'ജനനായക്' കർപ്പൂരി താക്കൂറിന്റെ ശരിയായ പിൻഗാമികൾ ആരാണ്..?

JANUARY 24, 2024, 4:39 PM

ബിഹാറിലെ ജനങ്ങൾ 'ജനനായക്' എന്നുവിളിച്ചിരുന്ന സോഷ്യലിസ്റ്റ് നേതാവും മുൻ ബീഹാർ മുഖ്യമന്ത്രിയുമായിരുന്നു കർപൂരി താക്കൂർ. അദ്ദേഹത്തിന്റെ പിൻഗാമികളും അനുയായികളും തങ്ങളാണെന്ന് ബിഹാറിൽ ജെ.ഡി.യുവും ബി.ജെ.പിയും ഏറെ വീറോടെ തർക്കിക്കുന്നതിനിടയിൽ ബി.ജെ.പി സർക്കാർ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം നൽകി ബഹുമാനിച്ചിരിക്കുന്നു. സത്യത്തിൽ, ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾക്ക് പ്രാതിനിധ്യമുറപ്പാക്കാൻ കർപൂരി താക്കൂർ നടത്തിയ ശ്രമങ്ങൾ കൂടിയുൾപ്പെടുന്നതാണ് ബിഹാറിലെ പിന്നാക്ക ജനസമൂഹങ്ങളുടെ നാളിതുവരെയുള്ള ചരിത്രം.

ഇവിടെ ബി.ജെ.പിയുടെ വ്യക്തമായ രാഷ്ട്രീയം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അതെന്തെന്നു അറിയാൻ, നോക്കൂ പിന്നോക്കസമൂഹത്തിന്റെ ശാക്തീകരണവും, സാമൂഹീക നീതി ഉറപ്പുവരുത്താൻ കച്ചകെട്ടിയിരിക്കുന്ന ഇന്ത്യാ മുന്നണിയും ബീഹാർ മുഖ്യമന്ത്രി നീതിഷ് കുമാറും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ബഹളം കൂട്ടുന്നതിന് തടയിടാനാണ് ബി.ജെ.പി ഇപ്പോൾ തപ്പിപ്പിടിച്ചെടുത്ത ഈ ഭാരതരത്‌നം..!
ബിഹാറിന്റെ രാഷ്ട്രീയം തൊണ്ണൂറുകൾ മുതൽ മനഃപൂർവം മറന്നുകളഞ്ഞ കർപ്പൂരി താക്കൂറിന്റെ ഇതിഹാസ തുല്യമായജീവിതം ചർച്ചയാകുന്നത് ജാതിസെൻസസും പിന്നാക്കസംവരണവും വീണ്ടും രാഷ്ടീയ വിഷയം ആയപ്പോൾ മാത്രമാണ്. നയ് എന്ന പിന്നോക്കക്കാരിലും പിന്നോക്കമായ സമുദായത്തിൽ നിന്നുമാണ് കർപ്പൂരി താക്കൂർ വരുന്നത്. അദ്ദേഹത്തിന്റെ പുത്രൻ നിലവിൽ രാജ്യസഭാംഗവും ജെഡിയു ജനറൽ സെക്രട്ടറിയുമാണ്.

ബിഹാറിലെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രികൂടിയായ കർപൂരി താക്കൂർ രണ്ടു തവണ ബിഹാറിന്റെ മുഖ്യമന്ത്രിയായിരുന്നു. സർക്കാർ സർവീസുകളിൽ ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് 26 ശതമാനം സംവരണം നൽകാൻ തീരുമാനിക്കുന്നത് 1978 ൽ ഇദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.കർപൂരി താക്കൂറിന് ഭാരത് രത്‌ന നൽകണം എന്ന ആവശ്യം നിരവധി തവണ ബിഹാറിൽ നിന്നുള്ള പല നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാർ അംബ്ലിയുടെ നൂറാം വാർഷികാഘോഷച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ച് ആർ.ജെ.ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണ് ഈ ആവശ്യം അവസാനമായി ഉന്നയിക്കുന്നത്.

vachakam
vachakam
vachakam

എല്ലാ വർഷങ്ങളിലും കർപൂരി താക്കൂറിന്റെ ജനന ദിവസവും മരണ ദിവസവും അടുത്ത് വരുമ്പോൾ ഭാരത് രത്‌ന നൽകണമെന്ന ആവശ്യം ഉയരാറുണ്ട്. ആ ആവശ്യമാണ് ഈ ജന്മവാർഷികത്തിൽ സാക്ഷാത്കരിക്കപ്പെടുന്നത്. ജനുവരി 24 കർപൂരി താക്കൂറിന്റെ നൂറാം ജന്മവാർഷികമാണ്.നിലവിൽ നിതീഷ് കുമാർ എടുത്ത് കളഞ്ഞ കർപൂരി താക്കൂറിന്റെ കയ്യൊപ്പു പതിഞ്ഞ നിരവധി പദ്ധതികളുണ്ട്. പെൺകുട്ടികൾക്ക് പിജിവരെ ഫീസ് വേണ്ടെന്ന തീരുമാനം കൈക്കൊണ്ടത് കർപൂരി താക്കൂറിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്. പഞ്ചായത്തുകളിൽ 50 ശതമാനം സ്ത്രീസംവരണം ആദ്യമായി നടപ്പാക്കിയതും ഇദ്ദേഹം തന്നെ.

കർപ്പൂരി താക്കൂറിന്റെ രാഷ്ട്രീയ ജീവിതം മൂന്നു ഭാഗങ്ങളായി തിരിക്കാവുന്നതാണ്. ഒന്ന്, ജയപ്രകാശ് നാരായൺ റാം മനോഹർ ലോഹ്യ, രാംനന്ദൻ മിശ്ര എന്നിവരുടെ നേതൃത്വത്തിൽ 1942 മുതൽ 1967 വരെയുള്ള സ്വാതന്ത്ര്യ സമര സേനാനിയായി ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായിരുന്ന കാലം. 1970 മുതൽ 1979 വരെ അദ്ദേഹം ബിഹാറിന്റെ മുഖ്യമന്ത്രിയെന്ന നിലയിലും തലമുതിർന്ന സോഷ്യലിസ്റ്റ് നേതാവെന്ന രീതിയിലും സ്വയം അവതരിപ്പിച്ച കാലം. 1980-88 കാലം രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ അവസാന ഇന്നിങ്‌സാണ്, രാഷ്ട്രീയമായി വീണ്ടും ജനങ്ങൾക്കിടയിൽ സ്ഥാനം നിലനിർത്താൻ ശ്രമിച്ച കാലമായിരുന്നു അത്. ഇബിസി വിഭാഗത്തിൽപ്പടുന്ന കർപൂരി താക്കൂർ രജ്പുത് വിഭാഗത്തിന്റെ ശക്തികേന്ദ്രമായ സമസ്തിപൂർ ജില്ലയിലാണ് ജനിച്ചത്. 1952ലാണ് ആദ്യമായി അദ്ദേഹം ബിഹാർ നിയമസഭയിലെത്തുന്നത്. അഭിമുഖീകരിച്ച അവസാനത്തെ അസംബ്ലി തിരഞ്ഞെടുപ്പ് 1985 ലാണ്.

1984ൽ ഇന്ദിര ഗാന്ധിയുടെ മരണത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സമസ്തിപൂർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ഇന്ദിരഗാന്ധിയുടെ കൊലപാതകത്തിലുണ്ടായ സഹതാപതരംഗത്തിൽ തോറ്റു.1967-68 കാലയളവിലാണ് അദ്ദേഹം ആദ്യമായി ക്യാബിനെറ്റിലെത്തുന്നത്. ഉപമുഖ്യമന്ത്രിയും, വിദ്യാഭ്യാസമന്ത്രിയുമായിരുന്നു. ഹിന്ദി ഭാഷയ്ക്കു വേണ്ടി നിരന്തരം വാദിച്ച കർപൂരി താക്കൂർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത്, സ്‌കൂളുകളിൽ നിർബന്ധമായി ഇംഗ്ലീഷ് പഠിപ്പിക്കുന്നത് നിർത്തിയിരുന്നു. ഇത് ബിഹാറിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്.

vachakam
vachakam
vachakam

കർപൂരി താക്കൂറിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം, അഥവാ വഴിമാറി സഞ്ചരിച്ച കാലം അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള കാലമാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ അദ്ദേഹം ജനത പാർട്ടിയോടൊപ്പം ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടു, മുഖ്യമന്ത്രിയുമായി. ജനസംഘമായിരുന്നു അവരുടെ സഖ്യകക്ഷി. 1942ൽ സോഷ്യലിസ്റ്റ് ധാരയിൽ നിന്ന് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി രാഷ്ട്രീയജീവിതം ആരംഭിച്ച കർപൂരി താക്കൂറിന്റെ ജീവിതം 77ലെ നിർണായക തിരഞ്ഞെടുപ്പോടുകൂടി വഴിമാറി ഒഴുകി എന്ന് വേണമെങ്കിൽ പറയാം.

എന്നാൽ ഈ കാലയളവിലാണ് ഒബിസി വിഭാഗങ്ങൾക്ക് 26 ശതമാനം സംവരണം നടപ്പാക്കുന്നത് എന്നതും വളരെ പ്രധാനപെട്ടതാണ്. ജനസംഘം വലിയ തോതിൽ എതിർപ്പുയർത്തിയെങ്കിലും അതിനെയെല്ലാം മറികടന്ന് അദ്ദേഹം സംവരണം നടപ്പിലാക്കി. 26 ശതമാനത്തിൽ 12 ശതമാനം ഒബിസി വിഭാഗങ്ങൾക്ക് പൊതുവിലുള്ള സംവരണം. 8 ശതമാനം ഒബിസി വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും, മൂന്ന് ശതമാനം സ്ത്രീകൾക്കും സംവരണം നൽകുന്നതാണ് നിയമം.
പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം നിന്നുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അവസാന കാലത്ത് മുന്നോക്ക സമുദായങ്ങളിൽ നിന്ന് വലിയ തോതിലുള്ള എതിർപ്പ് ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു.

1988ൽ 42 മുന്നോക്ക ജാതിയിൽപ്പെട്ടവരെ നക്‌സലേറ്റുകൾ കൊന്നപ്പോൾ, അവരുടെ വീടുകൾ സന്ദർശിക്കാൻ പോയ കർപ്പൂരി താക്കൂറിനെ സവർണർ തടഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. 1980ൽ അവതരിപ്പിച്ച മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ നടപ്പിലാക്കാൻ അദ്ദേഹം മുൻകൈ എടുത്തിരുന്നു. 1988  ഫെബ്രുവരി 17ന്  അദ്ദേഹം ഈ ലോകത്തോട് എന്നന്നേക്കുമായി യാത്ര പറഞ്ഞു.

vachakam
vachakam
vachakam

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam