ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ നടന്ന മതസമ്മേളനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നൂറ് കടന്നിരിക്കുകയാണ്. നാരായണ്‍ സകര്‍ ഹരി എന്ന 'ഭോലെ ബാബ'യുടെ നേതൃത്വത്തിലാണ് മതസമ്മേളനം സംഘടിപ്പിച്ചത്. മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകര്‍. നിയന്ത്രിക്കാനാകാത്ത വിധം ജനത്തിരക്ക് വര്‍ധിച്ചതോടെയാണ് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.
സംഭവത്തോടെ ഭോലെ ബാബയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ആരാണ് ഭോലെ ബാബ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ ബഹദൂര്‍ നഗര്‍ ഗ്രാമത്തില്‍ നിന്നാണ് 'നാരായണ ഹരി' എന്ന 'ഭോലെ ബാബ'യുടെ വരവ്. യഥാര്‍ത്ഥ പേര് സൂരജ് പാല്‍ (58). സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ലക്ഷക്കണക്കിന് അനുയായികള്‍. അയല്‍ സംസ്ഥാനങ്ങളിലും ശക്തമായ സ്വാധീനം. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഹാത്രാസില്‍ സത്സംഗം നടന്നത്.
കുട്ടിക്കാലത്ത് കൃഷിയില്‍ തന്റെ പിതാവിനെ സഹായിച്ചിരുന്ന ഭോലെ ബാബ പിന്നീട് പൊലീസില്‍ ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉത്തര്‍പ്രദേശ് പൊലീസിലെ പ്രാദേശിക ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്റിലാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. 17 വര്‍ഷത്തോളം നീണ്ട ഔദ്യോഗിക ജീവിതത്തിനൊടുവില്‍ അദ്ദേഹം തന്റെ ആത്മീയ ജീവിതം ആരംഭിച്ചു. ശേഷം ആള്‍ദൈവമായി അറിയപ്പെടാന്‍ തുടങ്ങി.
മറ്റുള്ള ആള്‍ദൈവങ്ങളെപ്പോലെ കാവി വസ്ത്രമല്ല ഭോലെ ബാബ ധരിക്കുന്നത്. വെള്ള വസ്ത്രം ധരിച്ചാണ് ഇദ്ദേഹം പൊതുവേദികളിലെത്തിയിരുന്നത്. നൂറുകണക്കിന് പേരാണ് ഭോലെ ബാബയുടെ അനുയായികളായി മാറിയത്. ആത്മീയ ജീവിതം ആരംഭിക്കുന്നതിന് വേണ്ടിയാണ് പൊലീസിലെ തന്റെ ജോലി ഉപേക്ഷിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.
തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരെ ട്രക്കുകളിലും മറ്റ് വാഹനങ്ങളിലും കയറ്റിയാണ് ആശുപത്രികളിലേക്ക് എത്തിച്ചത്. പലരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയ്ക്ക് പുറത്ത് നിരത്തി കിടത്തി. ഒരു ട്രക്കില്‍ നിരവധി മൃതദേഹങ്ങള്‍ക്കരികിലിരുന്ന് നിലവിളിക്കുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അത്തരത്തില്‍ ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു.
സത്സംഗം കഴിഞ്ഞ് ആളുകള്‍ തിരികെ പോകാന്‍ തുടങ്ങിയപ്പോഴായിരുന്നു തിക്കും തിരക്കുമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പലരും തൊട്ടടുത്തു നിന്നവരുടെ മുകളിലേക്ക് വീഴുകയായിരുന്നുവെന്നും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.
ഉന്നത രാഷ്ട്രീയ നേതാക്കളും എംഎല്‍എമാരും എംപിമാരും കക്ഷി രാഷ്ട്രീയഭേദമന്യേ ബാബയുടെ പരിപാടികളില്‍ സ്ഥിരം സാന്നിധ്യമാണ്. മിക്ക പരിപാടികള്‍ക്കും അതുകൊണ്ടുതന്നെ സുരക്ഷാ മനന്‍ദണ്ഡങ്ങള്‍ നോക്കാറില്ല.
താന്‍ ഒരു ഗുരുവിന്റെയും ശിഷ്യന്‍ അല്ലെന്നും പ്രപഞ്ച ശക്തിയില്‍ നിന്ന് നേരിട്ട് പ്രചോദനം കിട്ടിയ ആള്‍ ആണെന്നുമാണ് അവകാശവാദം. ആത്മീയ പ്രഭാഷണ പരിപാടിയായ സത്സംഗത്തിന് ശേഷം ഇദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിക്കാന്‍ തിക്കിത്തിരക്കിയ ആള്‍ക്കൂട്ടമാണ് ഹാദ്രസിലെ കൂട്ട ദുരന്തത്തിന് കാരണമായതെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് പോലും അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ആശ്രമത്തില്‍ ആരാധന നടത്താന്‍ അനുവാദമുണ്ടായിരുന്നു എന്ന ആരോപണം ഇപ്പോള്‍ ഉയരുന്നുണ്ട്. 1990 -കള്‍ വരെ ഏതാണ്ട് പത്ത് വര്‍ഷത്തോളം ഉത്തര്‍പ്രദേശ് പൊലീസില്‍ കോണ്‍സ്റ്റബിളായിരുന്നു സൂരജ് പാല്‍. പൊലീസില്‍ നിന്നും രാജിവച്ച സൂരജ് പാല്‍ വളരെ വേഗം ആത്മീയ വഴിയിലേക്ക് തിരിഞ്ഞു. പുതിയ പേര് സ്വീകരിക്കുകയും ഭക്തി പ്രഭാഷണവും തുടങ്ങുകയും ചെയ്തു. സത്സംഗ് വേദികളില്‍ വെള്ളയും വെള്ളയുമാണ് ഭോലെ ബാബയുടെ സ്ഥിരം വേഷം.
ഇന്ന് നാരായണ്‍ സാകര്‍ ഹരി ആശ്രമം 30 ഏക്കറില്‍ പരന്നു കിടക്കുന്നു. ഒരു ദിവസം കുറഞ്ഞത് പന്ത്രണ്ടായിരം പേര്‍ ഇവിടെ സന്ദര്‍ശനം നടത്തുന്നു എന്നാണ് കണക്ക്. സുരക്ഷാ ഭടന്മാര്‍ അടക്കം വലിയ അകമ്പടി വാഹനങ്ങളോടൊപ്പമാണ് ബാബയുടെ സഞ്ചാരം. യുപിയിലെ കാസഗഞ്ച് ജില്ലയിലെ ബഹാദൂര്‍ നഗര്‍ ഗ്രാമത്തിലെ ദലിത് കുടുംബത്തില്‍പെട്ടയാളാണെന്ന് ഭോലെ ബാബയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ അദ്ദേഹത്തെപ്പറ്റി കൂടുതല്‍ വ്യക്തിഗത വിവരങ്ങള്‍ ഒന്നും പ്രാദേശിക മാധ്യമങ്ങള്‍ക്ക് പോലും ഇല്ല.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1