത്തിരിക്കാം.
ചൗക്കിദാർ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1