ട്രംപ്-സെലന്‍സ്‌കി അവിശ്വാസവും അയയുന്ന യു.എസ്-ഉക്രെയ്ന്‍ ബന്ധവും

OCTOBER 19, 2026, 7:16 PM

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഉക്രെയ്‌നും അതിന്റെ പ്രധാന പങ്കാളിയായ അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ അസ്വാരസ്യങ്ങളും വിള്ളലുകളും ശക്തമിപ്രാപിക്കുകയാണ്. ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെക്കല്‍, റഷ്യക്ക് മേലുള്ള ഉപരോധങ്ങളില്‍ നല്‍കിയ ഇളവുകള്‍, റഷ്യന്‍ ഊര്‍ജ്ജ മേഖലകള്‍ക്ക് നേരെ ഉക്രെയ്ന്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ എന്നിവയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള പരസ്പര അവിശ്വാസം എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി നില്‍ക്കുകയാണ്.

ഉക്രെയ്‌ന് വേണ്ടി ചര്‍ച്ചകള്‍ നടത്താന്‍ മറ്റാരെങ്കിലും മുന്നോട്ടുവരേണ്ട സമയമായി എന്ന് പരസ്യമായി പ്രസ്താവിച്ച ട്രംപ്, യുദ്ധം അവസാനിപ്പിക്കാന്‍ സെലന്‍സ്‌കിക്ക് താല്പര്യമില്ലെന്നും ആരോപിച്ചു. എന്നാല്‍ ഇതിന് മറുപടിയായി, ചിരിച്ചുകൊണ്ട് കൊലപാതകം നടത്തുന്നവരേക്കാള്‍ തുറന്ന മനസ്സുള്ള പങ്കാളികളാണ് നല്ലതെന്ന് പറഞ്ഞ് സെലന്‍സ്‌കി ട്രംപിന്റെ റഷ്യന്‍ അനുകൂല നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ചു. മുന്‍പ് വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്രയധികം വഷളാകുന്നത് ഇദ്യമായാണ്.

യു.എസ്സിലെ നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില കുറയ്ക്കാന്‍ ശ്രമിക്കുന്ന ട്രംപ് ഭരണകൂടത്തിന്, റഷ്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെയുള്ള ഉക്രെയ്‌ന്റെ ആക്രമണങ്ങള്‍ വലിയ തിരിച്ചടിയാണ്. ട്രംപിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഓയില്‍ ടെര്‍മിനലിന് നേരെ ഉക്രെയ്ന്‍ സമീപകാലത്ത് നടത്തിയ ശക്തമായ ആക്രമണം ഇരുപക്ഷവും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചു. ഇതിനിടെ, യുദ്ധക്കളത്തില്‍ റഷ്യ പരാജയപ്പെടുമ്പോള്‍ അവര്‍ക്ക് മേലുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്ന ട്രംപിന്റെ നയം റഷ്യക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ഉക്രെയ്ന്‍ ആശങ്കപ്പെടുന്നുണ്ട്.

മാത്രമല്ല, ഉപഗ്രഹ വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ യു.എസ് വരുത്തിയ നിയന്ത്രണങ്ങളും സൈനിക നീക്കങ്ങളെ ബാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന റഷ്യന്‍ ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചുള്ള മുന്‍കൂട്ടി മുന്നറിയിപ്പുകള്‍ അമേരിക്ക ഇപ്പോള്‍ നല്‍കുന്നില്ലെന്ന് സെലന്‍സ്‌കി ആരോപിക്കുമ്പോള്‍, ഇത്തരം സേവനങ്ങളില്‍ തടസ്സമൊന്നും വരുത്തിയിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വക്താക്കളുടെ വിശദീകരണം. ഇതോടൊപ്പം, ഉക്രെയ്‌നെ ഒഴിവാക്കിക്കൊണ്ട് അമേരിക്കയും ചൈനയും റഷ്യയും തമ്മില്‍ നടക്കാന്‍ സാധ്യതയുള്ള ത്രികക്ഷി ചര്‍ച്ചകളെയും കീവ് എതിര്‍ക്കുന്നുണ്ട്.

സമാധാന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ എപ്പോഴും സന്നദ്ധരാണെന്ന് ഉക്രെയ്ന്‍ വ്യക്തമാക്കുമ്പോഴും, സുരക്ഷാ ഉറപ്പുകളില്ലാതെ നടത്തുന്ന കരാറുകള്‍ പുടിനെ കൂടുതല്‍ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുകയേ ഉള്ളൂ എന്ന് അവര്‍ വിശ്വസിക്കുന്നു. മറുവശത്ത്, യുദ്ധം അടിയന്തരമായി അവസാനിപ്പിക്കുക എന്നതിനാണ് അമേരിക്ക മുന്‍ഗണന നല്‍കുന്നത്. നയതന്ത്ര ലക്ഷ്യങ്ങളിലെ ഈ അടിസ്ഥാനപരമായ വൈരുധ്യവും നേതാക്കള്‍ക്കിടയിലെ വ്യക്തിപരമായ അവിശ്വാസവും കാരണം യു.എസ്-ഉക്രെയ്ന്‍ ബന്ധം മുന്‍പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയിലായിരിക്കുകയാണ്.

യുദ്ധമുഖത്തെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളും വാഷിംഗ്ടണിലെ മാറിമറിയുന്ന രാഷ്ട്രീയ സമവാക്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇന്നിപ്പോള്‍ ഉക്രെയ്ന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. റഷ്യന്‍ കടന്നുകയറ്റത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ പാശ്ചാത്യ പിന്തുണ അത്യാവശ്യമാണെന്നിരിക്കെ, വൈറ്റ് ഹൗസുമായുള്ള വിയോജിപ്പുകള്‍ ഉക്രെയ്‌ന്റെ പരമാധികാരത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിച്ചേക്കാം. സമാധാനത്തിലേക്കുള്ള വഴി റഷ്യക്ക് നല്‍കുന്ന ഇളവുകളിലൂടെയല്ല, മറിച്ച് ശക്തമായ നിലപാടുകളിലൂടെയാണെന്ന് ഉക്രെയ്ന്‍ വിശ്വസിക്കുമ്പോള്‍, സമാധാന ചര്‍ച്ചകളില്‍ തങ്ങളുടെ നിലപാട് അടിച്ചേല്‍പ്പിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്.

പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഇരുരാജ്യങ്ങളും അടിയന്തരമായി ശ്രമിച്ചില്ലെങ്കില്‍, ഈ നയതന്ത്ര വിടവ് ഉക്രെയ്‌ന്റെ ഭാവിക്ക് മാത്രമല്ല, ആഗോള ജനാധിപത്യത്തിനും വലിയൊരു തിരിച്ചടിയായി മാറും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam