ശശി തരൂർ മനസ്സിൽ കാണുന്നതെന്ത്?

FEBRUARY 26, 2025, 8:49 PM

പുതിയ ആഗോളവത്കൃത ലോകത്തിന്റെ ഒരു യുവ പ്രതിനിധിയെന്ന നിലയിലാണ് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. ആഗോളതലത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ച ഒരു നവീന ഇന്ത്യൻ യുവതയുടെ പ്രതീകമായിരുന്നു അദ്ദേഹം അന്ന്. മലയാളിയായി ജനിച്ചെങ്കിലും അദ്ദേഹം ചെറുപ്പം മുതലേ ആഗോള പൗരനായിരുന്നു.

അതിനു മുമ്പ് അങ്ങനെയൊരാൾ മലയാളി സമൂഹത്തിനു സ്വന്തമായി അവകാശപ്പെടാനായി ഉണ്ടായിരുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ മുപ്പതുകളിൽ ഇംഗ്ലണ്ടിലെത്തി അവിടെ വേരുറപ്പിച്ച വി.കെ. കൃഷ്ണമേനോൻ ആയിരുന്നു. കുടുംബ ബന്ധുവും പിതാവിന്റെ സുഹൃത്തുമായ കൃഷ്ണമേനോനെ ചെറുപ്പത്തിൽ കാണാൻ പോയ അനുഭവം ഈയിടെ കോഴിക്കോട്ടു ഒരു പുസ്തക പ്രകാശനവേളയിൽ ശശി തരൂർ വിവരിക്കുകയുണ്ടായി. ഇരുവരും മലബാറിൽ വേരുകളുള്ള കുടുംബങ്ങളിൽ നിന്നാണ് വരുന്നത്. 

കൃഷ്ണ മേനോൻ കോഴിക്കോട്ടെ പ്രമുഖ കുടുംബത്തിലെ അംഗം; പഴയ കാലത്തു സാമൂതിരി രാജാവിന്റെ അനുചരവൃന്ദത്തിൽ മുഖ്യർ. തരൂരാകട്ടെ പാലക്കാട്ടെ തരൂർ സ്വരൂപത്തിലെ ഇളമുറക്കാരൻ. ഒരുകാലത്തു തരൂർ സ്വരൂപം സാമൂതിരിയുടെ സാമന്തന്മാരായിരുന്നു. അങ്ങനെ വായിൽ വെള്ളിക്കരണ്ടിയുമായി മലബാറിൽ ജനിച്ച കൂട്ടരാണ് നമ്മുടെ രണ്ടു വിശ്വപൗരന്മാരും. മലബാറിൽ ബ്രിട്ടീഷ് ഭരണം ആയതിനാൽ ഇവിടെ പലർക്കും ഇംഗ്ലീഷ് ബന്ധങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ആദ്യത്തെയാൾ സ്വാതന്ത്ര്യ സമരകാലത്തു ലണ്ടനിലെത്തി അവിടെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖനായി.

vachakam
vachakam
vachakam

പിന്നീട് ഇന്ത്യയുടെ പ്രതിരോധമന്ത്രിയും പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ അടുപ്പക്കാരനുമായി. നെഹ്‌റുവിന്റെ കാലംകഴിയും മുമ്പേ കോൺഗ്രസിൽ മേനോന്റെ കാലം അവസാനിച്ചിരുന്നു. ചൈനയുമായുള്ള യുദ്ധത്തിൽ ഇന്ത്യൻ സൈന്യം തോറ്റോടിയത് നെഹ്‌റുവിനു താങ്ങാവുന്ന ദുരന്തമായിരുന്നില്ല. അതോടെ മന്ത്രിസഭയിൽ നിന്നും മേനോൻ പുറത്തായി പിന്നെ അദ്ദേഹം കോൺഗ്രസ്സിൽ നിന്നു തന്നെ പുറത്തുപോന്നു. അവസാനം തിരുവനന്തപുരത്തു മത്സരിക്കാൻ സി.പി.എം സഹായം ചോദിക്കേണ്ട അവസ്ഥയിലുമെത്തി കൃഷ്ണമേനോൻ.

അതേ പാതയിലൂടെയാണോ രണ്ടാമത്തെയാളും സഞ്ചരിക്കുന്നത് എന്ന സംശയം ഉയർത്തുന്നതാണ് സമീപകാല സംഭവങ്ങൾ പലതും. ശശി തരൂർ സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച പുതു തലമുറയുടെ ഭാഗമാണ്. അദ്ദേഹം വിദേശങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടി. ഐക്യരാഷ്ട്രസഭയിൽ ഉന്നത പദവികൾ വഹിച്ചു. ഒരു അവസരത്തിൽ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ പദവിയിലേക്ക് മത്സരിച്ചു. അവിടെ ഇത്തരം പദവികളിൽ ആരു വരണം എന്നൊക്കെ നിശ്ചയിക്കുന്നത് യുഎൻ സെക്യൂരിറ്റി കൗൺസിൽ എന്നറിയപ്പെടുന്ന വൻശക്തി രാജ്യങ്ങളാണ്; അതിൽ പ്രധാനം അമേരിക്കയും. 

യുഎൻ അത്യുന്നത പദവിയിൽ ഇന്ത്യക്കാരൻ വരുന്നതിൽ അമേരിക്കയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. അതിനാൽ ഇന്ത്യയുടെ ഔദ്യോഗിക പിന്തുണ നേടുന്നതിനും ശശി തരൂരിന് കഴിഞ്ഞില്ല. അദ്ദേഹം തോറ്റു. അതോടെ യുഎൻ സേവനം വിട്ടു ഇന്ത്യയിലേക്കു മടങ്ങുകയും ചെയ്തു.ഇന്ത്യയിൽ സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സും സഖ്യകക്ഷികളും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയ കാലമാണത്. 2008ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ശശി തരൂർ നേരെ പോയത് ഡൽഹിയിലെ പത്താം നമ്പർ ജൻപഥ് എന്ന വസതിയിലേക്കാണ്. സോണിയാഗാന്ധി അദ്ദേഹത്തെ പാർട്ടിയിൽ സ്വീകരിച്ചു. പണ്ട് കൃഷ്ണ മേനോൻ മത്സരിച്ചു ജയിച്ച തിരുവനന്തപുരം സീറ്റു അടുത്ത തെരഞ്ഞടുപ്പിൽ ശശിക്ക് നൽകി. 

vachakam
vachakam
vachakam

അവിടെ അദ്ദേഹം ഗംഭീരവിജയം നേടി. മൻമോഹൻസിങ്ങിന്റെ രണ്ടാം മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതല ഏൽക്കുകയും ചെയ്തു.  കോൺഗ്രസ്സിന് അധികാരമുള്ള കാലത്തോളം ശശിയും പാർട്ടിയും തമ്മിലുള്ള ബന്ധം ഈച്ചയും ശർക്കരയും പോലെ അത്യധികം ഊഷ്മളമായിരുന്നു. കോൺഗ്രസിനെ ഏതു പ്രതിസന്ധിയിലും കാത്തുരക്ഷിക്കാൻ ശശി തരൂരിന്റെ അനുഗ്രഹീതമായ നാവ് റെഡി. കോൺഗ്രസും അതിന്റെ യുവനേതാവിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചു. അധികാരമുള്ളപ്പോൾ എന്നും പദവികൾ നൽകി. അധികാരം പോയ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ സുനന്ദ ആത്മഹത്യ ചെയ്ത സന്ദർഭത്തിൽ കേസും കൂട്ടവും ആരോപണങ്ങളും ശശിയെ പത്മവ്യൂഹത്തിലെന്ന പോലെ വളഞ്ഞിട്ട കാലത്തും പാർട്ടി അദ്ദേഹത്തെ താങ്ങി. അത്തരം പ്രതിസന്ധികളിൽ നിന്നും പരിക്കൊന്നും കൂടാതെ അദ്ദേഹം ഊരിപ്പോരുകയും ചെയ്തു.

ഇത്തരം പ്രതിസന്ധികളുടെ കാലത്താണോ എന്നറിയില്ല, കോൺഗ്രസ്സിനു പുറത്തും ചില വിത്തുകൾ സൂക്ഷിക്കുന്നത് ഭാവിയിലെ രാഷ്ടീയ കൃഷിക്ക് ഗുണം ചെയ്യും എന്ന് നാടിന്റെ നെല്ലറയായ പാലക്കാട്ടു ജനിച്ച ശശിക്കും ബോധ്യമായത് എന്നുവേണം കരുതാൻ. കാരണം അദ്ദേഹം പിന്നീട് കോൺഗ്രസ്സിൽ നിൽക്കുമ്പോഴും മറ്റു അധികാരസ്ഥാനങ്ങളെ വേണ്ടവിധം സന്തോഷിപ്പിച്ചു നിർത്തുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശശിക്ക് സത്യത്തിൽ രാഷ്ട്രീയമായ നിലപാടുകളേക്കാൾ പ്രധാനം തന്റെ രാഷ്ടീയ താല്പര്യങ്ങൾ തന്നെയാണ് എന്നദ്ദേഹം എന്നും മറയില്ലാതെ വെളിവാക്കിയിരുന്നു. അതായതു  പാർട്ടിയേക്കാൾ പ്രധാനം അധികാരമാണ് എന്നു അദ്ദേഹം വിശ്വസിച്ചു. അതിനായി പ്രവർത്തിക്കുകയും ചെയ്തു.

പാർട്ടിയിൽ ചേരും മുമ്പ് ഒരു ദിവസം പോലും അദ്ദേഹം കോൺഗ്രസുകാരനായി പ്രവർത്തിച്ച ചരിത്രമില്ല. ഒരിക്കൽപോലും കോൺഗ്രസ്സ് കൊടിയേന്തി അദ്ദേഹം ഒരു ജാഥയിലും പങ്കെടുത്തിട്ടില്ല. പാർട്ടിക്കുവേണ്ടി അടിയും ഇടിയും ഏറ്റുവാങ്ങുന്ന കാര്യം അദ്ദേഹം ആലോചിച്ചിട്ടു പോലുമില്ല. എന്നിട്ടും കോൺഗ്രസ്സിന് ഒരു പുതിയ അധ്യക്ഷനെ വേണം എന്ന തീരുമാനം പാർട്ടി എടുത്തപ്പോൾ അതിനു യോഗ്യൻ താൻ തന്നെ എന്ന് അദ്ദേഹം സ്വയം കണ്ടെത്തി. ലോകത്തു ഒരു പാർട്ടിയിലും അധ്യക്ഷ  പദവിയിലേക്കു ഇങ്ങനെ ഒരാളെ കൊണ്ടുവരുന്ന രീതിയില്ല. പാർട്ടിയുടെ പദവികളിലും അധികാര കേന്ദ്രങ്ങളിലും പുറത്തുനിന്ന് വിദഗ്ദ്ധരെ കൊണ്ടുവന്നു ഇരുത്താറുണ്ട്. 

vachakam
vachakam
vachakam

എന്നാൽ അധ്യക്ഷപദവി അങ്ങനെ പുറം കരാർ ജോലിയല്ല. എന്നാൽ ശശി അതു തിരിച്ചറിഞ്ഞില്ല. അദ്ദേഹം മത്സരിച്ചു. തോൽകുകയും ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ പദവി മോഹിച്ച സന്ദർഭത്തിലും ഇതേ മണ്ടത്തരമാണ് അദ്ദേഹത്തെ നയിച്ചത്. ചില പദവികളിൽ ഇരിക്കാൻ യോഗ്യത മാത്രം പോരാ; വേറെയും മാനദണ്ഡങ്ങളുണ്ട് എന്നദ്ദേഹം മനസ്സിലാക്കിയില്ല. ഉദാഹരണത്തിന് ഗുരുവായൂർ മേൽശാന്തിയോ തന്ത്രിയോ ആകാൻ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര യോഗ്യതയൊന്നും മതിയാവില്ലല്ലോ. കോൺഗ്രസ്സ് അധ്യക്ഷ പദവിയും അത്തരമൊരു പദവിയാണ്. അതിനുള്ള യോഗ്യത നെഹ്‌റു കുടുബത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാവുക എന്നതു തന്നെയാണ്.

പത്താം  നമ്പർ ജനപഥിൽ നിന്നാണ് അംഗത്വം നേടിയതെങ്കിലും ശശി തരൂർ ഒരിക്കലും സോണിയാഗാന്ധിയുടെയോ രാഹുൽ-പ്രിയങ്ക സംഘത്തിന്റെയോ അടുപ്പക്കാരനായി ഒരിക്കലും അറിയപ്പെട്ടിരുന്നില്ല. അവിടെ അടുപ്പം സ്ഥാപിക്കാനുള്ള വിദ്യകൾ അദ്ദേഹത്തിനു വേണ്ടപോലെ അറിയാനും കഴിഞ്ഞില്ല. ഇനി അറിഞ്ഞാലും അതു പ്രയോഗിക്കാനുള്ള ചർമബലം അദ്ദേഹത്തിനുണ്ടാവും എന്നും പ്രതീക്ഷിക്കാനാവില്ല. കാരണം കോൺഗ്രസ്സിൽ ഉന്നത നേതൃത്വവുമായുള്ള അടുപ്പം സേവപിടിത്തത്തിൽ അധിഷ്ഠിതമായ ഒരു സംഗതിയാണ്. കോൺഗ്രസ്സ് ജനാധിപത്യ പാർട്ടി തന്നെ; പക്ഷേ പാർട്ടിയിലെ കാര്യങ്ങൾ നടക്കുന്നത് ഫ്യൂഡൽ കാലത്തെ രീതിയിൽ തന്നെയാണ് ഇന്നും.

അങ്ങനെകോൺഗ്രസ്സ് അധ്യക്ഷ പദവി മോഹിച്ച ശശി തരൂർ അവസാനം അവിടെ ആരുമല്ലാതെ ഒരു ത്രിശങ്കു സ്വർഗത്തിൽ ചെന്നുചാടുന്ന അവസ്ഥയാണ് കുറേക്കാലമായി നാട്ടുകാർ കാണുന്നത്. സ്വന്തം മണ്ഡലത്തിൽ പോലും പാർട്ടിക്കാർ അദ്ദേഹത്തെ വിലവെക്കാറില്ല. ഇത്തവണ വെറും ഭാഗ്യം കൊണ്ട് ജയിച്ചു വന്നതാണ്. അടുത്ത തവണ സീറ്റു കിട്ടുകയില്ല; കിട്ടിയാലും ജയിക്കുകയില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 

ഈയൊരു പ്രതിസന്ധിയിലാണ് അദ്ദേഹത്തെ പാർലമെന്റിൽ നരേന്ദ്രമോദി പുകഴ്ത്തുന്നത്. രാഹുൽഗാന്ധി ഒരക്ഷരം വായിക്കില്ല എന്നൊക്കെ കളിയാക്കിയ മോദി അതേ ശ്വാസത്തിൽ ശശിയെ പുകഴ്ത്തുകയും ചെയ്തു. അതിന്റെ ലക്ഷ്യം ആർക്കും കാണാനാവും. കോൺഗ്രസ്സിൽ നിന്നും ശശി തരൂരിനെ അടർത്തി കൊണ്ടുവന്നാൽ മോദിയ്ക്ക് പലതുണ്ട് ഗുണം. അന്തരാഷ്ട്ര തലത്തിൽ ഉപയോഗിക്കാവുന്ന ഒന്നാന്തരം കഥാപാത്രം. ജയശങ്കറും നിർമലാ സീതാരാമനും പുറമെ മറ്റൊരു ബുദ്ധിജീവി കൂടി കക്ഷത്തു കിട്ടിയാൽ നല്ലതുതന്നെ എന്ന മോദിയുടെ തോന്നലിലും തെറ്റില്ല. 

പക്ഷേ ബി.ജെ.പിയിൽ അഭയം പ്രാപിക്കുകയെന്നാൽ ശശിയെ സംബന്ധിച്ചു അതത്ര എളുപ്പമല്ല. അദ്ദേഹം ഇന്നുവരെ ഉണ്ടാക്കിയ പ്രതിച്ഛായ വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിനും ചിന്തകൾക്കും എതിരാണ്. അതെല്ലാം എളുപ്പത്തിൽ മായ്ച്ചു കളയാവുന്നതുമല്ല. അതിനാൽ കൂടുതൽ എളുപ്പം ഒരു  ഇടതുപക്ഷ പുരോഗമന പ്രതിച്ഛായ നിലനിർത്തലാണ്. കേരളത്തിലെ പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങളെ കണക്കറ്റു പുകഴ്ത്തുമ്പോൾ അങ്ങനെയൊരു കണക്കുകൂട്ടലും അദ്ദേഹത്തിന്റെ മനസ്സിലുണ്ടാവും എന്നാണ് സംശയിക്കേണ്ടത്.

അല്ലെങ്കിൽ മറ്റൊരു കണക്കുകൂട്ടൽ, ഭാവിയിലെ വിലപേശലിൽ സ്വന്തം അങ്ങാടി നിലവാരം ഒന്ന് കയറ്റി നിർത്തലുമാകാം. ഓഹരി വിപണിയിലെ അടിയൊഴുക്കുകൾ പോലെയൊരു മുൻകൂർ അടി. ബി.ജെ.പി നൽകുന്ന ഓഫർ മോശമെങ്കിൽ തനിക്കു വേറെയും വഴിയുണ്ട് എന്നു മോദിയെയും സംഘത്തെയും അറിയിക്കുകയാണോ ഡി.വൈ.എഫ്.ഐ പരിപാടിയിലേക്കുള്ള ക്ഷണം മഹാസംഭവമാക്കി സാമൂഹിക മാധ്യമങ്ങളിൽ അവതരിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന ഘടകം? 

എന്തായാലും ഒരു കാര്യം തീർച്ച: ശശി തരൂർ കൃഷ്ണമേനോന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അതു അന്തിമമായി അദ്ദേഹത്തിന് ഗുണമോ ദോഷമോ ഉണ്ടാക്കുക എന്നതിന് ഉത്തരം നൽകുക ഭാവിചരിത്രമാണ്. ഇന്ന് കൃഷ്ണമേനോൻ എന്ന പേരുപോലും ആരും ഓർക്കുന്നില്ല എന്ന കാര്യവും ഇവിടെ ഓർക്കേണ്ടതു തന്നെ.

എൻ.പി. ചെക്കുട്ടി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam