വിനയായി സ്റ്റീൽ ബോംബ്; കൈപ്പിഴയിൽ കുഴങ്ങി പാർട്ടി

APRIL 10, 2024, 8:30 PM

ആദർശ രാഷ്ട്രീയം ക്രിമിനൽ രാഷ്ട്രീയത്തിന് വഴി മാറുന്നതിൽ കേരള ജനതയ്ക്കുള്ള ഉത്ക്കണ്ഠ ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പു കാലത്ത് വീണ്ടും ആളിക്കത്തിനിടയാക്കി പാനൂരിലെ ബോംബ് സ്‌ഫോടനം. ആൾപാർപ്പില്ലാത്ത വീട്ടിൽ ഒരു സംഘം സി.പി.എം പ്രവർത്തകർ ചേർന്ന് നാടൻ ബോംബ് നിർമിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടി ഷെറിൻ എന്ന യുവാവ് മരിച്ചു; മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സമീപ സ്ഥലങ്ങളിൽ നിന്ന് ഏതാനും ബോംബുകൾ പോലീസ് പിടികൂടുകയും ചെയ്തു. രാഷ്ട്രീയ വിവാദങ്ങളും പൊട്ടിത്തെറിച്ച പാനൂർ കേസിൽ നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം ഇതിനോടകം പോലീസിന്റെ പിടിയിലായി. ഒളിവിൽ പോകാൻ ഇവർക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയെന്നാണ് നിഗമനം. ഉദുമൽപേട്ടയിലാണ് ഇതിൽ ഒരാളുണ്ടായിരുന്നത്. ബോംബ് നിർമാണത്തിനുള്ള വസ്തുക്കൾ ഇവർക്ക് എത്തിച്ചുനൽകിയത് ആരെന്നും സ്റ്റീൽ ബോംബുണ്ടാക്കാൻ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.

പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഡി.വൈ.എഫ്.ഐ ഭാരവാഹികൾക്കെതിരെ കുറ്റം തെളിഞ്ഞാൽ മാത്രം നടപടിയെന്നാണ് സംഘടനയുടെ നിലപാട്. യൂണിറ്റ് ഭാരവാഹികളുണ്ടെന്ന് സംസ്ഥാന, ജില്ലാ നേതാക്കൾ സ്ഥിരീകരിച്ചെങ്കിലും പ്രദേശിക നേതൃത്വം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ പകയാണ് ബോംബ് നിർമാണത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തൽ. സി.പി.എം, ആർ.എസ്.എസ് അനുഭാവികളാണ് ഇരു സംഘത്തിലുമെങ്കിലും ഇവർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. എന്നാൽ, രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ട് പ്രതികൾ ബോംബ് നിർമിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ സൂചന. ഇതിന് ഒരാഴ്ച മുമ്പ് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പോലീസ് നടത്തിയ പരിശോധനയിൽ പാനൂരിനടുത്ത സെൻട്രൽ പൊയിലൂരിൽ ആർ.എസ്. എസ് നേതാവിന്റെ വീട്ടിൽ നിന്ന് 770 കിലോഗ്രാം സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തിരുന്നു.

ഇലക്ഷൻ സ്‌പെഷൽ സ്‌ക്വാഡുകൾ പൊതുനിരത്തിലും മറ്റും പരിശോധന നടത്തുന്നുണ്ട്. കാർ യാത്രക്കാരെ തടഞ്ഞുനിർത്തി വണ്ടിയുടെ ഡിക്കി പരിശോധിക്കുന്നു. ഡിക്കിക്കകത്ത് ബാഗുണ്ടെങ്കിൽ അതു തുറന്നുപരിശോധിക്കുന്നു. കാറിനകത്തുള്ള ഡാഷ് തുറന്നു നോക്കുന്നു. ഇതൊക്കെ നല്ലതു തന്നെ. അനധികൃതമായി പണമോ മറ്റോ കൊണ്ടുപോകുന്നുണ്ടോ എന്നൊക്കെ കണ്ടെത്തുകയാണു ലക്ഷ്യം.അതേസമയം, നാട്ടിൽ ബോംബ് ഉണ്ടാക്കുന്നതു കാണാൻ ഇവിടെ ഉദ്യോഗസ്ഥ സംവിധാനമൊന്നുമില്ല. ഇതൊന്നും ഉദ്യോഗസ്ഥർക്ക് അറിയാൻ കഴിയാഞ്ഞിട്ടല്ല. അറിഞ്ഞതുകൊണ്ടു കാര്യമില്ല. അവിടെച്ചെന്ന് എന്തെങ്കിലും അന്വേഷണം നടത്തിയാൽ പണി പാളും. അതുകൊണ്ടുതന്നെ ആരും ഈ സാഹസത്തിനൊന്നും മുതിരില്ല. പ്രമോഷനും ഇഷ്ടപ്പെട്ട ലാവണങ്ങളിലേക്കുള്ള നിയമനവും സർവീസിൽനിന്നു വിരമിച്ച ശേഷമുള്ള പദവികളും സ്വപ്‌നം കണ്ടു ജീവിക്കുന്ന ഉദ്യോഗസ്ഥ പ്രമുഖർക്ക് എന്തു ബോംബ്, എന്തു സ്‌ഫോടനം? ഏതെങ്കിലും പാവപ്പെട്ട മനുഷ്യരുടെ ജീവൻ പോയാൽ ആർക്ക് ചേതം?

vachakam
vachakam
vachakam

നിർമാണത്തിനിടെ ബോംബ് സ്‌ഫോടനവും മരണവും ഗുരുതര പരുക്കേൽക്കലുമൊക്കെ കണ്ണൂരിൽ വിശിഷ്യാ പാനൂരിൽ അസാധാരണമേയല്ല. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ 1988 നു ശേഷം കണ്ണൂർ ജില്ലയിൽ ഒരു ഡസനോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടുതലും പാനൂർ മേഖലയിൽത്തന്നെ. 2011ൽ ഓർക്കട്ടേരിയിലായിരുന്നു ഈ ഗണത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തം. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് ലീഗ് പ്രവർത്തകരാണ് അന്ന് കൊല്ലപ്പെട്ടത്. ഏഴ് പേർക്ക് പരുക്കേറ്റു. ബോംബാക്രമണങ്ങളും നിർമാണത്തിനിടെ സംഭവിക്കുന്ന സ്‌ഫോടനവും ഈ മേഖലയിൽ ഇടയ്ക്കിടെ ആവർത്തിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ സൂക്ഷിച്ച ബോംബുകൾ അബദ്ധത്തിൽ പൊട്ടി കൊച്ചുകുട്ടികളടക്കം നിഷ്‌കളങ്കരുടെ ജീവനെടുക്കുകയും അവയവങ്ങൾ നഷ്ടമാകുകയും ചെയ്ത സംഭവങ്ങളുമുണ്ട്. ഒഴിഞ്ഞ പ്രദേശങ്ങളിലോ കെട്ടിടങ്ങളിലോ ആണ് രാഷ്ട്രീയ ക്രിമിനലുകൾ നിർമിക്കുന്ന ബോംബുകൾ ഒളിപ്പിച്ചു വെക്കുന്നത്. പോലീസ് റെയ്ഡിനു വരുമ്പോൾ ബോംബ് ശേഖരം എവിടെയെങ്കിലും ഉപേക്ഷിക്കുന്നതും സാധാരണം. ഇത്തരം ബോംബുകൾ പിന്നീട് കുട്ടികളുടെ കൈയിലെത്തുന്നു. അവർ കളിക്കോപ്പായി ഉപയോഗിക്കുന്നു;പിഞ്ചു കുഞ്ഞുങ്ങൾക്ക് അറിയില്ലല്ലോ അതിന്റെ ഭവിഷ്യത്ത്.

1998ൽ തലശ്ശേരി കണ്ടങ്കണ്ടിയിൽ ഒരു നടോടി ബാലന്റെ കൈയും കണ്ണും നഷ്ടപ്പെടുത്തി നാടൻ ബോംബ്. റോഡരികിൽ കണ്ട ഒരു സ്റ്റീൽ പാത്രം തല്ലിപ്പൊട്ടിക്കുന്നതിനിടെയാണ് അതിനകത്തുണ്ടായിരുന്ന ബോംബ് പെട്ടിത്തെറിച്ചത്. 2021ൽ ഇരിട്ടിയിൽ നാടൻ ബോംബ് പന്താണെന്നു കരുതി കുട്ടികൾ തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികൾക്ക് പരുക്കേറ്റിരുന്നു. പാലയാട് നരിവയലിനു സമീപം ലേഡീസ് ഹോസ്റ്റൽ വളപ്പിൽ കുട്ടികൾ കളിക്കുന്നതിനിടെ ശ്രദ്ധയിൽ പെട്ട സ്റ്റീൽ ബോംബ് പന്താണെന്ന ധാരണയിൽ എറിഞ്ഞപ്പോൾ പൊട്ടി പന്ത്രണ്ടുകാരന് പരുക്കേറ്റു.

ഇത്തരം ദുരന്തങ്ങളുടെ തീവ്രതയിൽ ഞെട്ടുന്നതിനപ്പുറമായി കേരളത്തിലെ ബോംബ് സംസ്‌കാരത്തിനു പിന്നിലെ യാഥാർത്ഥ്യങ്ങൾ പൊതുജനങ്ങൾ അറിയുന്നില്ല. സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കാൻ ക്വാറി ഉടമകളും വെടിക്കെട്ടുകാരുമായി മൂവായിരത്തോളം പേർക്ക് സംസ്ഥാനത്ത് അനുമതിയുണ്ട്. ഇവരിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ സമ്പാദിച്ചാണ് രാഷ്ട്രീയ ക്രിമിനലുകളുടെ ബോംബ് നിർമാണം യഥേഷ്ടം നടക്കുന്നത്. നിർമാണത്തിൽ വൈദഗ്ധ്യമുള്ളവരൊന്നുമല്ല ഈ രംഗത്തെ പാർട്ടി പ്രവർത്തകർ. നിർമാണത്തിനിടെയുണ്ടാകുന്ന സ്‌ഫോടനങ്ങൾക്ക് മിക്കപ്പോഴും കാരണവും ഇതു തന്നെ.                                       

vachakam
vachakam
vachakam

പാർട്ടി ഗ്രാമങ്ങളിലെ ഒഴിഞ്ഞ പ്രദേശത്തോ ആൾപാർപ്പില്ലാത്ത വീടുകളിലോ ആണ് ബോംബ് നിർമാണം. അതിനാൽ അബദ്ധത്തിൽ സംഭവിക്കുന്ന പല ചെറിയ സ്‌ഫോടനങ്ങളും പുറത്തറിയാറില്ല. അഥവാ സ്‌ഫോടന ശബ്ദം കേട്ട് പുറമെ നിന്നുള്ളവരോ വിവരമറിഞ്ഞ് പോലീസോ സ്ഥലത്തെത്തിയാൽ തന്നെ, അപ്പേഴേക്കും ബോംബ് നിർമാണത്തിന്റെ തെളിവും അടയാളവുമെല്ലാം മായ്ച്ചിരിക്കും. പാർട്ടി പ്രവർത്തകർ സാധന സാമഗ്രികളെല്ലാം നീക്കി സ്ഥലം വൃത്തിയാക്കും. സ്റ്റൗ പൊട്ടിത്തെറിച്ചോ മറ്റോ പരുക്കേറ്റുവെന്ന് പറഞ്ഞായിരിക്കും പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തുക.

കോട്ട പണിതിട്ടും...

പാർട്ടിക്കു വേണ്ടിയാണ് സാധാരണ പ്രവർത്തകർ ബോംബ് നിർമാണത്തിലേർപ്പെടുന്നതെന്ന വസ്തുത ഏവർക്കുമറിയാം. എങ്കിലും അബദ്ധത്തിൽ പൊട്ടി പുറംലോകമറിഞ്ഞാൽ നേതൃത്വം തലയൂരും. പാനൂരിൽ നടന്ന ബോംബ് നിർമാണവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല, കേസിൽ പ്രതികളായവരെ പാർട്ടി മുമ്പേ തള്ളിപ്പറഞ്ഞതാണ് എന്നിങ്ങനെയായിരുന്നു പതിവു പോലെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. കഴിഞ്ഞ വർഷം മാർച്ചിൽ കാക്കയങ്ങാട് അയിച്ചോത്ത് അമ്പലമുക്കിൽ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ബി.ജെ.പി പ്രവർത്തകൻ എ.കെ. സന്തോഷ്, ഭാര്യ ലസിത എന്നിവർക്ക് പരുക്കേറ്റപ്പോൾ ബി.ജെ.പി നേതൃത്വവും തങ്ങൾക്കൊന്നുമറിയില്ലെന്നാണു പറഞ്ഞത്. 

vachakam
vachakam
vachakam

അതേസമയം നിയമത്തിന്റെ പിടിയിൽ നിന്ന് കുറ്റവാളികളെ രക്ഷപ്പെടുത്താൻ രഹസ്യമായും ചിലപ്പോൾ പരസ്യമായും പാർട്ടി നേതൃത്വം എല്ലാ സഹായവും നൽകും. പാർട്ടി തങ്ങളുടെ രക്ഷക്കെത്തുമെന്ന ഉറച്ച ബോധ്യം പ്രവർത്തകർക്കുണ്ട്. അക്കാരണത്താലാണ് അവർ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ഇതു മൂലമാണ് പൊതു സമൂഹം എത്ര അപലപിച്ചിട്ടും സംസ്ഥാനത്ത് ബോംബ് രാഷ്ട്രീയം നിർവീര്യമാകാത്തത്. പാനൂരിലെ ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണെന്ന റിമാൻഡ് റിപ്പോർട്ട് വിവരം പുറത്തു വന്നുകഴിഞ്ഞു. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് പറയുന്നു. ഡി.വൈ.എഫ്.ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമൽ ബാബു എന്ന പ്രതി ബോംബുകൾ ഒളിപ്പിച്ചു. മണൽ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

തീവ്രവാദത്തെയും അക്രമത്തെയുമൊക്കെ നിശിതമായി എതിർക്കുന്ന രാഷ്ട്രീയ കക്ഷികളും നേതാക്കളുമൊക്കെയുള്ള നാടാണ് ഇത്. പക്ഷേ ഇവിടെ ബോംബ് നിർമ്മാണത്തിനു തടസ്സമില്ല. അതിലെ തീവ്രവാദ ബന്ധം ആരും കാണുന്നില്ല. ഉത്സവകാലത്ത് പടക്കം വില്ക്കണമെങ്കിൽപോലും അനുമതി വേണം. എങ്കിലും, ബോംബ് നിർമ്മിക്കാൻ ഒരു അനുമതിയും വേണ്ട. അതു യഥേഷ്ടം ഉണ്ടാക്കാം; അതു കണ്ടെത്താൻ ആളില്ല. അല്ലെങ്കിൽ പിന്നെ പാനൂരിൽ ഈ തെരഞ്ഞെടുപ്പു കാലത്ത് ബോംബു നിർമാണം നടത്തിയതു കണ്ടുപിടിക്കാൻ ഇവിടുത്തെ പോലീസിനോ ഇന്റലിജൻസ് സംവിധാനങ്ങൾക്കോ കഴിയാതെ പോയത് എന്തുകൊണ്ട്? മാധ്യമങ്ങളാണെങ്കിൽ ബോംബ് സ്‌ഫോടനമെന്നല്ല, ലോകം ഇടിഞ്ഞുവീണാലും പുതിയ വിഷയം വരുമ്പോൾ അങ്ങോട്ടു ശ്രദ്ധ തിരിക്കും. വിഷയം മാറ്റാൻ പല വിഷയങ്ങളും നിരനിരയായി വരുന്നുമുണ്ട്.

പാനൂരിൽ നാടൻ ബോംബ് നിർമാണം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതായിരുന്നുവെന്നും അത് പോലീസ് അവഗണിച്ചുവെന്നും മാധ്യമവാർത്തകളുണ്ട്. ഇപ്പോൾ സംഭവത്തിൽ ഉൾപ്പെട്ടവരുടെ പേര് ഉൾപ്പെടെ ഒരു മാസം മുമ്പും ഇന്റലിജൻസ് റിപ്പോർട്ട് നൽകിയെന്ന വാർത്ത വസ്തുതയാണെങ്കിൽ എന്താണ് നമ്മുടെ ആഭ്യന്തരവകുപ്പിന്റെ അവസ്ഥ? ഇതൊക്കെ വെറും രാഷ്ട്രീയ ആരോപണവും മാധ്യമസൃഷ്ടിയും മാത്രമായി കുറച്ചുകാണാനാവുമോ? ഇതിനൊക്കെ മറുപടി പറയേണ്ടവർ 'അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി' എന്ന മട്ടിൽ മറുപടി പറഞ്ഞ് തലയൂരുന്നു. പല നിർണ്ണായക ചോദ്യങ്ങളും ചോദിക്കപ്പെടുന്നില്ലാത്തതിനാൽമറുപടികളും ഉണ്ടാകുന്നില്ല. ബോംബ് നിർമിച്ചത് ഗുരുതര നിയമലംഘനമാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി സാധാരണ മട്ടിൽ പറയുന്നു. ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലത്രേ.

പോലീസിന്റെ മികവും ഉന്നതരുടെ ഇടപെടലും പ്രകാരം പാനൂർ കേസിൽ ഇനിയും പല 'ട്വിസ്റ്റു'കളും ഉണ്ടാകാം. അത് ഏതു വിധമായാലും കേരളത്തിലെ ബോംബ് സംസ്‌കാരത്തിന് ഇനിയും അവസാനമായിട്ടില്ല എന്നതാണ് ഏറ്റവും അപകടകരവും അപമാനകരവുമായ കാര്യം. സംഭവവുമായി ബന്ധമൊന്നുമില്ലെന്നും ഇതിൽ ഉൾപ്പെട്ടവർ പാർട്ടിക്കാരെല്ലെന്നും സി.പി.എം പാനൂർ ഏരിയ സെക്രട്ടറി പറയുന്നു. പാനൂരിലെ ബോംബ് സ്‌ഫോടന 'വിവരം മറച്ചുവയ്ക്കാനും തെളിവുകൾ നശിപ്പിക്കാനും പോലീസിന്റെ ഭാഗത്തുനിന്നു ശ്രമം നടന്നതായി ഡി.സി.സി ഭാരവാഹികൾ ആരോപിക്കുന്നു. രാഷ്ട്രീയ ആരോപണ പ്രത്യരോപണങ്ങൾ മാത്രമായി ഈ സംഭവം മറേണ്ടതണോ? ഒന്നും അറിയില്ലെന്നു പറഞ്ഞു കൈകഴുകുന്നവരും എല്ലാം അറിഞ്ഞിരുന്നിട്ടും ഒന്നും ചെയ്യുന്നില്ലെന്നു പറയുന്നവരുമൊക്കെ തെരഞ്ഞെടുപ്പു ചൂടിൽ ഇതെല്ലാം മറയ്ക്കും. മെല്ലെ ജനങ്ങളും കഥ മറന്നേക്കും.

രാഷ്ട്രീയ ആക്രമണങ്ങളുടെയും ബോംബ് സ്‌ഫോടനങ്ങളുടെയും നാടാക്കി കേരളത്തെ വീണ്ടും മാറ്റുന്നവർക്ക് എക്കാലവും ഒളിച്ചുകളി സാധ്യമാകില്ലെന്നു കരുതേണ്ടിയിരിക്കുന്നു. നാട്ടിലുള്ള ചെറുപ്പക്കാർ വിദേശത്തേക്കു കൂട്ടത്തോടെ ചേക്കേറുന്നതും അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലെത്തുന്നതും അവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും ഒക്കെ ഈ സംഘർഷഭരിത സാഹചര്യത്തെ കൂടുതൽ വഷളാക്കുകയേയുള്ളൂ എന്ന കാര്യവും തിരിച്ചറിയേണ്ടതുണ്ട്.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam