അലാസ്‌കയില്‍ നടന്ന പുടിന്‍-ട്രംപ് കൂടിക്കാഴ്ചയാണ് ഈ ദിവസങ്ങളിലെ ഏറ്റവും വലിയ വാര്‍ത്ത. നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റും റഷ്യന്‍ പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. വിഷയം യുക്രൈന്‍ യുദ്ധം ആയതിനാല്‍ തന്നെ ലോക മാധ്യമങ്ങളുടെ മുഴുവന്‍ ശ്രദ്ധയും യുഎസിലേക്ക് ആയിരുന്നു.
ചര്‍ച്ചയില്‍ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് പ്രത്യേകിച്ച് തീരുമാനം ഒന്നും ഉണ്ടായില്ലെങ്കിലും അമേരിക്കയിലെത്തിയ പുടിന്റെ ചില വിചിത്രമായ വിശേഷങ്ങളാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് പുടിന്റെ അംഗരക്ഷകര്‍ ചുമന്നു കൊണ്ടു നടക്കുന്ന സ്യൂട്ട്കേസ് തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി രസകരമായ അഭ്യൂഹങ്ങള്‍ വളരെ നേരത്തെ പ്രചരിച്ചിട്ടുണ്ട്.
പുടിന്റെ വിസര്‍ജ്യം ശേഖരിക്കാനാണ് ഈ സ്യൂട്ട്കേസ് കൊണ്ടുനടക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനൊരു പ്രത്യേക കാരണം ഉണ്ട്. റഷ്യന്‍ നേതാവിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് ലഭിക്കാതിരിക്കാനാണ് ഈ മുന്‍കരുതല്‍. അതിനാല്‍ പുടിന്റെ വിസര്‍ജ്യം ശേഖരിക്കാനായി ഈ സ്യൂട്ട്കേസ് എല്ലാ വിദേശ സന്ദര്‍ശനങ്ങളിലും ഒപ്പമുണ്ടാകും. പുടിന് പല അസുഖങ്ങളുണ്ടെന്ന തരത്തില്‍ നേരത്തെ പ്രചാരണങ്ങളുണ്ടായിരുന്നു.
അമേരിക്കയില്‍ വലിയ സുരക്ഷയാണ് പുടിന് ഏര്‍പ്പെടുത്തിയിരുന്നത്. റഷ്യന്‍ ഇന്റലിജന്റസ് ഉദ്യോഗസ്ഥരും കണ്ണിമ ചിമ്മാതെ പുടിന് ഒപ്പം ഉണ്ടായിരുന്നു. വിദേശത്ത് എവിടെപ്പോയാലും പുടിന്റെ വിസര്‍ജ്യം ശേഖരിച്ച് പ്രത്യേകം പാക്കറ്റുകളില്‍ സൂക്ഷിച്ച് സ്യൂട്ട്കേസിലാക്കി തിരിച്ചു റഷ്യയിലേക്ക് കൊണ്ടു വരും. പൂപ്പ് സ്യൂട്ട്കേസ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് റഷ്യന്‍ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രൊട്ടക്ടീവ് സര്‍വീസ് അംഗങ്ങളെ ഉദ്ധരിച്ച് സ്യൂട്ട്കേസിന്റെ വിശേഷങ്ങള്‍ ഫ്രാന്‍സിലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരാണ് പുറത്തുകൊണ്ടുവന്നത്. 2017 മാസത്തിലായിരുന്നു പുടിന്റെ ഫ്രാന്‍സ് സന്ദര്‍ശനം. ഈ സമയത്താണ് ഈ വിചിത്രമായ കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
പുടിന്റെ വിസര്‍ജ്യത്തിന്റെ സാമ്പിളുകള്‍ വിദേശ ശക്തികള്‍ക്ക് ലഭിച്ചാല്‍ അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കും എന്ന ഭയത്തില്‍ നിന്നാണ് ഈ മുന്‍കരുതല്‍. ഇത്തരം വിവരങ്ങള്‍ ശത്രുക്കളുടെ കൈകളിലെത്തിയാല്‍ അത് ദുരുപയോഗം ചെയ്യുമെന്ന് ഭയവും ഈ ലോക നേതാവിന് ഉണ്ട്. ലോകത്ത് പല വലിയ നേതാക്കളും ഇത്തരം പേടികള്‍ വച്ചുപുലര്‍ത്തുന്നവരാണ്.
പുടിന്‍ വിയന്ന സന്ദര്‍ശിച്ചപ്പോഴും ഈ നടപടികള്‍ പിന്തുടര്‍ന്നിരുന്നു. അവിടെ വച്ച് ഒരു പോര്‍ട്ടബിള്‍ ടോയ്‌ലറ്റാണ് അദ്ദേഹം ഉപയോഗിച്ചത്. 1992 മുതല്‍ പ്രസിഡന്റ് ഇക്കാര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 72 കാരനായ പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. പുടിന് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്നും ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം തള്ളിക്കളയുന്നതാണ് പുടിന്റെ അമേരിക്കന്‍ സന്ദര്‍ശനം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1