ഇന്ത്യയുടെ കൂറുമാറ്റ നിരോധന നിയമത്തിന്റെ ഭാവിയെന്ത്?

MAY 15, 2024, 1:28 PM

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതടവില്ലാതെ പയറ്റുന്ന അടവാണ് കൂറുമാറ്റം. രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ പെരുകുമ്പോള്‍ ഇന്ത്യയുടെ കൂറുമാറ്റ വിരുദ്ധ നിയമം നിശബ്ദ കാഴ്ചക്കാരനായി തുടരുന്നു എന്നതാണ് ഖേദകരം. 1960-70 കാലഘട്ടത്തില്‍ പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുടെ വ്യാപക കൂറുമാറ്റം തടയുന്നതിനായി 1985-ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ പത്താം ഷെഡ്യൂളിന് കീഴില്‍ നിലവില്‍ വന്നതാണ് കൂറുമാറ്റ വിരുദ്ധ നിയമം.

രസകരമായ വസ്തുത എന്തെന്നാല്‍ കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇന്ത്യ കൂടുതല്‍ കൂറുമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2002-ല്‍ ഭരണഘടനയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാനുള്ള ദേശീയ കമ്മിഷന്‍ നിയമത്തെ രൂക്ഷമായി കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.

എന്തിനെയാണ് നിയമം ശിക്ഷിക്കുന്നത്, എന്തൊക്കെ ഒഴിവാക്കപ്പെടുന്നു? പത്താം ഷെഡ്യൂളിന്റെ പല പോരായ്മകളും അതിന്റെ ഡ്രാഫ്റ്റിങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇത് കൂറുമാറ്റങ്ങള്‍ക്ക്, വിശേഷിച്ചും ഗ്രൂപ്പ് മാറ്റങ്ങള്‍ക്ക് വ്യക്തമായ പഴുതുകള്‍ അവശേഷിപ്പിക്കുന്നുണ്ട്. തങ്ങളുടെ പാര്‍ട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയോ പാര്‍ലമെന്റിലോ സംസ്ഥാന അസംബ്ലിയിലോ തങ്ങളുടെ പാര്‍ട്ടിയുടെ നിര്‍ദേശത്തിന് എതിരെ വോട്ട് ചെയ്യുമ്പോഴോ നിയമസഭാംഗങ്ങളെ പത്താം ഷെഡ്യൂള്‍ അയോഗ്യരാക്കുന്നു. സ്വതന്ത്ര എംപിമാര്‍/എംഎല്‍എമാര്‍ തെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയാണെങ്കില്‍ സഭയില്‍ നിന്ന് അയോഗ്യരാക്കപ്പെടാന്‍ ബാധ്യസ്ഥരാണ്. അയോഗ്യതക്കായുള്ള ഹര്‍ജികള്‍ സ്പീക്കറുടെയോ സഭ അധ്യക്ഷന്റെയോ മുമ്പാകെയാണ് എത്തുക.

കൂറുമാറ്റ വിരുദ്ധ നിയമത്തില്‍ രണ്ട് ഇളവ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ പിളര്‍പ്പ്, മറ്റൊന്ന് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള ലയനം. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും അവരുടെ പാര്‍ട്ടികളും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന കൂറുമാറ്റങ്ങളുടെ തത്വാധിഷ്ഠിതമായ സംഭവങ്ങള്‍ സംരക്ഷിക്കാന്‍ ഈ ഒഴിവാക്കലുകള്‍ മിതമായി ഉപയോഗിക്കേണ്ടതാണ് എന്നാണ് ഈ നിയമത്തെ ചുറ്റിപ്പറ്റിയുള്ള പാര്‍ലമെന്ററി ചര്‍ച്ചകള്‍ വെളിപ്പെടുത്തുന്നത്. ഉദ്ദേശ്യങ്ങള്‍ ശുദ്ധമായിരുന്നെങ്കിലും, ഈ ഇളവ് പലരുടെയും സുഖസൗകര്യങ്ങള്‍ക്കായി പലപ്പോഴും ഉപയോഗിച്ചു.

കൂറുമാറ്റങ്ങള്‍ വര്‍ധിച്ചതിനാലും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്ന പ്രവണത കൂടിയകതിനാലും പിളര്‍പ്പില്‍ ഉണ്ടായ ഇളവ് 2003-ല്‍ ഭരണഘടനയില്‍ നിന്ന് എടുത്ത് കളഞ്ഞു. ലയനത്തിലുള്ള ഇളവ് അപ്പോഴും തുടര്‍ന്നിരുന്നു. പത്താം ഷെഡ്യൂളിലെ ഖണ്ഡിക 4 ല്‍ പറയുന്നത് പ്രകാരം രണ്ട് വ്യവസ്ഥകള്‍ ഒരേസമയം നിറവേറ്റുകയാണെങ്കില്‍ ഒരു നിയമ സഭാംഗത്തിന് അയോഗ്യതയില്‍ നിന്ന് ഇളവ് അവകാശപ്പെടാം. ആദ്യത്തേത് നിയമസഭാംഗത്തിന്റെ യഥാര്‍ഥ രാഷ്ട്രീയ പാര്‍ട്ടി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ലയിക്കുന്നു. രണ്ടാമതായി ലയനത്തിന് സമ്മതിക്കുന്ന ലെജിസ്ലേച്ചര്‍ പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് അംഗങ്ങള്‍ നിയമസഭാംഗം ഉള്‍പ്പെടുന്ന ഗ്രൂപ്പിന്റെ ഭാഗമാകണം. ലെജിസ്ലേച്ചര്‍ പാര്‍ട്ടി എന്നാല്‍ നിയമസഭ ഹൗസിനുള്ളിലെ ഒരു പ്രത്യേക പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും അടങ്ങുന്ന ഗ്രൂപ്പാണ്.

ലയനത്തിലുള്ള ഇളവില്‍ ഒരു സൂക്ഷ്മ പരിശോധന നടത്തിയാല്‍ ഡ്രാഫ്റ്റിങ്ങിന്റെ അനാവശ്യമായ സങ്കീര്‍ണ്ണത വെളിപ്പെടും. ഒരു പ്രത്യേക നിയമസഭ കക്ഷിയുടെ മൂന്നില്‍ രണ്ട് ഭാഗവും മറ്റൊരു നിയമസഭ കക്ഷിയുമായി ലയിക്കാന്‍ സമ്മതിച്ചാല്‍ ഉടന്‍ തന്നെ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ലയനം നടന്നതായി കണക്കാക്കപ്പെടും എന്നാണ് പല ഹൈക്കോടതികളുടെയും വ്യാഖ്യാനം. ദേശീയ തലത്തിലോ പ്രാദേശിക തലത്തിലോ യഥാര്‍ഥ രാഷ്ട്രീയ പാര്‍ട്ടികളുടെ ലയനം തന്നെ ആവശ്യമില്ല എന്നതാണ് ഈ വ്യാഖ്യാനത്തിന്റെ പൊരുള്‍.

ലയനത്തിലെ ഇളവ് എങ്ങനെയാണ് രക്ഷപെടാനുള്ള വഴിയാകുന്നത്? : നിയമനിര്‍മാണ സഭകള്‍ക്ക് അകത്തും പുറത്തുമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ ഈ നിയമസാധുത വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. പാര്‍ട്ടിയുടെ, സഭയ്ക്കുള്ളിലെ നിയമനിര്‍മ്മാണ വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം മാത്രമേ ആവശ്യമുള്ളൂ എന്നതിനാല്‍ ലയനങ്ങള്‍ സുഖമായി അംഗീകരിക്കപ്പെടും.

2019-ല്‍ ഗോവ നിയമസഭയിലെ 15 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേരും ബിജെപിയില്‍ ചേര്‍ന്നപ്പോള്‍, ഇത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നിയമസഭ കക്ഷികളും തമ്മിലുള്ള ലയനമായി, സാങ്കേതികമായി കണക്കാക്കപ്പെട്ടതാണ് ഇതിന് വ്യക്തമായ ഉദാഹരണം. 10 കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ നിന്ന് ഗോവ അസംബ്ലി സ്പീക്കര്‍ ഒഴിവാക്കി. അവരുടെ തീരുമാനം ഒടുവില്‍ ബോംബെ ഹൈക്കോടതി (ഗോവ ബെഞ്ച്) ശരിവയ്ക്കുകയും ചെയ്തു.

കൂറുമാറ്റ നിരോധന നിയമപ്രകാരം കൂറുമാറിയ നിയമസഭാംഗങ്ങളെ അയോഗ്യരാക്കാതിരിക്കാനുള്ള പ്രാഥമിക കാരണം സ്വാഭാവികമായും ലയനങ്ങളും പിളര്‍പ്പുകളുമാണ്. വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി (വിധി) 1986-2004 കാലയളവില്‍ ലോക്സഭ സ്പീക്കര്‍മാര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച 55 അയോഗ്യത ഹര്‍ജികളുടെ സര്‍വേ നടത്തി. ഈ ഹര്‍ജികളില്‍ 49 നിയമസഭാംഗവും കൂറുമാറിയതിന് അയോഗ്യരാക്കപ്പെട്ടില്ല.

ഇവരില്‍ 77% (49 ല്‍ 38 പേര്‍), തങ്ങളുടെ യഥാര്‍ഥ പാര്‍ട്ടിയില്‍ പിളര്‍പ്പ് അല്ലെങ്കില്‍ മറ്റൊന്നുമായി ലയനം നടന്നെന്ന് തെളിയിച്ചതിനാല്‍ കൂറുമാറിയ നിയമസഭാംഗങ്ങളെ അയോഗ്യരാക്കാന്‍ കഴിഞ്ഞില്ല. ഉത്തര്‍പ്രദേശില്‍ നിന്നും സമാനമായ വെളിപ്പെടുത്തലുകള്‍ ഉയര്‍ന്നു. 1990-2008 കാലയളവില്‍ സമര്‍പ്പിച്ച 69 ഹര്‍ജികളില്‍ 2 എണ്ണം മാത്രമാണ് അയോഗ്യതയില്‍ കലാശിച്ചത്. അയോഗ്യതയില്ലാത്ത 67 കേസുകളില്‍, 82 ശതമാനവും ലയനങ്ങളും പിളര്‍പ്പുകളും കാരണമായി കാട്ടി രക്ഷപ്പെട്ടു.

കൂറുമാറ്റ നിരോധന നിയമംകൊണ്ട് എന്തെങ്കിലും ഗുണം?


സ്വതന്ത്ര എംപിമാര്‍/എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള വ്യക്തികളുടെ കൂറുമാറ്റത്തെ ശിക്ഷിക്കുന്നതില്‍ കൂറുമാറ്റ നിരോധന നിയമം ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. 1989-2011 കാലയളവില്‍ ഹരിയാന അസംബ്ലി സ്പീക്കര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച 39 ഹര്‍ജികളില്‍ സര്‍വേ നടത്തിയിരുന്നു. അയോഗ്യത കല്‍പ്പിച്ച 12 സംഭവങ്ങളുണ്ടായിരുന്നെന്നും അതില്‍ 9 എണ്ണം സ്വതന്ത്ര എംഎല്‍എമാരെ അയോഗ്യരാക്കിയതുമായി ബന്ധപ്പെട്ടതാണെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് സ്വതന്ത്ര എംഎല്‍എമാരെ 2004 ല്‍ സ്പീക്കര്‍ സത്ബീര്‍ സിങ് കാഡിയന്‍ അയോഗ്യരാക്കിയതും ഇതില്‍ ഉള്‍പ്പെടുന്നു. മേഘാലയ നിയമസഭയില്‍ (1988-2009) 18 അയോഗ്യത ഹര്‍ജികളാണ് സര്‍വേയില്‍ കണ്ടെത്തിയത്. രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നതിന് അഞ്ച് സ്വതന്ത്ര എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്.

പത്താം ഷെഡ്യൂളിന്റെ ഭാവി?

സംസ്ഥാന അസംബ്ലികളില്‍ സ്പീക്കര്‍ എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചുള്ള ഡാറ്റ അവരുടെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ (ഇംഗ്ലീഷില്‍ പോലും) ലഭ്യമല്ല. ഇത് പത്താം ഷെഡ്യൂളിന്റെ സമഗ്രമായ മൂല്യനിര്‍ണ്ണയത്തെ തടയുന്നതാണ്. എന്നിരുന്നാലും നിയമത്തിന്റെ വിജയങ്ങള്‍ അക്കമിട്ട് നിരത്തി നിയമം ഇപ്പോള്‍ ഏതാണ്ട് പ്രവര്‍ത്തനരഹിതമായി തുടരുകയാണ്.

ഈ വര്‍ഷം ആദ്യം ഓള്‍ ഇന്ത്യ പ്രിസൈഡിങ് ഓഫിസേഴ്സ് കോണ്‍ഫറന്‍സില്‍, ഈ നിയമം അവലോകനം ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. പത്താം ഷെഡ്യൂളിന്റെ പ്രകടനത്തെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തി പാര്‍ലമെന്ററി ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കൂറുമാറ്റ വിരുദ്ധ നിയമം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനും ആവശ്യമായത് ഈ കമ്മിറ്റി ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam