വിമോചന യുദ്ധകാലത്തെ ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദത്തിന്റെ കഥകള്‍ വിളിച്ചോതുന്ന മ്യൂസിയമാണ് ധാക്കയിലെ ലിബറേഷന്‍ വാര്‍ മ്യൂസിയം. ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എന്നിവരുടേതടക്കമുള്ളവരുടെ വിമോചന സമരത്തിന്റെ ഫോട്ടോകള്‍ കാണാം. ബംഗ്ലാദേശ് വിമോചന സമരത്തിന്റെയും അതിന് നേതൃത്വം നല്‍കിയവരുടെയും ഓര്‍മകള്‍ ഉറങ്ങുന്ന ഇത്തരം യുദ്ധസ്മാരകങ്ങളെ പുതിയ ഭരണകൂടം ആദരിക്കുമോ? എന്നാണ് ഇപ്പോള്‍ ചോദ്യം ഉയരുന്നത്.
'മഹത്തായ കാര്യങ്ങള്‍ നേടിയെടുക്കുന്നത് മഹത്തായ ത്യാഗത്തിലൂടെയാണ്' എന്ന ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ വാക്കുകളാണ് ലിബറേഷന്‍ വാര്‍ മ്യൂസിയത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. വിമോചന യുദ്ധകാലത്തെ ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദത്തിന്റെ കഥകള്‍ അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാന സ്ഥാപനങ്ങളിലൊന്നാണ് ഈ മ്യൂസിയം. ഇവിടെയെത്തുന്നവര്‍ മ്യൂസിയം സന്ദര്‍ശിക്കുന്നതിനൊപ്പം യുദ്ധസമയത്ത് ബംഗ്ലാദേശികള്‍ക്കെതിരെ പാകിസ്ഥാന്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ കാണുകയും ചെയ്യും. പടിഞ്ഞാറന്‍ പാകിസ്ഥാന്റെ നിയന്ത്രണത്തിനെതിരായ കലാപത്തെ ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യ വഹിച്ച പങ്ക് എടുത്തുകാണിക്കുന്നത് കൂടിയാണ് ഈ സിനിമ.
മ്യൂസിയത്തിലെ സെല്ലുലോയിഡ് പ്രദര്‍ശനത്തില്‍ നിന്ന് ഭാവിതലമുറയ്ക്ക് ഇന്ത്യയെക്കുറിച്ചും പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്രമായതില്‍ ഇന്ത്യയുടെ പിന്തുണ എത്രത്തോളമാണെന്ന് മനസിലാക്കുന്നതിനും സാധിക്കും. ഇന്ത്യയെക്കുറിച്ചുള്ള ബംഗ്ലാദേശി ജനതയുടെ ധാരണകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതായിരുന്നു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ലിബറേഷന്‍ സിനിമകള്‍.
വിമോചന സമരത്തിന്റെ ഓര്‍മ്മകള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നത് തന്നെയാണ് മ്യൂസിയത്തിന്റെ പ്രധാന ലക്ഷ്യവും. സമരകാലത്തെ ആളുകള്‍ എത്രത്തോളം ത്യാഗം സഹിച്ചു, എങ്ങനെയാണ് ആളുകള്‍ അതിക്രമങ്ങളെ നേരിട്ടത് ഇത്തരം കാര്യങ്ങള്‍ വരും തലമുറയെ അറിയിക്കുന്നതിനാണ് പ്രാഥമികമായും വാര്‍ മ്യൂസിയം സ്ഥാപിക്കപ്പെട്ടത്.
സ്വന്തം പതനങ്ങളുടെ കഥ തുറന്നെഴുതി സാഹിത്യത്തിലൂടെയും സിനിമകളിലൂടെയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുകയും ചെയ്തിരുന്ന ഒരു ഭരണാധികാരിയായിരുന്നു ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രതിഷേധം ഇത്രയേറെ സംഘര്‍ഷ ഭരിതമാകാന്‍ കാരണം ഷെയ്ഖ് ഹസീനയുടെ 'റസാക്കാര്‍' എന്ന പരാമര്‍ശമാണ്. രാജ്യത്തെ സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം നല്‍കുന്ന സമ്പ്രദായം പുനസ്ഥാപിച്ചതിനെ പ്രതിഷേധമുയര്‍ന്നപ്പോള്‍ സ്വാതന്ത്ര്യ സമരസേനാനികളുടെയും വിമുക്ത ഭടന്മാരുടെയും കുടുംബാംഗങ്ങള്‍ക്ക് സംവരണം നല്‍കിയില്ലെങ്കില്‍ പിന്നെ ആനുകൂല്യം നല്‍കേണ്ടത് റസാക്കര്‍മാരുടെ (സ്വാതന്ത്ര്യ സമര സമയത്ത് രാജ്യത്തെ ഒറ്റു കൊടുത്തവര്‍) കുടുംബങ്ങള്‍ക്കാണോ എന്ന ചോദ്യമായിരുന്നു.
ചാരവൃത്തിയിലൂടെ പാകിസ്ഥാന്‍ സൈന്യത്തെ പിന്തുണക്കുകയും ബംഗ്ല സംസാരിക്കുന്ന ജനങ്ങളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് 'റസാക്കാര്‍'ക്കെതിരെ ആരോപിക്കപ്പെടുന്നത്. രാജ്യത്തെ ചില പ്രതിപക്ഷ അംഗങ്ങളെ ഇകഴ്ത്താന്‍ വേണ്ടി മാത്രം 'റസാക്കാര്‍' എന്ന വാക്ക് അമിതമായി ഉപയോഗിക്കുന്ന ഹസീന സര്‍ക്കാരിന് അടുത്തുണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭം തിരിച്ചടിയായി.
യുദ്ധസ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടുമോ?
രാഷ്ട്ര രൂപീകരണത്തിന് മുന്നില്‍ നിന്ന അവാമി ലീഗ് നിലവില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്. പ്രതിഷേധക്കാര്‍ക്ക് ഹസീനയുടെ കുടുംബത്തോടും പോലും വെറുപ്പാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഹസീന രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളില്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ പ്രതിമ തകര്‍ത്ത സംഭവം. അത്തരം യുദ്ധസ്മാരകങ്ങള്‍ ഇനി സംരക്ഷിക്കപ്പെടുമോ എന്ന കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പ്രതിമ തകര്‍ത്ത സംഭവം.
വിമോചന യുദ്ധകാലത്ത് ബംഗ്ലാദേശിന് പിന്തുണ നല്‍കിയ ഇന്ത്യ തന്നെയാണ് ഇന്ന് ഷെയ്ഖ് ഹസീനയ്ക്ക് പിന്തുണ നല്‍കുന്നതും. യുഎസും യുകെയും വാതിലുകള്‍ അടച്ചിട്ടപ്പോഴും ഹസീനയ്ക്ക് അഭയം നല്‍കിയത് ഇന്ത്യയാണ്. ബംഗ്ലാദേശില്‍ നിലവില്‍ വന്ന ഇടക്കാല സര്‍ക്കാരിനോടൊപ്പം നില്‍ക്കാന്‍ ഇന്ത്യയ്ക്കാവുമോ? ആവുമെങ്കില്‍ തന്നെ പുതിയ ഇടക്കാല സര്‍ക്കാരിനൊപ്പം പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും കൊണ്ടുനടന്നിരുന്ന സൗഹൃദപരമായ അന്തരീക്ഷം തുടരാനാവുമോ? ഇതിനായി ഇന്ത്യ ഒരു ചുവടുവെപ്പ് നടത്തുമോ? ചോദ്യങ്ങള്‍ നിരവധിയാണ്.
രാജ്യത്തെ എല്ലാ കാര്യങ്ങളിലും തങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ടെന്ന് വിശ്വസിച്ച അവാമി ലീഗിന് ബംഗ്ലാദേശില്‍ നേരിട്ടത് വലിയ തിരിച്ചടിയാണ്. ശ്രീലങ്കയ്ക്ക് ശേഷം ഏഷ്യയിലെ രണ്ടാമത്തെ രാഷ്ട്രമായി ബംഗ്ലാദേശ് മാറിയെങ്കിലും ഇതിലേക്ക് രാജ്യത്തെ എത്തിച്ച ഭരണകക്ഷി കുടുംബത്തിന് രാജ്യം വിടേണ്ടി വന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസ് നല്‍കിയ ഉറപ്പ് എത്രത്തോളം ശരിയായിരിക്കുമെന്ന് കാത്തിരുന്ന് കാണുക തന്നെ ചെയ്യാം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1