നിഷ്‌കളങ്ക കൗമാരം വയലന്‍സിനെ കൂട്ടുപിടിക്കാന്‍ കാരണങ്ങളെന്ത്?

MARCH 5, 2025, 2:17 AM

കേരളം ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഞെട്ടിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. വെഞ്ഞാറമൂട്ടില്‍ സ്വന്തം മാതാവിനെയും സഹോദരനെയും അടക്കം ആറുപേരെ നിഷ്‌കരുണം ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയ ഇരുപത്തിമൂന്നുകാരന്‍ അഫാന്‍ നല്‍കിയ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് സഹപാഠികളായ ഒരു സംഘം വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹബാസ് എന്ന പത്താംക്ലാസുകാരന്‍ കൊല്ലപ്പെട്ടത്. അത് മലയാളികളുടെ ഉള്ള് പൊള്ളിച്ച വാര്‍ത്തയായിരുന്നു.

സത്യത്തില്‍ ഇതൊന്നും ഇപ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. കൊല്ലുമെന്ന് പറഞ്ഞ് അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയും സഹപാഠിയെ ക്രൂരമായി റാഗ് ചെയ്ത് ആത്മഹത്യയിലേക്ക് എത്തിച്ച വിദ്യാര്‍ത്ഥികളും ഈ കൊച്ചുകേരളത്തില്‍ വാര്‍ത്തയാകാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇക്കാര്യത്തില്‍ ഇരക്ഷത്തേയും ന്യായീകരിക്കുന്ന വലിയൊരു സമൂഹവും നമ്മുക്കിടയില്‍ ഉണ്ട്.

എന്തുകൊണ്ടായിരിക്കാം പത്തും പതിനഞ്ചും വയസുള്ള കുട്ടികള്‍ ഇങ്ങനെ അക്രമം അഴിച്ചുവിടുന്നത്? വളര്‍ത്തുദോഷമോ, ലഹരി വസ്തുക്കളുടെ ഉപയോഗമോ അതോ വയലന്‍സിനെ ഹീറോയിസമായി വാഴ്ത്തുന്ന സിനിമകളോ? എന്താണ് കുട്ടികളിലെ നിഷ്‌കളങ്കതയെ തകര്‍ത്ത് പകരം അവരില്‍ അക്രമവാസന അഴിച്ചുവിടുന്നത്. തൃശ്ശൂര്‍ ഗവണ്‍മെന്റ് മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ സീനിയര്‍ സൈക്കോളജിസ്റ്റായ ഡോ. റഹീമുദ്ദീന്‍ പി. കെ ഒരു മാധ്യമത്തില്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്.

നിഷ്‌കളങ്കതയില്‍ നിന്ന് അക്രമത്തിലേക്ക്


ശാരീരിക ഉപദ്രവവും അടിപിടിയും സിന്തറ്റിക് മയക്കുമരുന്നുകളുടെ അമിതോപയോഗവും കുടുംബാംഗങ്ങളോടും അധ്യാപകരോടും ഉള്ള അനാദരവും മോശം പെരുമാറ്റവും അടക്കം കേരളത്തിലെ കൗമാരപ്രായക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമ വാസനയുടെയും സ്വഭാവങ്ങളുടെയും കാരണങ്ങളെ കുറിച്ച് വിശദവും സമഗ്രവുമായ വിലയിരുത്തല്‍ ആവശ്യമാണ്. ഇത്തരം സ്വഭാവങ്ങള്‍ക്ക് പിന്നിലെ പാരിസ്ഥിതികമായ ഘടകങ്ങളും വ്യക്തിപരമായ സ്വാധീനവും ഇഴകീറി പരിശോധിക്കുമ്പോള്‍ എവിടെയാണ് മുതിര്‍ന്നവര്‍ ഇടപെടേണ്ടതെന്നും എന്താണ് ഇതിനുള്ള പരിഹാരമെന്നും മനസിലാക്കാന്‍ സാധിക്കും.

പാരിസ്ഥിതികമായ ഘടകങ്ങള്‍

കുടുംബ വ്യവസ്ഥ


മാതാപിതാക്കളുടെ നോട്ടക്കുറവോ മക്കള്‍ക്ക് വൈകാരികമായ പിന്തുണ നല്‍കാന്‍ അവര്‍ക്ക് സാധിക്കാതിരിക്കുന്നതോ കുട്ടികളെ അക്രമവാസനകളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. വീട്ടുകാരില്‍ നിന്ന് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത കുട്ടികളും വൈകാരികമായി അവഗണന നേരിടുന്നവരും അക്രമസ്വഭാവങ്ങള്‍ കാണിക്കാറുണ്ട്. മാതാപിതാക്കളുടെ ഭാഗത്ത് നിന്നും സ്ഥിരതയില്ലാത്ത തരത്തിലുള്ള അച്ചടക്ക നടപടികളും ഗാര്‍ഹിക പീഡനങ്ങളും ഇത്തരം കുട്ടികളില്‍ അക്രമവാസന വര്‍ധിപ്പിക്കും.

മയക്കുമരുന്ന് ലഭ്യത

വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്നുകളും മറ്റ് ലഹരിവസ്തുക്കളും വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന ഒരു അവസ്ഥാവിശേഷം നിലവിലുണ്ട്. മാതാപിതാക്കളുടെയോ അധ്യാപകരുടെയോ അറിവില്ലാതെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍ സുലഭമായി ലഭിക്കുകയും കൗമാരപ്രായക്കാരില്‍ വലിയൊരു വിഭാഗം അത് പരീക്ഷിച്ച് നോക്കുകയും ചെയ്യുന്നുവെന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഒരിക്കല്‍ ഇത്തരം മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന നിരവധിപേര്‍ അതിന് അടിമകളാകുകയും അക്രമവാസനകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

മാധ്യമങ്ങളുടെ സ്വാധീനം

അക്രമത്തെ സാമാന്യവല്‍ക്കരിക്കുന്ന സിനിമ അടക്കമുള്ള മാധ്യമങ്ങള്‍ അപകടകരമായ സന്ദേശമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ടെലിവിഷന്‍, സിനിമ, വീഡിയോ ഗെയിമുകള്‍ എന്നിവയിലൂടെ അക്രമം നിറഞ്ഞ ഉള്ളടക്കങ്ങള്‍ സ്ഥിരമായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് യുവതലമുറയെ ആഴത്തില്‍ സ്വാധീനിക്കുന്നു. അക്രമം സാധാരണമാണെന്ന ധാരണ അവരില്‍ വളരുകയും അവര്‍ അക്രമസ്വഭാവങ്ങള്‍ കാണിക്കാന്‍ ധൈര്യപ്പെടുകയും ചെയ്യുന്നു.

ഡിജിറ്റില്‍ അടിമത്തം

അക്രമം നിറഞ്ഞ വീഡിയോ ഗെയിമുകളും ഓണ്‍ലൈന്‍ ഉള്ളടക്കവും കുട്ടികളെ വഴിതെറ്റിക്കുന്നു. അത്തരം വീഡിയോ ഗെയിമുകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്ന കുട്ടികളില്‍ യാഥാര്‍ത്ഥ്യമേത് അയാഥാര്‍ത്ഥ്യമേത് എന്ന തിരിച്ചറിവ് നഷ്ടപ്പെടുന്നു. അവരില്‍ സഹതാപം അടക്കമുള്ള മാനുഷിക ഗുണങ്ങള്‍ നഷ്ടപ്പെടുകയും ക്രൂരതയും അക്രമവാസനയും വര്‍ധിക്കുകയും ചെയ്യുന്നു.

സൗഹൃദങ്ങള്‍


അക്രമസ്വഭാവമുള്ള കുട്ടികളുമായുള്ള കൂട്ടുകെട്ടും കുട്ടികളില്‍ അക്രമവാസന വര്‍ധിക്കുന്നതിന്റെ ഒരു കാരണമാണ്. Peer Contagion അഥവാ കൂട്ടുകെട്ടിലൂടെ പകരുന്ന അവസ്ഥ എന്നാണ് ഇത് അറിയപ്പെടുന്നത്.


വൈകാരിക/മാനസിക ദൗര്‍ബല്യങ്ങള്‍

നിരാശയോ ഇച്ഛാഭംഗമോ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ ഇന്ന് കുട്ടികളിലുണ്ട്. നൈരാശ്യത്തെ അടക്കിവെക്കാന്‍ സാധിക്കാതെ വരുമ്പോള്‍ കുട്ടികള്‍ അത് അക്രമമായി പ്രകടിപ്പിക്കുന്നു. അതുപോലെ പ്രതിഫലമോ അംഗീകാരമോ ലഭിക്കുന്നതിലെ കാലതാമസവും കുട്ടികളെ അക്രമവാസനയിലേക്ക് നയിക്കും. അക്ഷമരായി തീരുന്ന കുട്ടികള്‍ അവരുടെ ആവശ്യങ്ങള്‍ അപ്പോള്‍ തന്നെ നേടുന്നതിന് ക്രിമിനല്‍ നടപടികള്‍ക്ക് മുതിരുന്നു.

പെരുമാറ്റ വൈകല്യങ്ങള്‍

പലതരം പേഴ്സണാലിറ്റി ഡിസോഡറുകളും കുട്ടികളില്‍ അക്രമവാസനയ്ക്ക് കാരണമാകുന്നുണ്ട്. ഉദാഹരണത്തിന് പെരുമാറ്റ വൈകല്യം അല്ലെങ്കില്‍ ഒഡിഡി (Oppositional Defiant Diosrder) എന്നിങ്ങനെയുള്ള മാനസിക വൈകല്യങ്ങള്‍ ഉള്ള കുട്ടികളില്‍ ധിക്കാരം, പക, പരുഷമായ പെരുമാറ്റം, അക്രമവാസന എന്നിവ കണ്ടുവരുന്നു.

കൂടാതെ എടുത്തുചാട്ടം, വികാരങ്ങളെ നിയന്ത്രിക്കാനാകാത്ത അവസ്ഥ എന്നിങ്ങനെയുള്ള പെരുമാറ്റങ്ങളും ബോര്‍ഡര്‍ലൈന്‍, സാമൂഹ്യവിരുദ്ധ പെരുമാറ്റ വൈകല്യങ്ങള്‍ ഉള്ളവരില്‍ കാണാറുണ്ട് ഇവരും അക്രമസ്വഭാവങ്ങള്‍ കാണിക്കാറുണ്ട്.

എഡിഎച്ച്ഡി

മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുക അതിനുവേണ്ടി അസ്വാഭാവികമായി പെരുമാറുക എന്നത് Attention-Deficit/Hyperactivity Diosrder അഥവാ എഡിഎച്ച്ഡി ഉള്ള കുട്ടികളില്‍ സാധാരണയാണ്. ഇവര്‍ വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. എപ്പോഴും മറ്റുള്ളവര്‍ ശ്രദ്ധിക്കണം എന്ന ചിന്തയാണ് ഇവര്‍ക്കുണ്ടാകുക. ഇത് ചിലപ്പോള്‍ അക്രമ സ്വഭാവങ്ങളിലേക്ക് നയിക്കും.

മേല്‍പ്പറഞ്ഞ പാരിസ്ഥിതികവും വ്യക്തിപരവുമായ ഘടകങ്ങള്‍ ഒന്നിച്ച് സ്വാധീനിക്കുമ്പോള്‍ കുട്ടികളില്‍ അക്രമം വര്‍ധിക്കാനുള്ള സാധ്യത കൂടും. ഉദാഹരണത്തിന് നിരാശ നിയന്ത്രിക്കാന്‍ സാധിക്കാത്ത ഒരു കുട്ടി വയലന്‍സ് നിറഞ്ഞ ഒരു സിനിമ കാണുമ്പോള്‍ ഉള്ളിലുള്ള നിരാശ തീര്‍ക്കാന്‍ അകമത്തിന്റെ വഴി തിരഞ്ഞെടുത്തുവെന്നിരിക്കും. അതുപോലെ എഡിഎച്ച്ഡി ഉള്ള കുട്ടിക്ക് മാതാപിതാക്കളുടെ നോട്ടക്കുറവ് വന്നാല്‍ അക്രമസ്വഭാവമുള്ള കൂട്ടുകാരോട് ആഭിമുഖ്യം ഉണ്ടായെന്നിരിക്കും. അത് ആ കുട്ടിയിലും അക്രമവാസന വളരാന്‍ കാരണമാകും.

കുട്ടികളെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ അക്രമത്തിലേക്ക് നയിക്കുന്ന പാരിസ്ഥിതികവും വ്യക്തിപരവുമായ ഘടകങ്ങളും കാരണങ്ങളും തിരിച്ചറിയാന്‍ മാതാപിതാക്കളും അധ്യാപകരും ഒരുപോലെ ശ്രമിക്കണം. അതിന് കഴിഞ്ഞാല്‍ അക്രമവാസന ഇല്ലാതാക്കാന്‍ ഓരോ കുട്ടിക്കും ഏത് തരം ഇടപെടലാണ് വേണ്ടതെന്ന് തിരിച്ചറിയാനാകും.

ചില പരിഹാരങ്ങള്‍ നോക്കാം.

കുടുംബബന്ധങ്ങള്‍ ശക്തമാക്കുക

കാലം മാറുന്നതിനനുസരിച്ച് മക്കളെ വളര്‍ത്തുന്നതില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് മാതാപിതാക്കളെ ബോധവല്‍ക്കരിക്കുക. കുട്ടികളുമായി ഇടപഴകേണ്ട രീതികളും അവരുടെ കാര്യങ്ങളില്‍ മേല്‍നോട്ടം എത്തരത്തിലാകണമെന്നും വൈകാരികമായി അവര്‍ക്ക് വേണ്ട പിന്തുണ എങ്ങനെയാണ് നല്‍കേണ്ടതെന്നും മാതാപിതാക്കള്‍ക്ക് തികഞ്ഞ ബോധ്യമുണ്ടാകണം.

കുടുംബത്തിന് മൊത്തത്തിലുള്ള കൗണ്‍സിലിംഗാണ് മറ്റൊരു പരിഹാരം. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനും കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താനും കൗണ്‍സിലിംഗ് സഹായകമാകും.

മാധ്യമ ഉപയോഗം കുറയ്ക്കുക

മാധ്യമ സാക്ഷരത നേടാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. സിനിമയും സോഷ്യല്‍ മീഡിയയും അടക്കമുള്ള മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ വിമര്‍ശനാത്മകമായി വിലയിരുത്താനും അവ തങ്ങളിലുണ്ടാക്കുന്ന സ്വാധീനം തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കുക. വയലന്‍സ് ഇല്ലാത്ത ഉള്ളടക്കങ്ങളെ പൊതുവെ സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കുക. വയലന്‍സ് പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക.

മാനസികമായ പിന്തുണ

കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍ നേരത്തെ തന്നെ തിരിച്ചരിഞ്ഞ് പരിഹാരം തേടുക. എഡിഎച്ച്ഡിയോ മറ്റ് സ്വഭാവ വൈകല്യങ്ങളോ ഏറ്റവും വേഗത്തിലുള്ള ഇടപെടലുകള്‍ ആവശ്യമായ മാനസികാവസ്ഥകളാണ്. കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയാല്‍ ഒരു മടിയും കൂടാതെ മാനസികാരോഗ്യ വിദഗ്ധനെ കാണുക.

സമൂഹത്തിന്റെ താങ്ങ്

കുട്ടികളിലെ അക്രമവാസന ഇല്ലാതാക്കാന്‍ സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. സര്‍ക്കാരും സന്നദ്ധ സംഘടനകളും ഇതിനുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടുവരണം. സല്‍സ്വാഭാവ രൂപീകരണത്തിനും കഴിവുകള്‍ വികസിപ്പിക്കുന്നതിനും കുട്ടികള്‍ക്കായി ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുകയും അവര്‍ക്ക് വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും പിന്തുണയും ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുക.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam