ഇന്ത്യന്‍ രാഷ്‌ട്രീയത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച തെരഞ്ഞെടുപ്പ് ഫലമായിരുന്നു ഉത്തര്‍പ്രദേശിലേത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾ യുപിയിലെ 80 സീറ്റുകളിലും അവകാശവാദം ഉന്നയിച്ച ബിജെപിക്ക് ഫലം പുറത്ത് വന്നതോടെ വന്‍ തിരിച്ചടിയാണ് ലഭിച്ചത്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകളോടെ സമാജ്‌വാദി പാർട്ടി ഉത്തർപ്രദേശിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആണ് ഉയർന്നത്. എന്നാൽ ഭരണകക്ഷിയായ ബി.ജെ.പി.യുടെ എണ്ണം ആവട്ടെ 80-ൽ നിന്നും 33-ലേക്ക് കുത്തനെ ഇടിഞ്ഞു.
തുടർച്ചയായ മൂന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ഉത്തർപ്രദേശിൽ ബിജെപിയുടെ പ്രകടനം കുറയുന്നത്. 2014ൽ 42.63 ശതമാനം വോട്ടുമായി 71 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 2019-ൽ പാർട്ടിയുടെ വോട്ട് വിഹിതം 49.98% ആയി മെച്ചപ്പെട്ടപ്പോൾ, സീറ്റുകളുടെ എണ്ണം 62 ആയി കുറഞ്ഞു. 2024-ൽ പാർട്ടിക്ക് 41.37% വോട്ട് ഷെയർ ലഭിച്ചു.
ഇത്തവണ 80 സീറ്റുകളിലും മത്സരിച്ച പാർട്ടിക്ക്, 2019ലെ തിരഞ്ഞെടുപ്പിൽ തോറ്റ അംരോഹയെ മാത്രമേ വിജയപട്ടികയിൽ ചേർക്കാൻ സാധിച്ചുള്ളൂ. ബിജെപിയുടെ കൻവർ സിംഗ് തൻവർ സിറ്റിംഗ് എംപി കുൻവർ ഡാനിഷ് അലിയെ 28,670 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. 2019ൽ 63,248 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് അലി തൻവാറിനെ പരാജയപ്പെടുത്തിയത്.
2019-ൽ ബിജെപി നേടിയ 62 സീറ്റുകളിൽ 11 സീറ്റാണ് പാർട്ടി നിലനിർത്തിയത്. അതേസമയം സംസ്ഥാനത്ത് പാർട്ടി വീണ്ടും മത്സരിപ്പിച്ച 24 സിറ്റിംഗ് എംപിമാരെങ്കിലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്നത് വലിയ തിരിച്ചടിയാണ്.
കുറഞ്ഞത് അഞ്ച് സീറ്റുകളിലെങ്കിലും, സിറ്റിംഗ് എംപിയെ പാർട്ടി മാറ്റി പരീക്ഷിച്ചു എങ്കിലും അലഹബാദ്, ബദൗൺ, ബല്ലിയ, ബരാബങ്കി, ഫിറോസാബാദ് എന്നിവിടങ്ങളിൽ ആ തന്ത്രം പരാജയപ്പെട്ടു. ബരാബങ്കിയും അലഹബാദും കോൺഗ്രസിന് വോട്ട് ചെയ്തപ്പോൾ ബാക്കിയുള്ള മൂന്ന് സീറ്റുകൾ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തു.
ഗൗതം ബുദ്ധ നഗർ എംപി ഡോ മഹേഷ് ശർമ്മയും ആഗ്ര എംപി സത്യപാൽ സിംഗ് ബാഗേലും മാത്രമാണ് ബിജെപിയിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് സ്ഥാനാർത്ഥികൾ. ഇരു നേതാക്കളും സീറ്റ് നിലനിർത്തുക മാത്രമല്ല, തങ്ങളുടെ വിജയമാർജിൻ മെച്ചപ്പെടുത്തുകയും ചെയ്തു. 2019ലെ 3.36 ലക്ഷം മാർജിനിൽ നിന്ന് 5.59 ലക്ഷം മാർജിനിൽ ശർമ വീണ്ടും സീറ്റ് നേടി. അതുപോലെ, ബാഗേലിൻ്റെ മാർജിൻ 2.11 ലക്ഷത്തിൽ നിന്ന് 2.71 ലക്ഷമായി ഉയർന്നു.
വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മറ്റെല്ലാ ബി.ജെ.പി എം.പിമാരുടെയും വിജയ മാർജിനിൽ ഇടിവ് രേഖപ്പെടുത്തി എന്നതും ബിജെപിക്ക് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. മഥുര എംപിയായ ഹേമമാലിനി, തുടർച്ചയായി മൂന്നാം തവണയും വിജയം നേടി എങ്കിലും അവരുടെ വിജയ മാർജിൻ ഇടിഞ്ഞു - വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാരിൽ ഏറ്റവും കുറഞ്ഞ ഇടിവ് ആണ് ഇത്. 2019ൽ 2,93,471 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അവർ ഇത്തവണ 2,93,407 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
2.75 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ബുലന്ദ്ഷഹർ എംപി ഭോല സിംഗ് ആണ് അടുത്തത്. ഫത്തേപൂർ സിക്രി എംപി രാജ്കുമാർ ചാഹറും ഉന്നാവോയിൽ നിന്നുള്ള സാക്ഷി മഹാരാജുമാണ് വിജയത്തിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ മറ്റു രണ്ട് എംപിമാർ.
ബി.ജെ.പി എം.പിമാരിൽ രണ്ട് പേർ 5000-ത്തിൽ താഴെ വോട്ടുകൾക്ക് വിജയിച്ചു - ഫറൂഖാബാദ് എം.പി മുകേഷ് രാജ്പുത് (2,678), ബൻസ്ഗാവ് എം.പി കമലേഷ് പാസ്വാൻ (3,150). പ്രതിരോധ മന്ത്രിയും ലഖ്‌നൗ എംപിയുമായ രാജ്‌നാഥ് സിംഗിൻ്റെ വിജയമാർജിൻ 3.47 ലക്ഷത്തിൽ നിന്ന് 1.35 ലക്ഷമായി കുറഞ്ഞു. 2019ൽ 1.66 ലക്ഷം മാർജിനുണ്ടായിരുന്ന ഗോണ്ട എംപി രാജ ഭയ്യ 46,224 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
സീറ്റിൽ നിന്ന് നാലാം തവണയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഡൊമാരിയഗഞ്ച് എംപി ജഗദാംബിക പാൽ 42,728 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു, എന്നാൽ 2019 ലെ 1.05 ലക്ഷത്തിൽ നിന്ന് ഭൂരിപക്ഷം കുറഞ്ഞു.
യുപിയിൽ നിന്നുള്ള പുതിയ ബിജെപി എംപിമാരുടെ കാര്യം എടുത്താൽ സിറ്റിംഗ് എംപിമാരെ മാറ്റി ബിജെപി സീറ്റ് നിലനിർത്തിയ 11 സീറ്റുകളാണുള്ളത്. പുതിയ എംപിമാരുടെ പട്ടികയിൽ, മീററ്റും ബദോഹിയുമാണ് 2019-നെ അപേക്ഷിച്ച് സ്ഥാനാർത്ഥികളുടെ വിജയ മാർജിൻ വർധിച്ച രണ്ട് സീറ്റുകൾ.
11 പുതിയ ബിജെപി എംപിമാരുടെ പട്ടികയിൽ മീററ്റിൽ നിന്നുള്ള നടൻ അരുൺ ഗോവിൽ ഉൾപ്പെടുന്നു. ഭദോഹിയിൽ രമേഷ് ചന്ദിന് പകരം വിനോദ് കുമാർ ബിന്ദിനെ സ്ഥാനാർത്ഥിയാക്കി. ഇവിടെ വിജയിച്ച മാർജിൻ നോക്കുകയാണെങ്കിൽ ഏകദേശം 450 വോട്ടുകൾ വർദ്ധിച്ചു - 43,615 ൽ നിന്ന് 44,072 ആയി. 2019ൽ മീററ്റിൽ 4,729 മാർജിനുണ്ടായിരുന്ന ബിജെപി ഇത്തവണ 10,585 വോട്ടിന് വിജയിച്ചു.
പുതിയ എംപിമാരുടെ പട്ടികയിൽ കൈസർഗഞ്ചിൽ നിന്നുള്ള ബ്രിജ് ഭൂഷൺ ശരൺ സിംഗിൻ്റെ മകൻ കരൺ ഭൂഷൺ സിംഗും ഉൾപ്പെടുന്നു. വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ ആരോപണത്തിന് വിധേയനായ മുൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ഭൂഷൺ സീനിയർ 2019 ലെ തെരഞ്ഞെടുപ്പിൽ 2.61 ലക്ഷം വോട്ടുകൾക്ക് വിജയിച്ചപ്പോൾ കരൺ ഭൂഷൻ്റെ വിജയമാർജിൻ 1.48 ലക്ഷമായി കുറഞ്ഞു.
വരുൺ ഗാന്ധിക്ക് പകരം ബി.ജെ.പി ജിതിൻ പ്രസാദയെ മത്സരിപ്പിച്ച പിലിഭിത് ലോക്‌സഭാ മണ്ഡലത്തിൽ പാർട്ടി വിജയിച്ചു, എന്നാൽ വിജയിച്ച മാർജിൻ 2019 ൽ 2.55 ലക്ഷത്തിൽ നിന്ന് 2024 ൽ 1.64 ലക്ഷമായി കുറഞ്ഞു. ഡിയോറിയ, ഫുൽപൂർ സീറ്റുകളിൽ 2019-നെ അപേക്ഷിച്ച് വിജയമാർജിൻ ഗണ്യമായി കുറഞ്ഞു. ഫുൽപൂരിൽ പ്രവീൺ പട്ടേലിൻ്റെ വിജയമാർജിൻ വെറും 4,332 വോട്ടുകളാണ്.
അതേസമയം പാർട്ടിയുടെ ഏറ്റവും വലിയ നഷ്ട്ടമായി കണക്കാക്കുന്നത് കുറഞ്ഞത് അഞ്ച് കേന്ദ്രമന്ത്രിമാർ - കൗശൽ കിഷോർ (മോഹൻലാൽഗഞ്ച്), അജയ് കുമാർ (ഖേരി), സഞ്ജീവ് കുമാർ ബല്യാൻ (മുസഫർനഗർ), സ്മൃതി ഇറാനി (അമേഠി), ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ (ചന്ദൗലി) എന്നിവർക്ക് സീറ്റ് നഷ്ടപ്പെട്ടതാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1