ഒന്നറിയുക, ഗോതമ്പു പോലുള്ള ഭക്ഷ്യധാന്യങ്ങളും സൂര്യകാന്തി എണ്ണ ഉൾപ്പടെയുള്ള പാചക എണ്ണകളും ഏറ്റവും കൂടുതൽ ഉദ്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് റഷ്യയും ഉക്രെയിനും. അതുപോലെ ആഗോള തലത്തിൽ ഭക്ഷ്യോദ്പാദനം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന വളങ്ങൾ ഏറെയും ഉത്പാദിപ്പിക്കുന്നതും ഈ രണ്ടു രാജ്യങ്ങളാണ്. അവിടമിന്ന് യുദ്ധഭൂമിയാണ്. അതിന്റെ പ്രത്യാഘാതം ലോകം മുഴുവൻ അനുഭവിക്കേണ്ടിവരും.
ഓരോ യുദ്ധവും വരുത്തി വയ്ക്കുന്നത് എപ്പോഴും നഷ്ടങ്ങളുടെ ഒരു കൂമ്പാരമാണ്. യുദ്ധത്തെ ദുഃഖം എന്നു മാറ്റിവിളിച്ചത് വിഖ്യാത എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ഒ.വി. വിജയനാണ്. പക്ഷേ ലോകത്ത് യുദ്ധം ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. രണ്ടു വർഷമായി റഷ്യൻ-ഉക്രെയിൻ യുദ്ധം നടന്നുവരുന്നു. ഇസ്രായേൽ-ഹമാസ് പോരാട്ടം അഞ്ചുമാസം പിന്നിടുമ്പോൾ, യുദ്ധവെറിയിൽ വിട്ടുവീഴ്ചയില്ലാത്ത ലോകരാജ്യങ്ങളുടെ നിർദയത്വത്തെക്കുറിച്ചെന്തു പറയാൻ..!
ഇതാ വീണ്ടുമൊരു വലിയദുഃഖം കനത്ത നാശനഷ്ടങ്ങളായി പെയ്തുകൊണ്ടിരിക്കുന്നു. ഭരണകൂട ഭീകരതയും, നെറികേടും, സ്‌നേഹനിരാസങ്ങളും കൂട്ടിയിട്ട് ജീവിതമെന്ന ആസക്തിയെയും ആശയഗതിയെയും യുദ്ധമെന്ന ആ ദ്വയാക്ഷരിയിലൂടെ ദേശീയത അപസ്മാരമായി കൊണ്ടാടുന്ന ഒരുകൂട്ടർ. അതൊക്കെ ഇന്നലെ എന്നോ തുടങ്ങി വർധിച്ച് ടെക്‌നോളജി അതിന്റെ തോന്നിവാസങ്ങളിൽ സംത്രാസം തുടങ്ങിയപ്പോൾ, രാജ്യങ്ങൾ വെട്ടിപ്പിടിച്ചും ആയുധങ്ങൾ വിറ്റും അണുവായുധങ്ങൾ പ്രയോഗിക്കാൻ രസം കൊണ്ടും രമിക്കുന്നു. രണ്ടു മഹായുദ്ധങ്ങളും അവയുടെ അതീവനാശങ്ങളും സാമ്പത്തിക ഘടനയുടെ കുത്തനെയുള്ള വീഴ്ചയും ലോകം കണ്ടുകഴിഞ്ഞു.
രണ്ടാമത്തെ മഹായുദ്ധമെന്ന ലാളന ഒന്നവസാനിപ്പിക്കാൻ അമേരിക്ക, ജപ്പാന്റെ അഹന്താ വിസ്‌ഫോടനത്തെ പിടിച്ചൊതുക്കാൻ ഹിരോഷിമയിലും, നാഗസാക്കിയിലും രണ്ട് അണുബോംബുകൾ ഇട്ടതോടെ ആ മഹാവിപത്തുകൾ അന്നുവരെ ഉണ്ടായിരുന്ന ലോകക്രമങ്ങളുടെ താളം തകർത്തു തരിപ്പണമാക്കി. സത്യത്തിൽ ഒരു പട്ടാളക്കാരനും യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ, അതിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ്. ലൂയി പിരാന്തല്ലോ എന്ന നോബൽ പ്രൈസ് ജേതാവിന്റെ മനുഷ്യസ്‌നേഹ പ്രചോദിതമായ യുദ്ധത്തിനെതിരെയുള്ള 'യുദ്ധം' എന്ന കൊച്ചുകഥ മനുഷ്യഹൃദയങ്ങളെ പിടിച്ചുലയ്ക്കുക തന്നെ ചെയ്യും.
അങ്ങനെയങ്ങനെ യുദ്ധം എന്ന ഭീകര താണ്ഡവത്തെക്കുറിച്ചുള്ള കഥാകഥനങ്ങളും, സിനിമകളും മറ്റും ജീവനോടെ ലോകം കാഴ്ചവച്ചു. എന്നിട്ടും ഭരണകൂടങ്ങൾ യുദ്ധത്തെ വാരിപ്പുണരാൻ മുന്നിൽ തന്നെ ഇടിച്ചു നിൽക്കുകയണ്. ലോകത്ത് യുദ്ധത്തിനെതിരെ മനുഷ്യമനസ്സുകളെ ഉണർത്താനും യുദ്ധത്തിന്റെ കണ്ണിൽച്ചോരയില്ലാത്ത അതീവഭീകരതകളുടെ നന്ദികേടുകളും മാനുഷികതകളും ഇല്ലാത്ത അവസ്ഥ ബോദ്ധ്യപ്പെടുത്താനും ആത്മാവു കൈമോശം വരാത്ത ന്യൂനപക്ഷങ്ങൾ എവിടെയെങ്കിലും ഉണ്ടാകുമല്ലോ. അവരിൽ ജീവിതാവബോധം ആവർത്തനമാകാനും ഓ! ദൈവമേ എന്നു കണ്ണുയർത്തി കാരുണികമായി വിളിക്കാനും ഉതകുന്ന ചിത്രങ്ങളും നോവലുകളും എത്രയോ പ്രതിഭാശാലികൾ കോറിയിട്ടിട്ടുണ്ട്. എന്നിട്ടും ലോകക്രമങ്ങൾ തകിടം മറിക്കാൻ ഭരണകൂടങ്ങൾ എന്നും മുന്നിൽത്തന്നെ നിലയുറപ്പിച്ചിട്ടുണ്ടാകും.
റഷ്യൻ ചലച്ചിത്രമായ വാർ ആന്റ് അൺകൈൻഡ്‌നസ് അമ്മ യുദ്ധമുഖത്തുനിന്നു രക്ഷപ്പെട്ടു വരുന്ന മകനെ കാത്തുകാത്തു വിഷമിച്ചു ദിനരാത്രങ്ങളെ അക്ഷമയുടെ കനലിൽ ചവിട്ടി നിദ്രകൾ കുടഞ്ഞു കളഞ്ഞ് ഒടുവിൽ ആ പുത്രൻ വരുമ്പോൾ സന്തോഷം ഉണർത്തുന്ന സംഗീതമാവുമ്പോൾ, ആ ഒരു നിമിഷം, ഒരൊറ്റ നിമിഷം, അധികാരികളും ഒരു സൈനികനും മകന്റെ പെട്ടി ഉടുപ്പുമായി എത്തുമ്പോഴുള്ള പൊട്ടിക്കരച്ചിലിന്റെ ഹൃദയവീക്കവും, പിന്നെ അതു കരച്ചിലും ഒടുവിൽ ഗദ്ഗദവീക്കവും പിന്നെ ഞരക്കവും ഒടുവിൽ മൗനത്തിൽ നിന്നും അതിമൗനത്തിലേക്കുള്ള ഭയാനകതയും ആയി മാറുമ്പോൾ ഓടിക്കിതച്ചു വരുന്ന സന്ധ്യ കൊടും ഇരുട്ടായി പരിണമിക്കുമ്പോൾ, യുദ്ധത്തിന്റെ സ്‌ക്രീനിലേക്കു മാത്രം ഫോക്കസു ചെയ്യപ്പെടുന്ന ആ അമ്മയുടെ ചിത്രം. ഏതൊരു നീചന്റെ ഹൃദയത്തിൽ പോലും ഒരു തേങ്ങൽ, ഒരു നീറ്റൽ വരാതിരിക്കുമോ? ഭരണമേലാളന്മാരേയും അവരുടെ വഴിവിട്ട ജീവിതാസക്തികളെയും ഒന്നു ശപിക്കാതിരിക്കുമോ?
ഇതിനോടൊപ്പം വായിക്കാവുന്ന അതിദയനീയത അഡോൾഫ് ഹിറ്റ്‌ലറുടെ നരാധമത്വവും കൊടും ഏകാധിപത്യഭരണവും അതിനോടൊത്തുള്ള യഹൂദ വേട്ടയാടലും മനുഷ്യത്വം നാമ്പെടുക്കാൻ മറന്നതിന്റെ ഫലമായി 60 ലക്ഷം യഹൂദരെ നിർദയം, നിർദാക്ഷിണ്യം ഹോളോക്കാസ്റ്റിലൂടെയും ഗ്യാസ് ചേമ്പറിലൂടെയും കൊന്നൊടുക്കുമ്പോൾ ഏതൊരു നീതിപീഠമായിരിക്കും ആ ജനദ്രോഹിക്കു മാപ്പു കൊടുക്കുക?
ഉക്രെയിൻ യുദ്ധം നമുക്കറിയാം. ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധങ്ങളും, ഹമാസ് ഭീകരതകളും നാം കാണുകയല്ലോ? ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും ഒട്ടനവധി ചെറുയുദ്ധങ്ങളും ചരിത്ര സംഹിതകളോടൊപ്പം ലോകം കണ്ടുകഴിഞ്ഞു. ഇനിയും എത്രയോ കാണാനിരിക്കുന്നു.
ലോകത്തിൽ തന്നെ ഗോതമ്പു പോലുള്ള ഭക്ഷ്യധാന്യങ്ങളും സൂര്യകാന്തി എണ്ണ ഉൾപ്പടെയുള്ള പാചക എണ്ണകളും ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് റഷ്യയും ഉക്രെയിനും. അതുപോലെ ആഗോള തലത്തിൽ തന്നെ ഭക്ഷ്യോദ്പാദനം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന വളങ്ങൾ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നതും ഈ രണ്ടു രാജ്യങ്ങളാണ്. റഷ്യയുമായും മറ്റ് ബന്ധപ്പെട്ട രാജ്യങ്ങളുമായും താൻ ഇതു സംബന്ധിച്ച ചർച്ചകൾ നടത്തി എന്നും ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉണ്ടെന്നും സെക്രട്ടറി ജനറൽ പറയുന്നു.
ആട്ടിപ്പായിക്കപ്പെടുന്ന ജനതയുടെ അനിശ്ചിതത്വം നിറഞ്ഞ ഭാവി മാത്രമല്ല അഭയാർഥികളുടെ വലിയ കണക്കുകൾ മുന്നോട്ടുവെക്കുന്ന ആശങ്ക. ഒപ്പം ആഗോളതലത്തിൽ രാഷ്ട്രീയ പരാജയങ്ങളുടെ വെളിപ്പെടുത്തൽ കൂടിയാണ് ഇത് നിർവഹിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള യൂറോപിലെ ഏറ്റവും വലിയ അഭയാർഥി പ്രവാഹമാണ് ഇപ്പോൾ ഉക്രൈനിൽ നിന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നത്.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1