ഗള്‍ഫ് ഓഫ് മെക്സിക്കോ ഗള്‍ഫ് ഓഫ് അമേരിക്കയാകുമ്പോള്‍!

FEBRUARY 12, 2025, 3:38 AM

ഗൂഗിളില്‍ മെക്‌സിക്കോ ഉള്‍ക്കടല്‍ ഇനി മുതല്‍ അറിയപ്പെടുന്നത് 'ഗള്‍ഫ് ഓഫ് അമേരിക്ക എന്ന പേരില്‍ ആയിരിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനു പിന്നാലെയാണ് ഗൂഗിളിന്റെ നടപടി. യുഎസിനുള്ളിലെ ഗൂഗിള്‍ ഉപയോക്താക്കള്‍ക്കു വേണ്ടിയാണ് ഈ മാറ്റം നടപ്പാക്കിയിരിക്കുന്നത്. ഗൂഗിള്‍ പേര് മാറ്റിയതിനൊപ്പം എല്ലാ ഔദ്യോഗിക രേഖകളിലും പ്ലാറ്റ്ഫോമുകളിലും 'ഗള്‍ഫ് ഓഫ് അമേരിക്ക' എന്ന പേര് സ്വീകരിക്കാനും ഫെഡറല്‍ ഏജന്‍സികള്‍ക്ക് ട്രംപ് നിര്‍ദേശം നല്‍കി.

അമേരിക്കയിലെ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ മാപ്പില്‍ ഗള്‍ഫ് ഓഫ് മെക്സിക്കോ എന്നതിന് പകരം ഗള്‍ഫ് ഓഫ് അമേരിക്ക എന്നായിരിക്കും കാണുക. അതേസമയം മെക്സിക്കോയിലെ ആളുകള്‍ പഴയതു പോലെ ഗള്‍ഫ് ഓഫ് മെക്സിക്കോ എന്നുതന്നെ കാണുമെന്ന് ഗൂഗിള്‍ അറിയിച്ചു. യുഎസിനു പുറത്തുള്ള ഉപയോക്താക്കള്‍ക്ക് മെക്സിക്കോ ഉള്‍ക്കടലിന്റെ യഥാര്‍ത്ഥ പേരും പുതിയ പേരും കാണാന്‍ കഴിയും.

മെക്‌സിക്കോ ഉള്‍ക്കടല്‍, അമേരിക്ക ഉള്‍ക്കടല്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ കഴിഞ്ഞ ദിവസമാണ് ട്രംപ് ഒപ്പുവച്ചത്. ലൂയിസിയാന സംസ്ഥാനത്തെ ന്യൂ ഓര്‍ലീന്‍സില്‍ നടന്ന എന്‍.എഫ്.എല്‍. സൂപ്പര്‍ ബൗള്‍ മത്സരം കാണാനുള്ള യാത്രയ്ക്കിടെയാണ് ട്രംപിന്റെ ഭാഗത്തുനിന്ന് നിര്‍ണായക നടപടിയുണ്ടായത്. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വച്ചാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവയ്ക്കുന്നത്. ഫെബ്രുവരി ഒന്‍പത് 'ഗള്‍ഫ് ഓഫ് അമേരിക്ക ദിനം' ആയി ആചരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലാണ് 'ഗള്‍ഫ് ഓഫ് മെക്‌സിക്കോ'യുടെ പേര് മാറ്റുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഉത്തരവിന് പിന്നാലെ യു.എസ് കോസ്റ്റ് ഗാര്‍ഡും ഗള്‍ഫ് ഓഫ് അമേരിക്ക എന്ന് ഉപയോഗിച്ച് തുടങ്ങി. സര്‍ക്കാര്‍ ഉത്തവിനെ തുടര്‍ന്നുള്ള പേരുമാറ്റം ഔദ്യോഗിക നടപടിയാണെന്നാണ് പേരുമാറ്റത്തെ ന്യായീകരിച്ച് ഗൂഗിള്‍ വിശദീകരിച്ചത്.

മെക്സിക്കന്‍ ഉള്‍ക്കടലിന്റെ പേര് മാറ്റിയ ട്രംപിന്റെ നടപടി മെക്സിക്കോയും ക്യൂബയുമായുള്ള നയതന്ത്ര പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേസമയം, ആപ്പിള്‍ അവരുടെ മാപ്പിങ് സേവനത്തില്‍ ഈ പേരുമാറ്റം നടപ്പാക്കിയിട്ടില്ല. ഉപയോക്താക്കള്‍ ആപ്പിള്‍ മാപ്പില്‍ 'ഗള്‍ഫ് ഓഫ് അമേരിക്ക' എന്ന് തിരയുമ്പോള്‍ ഗള്‍ഫ് ഓഫ് മെക്സിക്കോയിലേക്ക് റീഡയറക്ട് ചെയ്യുന്ന വിധത്തില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പേര് മാറ്റാത്തതിന് ആപ്പിള്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം നേരിടുന്നുണ്ട്. ഗൂഗിളിനെ പിന്തുടര്‍ന്ന് ആപ്പിള്‍ മാപ്പ് അപ്‌ഡേറ്റ് ചെയ്യാനാണ് യു.എസിലെ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നത്.

അമേരിക്ക, മെക്സിക്കോ, ദ്വീപ് രാഷ്ട്രമായ ക്യൂബ എന്നിവയുടെ അതിര്‍ത്തിയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഉള്‍ക്കടലാണ് മെക്‌സിക്കോ ഉള്‍ക്കടല്‍. ടെക്സസ്, ലൂസിയാന, മിസിസിപ്പി, അലബാമ, ഫ്ളോറിഡ എന്നിവയുമായി അതിര്‍ത്തി പങ്കിടുകയും മെക്സിക്കോ, ക്യൂബ വരെ വ്യാപിച്ചുകിടക്കുകയും ചെയ്യുന്ന തീരദേശ പ്രദേശത്തിന്റെ പേരാണിപ്പോള്‍ അമേരിക്ക മാറ്റിയത്.0.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam