മലയാളി തലയിൽ തുണിയിട്ടും ചെവിട്ടിൽ പഞ്ഞി തിരുകിയും നടക്കുകയാണ്. ചൂട്
കാരണം വെള്ളം കുടിച്ച് ജനം മടുക്കുന്നു. എന്നാൽ എ.സി. കുളിരിലിരുന്ന് ഒരു
സിനിമ കണ്ട് രസിക്കാൻ തിയറ്ററിൽ പോയാൽ മമ്മൂട്ടിയും 'മഞ്ഞുമ്മൽ ബോയ്‌സും'
ഏഴരക്കട്ടയിൽ പേടിപ്പിക്കുന്ന ഡയലോഗുകൾ പറയുന്നു, അലറി വിളിക്കുന്നു. കാശു
കൊടുത്ത് ടിക്കറ്റ് വാങ്ങി കണ്ണടച്ച് തിയറ്ററിലിരിക്കേണ്ട ഗതികേടിലാണ്
പ്രേക്ഷകർ.
രാഷ്ട്രീയത്തിലും സ്ഥിതി ഇതു തന്നെ. 'മുഖാമുഖ' ത്തിൽ തന്റെ
തനിമുഖം കാണിച്ച് സദസ്സിനെ വിറപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്ന് മാധ്യമങ്ങൾ
പറയുന്നു. പൗരപ്രമുഖരാണ് മുഖാമുഖത്തിനെത്തുന്നത്. മുഖ്യമന്ത്രിയുടെ
അടുത്തിരിക്കാൻ നിയോഗിക്കപ്പെട്ട സംവിധായകൻ ബേസിൽ ജോസഫിന്റെയും കൗമാര നടി
അനശ്വര രാജന്റെയും ശരീര ഭാഷ കണ്ടാലറിയാം, എങ്ങനെയെങ്കിലും ഈ പൊല്ലാപ്പൊന്ന്
തീർന്നു കിട്ടിയാൽ മതിയെന്ന്. രണ്ട് സീറ്റിനപ്പുറമിരുന്ന അർജുൻ അശോകൻ
ദൂരക്കൂടുതലിന്റെ സുരക്ഷിതത്വത്തിൽ ചിരിക്കുന്നതും കണ്ടു. മുഖാമുഖത്തിന്റെ
മറ്റൊരു വേദിയിൽ ടി. പത്മനാഭനെത്തിയിരുന്നു. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ
തിരുത്തണമെന്നു പറഞ്ഞ് കഥാകൃത്തായ ടി. പത്മനാഭൻ തടിതപ്പി. ആർക്ക് എപ്പോൾ,
എവിടെവച്ച്, എന്തുകൊണ്ട് തെറ്റ് പറ്റിയിരിക്കാമെന്ന സാങ്കൽപിക ചോദ്യം
വേദിയിൽ ഉണ്ടായിരുന്നുവെങ്കിലും, ആ ഗുലുമാല് ഏണിവച്ച് പിടിക്കേണ്ടെന്ന്
മുഖ്യമന്ത്രിയും കരുതിക്കാണണം. അതേ 'മുഖാമുഖ' ത്തിൽ വച്ചുതന്നെ കവിയും
തിരക്കഥാകൃത്തും കൈരളി ചാനലിന്റെ പഴയ സഹകാരിയുമായ ഷിബു ചക്രവർത്തി
മുഖ്യമന്ത്രിയോട് നിർദ്ദിഷ്ട കെ.ആർ. നാരായണൻ ഇൻസ്റ്റിട്യൂട്ടിന്റെ കാര്യം
എന്തായെന്ന് ചോദിച്ചത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. ചോദ്യം ചോദിക്കാൻ
അവസരം കിട്ടിയാൽ ഇങ്ങനെയാണോ ചോദ്യം ഉന്നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി
ക്ഷോഭത്തോടെ പ്രതികരിക്കുന്നതുവരെയെത്തി വേദിയിലെ കാര്യങ്ങൾ. മാധ്യമങ്ങളാണ്
ഇപ്പോൾ മുഖ്യമന്ത്രിയുടെ മുഖ്യ ശത്രു. മറുനാടൻ ഷാജനാണ് ഈ പട്ടികയിലെ
ഒന്നാം പ്രതി. 'ദേശാഭിമാനി' ഒഴിച്ചുള്ള മാധ്യമങ്ങൾ ഏതായാലും മുഖാമുഖം
പരിപാടിയിൽ വേണ്ടെന്ന കൽപ്പന മുഖ്യമന്ത്രി മുദ്ര വച്ച് സംഘാടകർക്ക്
നൽകിയിട്ടുണ്ട്.
മഞ്ഞുമ്മൽ ബോയ്‌സ് കളം പിടിച്ചേ
ആമുഖത്തിൽ പറഞ്ഞതുപോലെ 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന സിനിമ പ്രേക്ഷകരെ പേടിപ്പിക്കുന്നുണ്ടെന്നു സോഷ്യൽ മീഡിയയിലൂടെ പലരും പറഞ്ഞു കഴിഞ്ഞു. പറവ പ്രൊഡക്ഷൻസിനുവേണ്ടി സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ സിനിമ ഏതായാലും റെക്കോഡുകൾ തിരുത്തിക്കുറിക്കും. കണ്ണൂർ സ്‌ക്വാഡിന് സംഗീതം പകർന്ന സുഷിൻ ശ്യാമാണ് ഈ ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടർ. സൗബിൻ ഷാഹിറും, ശ്രീനാഥ് ഭാസിയും, ബാലു വർഗീസും ഗണപതി എസ്. പൊതുവാളും ലാൽ ജൂനിയറും ദീപക് പറമ്പോലുമുണ്ട് താരനിരയിൽ, 'പ്രേമലു' വിന്റെ ആവർത്തന പ്രേക്ഷകർ ഇപ്പോൾ മഞ്ഞുമ്മൽ ബോയ്‌സിന്റെ ടിക്കറ്റ് തരപ്പെടുത്താനുള്ള ക്യൂവിലാണ്. ഭയമെന്ന വികാരത്തെ 'മുഖാമുഖം' കാണാൻ 'മഞ്ഞുമ്മൽ ബോയ്‌സ്' കണ്ടാൽ മതി. വിവിധ ഷെഡ്യൂളുകളിലായി 108 ദിവസം വേണ്ടിവന്നു സംവിധായകനായ ചിദംബരം എസ്. പൊതുവാളിന് ഈ സിനിമ തീർക്കാൻ. ഡ്രീം ബിഗ് ഫിലിംസ് വഴി ശ്രീഗോകുലം മൂവീസാണ് ഈ ചിത്രം വിതരണം ചെയ്യുന്നത്. 2024ൽ മലയാള സിനിമ ഒ.ടി.ടി. റിലീസിനെ കുടഞ്ഞെറിയാൻ തക്ക കലാമൂല്യം നേടിക്കഴിഞ്ഞു. ഭ്രമയുഗമാണെങ്കിലും മഞ്ഞുമ്മൽ ബോയ്‌സാണെങ്കിലും തിയറ്ററിൽ കാണാതെ ഈ ചിത്രങ്ങളുടെ ദൃശ്യ ഭംഗി സ്വന്തമാക്കാനാവില്ല. ദിലീപിന്റെ വിനോദയാത്രയിലെ 'പാലും പഴവും' പാട്ട് പാടുന്ന പയ്യൻസ്, പിൽക്കാലത്ത് 'മല്ലു സിംഗിലെ' നിൽക്കണോ പോണോ, എന്ന ഡയലോഗ് പറയുന്ന പ്രായത്തിലെത്തിയെങ്കിലും, സ്വസഹോദരനായ ചിദംബരത്തിന്റെ സിനിമയിൽ ഗണപതിയുടെ അഭിനയത്തിന്റെ പൂർണ്ണത കാണാൻ നമുക്ക് കഴിയുന്നു.
നാറ്റിച്ചേ അടങ്ങൂ എന്നാണോ വാശി ?
എറണാകുളം സൗത്തിലുള്ള പി ആൻഡ് ടി കോളനിയിലെ 74 കുടുംബങ്ങൾക്കായി ഫ്‌ളാറ്റ് സമുച്ചയം നിർമ്മിച്ച്, ആ കുടുംബങ്ങളെ ദുരിത ജീവിതത്തിൽ നിന്ന് രക്ഷിച്ചത് ഇടതു സർക്കാരാണെങ്കിലും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി എന്ന ജി.സി.ഡി.എയുടെ പിന്നാലെ നടന്ന് പദ്ധതി പൂർത്തിയാക്കിയതിൽ ടി.ജെ. വിനോദ് എം.എൽ.എയ്ക്കുമുണ്ട് ചെറുതല്ലാത്ത റോൾ. ഇപ്പോൾ ഈ ഫ്‌ളാറ്റിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകി നാട്ടുകാരുടെ ജീവിതം ദുരിതമയമാക്കിക്കഴിഞ്ഞു. വൈദ്യുതി കണക്ഷനും വാട്ടർ കണക്ഷനുമെല്ലാം ഒറ്റ ബില്ലാണിവിടെ. ഓരോ കുടുംബങ്ങളും ഉപയോഗിക്കുന്ന വൈദ്യുതിയും വെള്ളവുമെത്രയെന്ന് കണക്കാക്കാൻ ഇവിടെ സംവിധാനമില്ല. ഫ്‌ളാറ്റിന്റെ മുകളിലെ ഓവർഹെഡ് ടാങ്കിന് മൂടിയില്ല. ഇതുമൂലം പക്ഷികൾ കൊത്തിക്കൊണ്ടുവരുന്ന മാലിന്യങ്ങൾ മൂലം ടാങ്കിലെ വെള്ളം പലപ്പോഴും ഉപയോഗിക്കാനാവുന്നില്ല. 74 കുടുംബങ്ങൾക്കായി ഫ്‌ളാറ്റുകൾ നിർമ്മിക്കുമ്പോൾ, ചില ജി.സി .ഡി.എയിലെ ചില ഉദ്യോഗസ്ഥർ കരാറുകാരുമായി ഒത്തുകളിച്ചതാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്നും പരാതികളുണ്ട്. ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട പദ്ധതികൾ എങ്ങനെ അലമ്പാക്കാമെന്ന് ജി.സി.ഡി.എ. ഉദ്യോഗസ്ഥരെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. എറണാകുളം നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരെ പാർട്ടിക്ക് നഷ്ടപ്പെടുന്ന വിധത്തിലായിരുന്നു ഈ പുനരധിവാസമെങ്കിലും എം.എൽ.ഏയായ ടി.ജെ. വിനോദ് ആ പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥതകൾ തിരുത്താൻ ഓടിനടക്കുകയാണിപ്പോൾ.
കൊച്ചി നഗരത്തിൽ ആണൊരുത്തനില്ലേ ?
എൽ.ഡി.എഫാകട്ടെ, ജയിക്കുമെന്ന ആത്മവിശ്വാസം തീരെയില്ലെന്ന മട്ടിൽ 'കക്ഷത്തിലിരിക്കുന്നത് അവിടെയിരിക്കട്ടെ, ഉത്തരത്തിലിരിക്കുന്നത് എടുക്കാൻ നോക്കാമെന്ന' രീതിയിൽ ഒരു മന്ത്രിയെ പോലും മൽസരത്തിനിറക്കിയിട്ടുണ്ട്. പാർട്ടി മാറി വോട്ട് ചെയ്താൽ കണ്ടുപിടിക്കാൻ കഴിയുന്ന വിധം രണ്ട് ജില്ലാ സെക്രട്ടറിമാരെയും സി.പി.എം. കളത്തിലിറക്കിക്കഴിഞ്ഞു. എറണാകുളത്ത് ഒരു പരീക്ഷണത്തിനൊരുങ്ങുകയാണ് സി.പി.എം. ലത്തീൻ സഭയിൽ നിന്നുള്ള പറവൂർ നഗരസഭാ, കൗൺസിലറായ കെ.ജെ. ഷൈൻ എന്ന ടീച്ചറെ ഹൈബിക്ക് എതിരെ സ്ഥാനാർത്ഥിയാക്കിയത് കൊച്ചി നഗരത്തിൽ ആണൊരുത്തൻ ഹൈബിക്കെതിരെ പോരിനില്ലെന്ന സൂചന നൽകിക്കഴിഞ്ഞിട്ടുണ്ട്. സി.പി.ഐ. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞുവെങ്കിലും ബി.ജെ.പി.യുടെ പട്ടിക കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
തറവേലകളും തന്തയില്ലാത്തരവും
ലോകസഭാ തെരഞ്ഞെടുപ്പിനുമുമ്പ് നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ്. വിജയിച്ചതോടെ വോട്ടെടുപ്പിൽ കള്ളക്കളി പ്രതീക്ഷിക്കാം. ചില രാഷ്ട്രീയ പാർട്ടികൾ, ഒരേ മുന്നണിയിൽ നിന്നുകൊണ്ടുതന്നെ ചതിച്ചതിന്റെ ബാക്കിപത്രമാണ് ഇടതു വിജയങ്ങളെന്നു കരുതുന്നവരുണ്ട്. രാഷ്ട്രീയത്തിൽ നേട്ടം കൊയ്യാൻ ഏതറ്റം വരെ പോകാനും എന്തു തറവേല നടത്താനും പറ്റിയ ചില നേതാക്കളുടെ 'തന്തയില്ലായ്മത്തരം' മലയാളികൾക്ക് ഈ ലോക്‌സഭാ ഇലക്ഷനിൽ നേരിട്ട് കാണാനാകും. ആ 'തറവേല' യിൽ തൽപ്പരകക്ഷികൾ ജയിച്ചാൽ ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്‌സും കണ്ട് ഭയപ്പെട്ടതുപോലെയാവില്ല കാര്യങ്ങൾ. ചെറ്റത്തരത്തിനു കാലും കൈയും വച്ചതുപോലെയുള്ള അവതാരങ്ങളെ കണ്ട് 'ഉടുമുണ്ട് അറിയാതെ നനഞ്ഞു പോകുന്ന' രീതിയിലുള്ള എട്ടിന്റെയല്ല പതിനാറിന്റെ പണി 'കാരണ ഭൂതന്റെ' വിമർശകർക്ക് കിട്ടിയെന്നു വരാം.
കാട്ടാന കുതിക്കുന്നത് കൊല്ലാനാണ്
കാട്ടാനക്കലിയിൽ ഒരു മനുഷ്യ ജീവൻ കൂടി പൊലിഞ്ഞു. മൂന്നാറിലാണ് സംഭവം രണ്ടു മാസത്തിനുള്ളിൽ നാലാമത്തെ മരണം 10 വർഷത്തിനിടെ വയനാട്ടിൽ മാത്രം വന്യ ജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 54 പേർ. ഇതിൽ 42 മരണങ്ങളും കാട്ടാനകളുടെ പട്ടികയിൽ പെടും. സഞ്ചാര സ്വാതന്ത്ര്യം മൗലീക അവകാശമാണെന്നിരിക്കെ, ആരും വീടിന് പുറത്തിറങ്ങരുതെന്നും മറ്റുമുള്ള നിരോധനാജ്ഞകൾ ഒരു സർക്കാർ ഫലിതമെന്ന മട്ടിൽ മാത്രമേ പൊതുജനം കാണുകയുള്ളു.
കുടിവെള്ള ടാങ്കറുകൾക്ക് കൊയ്ത്തുകാലം
ജലക്ഷാമത്തെക്കുറിച്ചുള്ള സർക്കാരിന്റെ പ്രതികരണം അത്യപൂർവ പ്രതിഭാസമെന്നാണ്. നഗരങ്ങളിൽ കുടിവെള്ള ടാങ്കറുകൾ തലങ്ങും വിലങ്ങും ഓടുന്നു. വിതരണം ചെയ്യുന്ന വെള്ളം 'നല്ലതാണോ ചീത്തയാണോ' എന്ന പരിശോധനയൊന്നും ഇപ്പോൾ നടക്കുന്നില്ല സർക്കാർ വാഹനങ്ങൾക്ക് ഇന്ധനമടിക്കാൻ പോലും പണമില്ലെന്നിരിക്കേ, ജല പരിശോധനയെല്ലാം ജലരേഖയല്ല വായുരേഖ മാത്രമാണ് !
ആന്റണിചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1