എന്താണ് ബഗ്രാമിലുള്ളത്, എന്തിനാവാം ട്രംപ് അത് ആവശ്യപ്പെട്ടത്?

SEPTEMBER 24, 2025, 8:41 AM

അഫ്ഗാനിലെ തന്ത്രപ്രധാന വ്യോമ താവളമായ ബഗ്രാം അമേരിക്കക്ക് വേണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്നില്ലെങ്കില്‍ അനുഭവിക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. അഫ്ഗാനിലെ ഒരിഞ്ച് സ്ഥലം പോലും വിട്ടു തരില്ലെന്നും പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ച മാത്രമേ സാധിക്കൂ എന്നും അഫ്ഗാന്‍ ഭരണകൂടം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ബഗ്രാം വ്യോമ താവളം അമേരിക്ക നിര്‍മിച്ചതെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. പലരും വിക്കി പീഡിയയിലെ വിശദീകരണം പങ്കുവച്ചു. 1950 കളില്‍ സോവിയറ്റ് യൂണിയനാണ് ബഗ്രാം താവളം നിര്‍മിച്ചത് എന്ന് ജിയോപൊളിറ്റിക്സ് നിരീക്ഷകനായ അര്‍ണോഡ് ബെട്രാന്‍ഡ് പറയുന്നു. ട്രംപ് എന്തിനാണ് പുതിയ ആവശ്യം ഉന്നയിക്കുന്നത് എന്നതാണ് ചോദ്യം.

1979 മുതല്‍ 1989 വരെ സോവിയറ്റ് അധിനിവേശം നടന്നിരുന്നു അഫ്ഗാനില്‍. ഇക്കാലത്ത് സൈന്യം ഉപയോഗിച്ചിരുന്നതാണ് ബഗ്രാം താവളം. ബഗ്രാം താവളം അതീവ പ്രാധാന്യമുള്ളതാണെന്നും അമേരിക്കക്ക് മുമ്പ് സോവിയറ്റ് സൈന്യമാണ് ഇത് ഉപയോഗിച്ചിരുന്നതെന്നും രാഷ്ട്രീയ നിരീക്ഷകനായ ഫസല്‍ മനല്ലാ പറയുന്നു.

അതീവ പ്രധാന്യമുള്ളത് വ്യോമ താവളം

മുഹമ്മദ് നജീബുല്ലയുടെ സര്‍ക്കാര്‍ വീണതോടെ അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിലേക്ക് മാറി. പിന്നീട് പല കക്ഷികള്‍ ബഗ്രാമിന്റെ നിയന്ത്രണം പിടിച്ചു. താലിബാന്‍ അധികാരത്തില്‍ എത്തിയതോടെ അവരുടേതായി. 2001 ല്‍ അമേരിക്കന്‍ അധിനിവേശം തുടങ്ങിയതോടെ അവര്‍ ഏറ്റെടുത്ത് നവീകരിച്ചു. വലിയ റണ്‍വേ ആണ് ഇതിന്റെ പ്രത്യേകത. ഏത് തരം വിമാനങ്ങള്‍ക്കും ഇറങ്ങാന്‍ സാധിക്കും.

അമേരിക്കയാണ് പട്ടാള നഗരമാക്കി ബഗ്രാമിനെ മാറ്റിയത്. ബാരക്കുകള്‍, ആശുപത്രികള്‍, ജയില്‍, കടകള്‍, പെട്രോള്‍ സ്റ്റേഷന്‍ തുടങ്ങി എല്ലാ സൗകര്യവും ഇവിടെയുണ്ട്. കാബൂളില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ബഗ്രാമിലെത്താം. ചൈനയുടെ ആണവ കേന്ദ്രം നിരീക്ഷിക്കാനുള്ള ഏറ്റവും അടുത്ത സൈനിക കേന്ദ്രവും ഇതാണ്. ഇറാന്‍, പാകിസ്ഥാന്‍, ചൈന, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം ബഗ്രാമില്‍ നിന്ന് അല്‍പ്പ നേരത്തെ യാത്രയേ ഉള്ളൂ.

അതിനെല്ലാം പുറമെ, അഫ്ഗാനിലെ ഭൂമിക്കടിയില്‍ ഉള്ള ലിഥിയം ആണ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യം എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയും ഇതേ ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്. ഇവ ഖനനം ചെയ്യാന്‍ സാധിച്ചാല്‍ മാത്രം മതി, അഫ്ഗാന് സൗദി അറേബ്യ പോലെ സമ്പന്നരാകാം. ഇക്കാര്യം നേരത്തെ അമേരിക്കക്ക് ബോധ്യപ്പെട്ടതുമാണ്.

രാത്രിയില്‍ തന്നെ സൈന്യം രക്ഷപ്പെട്ടു

2001 മുതല്‍ 2021 വരെ അമേരിക്കന്‍ സൈന്യം ബഗ്രാം താവളം ഉപയോഗിച്ചു. ഇവിടെ തടവിലാക്കപ്പെടുന്നവര്‍ക്ക് ക്രൂര പീഡനമാണ് ഏല്‍ക്കേണ്ട വന്നിരുന്നത്. അതുകൊണ്ടുതന്നെ കുപ്രസിദ്ധ തടവറ കേന്ദ്രം കൂടിയാണ് ബഗ്രാം. താലിബാന്‍ വീണ്ടും അധികാരം പിടിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസം രാത്രി അമേരിക്കന്‍ സൈന്യം ബഗ്രാം താവളം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. വിലപിടിപ്പുള്ള പല സൈനിക ഉപകരണങ്ങളും ഒഴിവാക്കിയാണ് രക്ഷപ്പെട്ടത്. ചിലതെല്ലാം നശിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാവിലെ ആളൊഴിഞ്ഞ സേനാ താവളമാണ് ജനങ്ങള്‍ കണ്ടത്.

ജോര്‍ജ് ബുഷ്, ബറാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ് എന്നീ യുഎസ് പ്രസിഡന്റുമാര്‍ ബഗ്രാം സന്ദര്‍ശിച്ചിട്ടുണ്ട്. ജോ ബൈഡന്‍ വൈസ് പ്രസിഡന്റായ വേളയിലും ഇവിടെ എത്തി. ഒരു ലക്ഷത്തിലധികം യുഎസ് സൈനികര്‍ അഫ്ഗാനിലേക്ക് വന്നതും പോയതും ഈ ക്യാമ്പ് വഴിയാണ്. ബഗ്രാം വിട്ടുകൊടുത്തത് ശരിയായില്ല എന്ന് ജോ ബൈഡനെ കുറ്റപ്പെടുത്തി പലപ്പോഴും ട്രംപ് പറഞ്ഞിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam